Wednesday, 21 December 2016

ഇല്യാസ് വിട പറഞ്ഞു / സലീം പട് ല


ഇല്യാസ് വിട പറഞ്ഞു


ഞങ്ങളുടെ കളി കൂട്ടുക്കാരനായിരുന്ന പ്രിയപ്പെട്ട ഇല്യാസിന്റെ വേർപാട് നടുക്കത്തോടെയാണ് ഞങ്ങൾ കേട്ടത്.


എങ്കിലും അല്ലാഹുവിന്റെ അലംഘനീയമായ വിധിക്ക് എല്ലാവരും ഒരുനാൾ കീഴടങ്ങേണ്ടി വരും എന്നുള്ള സത്യം,
ഇന്ന് ഇല്യാസെങ്കിൽ വഴിയെ  നമ്മളും......

( كُلُّ نَفْسٍ ذَائِقَةُ الْمَوْتِ ۗ وَإِنَّمَا تُوَفَّوْنَ أُجُورَكُمْ يَوْمَ الْقِيَامَةِ ۖ فَمَن زُحْزِحَ عَنِ النَّارِ وَأُدْخِلَ الْجَنَّةَ فَقَدْ فَازَ ۗ وَمَا الْحَيَاةُ الدُّنْيَا إِلَّا مَتَاعُ الْغُرُورِ )


ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്‌. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ മാത്രമേ നിങ്ങള്‍ക്ക് പൂര്‍ണ്ണമായി നല്‍കപ്പെടുകയുള്ളൂ. അപ്പോള്‍ ആര്‍ നരകത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്‌. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല.
آل عمران (185) Aal-Imran


ഒന്നാം ക്ലാസു മുതൽ നാലാം ക്ലാസ് വരെ പട്ട്ള സ്കൂളിൽ ബി ക്ലാസിൽ ഞങ്ങളൊന്നിച്ചായിരുന്നു .
പിന്നെ എപ്പോഴാണ് അവൻ ക്ലാസ് മാറിയതെന്ന് , പൈലായതോ അതല്ല എ ക്ലാസിലായതോ എന്ന് കൃത്യമായി ഓർക്കുന്നില്ല.
ഞാനും, പി കെ റസാക്ക് ,റഫീക്ക്, റൗഫ് കൊല്യ ,അസീസ് കൊല്യ, മജീദ് കൊല്യ, ഖാദർ, മൊയ്ദിഞ്ഞി, അശ്റഫ് , എം എസ് ശരീഫ്, ബാപ്പിഞ്ഞി(കുട്ടിച്ചാന്റെ പുളളിയാണ് മൂന്നാംക്ലാസ് വരെ ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ഒരു സുഹൃത്ത് ഇന്ന് എവിടെയെന്നറിയില്ല) ആമദ്ഞ്ഞി, സമീർ പതിക്കാൽ,  ഹാരിസ് പതിക്കാൽ ,മുത്തലിബ്.....അങ്ങനെ ഞങ്ങൾ ഒന്നാം ക്ലാസ് മുതൽ  ഒന്നിച്ചായിരുന്നു.
ബിഎംപട്ട്ളയും ചൗക്കി മുസ്തഫയൊക്കെ രണ്ടിലേക്കും മൂന്നിലേക്കും ഞങ്ങളുടെ ക്ലാസിൽചേർന്നവരാണ്.


എല്ലാ വർഷവും ഫോട്ടോഗ്രാഫർ വന്ന് ഗ്രൂപ് ഫോട്ടോ കൃത്യമായി എടുക്കുമെന്നാല്ലാതെ
ഒന്നോ രണ്ടോ പേരൊഴിച്ച് ആരും പൈസ കൊടുത്ത് വാങ്ങാറുണ്ടായിരുന്നില്ല.
അതിനാൽ എല്ലാവരുടെയും പേരുകൾ ഓർമയിലെത്തുന്നില്ല.


വെളളത്തുണിയോ കളളിത്തുണിയോ ഉടുത്ത് ആണ് ഭൂരിഭാഗം കുട്ടികളും അന്ന് സ്കൂളിൽ വന്നിരുന്നെതെങ്കിൽ ഇല്യാസ് നല്ല പാന്റ് ധരിച്ച് വൃത്തിയിലായിലായിരുന്നു സ്കൂളിലെത്തിയിരുന്നത്.
ആരോടും തല്ലാക്കാതെ ആരെയും കുര്ത്തക്കട് ആക്കാത്ത ഇല്യാസി നോട് അധ്യാപകർക്കും കൂട്ടുക്കാർക്കും വല്യ സ്നേഹമായിരുന്നു. അത് പോലെ അവന് ഞങ്ങളോടും.
ഡിസ്ക്കോ പാക്ക് എന്ന് ഞങ്ങൾ പണ്ട് വിളിച്ചിരുന്ന ബട്ടണുള്ള സ്കൂൾ ബാഗ് ഇട്ടു കൊണ്ട് കയറ്റത്തിലൂടെ നടന്ന് വരുന്ന പഴയ ഇല്യാസിന്റെ ചിത്രം ഇപ്പോഴും മനസ്സിൽ നിന്ന് മായുന്നില്ല.പട്ള സ്കൂളിലെ  നടുവിലുള്ള  സി ആകൃതിയിലുള്ള പഴയ കെട്ടിടത്തിലെ ഒന്നാം ക്ലാസും കൂട്ടുകാരും,
സ്കൂളിന്റെ ഓടുകളിൽ നിന്ന് ഇറ്റി വീഴുന്ന മഴത്തുള്ളികളോടു കിന്നാരം പറഞ്ഞും കടലാസ് തോണികളെറിഞ്ഞും, കൂട്ടുക്കാർ മഴയിലേക്ക് ഉന്തിയിടുമ്പോൾ മഴ നനഞ്ഞ് ഓടി കയറിയുമുള്ള
മഴക്കാല ഓർമ്മകൾ,


മാഷ് ക്ലാസെടുക്കുമ്പോൾ അതിൽ ശ്രദ്ധിക്കാതെ
,കളിക്കാനൾക്കിയതിന്റെയും അവുത്തേക്കൾക്കിയതിന്റെയും ബെല്ലടി കേൾക്കാൻ കാതുകൂർപ്പിച്ചിരുന്ന,ആ നിഷ്കളങ്ക ബാല്യത്തിന്റെ സ്മരണകൾ.


അവിടെയെല്ലാം ഇല്യാസിന്റെ പുഞ്ചിരിക്കുന്ന മുഖം വ്യക്തമായി കാണുന്നു.


കബഡിയും
കള്ളനും പോലീസും
അപ്പച്ചെണ്ടും കുട്ടിംദാണെയും ഗോരിയും കളിച്ചതും
ബോക്സ് കൊണ്ട് ക്ലാസിൽ ബസ്സാക്കി കളിച്ചതും ....
കുഞ്ഞിബെക്ക്ന്നെ ചപ്പലെ ബുക്കിന്റെ ഉള്ളിൽ വെച്ചതും.....
ഒരു ബെഞ്ചിലെ എട്ട് പേർ രണ്ട് പാർട്ടിയാക്കി പരസ്പരം ബലം പ്രയോഗിച്ച് തള്ളി മറ്റവന്റെ സ്ഥലം പിടിച്ചടക്കിയതും ....
എ ക്കാറും ബീക്കാറും തമ്മിലുള്ള തല്ലും....
ചൊടിക്കലും പെട്ടെന്ന് റാജിയാവലും.......
ഗൃഹാതുരത്വം നിറഞ്ഞ പഴയ എൽപി  സ്കൂൾ അനുഭവത്തിന്റെ ഓരോ താളുകളിലും ഇല്യാസുണ്ട്.
ഞങ്ങളോട് വിടപറഞ്ഞ ബാല്യകാല സുഹൃത്തുക്കളിൽ ആറാമനാണ്
ഇല്യാസ്.


ഹാരിസ് (നീരാൽ കരീമിന്റെയും ഇക്കൂന്റെയും ഇച്ച )


ബഷീർ (എന്റെ എളേപ്പാന്റെ മകൻ)


സമദ് (അബ്ബാസിന്റെയും ബദ്റു വിന്റെയും സഹോദരൻ )


ഹാരിസ് (ആസിഫിന്റെ ഇച്ച )


ബദ്റു ( ബി എസ് ടി ഔക്കൻച്ചാന്റെ പഴയ വീട്ടിൽ താമസിച്ചിരുന്ന)


ഇവരൊക്കെ വിടരുന്നതിന് മുമ്പ് പൊഴിഞ്ഞു പോയ ഞങ്ങളുടെ കളി കൂട്ടുക്കാരാണ്.


രണ്ട് വർഷം മുമ്പാണ് ഇല്യാസിനെ അവസാനമായി മധൂറിൽ വെച്ച് കാണുന്നത്. വണ്ടി നിർത്തി കുറെ സമയം സംസാരിക്കുകയും ബാല്യകാല ഓർമകൾ പുതുക്കുകയും ചെയ്തിരുന്നു.
പഴയ സ്നേഹവും സൗഹൃദവും എന്നും കാത്തു സൂക്ഷിക്കാൻ ഇല്യാസ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു.


എല്ലാവരോടും വിനയത്തോടും പുഞ്ചിരിച്ച് കൊണ്ടും മാത്രം അഭിമുഖീകരിക്കുന്ന,
വിവാദങ്ങളിലും ബഹളങ്ങളിലുമൊന്നുമിടപെടാതെ
മിതഭാഷിയായ, കുടുംബക്കാർക്കും നാട്ടുക്കാർക്കും ഏറെ പ്രിയപ്പെട്ടവനായ ഇല്യാസിന്റെ വിയോഗം നാടിനെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.


കരുണാനിധിയായ ഞങ്ങളുടെ
രക്ഷിതാവേ നീ തിരിച്ച് വിളിച്ച ഞങ്ങളുടെ സഹോദരന് നീ മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കണമേ


അദ്ദേഹത്തിന്റെ മാതാപിതാക്കൾക്കും കുടുംബത്തിനും ക്ഷമിക്കാനുള്ള കരുത്ത് നൽകേണമേ.....


ഞങ്ങളെയും ഞങ്ങളിൽ നിന്ന്  മരിച്ചു പോയ എല്ലാവർക്കും നീ സ്വർഗം പ്രദാനം ചെയ്യണമേ


ആമീൻ


സലീം പട് ല

No comments:

Post a Comment