Saturday 3 December 2016

ഭിക്ഷാടന മാഫിയക്കെതിരെ ഒറ്റമനസ്സോടെ ഇറങ്ങട്ടെ / അസ്ലം മാവില


സാംസ്കാരികം » അന്യ സംസ്ഥാനക്കാര്‍ക്ക് എന്ത് വേണ്ടാതീനവും ചെയ്തു കൂട്ടാന്‍ ലൈസന്‍സ് കിട്ടുമാറാക്കി മാറ്റിയ കേരളത്തെ ഭിക്ഷാടന മാഫിയ കൂടി വരിഞ്ഞു മുറുക്കാന്‍ തുടങ്ങിയിരിക്കുന്നു; ഭിക്ഷാടന മാഫിയക്കെതിരെ ഒറ്റമനസ്സോടെ ഇറങ്ങട്ടെ
അന്യ സംസ്ഥാനക്കാര്‍ക്ക് എന്ത് വേണ്ടാതീനവും ചെയ്തു കൂട്ടാന്‍ ലൈസന്‍സ് കിട്ടുമാറാക്കി മാറ്റിയ കേരളത്തെ ഭിക്ഷാടന മാഫിയ കൂടി വരിഞ്ഞു മുറുക്കാന്‍ തുടങ്ങിയിരിക്കുന്നു; ഭിക്ഷാടന മാഫിയക്കെതിരെ ഒറ്റമനസ്സോടെ ഇറങ്ങട്ടെ
http://www.kvartha.com/2016/12/join-and-against-beggars-mafia.html

അസ്ലം മാവില

(www.kasargodvartha.com 03/12/2016) ഈയടുത്തായി വരുന്ന വാര്‍ത്തകളില്‍ ഏതെങ്കിലുമൊന്ന് ഭിക്ഷാടന മാഫിയയുമായി ബന്ധപ്പെട്ടതാണ്. കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നതുമായി ബന്ധപ്പെട്ടതാണ് അവയില്‍ അധികവും. അന്യ സംസ്ഥാനക്കാര്‍ക്ക് എന്ത് വേണ്ടാതീനവും ചെയ്തു കൂട്ടാന്‍ ലൈസന്‍സ് കിട്ടുമാറാക്കി മാറ്റിയ കേരളത്തെ, ഭിക്ഷാടന മാഫിയ കൂടി വരിഞ്ഞു മുറുക്കാന്‍ തുടങ്ങിയിരിക്കുന്നു. ലഹരി, മയക്ക് മരുന്നുകള്‍ വിറ്റഴിക്കുന്നതിലും സ്ത്രീകളെ കടന്നാക്രമിക്കുന്നതിലും അന്യ സംസ്ഥാനക്കാരുടെ പങ്ക് ചെറുതല്ലല്ലോ. അതിഥികളെ പോലെ മലയാളക്കരയില്‍ എത്തിയ ഭിക്ഷാടകരെ ഇനി ഭീതിയോട് കൂടി മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ എന്നാണ് സമീപകാലങ്ങളില്‍ നിരന്തരം വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ പറഞ്ഞു തരുന്നത്.

ആദ്യം മനസ്സിലാക്കേണ്ടത് ഭിക്ഷാടന മാഫിയയിലെ കണ്ണികള്‍ നമ്മുടെ അതിഥികളല്ല എന്നതാണ്. അതെത്ര വലുപ്പത്തില്‍ പട്ടിണികോലമായി അഭിനയിച്ചാലും, അവര്‍ എങ്ങിനെയൊക്കെ പ്രാകൃതമായി വൈകല്യമുണ്ടാക്കിയാലും, നമുക്കവരെ അടുപ്പിക്കാന്‍ പറ്റില്ല. ആവശ്യക്കാരും ഭിക്ഷാടന മാഫിയകണ്ണികളും രണ്ടും രണ്ടാണ്. രണ്ട് പേര്‍ക്കും രണ്ട് ലക്ഷ്യങ്ങളാണ്. അവ പരസ്പര പൂരകങ്ങളല്ല. ഒരിക്കലും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതുമല്ല.

അന്യസംസ്ഥാനക്കാര്‍, നാടോടികള്‍, പ്രകൃതിക്ഷോഭത്തില്‍ വീടും കുടിയും നഷ്ടപെട്ടവര്‍, ഒറ്റമൂലികച്ചവടക്കാര്‍, ഉടുക്ക് മാമന്മാര്‍, കുപ്പി വളകച്ചവടക്കാര്‍, ദ്വീപുവാസികള്‍, 'ഖലീഫ'മാര്‍, ഹിന്ദു -ബുദ്ധ ഭിക്ഷുക്കള്‍, പാട്ടപെറുക്കികള്‍, കൈനോട്ടക്കാര്‍, തത്തയും കുറത്തിപ്പെണ്ണും, കുരങ്ങും കുറവനുമടക്കം നമ്മുടെ വീട്ട് പടിക്കല്‍ എത്തിയവരെ ആരെയും ഈ അടുത്ത കാലം വരെ ആട്ടി പായിക്കേണ്ട അവസ്ഥ വന്നിരുന്നില്ല.  അവരെത്ര കള്ളം പറഞ്ഞാലും നാമാരും സംശയത്തില്‍ അവരെ നോക്കാറുമില്ല. വീട്ട് മുറ്റത്ത് നിന്ന് അനുവാദമില്ലാതെ അവര്‍ എന്തു പൊക്കിയാലും വിഷയവുമാക്കാറില്ല. മുസ്ലിംകള്‍ ഉള്ളിടത്ത് അവര്‍ തട്ടമിടും, തൊപ്പി വെക്കം. മറ്റിടങ്ങളില്‍ സിന്ദൂര പൊട്ടിടും, ചന്ദന കുറിയിടും. അതൊന്നും തട്ടിപ്പായി നമ്മളാരും കണക്കാക്കാറുമില്ല.

പക്ഷെ ഭിക്ഷാടനമാഫിയക്കാര്‍ ഈ രംഗം അവരുടെ വരുതിയിലാക്കിയതോടെയാണ് ചിത്രം മാറുന്നത്. അപരിചിതരായ യാചകര്‍ ഇന്ന് വീട്ട് മുറ്റത്ത് എത്തുന്നത് യാചനയുടെ ഭാഗമായിട്ടല്ല. യാചനയില്‍ കിട്ടുന്ന പണം അവര്‍ക്കുള്ളതുമല്ല. ശരിക്കുമവര്‍ ഗോ ചാമിമാരുടെ കയ്യാളുകളാണ് . അടിമകളെ പോലെ അവര്‍ പണി ചെയ്യുന്നു. മേലാളന്മാര്‍ ഏല്‍പിച്ച ഡ്യൂട്ടി നിര്‍ബന്ധിതാവസ്ഥയില്‍ ചെയ്യേണ്ടി വരുന്നു. കുട്ടികളെ തട്ടികൊണ്ട് പോകലും മോഷണത്തിന് വീടിന് മാര്‍ക്കിടലും അവര്‍ക്ക് ചെയ്യാതെ നിവൃത്തിയില്ല.

(വിസിറ്റിംഗ്, ഉംറ വിസകളടെ മറവില്‍ വരെ യാചനയും മോഷണവും ചെയ്യിക്കുന്ന സംഘമുള്ളതു മറച്ചു വെക്കേണ്ട രഹസ്യമല്ല. ബന്ധുവിനെ കാണാന്‍ ഗള്‍ഫില്‍ ജയില്‍ സന്ദര്‍ശിച്ച ഒരു മലയാളി സുഹൃത്ത് തൊട്ടടുത്ത സെല്ലില്‍ കിടക്കുന്ന വൈകല്യമുള്ള കര്‍ണ്ണാടകക്കാരന്റെ അനുഭവം കേട്ട് ഞെട്ടി. 50,000 രൂപ ഭിക്ഷാടന മാഫിയ അയാളുടെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞുറപ്പിച്ച് വിസ നല്‍കി കൊണ്ട് വന്നുവത്രേ. പോലീസിന്റെ നിരീക്ഷണത്തില്‍ അയാള്‍ പെടുകയും ജയിലിലടക്കപ്പെടുകയും ചെയ്തു. അയാളുടെ അനുഭവം പറഞ്ഞത് ഇങ്ങിനെ. യാചന നടത്തുക, അല്ലെങ്കില്‍ മോഷണം. എന്നും വൈകുന്നേരം കളക്ഷന്‍ മാഫിയക്കാര്‍ ഗള്‍ഫിലെ പള്ളി പരിസരങ്ങളില്‍ മുടക്കമില്ലാതെ വരും. വണ്ടിയില്‍ കൊണ്ട് വരുന്നതും തിരിച്ച് കൊണ്ട് പോകുന്നതും ഇവര്‍ തന്നെ. ഉദ്ദേശിച്ച കളക്ഷന്‍ ആയില്ലെങ്കില്‍ നിര്‍ദ്ദയം ദ്രോഹിക്കുമത്രെ. നാട്ടിലെ ലഹരി മാഫിയയും ഇതിന് പിന്നിലുണ്ടെന്ന് കൂടി അയാള്‍ പറഞ്ഞു പോലും!

ഇവരുടെ കണ്ണി ചെറുതല്ല. നാട്ടിലെ യഥേഷ്ടം വിഹരിക്കുന്ന ഇവര്‍ നമുടെ മക്കളെ റാഞ്ചാന്‍ വരുന്ന കഴുകന്മാരാണ്. തക്കം കിട്ടിയാല്‍ അവര്‍ ഏത് സമയത്തും പിഞ്ചു പൈതങ്ങളെ റാഞ്ചും. ഉറപ്പ്. എന്തിനും ആ മക്കള്‍ ഉപയോഗിക്കപ്പെടാം. അവയവ വില്‍പന ലോബി, വൃക്ക ലോബി, ഭിക്ഷാടന ലോബി, മോഷണ ലോബി, സെക്‌സ് റാക്കറ്റ്, മയക്കുമരുന്ന് കാരിയര്‍, ഏത് കുരുക്കിലും അവര്‍ പെടാം. കയ്യബദ്ധത്തില്‍ ജീവന്‍ പോയാല്‍ തന്നെ ഓട ഉള്ളിടത്തോളം ഗോചാമിമാര്‍ക്ക് പേടിക്കാനുമില്ല. കുടുങ്ങിയാല്‍ ഇറക്കി കൊണ്ട് വരാന്‍ ആളുകളുമുണ്ട്.

അത് കൊണ്ട് മാറിയ സാഹചര്യം മനസ്സിലാക്കിയേ തീരൂ. ഗ്രാമഗ്രാമാന്തരങ്ങളില്‍, നഗരങ്ങളില്‍ സംഘടിതമായി ഭിക്ഷാടന മാഫിയക്കെതിരെ ശക്തമായ ബോധവല്‍ക്കരണം ആവശ്യമാണ്. ഒപ്പം എല്ലാ അമ്മമാര്‍ക്കും മക്കളുടെ കാര്യത്തില്‍ തള്ളക്കോഴി കാണിക്കുന്ന ശ്രദ്ധയെങ്കിലും ഉണ്ടാകണം. ഒറ്റയ്ക്കും തെറ്റയ്ക്കും മക്കളെ വിടരുത്. പള്ളിക്കൂടത്തിലേക്കായാലും ബന്ധുവീട്ടിലേക്കായാലും.

അടുക്കളയില്‍ നിന്ന് തുടങ്ങട്ടെ നമ്മുടെ പ്രതിരോധം തീര്‍ക്കല്‍. നഗരത്തിന്റെയും ഗ്രാമങ്ങളുടെയും നാല് കവാടങ്ങളില്‍ അപരിചിതരായ അന്യസംസ്ഥാനക്കാരായ ഭിക്ഷാ മാഫിയയിലെ കണ്ണികളെ പണം നല്‍കാതെ തിരിച്ചയക്കാന്‍ സാധിക്കണം. ചില പഞ്ചായത്തുക്കള്‍ യാചനമുക്തമായി പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. എല്ലാ പഞ്ചായത്തുകളിലും ഈ രീതിയിലുള്ള നീക്കങ്ങള്‍ ഉണ്ടാകണം. യാചനയെ ചൂഷണോപാധിയാക്കി മാറ്റിയ ഭിക്ഷാടന മാഫിയക്കാര്‍ക്ക് നാം നല്‍കുന്ന ഏറ്റവും പ്രായോഗിക മറുപടി ഇതായിരിക്കും.


No comments:

Post a Comment