Sunday 25 December 2016

പഠനം മികച്ചതാകണം, ശരി; പഠിച്ച സ്‌കൂളിനെ കുറിച്ച് ശ്രദ്ധിക്കാതെ പോകുന്ന ചിലതുകൾ / അസ്‌ലം മാവില



പഠനം മികച്ചതാകണം, ശരി;
പഠിച്ച സ്‌കൂളിനെ കുറിച്ച്
ശ്രദ്ധിക്കപ്പെടാതെ പോകുന്ന ചിലതുകൾ

അസ്‌ലം മാവില

രണ്ടു ദിവസം മുമ്പ് സിപി വേദിയിൽ ഒരു ചർച്ച വന്നിരുന്നു. നമ്മുടെ സ്‌കൂൾ എങ്ങിനെ സ്മാർട്ടാക്കാമെന്നതായിരുന്നു ചർച്ച തുടങ്ങുന്നതിനു വഴിവെച്ച ഉള്ളടക്കം. സാധാരണ അഭിപ്രായങ്ങൾ പറയുന്നവർ അന്നും ഇടപ്പെട്ടു.

അതിൽ പിടിഎ പ്രസിഡന്റ് കെ.എം. സൈദ് പറഞ്ഞ ശ്രദ്ധേയമായ ഒന്നുണ്ട് - നമ്മുടെ സ്‌കൂളിന് ആവശ്യമായ ഫണ്ടുകൾ  ലഭിക്കാൻ ഇനിയും സാധ്യത കൂടുതലാണ്. നിലവിൽ നമ്മുടെ സ്‌കൂളിന് ലഭിച്ചതും പൂർത്തിയായതും പൂർത്തിയാകാൻ ബാക്കിയുള്ളതുമായ പദ്ധതികളും പലരും കേട്ടത് പുതിയ വാർത്ത പോലെയാണ്, ആദ്യമായി കേൾക്കുന്നത് പോലെ ചിലർക്കെങ്കിലും തോന്നിയിട്ടുണ്ട്. ഒരു കാലത്തു നമ്മുടെ സ്‌കൂളിന്റെ ഉന്നമനത്തിനു വേണ്ടി അഹോരാത്രം നേതൃനിലയിൽ  പ്രവർത്തിച്ച അബ്ബാസ് മാസ്റ്റർ ടീം  വളരെ ഉത്തരവാദിത്തത്തോടെ  ഏൽപ്പിച്ച ബാറ്റൺ യുവതലമുറയിലെ  അസ്‌ലം പട്‌ല, സി.എച്ച്, സൈദ്, അബ്ദുൽ റഹിമാൻ കൊളമാജ, എം.എ. മജീദ്  തുടങ്ങിയവർ ഏറ്റെടുത്തത് വെറുതെയായില്ല എന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന  രീതിയിലാണ് നമ്മുടെ സ്‌കൂൾ കാര്യങ്ങൾ ഇപ്പോഴും പോയിക്കൊണ്ടിരിക്കുന്നത്.

ഭൗതിക സൗകര്യങ്ങൾ ഇനിയും മെച്ചപ്പെടുമെന്ന് കരുതാം.  കാരണം മുട്ടേണ്ട വാതിൽ എപ്പോൾ എങ്ങിനെ ഏതു രീതിയിൽ മുട്ടണമെന്ന് വിദ്യാഭ്യാസ പ്രവർത്തകർ മനസ്സിലാക്കി കഴിഞ്ഞിട്ടുണ്ട്. തുറക്കുമ്പോഴൊക്കെ നമ്മുടെ യുവനിരയെ വാതിലിനു മുന്നിൽ നിവേദനവുമായി കാണുന്ന അധികാരികൾക്കും ഉദ്യോഗസ്ഥന്മാർക്കും അത്കൊണ്ട് തന്നെ നമ്മുടെ സ്‌കൂളിന്റെ വിഷയത്തിൽ മതിപ്പ് കൂടിയില്ലെങ്കിലേ അത്ഭുതമുള്ളൂ. രാഷ്ട്രീയ നേതൃത്വങ്ങളുമായി  ഇന്റെർഫിയറൻസിന്റെയും കറസ്പോണ്ടൻസിന്റെയും ഫോള്ളോ അപ്പിന്റെയും  രസതന്ത്രം രൂപപ്പെടുത്താൻ നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ-സാംസ്കാരിക പ്രവർത്തകർക്ക് സാധിച്ചുവെന്നത് ചെറിയ കാര്യമല്ലല്ലോ. പട്‌ല വിട്ടാൽ കാസർകോട്ടെത്തും വരെയുള്ള സകല സ്റ്റോപ്പുകളിലും ഇടതും വലതുമായി കാണുന്ന സ്‌കൂളുകൾ നാട്ടിൻപ്രദേശത്തുകാർ പറയാറുള്ളത് പോലെ ''മാട്ട്ന്റടീല്  മൊൾച്ചെ തൈ'' പോലെ അന്നും ഇന്നും ഒരു മാറ്റവുമില്ലാത്തത് പോലെ കാണുന്നതിന്റെ കാരണം അറിയാൻ ശ്രമിച്ചാലേ നടേപറഞ്ഞവരുടെ ആത്മാർത്ഥതതയോടൊപ്പമുള്ള പ്രായോഗിക ബുദ്ധിയും അതിലുപരിയായുള്ള പ്രവർത്തനങ്ങളും അതിന്റെ ഔട്ട് പുട്ടും അളക്കാൻ സാധിക്കൂ.

പക്ഷെ ഇതൊക്കെ അറിയണമെങ്കിൽ നാട്ടുകാർ, പ്രത്യേകിച്ച് പൂർവ്വ വിദ്യാർഥികൾ, അതിലും പ്രത്യേകിച്ച് ഏറ്റവും അവസാന വർഷങ്ങളിൽ ആ സ്‌കൂളിന്റെ പടിഇറങ്ങിയവർ വല്ലപ്പോഴും അങ്ങോട്ട് മുഖം തിരിക്കണം. നടന്നു പോകുമ്പോഴും വണ്ടിയിൽ പോകുമ്പോഴും സ്‌കൂളിന്റെ ഭാഗത്തേക്ക് ഉളുക്കിയാലും മുഖം തിരിക്കില്ലെന്ന സമീപനം മാറാൻ നേരമായി. അല്ല, അതിന്റെ സമയവും കഴിഞ്ഞു.

ഇപ്പറഞ്ഞതിന്റെ അർഥം നാളെത്തന്നെ അതിരാവിലെ സ്‌കൂൾ മുറ്റത്തു പൂർവ്വ വിദ്യാർത്ഥികൾ  തടിച്ചുകൂടണമെന്നല്ല. പഠിക്കുന്ന നേരത്തു സ്‌കൂളുമായി ബന്ധപ്പെടുന്നതിന് ഒരു code of conduct ഉണ്ട്. പഠന ശേഷവും തങ്ങൾ പഠിച്ച പള്ളിക്കൂടവുമായി ബന്ധപ്പെടാൻ code of conduct ഉണ്ട്. ആദ്യത്തേത് എങ്ങിനെയെന്ന് പറഞ്ഞു തരേണ്ട ആവശ്യമില്ല. രണ്ടാമത്തേതു ആരും പറഞ്ഞും തരില്ല, നമ്മുടെ ഗുരുത്വവും പക്വതയും ആർജ്ജിച്ചെടുത്ത സംസ്കാരവുമാണ് അത് പറഞ്ഞു തരിക. (മനസ്സിലാക്കാൻ ഒരു ഉദാഹരണം : കുട്ടികളായിരിക്കുമ്പോൾ മാതാപിതാക്കളോടും അയൽക്കാരോടും മറ്റും  കാണിക്കുന്ന കുസൃതിത്തരങ്ങൾ ഉണ്ട്. ആ സ്വാതന്ത്ര്യവും നമുക്ക് അവർ വകവെച്ചു തരും. അതേ ഇടപെടൽ ആയിരിക്കില്ലല്ലോ നിങ്ങൾ ഒരു  കല്യാണമൊക്കെ  കഴിഞ്ഞു പക്വത വന്ന പ്രായത്തിൽ  മാതാപിതാക്കളോടും ചുറ്റുവട്ടമുള്ളവരോടും ഉണ്ടാകുക. ആരാണ്  അത് പറഞ്ഞു തന്നത് ? )

പള്ളിക്കൂടങ്ങളിൽ നിന്ന് നമുക്ക് ഇങ്ങോട്ട് കിട്ടിയത്  ഒന്നും അങ്ങോട്ട് നൽകാതെയാണ്. ജീവിത്തിലെ ബാല്യ-കൗമാര കാലങ്ങളിൽ  ഏറ്റവും കൂടുതൽ മണിക്കൂറുകളും ദിവസങ്ങളും നാം  ചെലവിട്ടതും  പള്ളിക്കൂടങ്ങളിൽ തന്നെ.  നമുക്ക് ലഭിക്കാതെ പോയ സൗകര്യങ്ങൾ അവിടങ്ങളിൽ  ഒരുക്കാൻ, ആ മഹത്സ്ഥാപനത്തിന്റെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കാൻ, മനസ്സ് കൊണ്ടെണ്ടെങ്കിലും സ്നേഹിക്കാൻ നമുക്കാകണം. നമ്മുടെ നല്ല അഭിപ്രായങ്ങൾ പങ്ക് വെക്കണം. നിങ്ങളുടെ മക്കൾ എവിടെയും പഠിക്കട്ടെ, അത് അവരവരുടെ  തീരുമാനം പോലെ.  അഭിപ്രായങ്ങൾ പങ്ക് വെക്കാൻ അത് തടസ്സമേ അല്ല. നിങ്ങൾ പഠിച്ച സ്‌കൂളിനെ കുറിച്ചാണ് നിങ്ങൾ മിണ്ടുന്നതും പറയുന്നതും.  നിർദ്ദേശങ്ങൾ പറയുക. വല്ലപ്പോഴും സ്‌കൂൾ മുറ്റത്തു എത്തുക. അവരുടെ ഉന്നമനത്തിന് വേണ്ടി എന്തും ചെയ്യാം, അവരുടെ പഠന -പാഠ്യേതര കാര്യങ്ങൾക്ക് നിങ്ങൾക്ക് എന്തും നൽകാമല്ലോ.

ഇത് വരെ പോകാത്ത ഞാനെങ്ങനെ സ്‌കൂളിൽ പോകും ? വല്ല എളുപ്പ വഴി ?  അതും ചിലർക്ക് തടസ്സം പോലെ ഉണ്ടാകും.  ഒരു പാട് കാലങ്ങളായി പോകാത്ത ബന്ധുവീട്ടിൽ, കൂട്ടുകാരുടെ വീട്ടിൽ നാമെങ്ങിനെയാണ് മനസ്താപം വന്നു വീണ്ടും ബന്ധം പുതുക്കാൻ തുടക്കം കുറിക്കുക ?  സിംപിൾ  - നല്ല ഒരു സമ്മാനവുമായി പോകും. അതെ ടെക്നിക് ഇവിടെയും അപ്ലൈ ചെയ്യുക. പ്രീസ്‌കൂൾ ഉണ്ട്. നമ്മൾ പുറത്തു വീമ്പു പറയുന്ന എൽകെജി, യുകെജി തന്നെ. അവർക്ക് ഒരു പൊതി മേത്തരം  മിഠായി ആകാം.  നാല്  കുട്ടികൾക്ക് നാല് ജോഡി സ്പോർട്സ് ഷൂ, രണ്ടു നല്ല പുസ്തകങ്ങൾ എന്തും എന്തുമായി നിങ്ങൾക്ക് സ്‌കൂളുമായി ബന്ധം പുനരാരംഭിക്കാം. അത് തുടർന്നാൽ മതി. ഒരു നല്ല സിവി (ബയോഡാറ്റ) എങ്ങിനെ ഉണ്ടാക്കാമെന്ന് പ്രൊജക്റ്റ് വെച്ച് മുതിർന്ന കുട്ടികൾക്ക്  പറഞ്ഞു കൊടുക്കാൻ ഒരു മണിക്കൂർ ചെലവഴിക്കുന്നത് പോലും നിങ്ങളുടെ സംഭാവനയാണ്.   പിടിഎ നേതൃത്വത്തോടും നിങ്ങൾക്ക് നല്ല ബന്ധം സ്ഥാപിക്കാമല്ലോ.

ഒരു കാര്യം കൂടി, പട്‌ല സ്‌കൂളിൽ രണ്ടു മക്കൾ പഠിക്കുന്ന ഒരു രക്ഷിതാവെന്ന നിലയിൽ പറയട്ടെ,  ആ സ്‌കൂളിനെ സംബന്ധിച്ചിടത്തോളം ഇപ്പോൾ, ഈ എഴുതുന്നത് വരെ, കുട്ടികളുടെ ക്ഷാമമില്ല. ക്വാളിഫൈഡായ അധ്യാപകരെ കൊണ്ട് പട്‌ല  സ്‌കൂൾ ധന്യവുമാണ്.   സ്കൂളിന്റെ പേരും പെരുമയും അറിഞ്ഞുതന്നെ ഒരു പാട് രക്ഷിതാക്കൾ  മക്കളെ ചേർക്കാൻ അവരുടെ ഊഴത്തിലുമാണ്. വല്ലപ്പോഴും  കുട്ടികളുടെ കുറവുണ്ടാകുമ്പോൾ അതുമായി ബന്ധപ്പെട്ട ബാനറും കാമ്പയിനുമായി വിദ്യാഭ്യാസ പ്രവർത്തകരും അധ്യാപകരും നേരം നോക്കി  ഇറങ്ങാറുമുണ്ട്. ഉദ്ദേശിച്ചത്ര  കുട്ടികളെയും കൊണ്ടേ അവർ വരമ്പത്തു കേരാറുമുള്ളൂ.

വിഷയം മാറരുതല്ലോ. പൂർവ്വ വിദ്യാർത്ഥികളെ, പഠിച്ച സ്‌കൂളിന്റെ കാര്യങ്ങൾ പറയാനും പ്രവർത്തിക്കാനും ഇനിയും അമാന്തിക്കരുത്. നിങ്ങളുടെ ഒരുമ കണ്ടാൽ ഒഎസ്എ താനേ പിന്നീട് ഒരുങ്ങിക്കോളും. മതിയായ ആലോചനകളും ഒരുക്കങ്ങളുമില്ലാതെ ''ഇടിക്ക് മുളക്കുന്ന കൂൺ'' പോലെ ആകുന്നത് കൊണ്ടാണ് അടുത്തകാലത്തു എപ്പോഴെങ്കിലും ഒഎസ്എ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അത് തൊട്ടടുത്ത സീസണിൽ കൂമ്പടഞ്ഞിട്ടുമുണ്ടാകുക. 

No comments:

Post a Comment