Tuesday 20 December 2016

മാറ്റം / സമദ് പട്‌ല

മാറ്റം


വീടിനെക്കാളും കേമമായി ചുറ്റുമതിൽ പണിഞ്ഞു സ്വസ്ഥരാവുന്നൊരു  കാലത്ത്‌ അടുത്ത വീട്ടിലൊരാൾ പട്ടിണി കിടന്നു മരിച്ചാലും ആരുമറിയാതെ പോകുന്നതിൽ  എന്തിനാണ് അമ്പരക്കുന്നത്.

ഓരോ വീട്ടുവളപ്പിൽ നിന്നും അടുത്ത വീട്ടിലേക്ക് ചവിട്ടടിപ്പാതകൾ മണ്ണിൽ തഴമ്പിച്ചു കിടന്നൊരു   കാലമുണ്ടായിരുന്നു.

അയൽവീട്ടിലേക്ക്  ഓടിപ്പോയി, ഇച്ചിരി തീയ്...  ലേശം ചായപ്പൊടി ...കണ്ണിലുറ്റിക്കാൻ ഇത്തിരി മുലപ്പാല്.....

ആ വഴികൾ ഓരോ വീട്ടുമുറ്റങ്ങളെയും ചുറ്റി ഓരോ പറമ്പുകളും കടന്ന്..... ഇടവഴികൾക്കു മേൽ തെങ്ങിൻതടി കൊണ്ട് പാലമായി മുറിയാതെ നിർത്തി  നാട് മുഴുവൻ നീണ്ടു കിടന്നു.

 ഏതൊരു അടിയന്തരത്തിനും അരി പെറുക്കാനും പന്തലിടാനും ക്ഷണിക്കാൻ വിട്ടുപോയാൽ പരിഭവിക്കുന്ന  അയൽക്കാരുടെ കാലം.

'എടവലക്കാർ' അറിയാതെ ആർക്കും  ജീവിക്കാനും മരിക്കാനും കഴിയില്ലായിരുന്നു.  സങ്കടങ്ങളിലേക്കും സന്തോഷങ്ങളിലേക്കും പാഞ്ഞെത്തുന്ന അയല്പക്കങ്ങളുടെ കാലം.

ആരും പഠിപ്പിച്ചു കൊടുത്തതായിരുന്നില്ല അതൊന്നും. മനുഷ്യനെ സ്നേഹിക്കാൻ മതവും ജാതിയും തടസ്സമായിരുന്നില്ല. അപരനോട് എങ്ങനെ പെരുമാറണം എന്ന് പഠിക്കാൻ മതഗ്രന്ഥങ്ങൾ തിരയുകയോ വ്യക്തിത്വ വികസന ക്‌ളാസുകളിൽ പങ്കെടുക്കുകയോ വേണ്ടിയിരുന്നില്ല.

ചെവിയിൽ ഇയർഫോൺ തിരുകി മൊബൈലിൽ കണ്ണ്നട്ട് ചുറ്റുപാടുകളിൽ നിന്നും ഒളിച്ചോടിയ ഞാനും നിങ്ങളും നിലം തൊടാതെ  തിരക്കിട്ട്  പറന്നു കൊണ്ട് ഓരോ വാർത്ത കേൾക്കുമ്പോഴും  വെറുതെ ആശ്ചര്യപ്പെടുകയാണ്.

 മനസ്സിന് മുന്നിൽ 'അന്യർക്ക് പ്രവേശനമില്ല' എന്ന ബോർഡ് തൂക്കി സ്വസ്ഥരായ നമുക്ക് ഇതിലൊക്കെ ഖേദിക്കാൻ എന്തവകാശം...

No comments:

Post a Comment