Sunday 11 December 2016

PSC വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യാത്തവരോട് / അസ്ലം മാവില.


PSC വെബ്സൈറ്റിൽ
പേര് രജിസ്റ്റർ
ചെയ്യാത്തവരോട്
.............................................

അസ്ലം മാവില
..........................

ഞങ്ങളുടെയൊക്കെ ചെറുപ്പകാലത്ത് ഓർമ്മപ്പെടുത്താൻ ആളുകൾ കുറവ്. വേണമെന്ന് സ്വയം തോന്നിത്തുടങ്ങുമ്പോൾ കുഞ്ഞുകുട്ടി പരാധീനങ്ങളുമായി പ്രവാസ ജീവിതത്തിൽ. നാട്ടിൽ വരുമ്പോൾ പരീക്ഷ കാണില്ല. അപേക്ഷക്ക വസരം കിട്ടുമ്പോൾ ആള് നാട്ടിലും കാണില്ല. രണ്ടും ഒത്തുവരുമ്പോൾ ഫോറം "മൗലവി സ്റ്റാളി"ൽ മരുന്നിന് പോലും കിട്ടില്ല. അഥവാ കിട്ടി സമർപ്പിച്ചാലോ രണ്ടറ്റം കൂട്ടികെട്ടുന്ന തിരക്കിൽ പരീക്ഷാ ദിനം ഓർമ്മയിൽ നിന്ന് മിന്നിമറയും. അങ്ങനെയങ്ങനെ നാൽപതും കഴിഞ്ഞ് എന്നെപ്പോലുള്ളവർ ഇനി ഒരു PSC പരീക്ഷയ്ക്കിരിക്കാൻ ആവതില്ലാതെ ഏയ്ജ് ഓവറായി ചാരുകസേരയിൽ ഇരുപ്പാണ്. ഈ മുൻകൂർ ജാമ്യമങ്ങിനെത്തന്നെ കണോടിച്ചുതള്ളി ഇനിയുള്ളത് മനസ്സിരുത്തി വായിക്കക.

ഇന്നിപ്പോൾ അപേക്ഷാ ഫോറത്തിന് ക്യൂ എവിടെയും നിൽക്കണ്ട. അത് കൊണ്ടത് കൊടുക്കാനും എവിടെയും പോവുകയും വേണ്ട. ചലാനടക്കണ്ട. അഞ്ച് പൈസയുടെ ചെലവുമില്ല.

പിന്നെയോ? വൺ ടൈം രജിസ്ട്രേഷൻ . ഒറ്റ വട്ടം. ജീവിതത്തിൽ ഒരു വട്ടം ഓൺലൈനിൽ പേര് വിവരം ചേർക്കുക. അതിന് 20 മിനിറ്റ് ക്ഷമ വേണം. പത്താം ക്ലാസ്സ് മുതൽ അങ്ങോട്ടുള്ള തോറ്റതും ജയിച്ചതുമായ പേപ്പർ, സർട്ടിഫിക്കറ്റ് കൂടെ വേണം. ആധാർ കാർഡ് നമ്പരും. അത് നോക്കി വിവരങ്ങൾ സൈറ്റിൽ ചേർക്കാം. മൊബൈലിൽ തന്നെ ഫോട്ടോ എടുക്കാം. കൂട്ടത്തിൽ നിങ്ങളുടെ  ഒപ്പും. രണ്ടുംJpeg format-ൽ .  സുഹൃത്തേ,  കഴിഞ്ഞു. 20 മിനിറ്റും വേണ്ട. കാലാകാലം അതവിടെ ഉണ്ടാകും.ഓർമ്മിക്കാൻ പാകത്തിൽ user name പിന്നെ ഒരു password . വരുന്ന വേക്കൻസികൾ കണ്ടാൽ നമ്മുടെ ക്യാളിഫിക്കേഷനുമായി ഒത്ത് വന്നാൽ അഞ്ച് സെക്കന്റിൽ അപേക്ഷിക്കാം. അഞ്ച് സെക്കന്റും വേണ്ട സാർ.

LD ക്ലാർക് തസ്തികക്ക് അടുത്ത് തന്നെ പരീക്ഷയുണ്ട്. ആയിരക്കണക്കിന് ഒഴിവുകൾ. പത്ത് ജയിച്ച് പേരിനൊന്ന് മണപ്പിക്കാൻ മാത്രമായി സെർട്ടിഫിക്കറ്റു വേണം. 18 വയസ്സു പൂർത്തിയാകണം. ഇത്രേയുള്ളൂ. ഏഴാം ക്ലാസ്സുകാരൻ വരെ അതിനനുസരിച്ച ജോലി സാധ്യത PSC യിൽ ഉണ്ട്. അതിന് തൊഴിലവസരവാർത്തകൾ ആരാനുള്ള താണെന്ന ധാരണയാണല്ലോ മിക്കവർക്കും. അതാദ്യം മാറണം.

കയ്യിൽ Lap ഉണ്ട്. മൊബൈലിൽ ആപ്പുണ്ട്. ഇതൊന്നുമില്ലെങ്കിൽ 20 ഉറുപ്യ കൊടുത്താൽ മുക്കിന് മുക്ക്  Cafe ഉണ്ട്. ഇപ്പോൾ പലയിടങ്ങളിലും സന്നദ്ധ സംഘടനകൾ വഴിക്കണ്ണുമിട്ട് നിങ്ങളെ കാത്തിരിക്കുകയാണ്. അവരെ സമീപിക്കാം.  തെക്ക് വടക്ക് നടത്തം നാളേക്ക് മാറ്റി ഇന്ന് തന്നെ പേര്  രജിസ്റ്റർ ചെയുക. രക്ഷിതാക്കൾ പത്ത് വരെ,  അല്ല അതിനപ്പുറം പഠിപ്പിച്ചത് ഇതിനൊക്കെ തന്നെയാണ് . അല്ലാതെ PP എടുത്ത് കടല് കടത്താനല്ല.  പേര് രജിസ്റ്റർ ചെയ്താൽ പോലീസ് പിടിക്കാനൊന്നും വരില്ല. പരീക്ഷ എഴുതി ജോലിയെങ്ങാനും കിട്ടിയാൽ കുടുംബത്തിൽ മാനഹാനിയും വരില്ല.

രജിസ്റ്റർ നിങ്ങൾ തന്നെ ചെയ്യണം. പരീക്ഷയും നിങ്ങൾ തന്നെ എഴുതണം. എത്രകാലം ബാക്കിയുള്ളവരെ സാർ സാർ വിളിച്ചു നടക്കും. ആരെങ്കിലുമൊക്കെ നിങ്ങളെയും "സാറേ, മാഡം"  എന്നൊക്കെ വിളിക്കണ്ടേ ? പത്ത് ജയിച്ച 18 കഴിഞ്ഞ ഒരു കുട്ടിയും PSC സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യാതെ പോകരുത്. പെൺകുട്ടികളോടുമാണ് ഇത് പറയുന്നത്.  പ്രവാസികളും ഒഴിവാകരുത് . 40 ആകാത്ത ആർക്കും ഒരു കൈ നോക്കാം. LD ക്ലാർക് പരീക്ഷ മാത്രമല്ല അത് പോലെ ഒരു പാട് പരീക്ഷകൾ വരാനിരിക്കുന്നു. 60 അടുക്കോളം ശമ്പളം പള്ളിക്കാട്ടിലെടുക്കോളം പെൻഷൻ. അടുത്തൂൺ പറ്റുന്നതിനിടയിൽ ഒരു പാട് തവണ ശമ്പള വർദ്ധന, പ്രൊമോഷൻ. സമൂഹത്തിൽ പേര്. സമുദായത്തിൽ പരിഗണന. സർക്കാരിന്റെ കണ്ണിൽ മുൻഗണന.

പത്രത്തിലൊക്കെ നോട്ടിഫിക്കേഷൻ കാണുമ്പോൾ അപേക്ഷിക്കാൻ തോന്നും. എപ്പോൾ ? PSC സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ. വയസ്സ് എല്ലാകൊല്ലവും ഓരോന്ന് കൂടുമെന്നതിൽ തർക്കമില്ലല്ലോ . അത് കൊണ്ട്  സമയം കളയാതെ ഇന്ന് തന്നെ മത്സര പരീക്ഷയ്ക്ക് തയ്യാറാകുക. മറ്റു പല വിനോദങ്ങൾക്കിടയിലും യുവാക്കൾ ഇതിനും  ഉത്സാഹിക്കണം. ആദ്യം അവനവൻ രെജിസ്റ്റർ ചെയ്യുക. എന്നിട്ട് നാട്ടാരെ സഹായിക്കുക .

അവസരങ്ങൾ അപ്രതീക്ഷിതമായി വരുന്ന വിരുന്നുകാരാണ്, അപൂർവ്വമായും.

No comments:

Post a Comment