Tuesday 4 August 2020

കുറുക്കുവഴികൾ അതിര് കടക്കുന്ന കോവിഡ് കാലം. നാം തോറ്റു പോകരുത്!* / SAP

🔲
*കുറുക്കുവഴികൾ അതിര് കടക്കുന്ന കോവിഡ് കാലം. നാം തോറ്റു പോകരുത്!*

"ഭീതിപ്പെടുത്തുന്ന പകർച്ചവ്യാധി സമൂഹ വ്യാപനത്തിലേക്ക് കടന്നു കഴിഞ്ഞു.  നാം രോഗം തടയുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു" എന്ന് പരസ്യ പ്രഖ്യാപനം നടത്തിയത് കർണ്ണാടക മന്ത്രിയാണ്!  അയൽപക്കങ്ങളിൽ എല്ലാം കൈവിട്ട് പോയിരിക്കുന്നു.  ഭരണ സംവിധാനം നിസ്സഹായതയോടെ കൈ മലർത്തുമ്പോൾ ജനങ്ങൾക്ക് മരണമാലാഖയെയും കാത്തിരിക്കുക എന്നൊരു പോംവഴി മാത്രമാണ് മുന്നിൽ !

ഭയപ്പെടുക തന്നെ വേണം സമ്പർക്കം വഴി രോഗം പകർന്നവരുടെ നിരക്ക് കേരളത്തിൽ ഭീതിതമാം വിധം വർദ്ധിച്ചു വരുന്നു, ഉറവിടം തേടി അധികാരികൾ നട്ടം തിരിയുന്നു.  രണ്ട് ചെവികൾക്കും താടിയെല്ലുകൾക്കുമിടയിൽതൂക്കിയിടുന്ന ഒരു കഷ്ണം തുണികൊണ്ട് നമുക്ക് നമ്മെ തന്നെ പറ്റിക്കാമെന്നല്ലാതെ കോവിഡിനെ തടയാനാവില്ല.  

അന്യസംസ്ഥാനങ്ങളിൽ നിന്നും കുറുക്കുവഴികൾ  അതിര് കടക്കുമ്പോൾ ഒരു യുദ്ധം ജയിച്ച ആവേശത്തോടെ തുള്ളിച്ചാടിയാൽ തോറ്റുപോകുന്നത് ഒരു രാജ്യം തന്നെയാകും എന്ന തിരിച്ചറിവുണ്ടാകണം.  അതിനൽപം സഹജീവി സ്നേഹവും മനുഷ്യത്വവും ബാക്കി വേണം.  ദുരെ ദിക്കുകളിൽ നിന്നും അതിനി തൊട്ടടുത്ത ജില്ലയിൽ നിന്നാണെങ്കിൽ പോലും പഴയത് പോലെ അമ്മായിയുടെ വീട്ടിൽ പോകുന്ന ലാഘവത്തോടെ പോകാനും വരാനും പാടില്ല എന്ന ബോധ്യമില്ലെങ്കിൽ നിങ്ങൾ ഒരുക്കിക്കൊണ്ടിരിക്കുന്നത് പട്ടടയാണ് എന്നോർക്കണം.

എന്റെ കാഴ്ച്ചയുടെ പരിധിയിലൊരു രോഗിയും ഇതുവരെ ഇല്ല എന്നത് നാം ഇതു വരെ പുലർത്തിയ ജാഗ്രതയും സൂക്ഷമതയും ദൈവീകമായ കാരുണ്യവും കൊണ്ട് മാത്രമാണ്.  അതു തുടർന്നും പൂർവ്വാധികം സൂക്ഷമതയോടെ മുന്നോട്ട് കൊണ്ട് പോകാൻ നമുക്ക് കഴിയണം.  പ്രായം ചെന്നവരും പിഞ്ചു കുട്ടികളും അതീവ ജാഗ്രത പാലിക്കണമെന്നും രോഗ പ്രതിരോധ  ശക്തി കുറഞ്ഞവരായത് കൊണ്ട് അവരിൽ പകർച്ചവ്യാധികൾ പടർന്നു പിടിക്കാൻ സാധ്യത കൂടുതലാണെന്നും നമ്മളിതിനകം തന്നെ കൃത്യമായി മനസ്സിലാക്കിയിട്ടുണ്ട്  എങ്കിലും പിഞ്ചു കുട്ടികളടക്കം മാസ്കുകൾ ധരിക്കാതെ സംഘം ചേർന്ന് കളിച്ചു നടക്കുന്നത് നാം കാണുന്നു.  നമുക്ക് പരാധിയില്ല നടക്കട്ടെ!  പക്ഷെ അങ്ങനെ പറയാമായിരുന്ന ഒരു കാലമുണ്ടായിരുന്നു, കോവിഡ് പൂർവ്വകാലം!  അതിന്നില്ല.  കുട്ടികളെ ശ്രദ്ധിക്കുകയും നിയന്ത്രിക്കുകയും ചെയ്യേണ്ടത് മാതാപിതാക്കളുടെ ബാധ്യതയാണ്.  ഈ കോവിഡ് കാലത്ത് അവരുടെ ജീവിതത്തിന് മാത്രമല്ല മനുഷ്യന ജീവന് തന്നെ നാം വില കൽപ്പിക്കുന്നുവെങ്കിൽ മാത്രം!

ഭരണകൂടം തലതിരിഞ്ഞ
താകുമ്പോൾ ജനങ്ങൾ ഒന്നടങ്കം തലതിരിഞ്ഞവരായി
ത്തീരുന്നു. നാല് മാസം മുമ്പുണ്ടായിരുന്ന ജാഗ്രത ജനങ്ങൾക്കിന്നില്ല.  ലോക്ഡൗൺ ഇളവ് വരുത്തിയപ്പോൾ കോവിഡ് പേടിച്ചോടി എന്നത് പോലുള്ള സമീപനമാണ് എങ്ങും.  അതല്ലങ്കിൽ, ഞാൻ ശക്തനാണ് എന്നെ തൊടാൻ ഇനി കോവിഡിന്റെ അപ്പൻ വന്നാൽ പോലും കഴിയില്ല എന്ന ധാർഷ്ട്യമോ അമിത ആത്മവിശ്വാസമോ ആണ്. 
ഈ വീമ്പ് പറച്ചിൽ കോവിഡ് വായുവിൽ കൂടിയും പകരാം എന്ന പുതിയ കണ്ടെത്തലുക
ളുടെ കാലത്താണ് എന്നോ
ർക്കണം!

കോവിഡ് തുടക്കത്തിൽ ചെണ്ടകൊട്ടിയും ചൂട്ടു കത്തിച്ചും കൂട്ടം കൂടിയവർ ഇന്നെവിടെയൊക്കെയാണെന്നാർക്കറിയാം!  പക്ഷെ നാം ഇത് വരെ പിടിച്ചു നിന്നത് കുറഞ്ഞ കേസുകൾ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ട കാലത്താണ്.  കേസുകൾ വർദ്ധിച്ചു വരുമ്പോൾ നമുക്ക് പരിമിധികൾ ഉണ്ടാവും അപ്പോൾ സർക്കാറിനേയോ സംവിധാനങ്ങളെയോ തെറി പറഞ്ഞു രക്ഷപ്പെടാൻ കഴിയുമെന്ന് തോന്നുന്നില്ല. ഇതുവരെ ഒരു വിധം ജയിച്ചു കയറിയ നാം ഇനി തോറ്റു പോകരുത്!

*സാപ്*

🔲

No comments:

Post a Comment