Tuesday 4 August 2020

ഞങ്ങളെ സ്നേഹിച്ച* *കൊല്യ അബ്ദുല്ല സാഹിബ്* /.അസ്ലം മാവിലെ

*ഞങ്ങളെ സ്നേഹിച്ച*
*കൊല്യ അബ്ദുല്ല സാഹിബ്* 

...............................
അസ്ലം മാവിലെ 
...............................

എട്ടാം ക്ലാസിൽ , അല്ലെങ്കിൽ ഒമ്പതാം ക്ലാസിൽ ഞാൻ പഠിക്കുന്ന സമയം. 
അന്ന് മുതലേ ആ ചെറിയ മനുഷ്യനെ എനിക്കറിയാം. അല്ല അന്ന് മുതലാണ് അദ്ദേഹത്തെ ഞാൻ പതിവിലും കൂടുതൽ അറിഞ്ഞു തുടങ്ങുന്നത്. 

ഒന്നാം ക്ലാസ് മുതൽ കൊല്യയിലെ സുമയ്യ എൻ്റെ സഹപാഠിനിയാണ്. ഇടയ്ക്കേതോ ക്ലാസിൽ വെച്ച് സൂമയ്യയുടെ സഹോദരി സക്കീനയും ഞങ്ങളുടെ ക്ലാസ്സിലായി. അന്ന് പക്ഷെ ആ ചെറിയ മനുഷ്യൻ എൻ്റെ  ക്ലാസ്മേറ്റ്സായ സക്കീന - സുമയ്യ സഹോദരിമാരുടെ പിതാവ് മാത്രമായിരുന്നു. 

ഇടക്കിടക്ക് അദ്ദേഹം സ്കൂളിൽ വരും. മക്കളുടെ ക്ഷേമാന്വേഷണത്തോടൊപ്പം അദ്ദേഹം ഞങ്ങളെയും അന്വേഷിക്കും, ഞങ്ങളുടെ പഠനകാര്യങ്ങൾ ആരായും. 

എട്ടാം ക്ലാസിൽ പഠിക്കുന്ന കാലം. ഞാൻ മധുരിലുള്ള എൻ്റുപ്പാൻ്റെ കടയിൽ പോയ ഒരു ദിവസം. അവിടെ സുമയ്യയുടെ ഉപ്പയുണ്ട്. അൽപം മാറി നിന്ന് രംഗം വീക്ഷിച്ചപ്പോൾ നല്ലൊരു രാഷ്ട്രീയ ചർച്ച നടക്കുകയാണെന്ന് മനസ്സിലായി. എൻ്റുപ്പ പത്രം ഉദ്ധരിച്ച് ഇടതുപക്ഷം പറയുന്നു, എതിർ പക്ഷക്കാരനായി സൂമയ്യയുടെ ഉപ്പയും. 
നാട്ടിൻ പുറത്തെ  പതിവ് രാഷ്ട്രീയ വാഗ്വാദങ്ങളിൽ നിന്നും വ്യത്യസ്തമായി,  തികച്ചും  നിലവാരമുണ്ടെന്ന് തോന്നിപ്പോകുന്ന   രാഷ്ട്രിയ വർത്തമാനം.  കുറച്ചു നേരം അവിടെയുള്ള തൂണിന് ചാരി ഞാനും കേട്ടു നിന്നു. 

ഒരു കസ്റ്റമർ വന്നതോടെ ഉപ്പ രാഷ്ട്രിയം പറച്ചിൽ തൽക്കാലം  നിർത്തി. ആ മനുഷ്യനും  പെട്ടെന്ന്  കടയിൽ നിന്നിറങ്ങി പട്ലയുടെ ഭാഗത്തേക്ക് അൽപം ധൃതിയിൽ നടന്നു നീങ്ങി. കസ്റ്റർസ് പോയപ്പോൾ  പതിവ് പോലെ എൻ്റെ ചോദ്യം. "അതാരുപ്പാ". ഉപ്പ പറഞ്ഞു - "അത് സീദുൻച്ചാൻ്റെ ഇച്ച - കൊല്ലത്തെ അദ്ലൻച്ച, ഒന്നാം നമ്പറ് കോൺഗ്രസ്സാരൻ".  

ഉപ്പ തന്ന സാധനങ്ങളുമായി ഞാനതും കേട്ട് ധൃതിയിൽ കടയിൽ നിന്നിറങ്ങി നടന്നു. ഇറങ്ങുമ്പോൾ തന്നെ മനസ്സിൽ തോന്നി - ഇയാളെയെന്ന് പരിചയപ്പെടണമല്ലോ.  കൊല്ലത്തെ അദ്ലൻച്ചാനോടൊന്ന് മിണ്ടണം. അധികം നടക്കേണ്ടി വന്നില്ല. ഏകദേശം ഇറക്കത്തിൽ എത്തിയപ്പോൾ തന്നെ  തന്നെ അദ്ദേഹമുണ്ട്. അന്നു ഞാൻ ആ കൊച്ചു മനുഷ്യനോട്. തുടങ്ങിയ മിണ്ടാട്ടവും സൗഹൃദവുമാണ് ഇന്നലെ നിലച്ചത് - ഇന്നാലില്ലാഹ് ! 

അന്നാ  53 വയസുകാരനോട് എൻ്റെ  13 വയസ് മുതൽ,  തലമുറവിടവുകൾ മറന്ന് നടത്തിയ സംസാരങ്ങൾ, ആശയകൈമാറ്റങ്ങൾ, യോജിപ്പിൻ്റേയും വിയോജിപ്പിൻ്റെയും മേഖലകൾ, രാഷ്ട്രിയം, മതം, മതത്തിലെ ഉൾപ്പിരിവുകൾ, സാമൂഹിക വിഷയങ്ങൾ, പുരോഗമന ചിന്തകൾ, സാംസ്കാരിക ആലോചനകൾ ! ഇക്കഴിഞ്ഞ   മുപ്പത്തേഴ്  വർഷങ്ങൾ നീണ്ട ഇടപഴകലിലും ഇരുന്ന സംസാരങ്ങളിലും അവയെല്ലാമെല്ലാമുണ്ടായിരുന്നു. 

ഇടപെട്ടവയിൽ പലതും എനിക്ക് പഥ്യമായി, അത്ര തന്നെ എനിക്ക് പഥ്യമല്ലാതെയുമായി. അപ്പഴും നാല്പത് വർഷത്തെ വിടവോ എൻ്റെ കൗമാര ചിന്തകളിലെ പാകമില്ലായ്മയോ ഒന്നും അദ്ദേഹത്തിന് ഒരു കോംപ്ലക്സും ഉണ്ടാക്കിയില്ല എന്നതായിരുന്നു നേര്.

അറബിയിൽ നല്ല പാണ്ഡിത്യം. തർക്കശാസ്ത്രത്തിൽ അതുക്കും മേലെ. സ്ഫുടം ചെയ്തെടുത്ത മലയാള പ്രസംഗം. പരന്ന വായന. 
കൂടെ രാഷ്ട്രീയത്തിലെ അന്ധമായ കോൺഗ്രസ് ചായ്‌വും. എല്ലാത്തിലും കൊല്യ അബ്ദുല്ല സാഹിബ് എനിക്കത്ഭുതമായിരുന്നു. 

അസാധാരണമായിരുന്നു അദ്ദേഹത്തിൻ്റെ ഓർമ്മ ശക്തി. അതിന് മുന്നിൽ ആരും അമ്പരന്നു നിന്നു പോകും.  ഒരിക്കലദ്ദേഹം പുറത്തെവിടെയോ നടന്നു പോകവേ, വഴിക്കരികിലെ ഒരു വീട്ടിൽ നിന്നും അലക്ഷ്യമായി  ഗ്രന്ഥപാരായണം നടത്തിയിരുന്ന ആ നാട്ടിലെ അത്യാവശ്യം വിവരമുള്ള  ഒരു മനുഷ്യനെ വാതിൽ മുട്ടിവിളിച്ചു തിരുത്ത് പറഞ്ഞു കൊടുത്ത കഥ ഞാൻ കേട്ടിട്ടുണ്ട്. 

എന്തും ഒരു വട്ടം കേട്ടാൽ മതി, കൊല്യ അദ്ലൻചാക്ക്.  അതിൻ്റെ ചക്കയും ചൗണിയും മൊത്തം മനസ്സിൽ പറ്റിപ്പിടിച്ചിരിക്കും. ഗൗരവമായ നിരന്തര വായനയും പുനർവായനയും  അറിവിൻ്റെ അന്വേഷണത്തിന് വലിയ വഴിവിളക്കായി എന്നു പറയാം. 

പുരോഗമനാശയക്കാരനായിരുന്നു അദ്ധേഹം. വസ്തുതാടിസ്ഥാനത്തിൽ മാത്രമേ അദ്ദേഹം ആരുമായും  ഏത് വിഷയവും  സംവദിക്കുമായിരുന്നുള്ളൂ. ഒപ്പം,  ബന്ധങ്ങൾക്ക് അദ്ദേഹം വലിയ വില കൽപ്പിക്കുകയും ചെയ്തിരുന്നു. 

ഇസ്ലാഹി ആദർശവും കോൺഗ്രസ് രാഷ്ട്രിയവും ജിവിതത്തിൻ്റെ ഭാഗമാക്കിയ മഹദ് വ്യക്തിത്വങ്ങളെ,  അബ്ദുറഹിമാൻ സാഹിബിനെയും മൊയ്തു മൗലവിയെയും,  കുറിച്ച് ഞാനാദ്യം കേട്ടത് എൻറുപ്പയിൽ നിന്നായിരുന്നെങ്കിലും ആ ധീര ദേശാഭിമാനിമാരെ കുറിച്ച്  ഒരുപാട് അറിഞ്ഞത് കൊല്യ അബ്ദുല്ല സാഹിബിൽ നിന്നായിരുന്നു. 

ഒരോർമ്മ കൂടി. പത്തിൽ പഠിക്കുന്ന കാലം. അന്ന് ടൗണിലേക്ക്  പോകുന്നവർ സീറ്റ് കിട്ടാൻ വേണ്ടി  മധൂർ അമ്പലത്തിനടുത്തേക്കു താഴൊട്ട്  പോകുന്ന ബസിൽ ചാടിക്കയറും. ലാസ്റ്റ് സ്റ്റോപ്പിൽ എത്തിയപ്പോൾ പാടത്ത് ഒരു സ്റ്റേജിൽ ഒരു മനുഷ്യൻ മൈക്കിന് മുന്നിൽ കത്തിക്കയറുന്നു - ആരെന്നോ ? കൊല്യ അദ്ലൻച. ധൃതിയിൽ ബസിൽ നിന്നും ഞാൻ ചാടിയിറങ്ങി ദീർഘ നേരം അദ്ദേഹത്തിൻ്റെ  പ്രസംഗം കേട്ടു.  ശുഷ്ക്കിച്ച ശ്രോതാക്കളൊന്നും അദ്ദേഹത്തിന് വിഷയമായിരുന്നില്ല. കണക്കു നിരത്തി തൻ്റെ വാദം നിരത്തുകയാണ് അദ്ദേഹം സ്റ്റേജിൽ. രാഷ്ട്രീയ വൈജാത്യങ്ങൾ ഏറെയുണ്ടായിട്ടു പോലും,  ഒരു പട്ലക്കാരനായതിൽ അഭിമാനിച്ച ദിവസങ്ങളിൽ ഒന്നായിരുന്നു അത്. കണ്ഠ നാളിയിൽ നിന്നും നിർഗ്ഗളിച്ച വാക് ധാരാ പ്രവാഹം അത്രയ്ക്ക് ഊർജ്വസ്വലമായിരുന്നു ! 

അദ്ലൻച ആരെക്കാളും നന്നായി നന്നായി ഖുർആൻ ക്ലാസ് എടുക്കും. 
ഇസ്ലാമിക ചരിത്രം വിശദമായി പറയും. കർമ്മശാസ്ത്രത്തിലെ കൈ പൊള്ളുന്ന വിഷയങ്ങൾ  തലനാരിഴ കീറി സമർഥിക്കും. 

നിഷ്ക്കളങ്ക മനസ്സിനുടമയായിരുന്നു അദ്ദേഹം. അതുകൊണ്ടാകാം എത്രയോ വട്ടം ഞാനദ്ദേഹത്തിൻ്റെ അഭിപ്രായങ്ങളോട് , ശൈലിയോട്, നിലപാടുകളോട് വിയോജിപ്പ് പറഞ്ഞപ്പോഴും എന്നെ ഉൾക്കൊള്ളാനും സൗഹൃദം പതിവിലും കൂടുതൽ നിലനിർത്താനും  അദ്ദേഹം പരമാവധി ശ്രമിച്ചത്. 

അഞ്ച് മാസം മുമ്പാണ് ഞാൻ അവസാനമായി അദ്ദേഹത്തെ കണ്ടത്.  കൂടെ എൻ്റെ മൂത്ത മകനുമുണ്ട്. അന്ന് മാത്രമാണ് ഞാനദ്ദേഹത്തെ കയ്യിൽ ഖുർആനിൻ്റെ പരിഭാഷയില്ലാതെ കിടക്കുന്നത് കണ്ടത്. ഇല്ലെങ്കിൽ എപ്പഴൊക്കെ  ഞാനദ്ദേഹത്തെ കാണാൻ  വീട്ടിലെത്തിയാലും കണ്ണിനോടടുപ്പിച്ച് വെച്ച് ഉറക്കെ ഖുർആൻ പരിഭാഷ   വായിക്കുന്ന ആ വന്ദ്യവയോധികനെ കാണുമായിരുന്നു. ഒരു കടലാസ് കഷ്ണം അടയാളം വെച്ച് അദ്ദേഹം എന്നോട് കുശലാന്വേഷണം തുടങ്ങും.  

അവസാന വട്ടം പോയപ്പോൾ ഒരു കാര്യം അദ്ദേഹത്തിൻ്റെ ഭാര്യ എന്നോട് പറഞ്ഞു -  അസ്ലം,  തൊട്ടു തലേ ദിവസം നിന്നെ  അദ്ദേഹം അന്വേഷിച്ചിരുന്നു. എൻ്റെ ശബ്ദം കേട്ട് കിടക്കപ്പായയിൽ നിന്നും വയ്യായ്ക ഉണ്ടായിട്ടു പോലും അദ്ലൻച നിർബന്ധപൂർവ്വം എഴുന്നേറ്റിരുന്നു.  ദേഹാസ്വാസ്ഥ്യം വകവെക്കാതെ അദ്ദേഹം കസേരയിലിരുന്ന്  അന്നൊരുപാട് കാര്യങ്ങൾ എന്നെ അടുത്തിരുത്തി  സംസാരിച്ചു. 
എപ്പഴും അദ്ദേഹത്തിൻ്റെ  സംസാരത്തിൽ കാര്യങ്ങൾ മാത്രമേ ഉണ്ടാകൂ. ഒഴിവാക്കാനായി ഒന്നുമുണ്ടാകില്ല. അന്നും അദേഹം പറഞ്ഞത് വിദ്യാഭ്യാസ കാര്യങ്ങളും  പഴയകാല ഇസ്ലാഹി ചരിത്രങ്ങളും പൊതുവിഷയങ്ങളുമായിരുന്നു. 

എൻ്റെ ഉപ്പയേക്കാളും നാല് വയസ് മാത്രം കുറവുണ്ടായിരുന്ന അദ്ലൻച ഉപ്പയോട് കാണിച്ചിരുന്ന സ്നേഹവാത്സല്യങ്ങൾ എൻ്റെ മനസ്സിൽ തികട്ടി തികട്ടി വരുന്നു - അവയാകട്ടെ വിവരണാധീനമാണു താനും.  അത്രയ്ക്കും സ്നേഹം അദ്ദേഹം എൻ്റുപ്പയോട് കാണിച്ചിരുന്നു. 

നാഥാ,
ഞങ്ങളുടെ പ്രിയപ്പെട്ട കൊല്യ അദ്ലൻച്ചാക്ക് അദ്ദേഹത്തിൻ്റെ  ബർസഖീ ജീവിതം നീ വിശാലവും  ധന്യവുമാക്കേണമേ, 
പാപങ്ങൾ പൊറുത്ത് കൊടുത്ത്  അദ്ദേഹത്തിന് നീ  സ്വർഗ്ഗം നൽകി അനുഗ്രഹിക്കേണമേ.
ഞങ്ങളെയും  ഞങ്ങളുടെ മാതാപിതാക്കളയും അദ്ദേഹത്തെയും നാളെ നീ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടേണമേ, ആമീൻ.  

No comments:

Post a Comment