Tuesday 4 August 2020

ഇടറാതെ* *മുന്നോട്ട് ... /അസ്ലം മാവിലെ

*ഇടറാതെ*
*മുന്നോട്ട് ... *
..............................
അസ്ലം മാവിലെ 
..............................

ചെറിയ കുഞ്ഞ്,
അവനിപ്പോൾ കരിമൂർഖൻ്റെ നടുവിൽ. 
മാതാവിൻ്റെ കണ്ണുവെട്ടിച്ചു
ശ്രദ്ധ തിരിഞ്ഞിടത്തേക്കവൻ
നടന്നും പകുതിക്ക് വീണും 
അവിടെ നിന്നു നാലുകാലിൽ ഇഴഞ്ഞും ആ സ്പോട്ടിൽ
എത്തിയതാണ്. 

അവനത് കണ്ടുകഴിഞ്ഞു !
എന്താണാ ജീവിയെന്നറിയില്ല, 
കയ്യിൽ കിട്ടിയ ഓലക്കീറെടുത്ത് 
അതിനോട് തല്ലുകൂടാൻ തുടങ്ങി. 
സീൽക്കാര ശബ്ദം കേട്ടാണുമ്മ
പുറത്തിറങ്ങി നോക്കിയത്, 
കണ്ടതോ തൻ്റെ അരുമ 
കൊടുംവിഷവുമായി ഏതു നേരവും 
കൊത്താൻ പാകത്തിൽ ഫണം
വിടർത്തി നിൽക്കുന്ന 
കരിമൂർഖന് മുന്നിൽ ! 

അവനൊരു ഭാവഭേദവുമില്ല,
അവൻ ഉമ്മയെ കണ്ടതായേ  ഭാവിച്ചില്ല, ആര് വന്നതും. 
മുഖത്ത് ചിരി കുടുന്നതേയുള്ളൂ.
ശ്വാസമടക്കിപ്പിടിച്ചു കൈക്കുഞ്ഞിനെ
അപകട സന്ധിയിൽ നിന്നും 
രക്ഷപ്പെടുത്താൻ ഉപായങ്ങൾ 
മെനയുന്ന അവൻറുമ്മയും 
സഹോദരങ്ങളും അയൽക്കാരും ! 

ആ വിഷപ്പാമ്പ് എന്തോ,
പെട്ടെന്ന് ഫണം താഴ്ത്തി 
ചെങ്കല്ലുകൾക്കിടയിലേക്കു 
ഇഴഞ്ഞിഴഞ്ഞു കൺമറഞ്ഞു ! 

അപകടങ്ങൾ വരും,  
പ്രതിസന്ധികൾ 
നമുക്ക് മുന്നിൽ 
മൂന്നാളുയരത്തിൽ 
എഴുന്നു നിൽക്കും. 
അപ്പഴും 
ശുഭചിന്തകൾ നമുക്ക് പ്രതീക്ഷകൾ 
നൽകും, പുത്തനൂർജ്ജം 
പ്രദാനം ചെയ്യും. 

കൊടുങ്കാറ്റിന് മുന്നിലും 
നല്ലതു വരുമെന്ന ശുഭചിന്ത ! 
അസ്വസ്ഥയില്ലാത്ത മനസ്സ് ! 
ആ പൈതലിൻ്റെ  
മനസ്സിൽ പ്രകൃത്യാ അങ്കുരിച്ച 
നിർഭയത്വം പോലെയൊന്ന്. 

ഈ കോവിഡ് ദിനങ്ങൾ 
കോൻഫിഡൻസ് സമ്പുഷ്ടമാക്കാനുള്ളതാണ്.
പ്രതീക്ഷകൾ സമ്പന്നമാക്കാനുള്ളത്.
അതിനുള്ള ഊർജ്ജവും തേടിയലയുക,
പ്രതിരോധവും പ്രതിവിധിയും 
ശക്തിപ്പെടുത്തുക.  

വി ഷാൽ ഓവർക്കം !
അതിജയിക്കുക തന്നെ ചെയ്യും. 
പൂപ്പൈതലിൻ്റെ നിർമ്മല 
മനസ്സുമായി നമുക്കിന്നത്തെ 
പ്രഭാതത്തേയും എതിരേൽക്കാം ! 

നല്ല രാവിലെ,
നല്ല അർക്കകിരണങ്ങൾ ! 

No comments:

Post a Comment