Tuesday 4 August 2020

ഇന്നലെ ഭക്ഷ്യ ധാന്യക്കിറ്റ് * *വീട്ടുവളപ്പിൽ നടാനായി* *ഇന്ന് പച്ചക്കറി വിത്ത് കിറ്റ്* /അസ്ലം മാവിലെ

*ഇന്നലെ ഭക്ഷ്യ ധാന്യക്കിറ്റ് *
*വീട്ടുവളപ്പിൽ നടാനായി* 
*ഇന്ന് പച്ചക്കറി വിത്ത് കിറ്റ്* 
..............................
അസ്ലം മാവിലെ 
..............................

ഇന്നത്തെ എൻ്റെ ഈ കുറിപ്പ് തികച്ചും വ്യത്യസ്തമാണ്. പറയാതെ പോകാതെ വയ്യല്ലോ. എല്ലരും അറിയണമല്ലോ. നന്ദി പറയേണ്ടിടത്ത് പറയുകയും ചെയ്യണമല്ലോ.

ഇന്നലെ സ്കൂളിൽ നിന്നും 
മകന് ലഭിച്ചത് ഭക്ഷ്യധാന്യക്കിറ്റ് - കേരള സംസ്ഥാന  വിദ്യാഭ്യാസവകുപ്പിൻ്റെ ഭക്ഷ്യക്കൈ നീട്ടം, അവന് മാത്രമല്ല കേരളത്തിലങ്ങോളമിങ്ങോളമുള്ള സകല സർക്കാർ - എയിഡഡ് സ്കൂളുകളിലെ മക്കൾക്കും ആ കിറ്റ് ലഭിച്ചു.

രണ്ടാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള മക്കൾക്ക് ഇന്നലെ, കർക്കിടകത്തുടക്കത്തിൽത്തന്നെ  അങ്ങിനെയൊരു സന്തോഷം. 

ഇതാ, ഇന്ന് വാർഡ് മെമ്പർ മജീദ് വിളിച്ചു പറഞ്ഞു -  യഥാസമയം ഞാൻ അപേക്ഷ നൽകിയതിൻ്റെ  അടിസ്ഥാനത്തിൽ,  കൃഷിഭവനിൽ നിന്നും  പച്ചക്കറി വിത്തുകൾ പാസായിട്ടുണ്ട്. ഒപ്പിട്ട് തന്നാൽ,  വിത്തുചാക്ക് കൊണ്ട് പോകാം. ഞൊടിയിടയിൽ ഞാൻ ഹാജർ. രണ്ടിടത്ത് ദസ്കത്തിട്ട് സാധനങ്ങൾ ഏറ്റുവാങ്ങി.  അതിൽ ചേനയുണ്ട്, മഞ്ഞളുണ്ട്, ഇഞ്ചിയുണ്ട്, കപ്പയുണ്ട്, കപ്പണങ്ങയുണ്ട്. (ചാക്കു നിറയെ വിത്തു കിട്ടിയ സന്തോഷത്തിൽ, എഴുത്തിനൊരോളം  കിട്ടാൻ കപ്പണങ്ങ എന്ന്  ചേർത്തതാണ്).

താങ്ക്യൂ കേരള സർക്കാർ ! 
താങ്ക്യൂ കേരള കൃഷി വകുപ്പ് !

ഈ പൊതി,  ഞാൻ  കൊടുത്ത രണ്ടപേക്ഷയ്ക്കുളള തീരുമാനമാണ് കെട്ടോ, ഇതിലപ്പുറം അപേക്ഷകൾ നൽകിയവർക്ക് കൃഷി വകുപ്പ് വാരിക്കോരി തരാനിരിക്കുന്നതേയുള്ളൂ. ഡോംഡ് ഇൻ ഹറി കാത്തിരിക്കൂ ,നിങ്ങൾക്കിനിയും കിട്ടാനുണ്ട്, അതിൽ  വളമുണ്ട്, സബ്സിഡിയുണ്ട്, സ്ത്രീകൾക്ക് ഗ്രോബാഗുണ്ട്, മട്ടുപ്പാവിൽ വളർത്താൻ പച്ചക്കറിത്തൈകളുണ്ട്. വാഴക്കന്നുണ്ട്.... 
അങ്ങനങ്ങനെ ഒരു പാടൊരുപാട്. 

കൃഷിഭവനിൽ നിന്ന് നേരത്തെ എനിക്ക് കിട്ടിയ പയർത്തൈകൾ ഇപ്പം  കൊമ്പിടാൻ തുടങ്ങി. ഞാൻ വിത്തിട്ട സമയം അത്ര ശരിയായിട്ടുണ്ടാകില്ല. എന്നാലും പത്തു തൈകൾ നല്ല പച്ചപ്പിലുണ്ട്. വഴുതനയും തരക്കേടില്ല. വെണ്ട മെല്ലെ മെല്ലെ കായ്ക്കുണു. കയ്പയാണേൽ പൂത്ത് പ്രാന്ത് പിടിച്ച് നിൽക്കാണ്, പക്ഷെ ഒരു പ്രശ്നണ്ട്, മൊട്ടിടുന്ന കയ്പ്ലങ്ങയുടെ തുമ്പിൽ ഈച്ച ചങ്ങാത്തം കൂടി അലമ്പാക്കിയിരിക്കയാണ്. ചെമന്ന് ചെമന്ന് വീഴുണു.  അതിനാരെങ്കിലും പരിഹാരം പറഞ്ഞ് തന്നാൽ നന്നാർന്നു. കൃഷി അറിയുന്ന മൂന്നാലാളോട് ചോദിച്ചപ്പോൾ അവർ കൈ മലർത്താണ്, അവരിങ്ങനെ മിണ്ടാണ്ടിരുന്നാൽ,  പുതു കർഷകരായ  ഞാനും മാത്തച്ചനും എന്നാ ചെയ്യും ഉവ്വേ...

എന്തായാലും  ഞാനിപ്പം 
കപ്പത്തണ്ട് കിട്ടിയ സന്തോഷത്തിലാണ്. ഒന്നൂല്ല, അതൊന്ന് യുട്യൂബ് നോക്കി നാല് മൂട് ചെരിച്ച് നാട്ടണം. ബാക്കി ഉസ്ക ഊപ്പർ, മത്ലബ്, ഖുദാ കാ ഊപർ ചോഡ് ദേതാ ഹും.  എന്തായാലും മധുരക്കിഴങ്ങു വള്ളികൾക്കൊപ്പം അതും കിഴക്ക് നോക്കി വളരട്ടെ. 

ഒന്നൂടെ പറയാലോ, കർക്കിടരണ്ടാനാളും 
എന്നെ സംബന്ധിച്ചിടത്തോളം
രസാണ്, സുഖ വർത്താനാണ്.

വീണ്ടും, 
താങ്ക്യൂ കേരള സർക്കാർ ! 
താങ്ക്യൂ കേരള കൃഷി വകുപ്പ് !
എൻ്റെ കൃഷിയെ നല്ലണം സപ്പോർട്ട് 
ചെയ്യുന്ന വാർഡ് മെമ്പർ എം. എ. മജീദേ, നിങ്ങൾക്കും  താങ്ക്യൂ ..

No comments:

Post a Comment