Monday 1 August 2016

അമേരിക്കൻ തെരഞ്ഞെടുപ്പ് വിളിപ്പാടകലെ ട്രാംപിനു വിറളി; നാട്ടുകാർക്ക് വിഭ്രാന്തി ലോകമീഡിയയിൽ കോമഡി തരംഗം / അസ്‌ലം മാവില

അമേരിക്കൻ തെരഞ്ഞെടുപ്പ്  വിളിപ്പാടകലെ:
ട്രാംപിനു വിറളി; നാട്ടുകാർക്ക് വിഭ്രാന്തി
ലോകമീഡിയയിൽ കോമഡി തരംഗം
______________________

അസ്‌ലം മാവില
______________________

വരുന്ന നവംബറിൽ അമേരിക്കൻ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി ഒരു കൊല്ലത്തോളമായി.ഇത്ര നീണ്ട പ്രചാരണം അമേരിക്കയിൽ മാത്രം. അതിന്റെ കുറ്റവും കുറവും കാണുന്നുമുണ്ട്. ''എക്കത്തിലധികം'' എന്തിനും പാടില്ലല്ലോ.  സ്ഥാനാർത്ഥികൾക്ക് പറഞ്ഞു പറഞ്ഞു വിഷയം തന്നെ ഇല്ലാതായി മാറിയിരിക്കുന്നു. ട്രാംപിനെ പോലുള്ളവർക്ക് നാലാളുടെ കയ്യടി കിട്ടാനും എന്തും പറയാമെന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.

പത്തു വോട്ടു കിട്ടാനാണോ ? അറിയില്ല. പ്രസിദ്ധിക്ക് വേണ്ടിയാണോ ? അറിയില്ല. അതല്ല നാടിനെ പറയിപ്പിക്കാനാണോ ? അതും അറിയില്ല.

സ്ത്രീകളെ ട്രാംപ്  വിശേഷിപ്പിച്ചത് പന്നികൾ എന്നാണ്. അത് വിവാദമായി കത്തി കെടുമ്പോൾ വീണ്ടും വന്നു - മെക്സിക്കന്സ് ക്രിമിനലുകളും ബലാൽസംഗ വീരന്മാരുമെന്ന്. അതൊഴിയുമ്പോൾ അതാ വരുന്നു അടുത്ത പ്രാസ്താവന, രാജ്യത്തെ ഒരു ഫെഡറൽ ജഡ്ജിനെ ചൂണ്ടി പറഞ്ഞു , ഇയാൾ  ( Mr . Gonzalo P. Curiel) ആ കസേരയിൽ ഇരിക്കാൻ അയോഗ്യൻ, കാരണമോ ? ജഡ്ജിന്റെ പരമ്പര ചെന്നെത്തുന്നത് മെക്സിക്കോയിൽ. മെക്സികോയ്ക്ക് തൊട്ടുകിടക്കുന്ന ഇന്ത്യാനയുടെ അടുത്തെങ്ങാനോ ജഡ്ജിന്റെ കുടുംബത്തിലൊരാൾ ജനിച്ചെന്ന്. മുസ്ലിം കുടിയേറ്റം നിരോധിക്കാൻ എനിക്ക് വോട്ട് തരൂ എന്ന് പറഞ്ഞു അതിന്റെ അലയൊലികൾ  തീരും മുമ്പേ അടുത്ത വെടി. ഇറാഖ് യുദ്ധത്തിൽ മൃത്യു വരിച്ച മുസ്ലിം അമേരിക്കൻ പട്ടാളക്കാരന്റെ ബാപ്പയ്ക്കും ഉമ്മയ്ക്കും നേരെ. കിസ്ർ -ഖസാല ഖാൻ കുടുംബത്തെ അവഹേളിക്കുന്ന രീതിയിലാണ് ട്രാംപ് തന്റെ പ്രസംഗത്തിൽ മോശം പരാമർശം നടത്തിയത്. ഇതോടെ സ്വന്തം പാർട്ടിയായ റിപ്പബ്ലിക്കൻ നേതാക്കളിൽ ചിലർ കയ്യൊഴിയുന്ന മട്ടാണ്. കൂട്ടത്തിൽ പറഞ്ഞ ട്രോളിനു വക നൽകുന്ന ഒന്ന് - ''ഞാൻ അമേരിക്കയ്ക്ക് വേണ്ടി ഒരു പാട് ത്യാഗം ചെയ്തിട്ടുണ്ട്. ബിസിനസ്സ് ചെയ്തും അതിൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചും''.   ത്യാഗത്തിന്റെ അർത്ഥമെന്താണെന്നു ഒന്ന് കൂടി പഠിക്കണമെന്നു മിസ്സിസ് ഖാൻ വാഷിംഗ്ടൺ പോസ്റ്റിൽ എഴുതിയത് ഇന്ന് വാർത്തയായിരിക്കുകയാണ്.

സമാന പ്രസംഗകർ നമ്മുടെ നാട്ടിലുമുണ്ടല്ലോ. സുബ്രു സാമി,  ഉണ്ണിത്താൻ, ആർ. ബാലകൃഷ്ണ പിള്ള, വൺ ടു ത്രീ  മണി,  പി.സി. ജോർജ്ജ് തുടങ്ങിയവരൊക്കെ. എന്താ എപ്പഴാ എവിടെവെച്ചാ പറയുന്നതെന്നതിനെ കുറിച്ച് ഒരു ബെല്ലും ബ്രെയ്ക്കും ഇല്ലാത്ത ആൾക്കാർ. അങ്ങ് വടക്കേ ഇന്ത്യയിലാണെങ്കിൽ എണ്ണിയാലും തീരില്ല ഈ സൈസ് ''മാസ്സു''കൾ.

ഇമ്മാതിരി മനുഷ്യമാരൊക്കെ ജയിച്ചു കയറി നാളെ  അമേരിക്കയെന്ന കുതിരപ്പുറത്തു ഇരുന്ന് കടിഞ്ഞാൺ പിടിക്കാൻ തുടങ്ങിയാൽ എന്തായിരിക്കും അവസ്ഥ? പിന്നെ കടിഞ്ഞാണിന്റെ പ്രസക്തി തന്നെ ഇല്ലാതാവുകയാണല്ലോ.

ചില  സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ കാണാറില്ലേ ഒന്നോ രണ്ടോ  ''മരണ മാസ്സുകൾ''. അത് പോലെ ആയിട്ടുണ്ട് ട്രാംപ് ലോക മീഡിയയിൽ. ഫുൾ കോമഡി.  സ്ഥലകാല ബോധം ഉണ്ടാകില്ല. ഔചിത്യബോധമോ ? നാസ്തി. സാമാന്യബോധം ? അതിന്റെ കാര്യം പറയാനുമില്ല.  ഇവരോടൊക്കെ എഴുതി വായിക്കാൻ പറയുന്നതായിരിക്കും ഒന്ന് കൂടി നല്ലത്, വായിക്കുന്നതിന് മുമ്പ് നാലാൾ വായിച്ചു ഉറപ്പും വരുത്തണം വേണ്ടാത്തതൊന്നും അതിൽ ''പെട്ട്'' പോയിട്ടില്ലെന്ന്.

വാഷിംഗ്ടൺ പോസ്റ്റും, ന്യൂയോർക്ക് ടൈംസും കാപ്സ്യൂൾ ന്യൂസിൽ പ്രസിദ്ധമായ റോയിട്ടറും  ഇപ്പോൾ ഈ ''വ്യാപാരി''യുടെ നാക്കുളുക്കൽ എഴുതാനേ സമയം കണ്ടെത്തുന്നുള്ളൂ. ഇനിയിപ്പോൾ അതും ഒരു പബ്ലസിറ്റിയുടെ  ഭാഗമാണോ ?
______________________
browse  www.RTpen.blogspot.com 

No comments:

Post a Comment