Friday 5 August 2016

ഇന്ന് തണലോരത്തിരിക്കുമ്പോൾ ...../ അസ്‌ലം മാവില

ഇന്ന് തണലോരത്തിരിക്കുമ്പോൾ .....

അസ്‌ലം മാവില

ഇരുപത്തൊമ്പത് വർഷം മുമ്പ് നമ്മുടെ (പടല ) സ്‌കൂളിന്റെ ഓരത്തും ചാരത്തും ഓടിച്ചാടികളിച്ചവർ ഇന്ന് ഒന്നിക്കുകയാണ്. അവർക്ക് ഇതൊരു ആഘോഷമാണ്. അവർക്ക് ഇതൊരു പുനഃസമാഗമമാണ്.

എന്റെ ഭാഷ്യം എല്ലാ ഭംഗിയും നഷ്ടപ്പെടുത്തുമെന്ന് ഭയന്ന്  നഫീസ ഫഹീമ എഴുതിയ  കവിത ഞാനിവിടെ അങ്ങിനെ തന്നെ പകർത്തുന്നു.  നല്ല നേരത്തു എഴുതിയ സുന്ദരമായ കവിത.

വിദ്യാലയ                                      
തിരുമുറ്റത്ത്                              
 ഓർമ്മകളുടെ                            
 തണലോരത്ത്                            
ഇന്നലെകൾ                                
പുനർജനിക്കുന്നു                      

ഒരുമുറി പെൻസിലിനുo
ഒരു കഷ്ണം ചോക്കിനും          
പിണക്കത്തിന്റെ                          
പെരുമഴ തീർത്തവർ                  

ഒരു കുടക്കീഴിൽ                          
വെയിൽ മഴ നനഞ്ഞവർ          
മധുരാനുഭവങ്ങളുടെ                  
ഘോഷയാത്രയിൽ                    
ഓർമ്മക്കടൽ നീന്തി
ഈ തണലോരത്ത്!

വിദ്യാലയ ഓർമ്മകൾ മായാത്തതാണ്. മറയാത്തതാണ്. മരിക്കാത്തതാണ്. മണ്ണിന്റെ മണമുണ്ട്. മാനത്തെ നീലിമയുടെ നിഷ്കളങ്കതയുണ്ട്. ഒരിക്കലും തിരിച്ചു വരില്ലെന്ന് അറിയില്ലെങ്കിലും ഓർമ്മകളിൽ അവ പച്ചപ്പ് തീർക്കും.

എല്ലാ പഴയ ഫോട്ടോകളും നമുക്ക് ഒരുപക്ഷെ നശിപ്പിക്കാൻ തോന്നും, കുഞ്ഞുന്നാളിലെ വിദ്യാലത്തിൽ ഒരുമിച്ചിരുന്ന് എടുത്ത ഫോട്ടോ ഒഴികെ. അതിൽ നമ്മുടെ ആത്മാവുണ്ടെന്ന തിരിച്ചറിവാകാം. അടുത്തിരുന്നു തന്നോട് ഇണങ്ങിയും പിണങ്ങിയും കഴിയുന്ന കൂട്ടുകാരന്റെ കൂട്ടുകാരിയുടെ നിഷ്കളങ്ക മുഖം ഉള്ളത് കൊണ്ടാകാം. തന്റെ ഗുരുനാഥരുടെ സാന്നിധ്യം അനിർവചനീയമായ സന്തോഷം നൽകുന്നത് കൊണ്ടാകാം. ആ ഛായാചിത്രത്തിന്റെ പശ്ചാത്തലത്തിനു ഒരു വലിയ കഥ പറയാനുള്ളത് കൊണ്ടാകാം.

കുഞ്ഞുകുട്ടികളുമായാകാം ഇന്നവർ പടല സ്‌കൂളിന്റെ പടികടന്നെത്തുന്നത്. ''ദേ ...ഇവിടെ ആ ചെടി ഉണ്ടായിരുന്നു''.  ''ഈ കാണുന്ന സ്ഥലത്താണ് കാറ്റാടി മരത്തിന്റെ കുറ്റി കാലിൽ തറച്ചു ഞാൻ വീണത്, നീ ചിരിച്ചത്, പിന്നീട് ദിവസങ്ങളോളം നിന്നോട് മിണ്ടാതിരുന്നത്...'' '' ഇവിടെയാണ് ഞാനാദ്യമായി ഒരു ഗാനമാലപിച്ചത്''. അങ്ങിനെ അങ്ങിനെ ഒരുപാട് ഓർമ്മകൾ...  മാവും, മൂക്കാനൊരിക്കലും അനുവദിക്കാത്ത ഇളംമാങ്ങയും കശുമാവിനിലയും കാറ്റാടിക്കുരുവും വേലിയിൽ പടർന്ന ചൊക്കിപൂവും ...എല്ലാമെല്ലാം ഓർമകളിൽ ഓളമിട്ട് വരും....

ഒരു പക്ഷെ നിഷ്കളങ്കമായി ചിരിക്കുന്ന, നിർമല മനസ്സോടെ ''പയക്കം'' പറയുന്ന അപൂർവ്വ സന്ദർഭങ്ങളായിരിക്കും ഇന്നവർക്ക്. മൗനം പോലും കവിതകളായി മാറുന്ന നേരങ്ങൾ. നോവുകൾ, കുസൃതികൾ, കുട്ടിത്തങ്ങൾ എല്ലാമെല്ലാം കുശലാന്വേഷണത്തിൽ വരും, വരാതെ എവിടെ പോകാൻ.

ഒരു സങ്കടം കൂടി കൂട്ടത്തിൽ. സാനിന്റെ  ''തീ'' കവിതാ സമാഹാരപ്രകാശനം ഇന്നത്തെ മഹനീയ സദസ്സിൽ ഉണ്ടാകില്ലെന്നത് എന്റെ വ്യക്തിപരമായ ദുഃഖം മാത്രമല്ല,  എന്റെ കുടുംബത്തിന്റെ കൂടി ദുഃഖമാണ്. പൂർത്തിയായില്ല. അതിന് ചെറിയ സമയം ഒരിക്കലും തികഞ്ഞില്ല. എല്ലാവരോടും ക്ഷമയും ചോദിക്കുന്നു.

ഭാവുകങ്ങൾ ! എന്റെ അനിയത്തി അടക്കമുള്ളവരുടെ ജൂനിയർ ബാച്ചിന്, അവരുടെ കുഞ്ഞുകുട്ടികളകടക്കുള്ള സംഗമത്തിന്........

No comments:

Post a Comment