Wednesday 24 August 2016

ഹജ്ജ് തീര്‍ത്ഥാടകര്‍ എത്തിത്തുടങ്ങി; ഇത്തവണ കൂടുതല്‍ സൗകര്യങ്ങള്‍; കനത്ത സുരക്ഷ / Report in Kvartha

സൗദി അറേബ്യയില്‍ നിന്ന് അസ്‌ലം മാവില


ജിദ്ദ: (www.kvartha.com 24.08.2016) ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി തീര്‍ത്ഥാടകര്‍ എത്തിത്തുടങ്ങി. ഇത് വരെ എത്തിയ തീര്‍ത്ഥാടകാരുടെ എണ്ണം നാല് ലക്ഷം കവിഞ്ഞു. പരമ്പരാഗത രീതിയിലുള്ള സ്വീകരണമാണ് തീര്‍ത്ഥാടകര്‍ക്ക് വേണ്ടി സൗദി ഗവണ്‍മെന്റ് അന്താരാഷ്ട്രാ എയര്‍പോര്‍ട്ടുകളിലെങ്ങും ഒരുക്കിയിട്ടുള്ളത്.

ഹജ്ജിന്റെ അവസാന ചടങ്ങായ ജംറയില്‍ കല്ലെറിയുന്നതിന് ദുല്‍ഹജ് 10, 11, 12 ദിനങ്ങളില്‍ (സെപ്റ്റംബര്‍ 11,12,13) മൊത്തം പന്ത്രണ്ട് മണിക്കൂര്‍ നേരത്തേക്ക് ഹജ്ജ് മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തി. ഈ മൂന്ന് ദിവസങ്ങളിലാണ് പ്രതീകാത്മകമായി തീര്‍ത്ഥാടകര്‍ സാത്താന് കല്ലേറ് നടത്തുന്നത്. ഈ ദിനങ്ങളില്‍ ഉണ്ടായേക്കാവുന്ന ജനത്തിരക്ക് ഒഴിവാക്കുവാനും തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പു വരുത്താനുമാണ് പ്രസ്തുത നടപടിയെന്ന് സൗദി ഹജ്ജ് മന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചിരിക്കുന്നത്. ജംറയില്‍ കല്ലേറ് നടക്കുന്ന ആദ്യ ദിവസം രാവിലെ ആറ് മണി മുതല്‍ പത്തര വരെയും രണ്ടാം ദിവസം ഉച്ചയ്ക്ക് ശേഷം രണ്ടു മുതല്‍ ആറു മണി വരെയും മൂന്നാം ദിവസം രാവിലെ പത്തര മുതല്‍ ഉച്ചയ്ക്ക് രണ്ടു മണിവരെയുമാണ് ജംറയില്‍ കല്ലെറിയുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയത്.

ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ സഹായത്തോടെ ജംറയില്‍ തീര്‍ത്ഥാടകരുടെ നീക്കം സൂക്ഷ്മമായി പരിശോധിക്കുവാനുള്ള വിപുലമായ സൗകര്യമാണ് ഇപ്രാവശ്യം അധികൃതര്‍ ഒരുക്കിയിട്ടുള്ളത്. സൗകര്യ പൂര്‍വ്വം തീര്‍ത്ഥാടകര്‍ക്ക് കല്ലേറ് നടത്തുവാനും  ജംറയില്‍ ഉണ്ടായേക്കാവുന്ന അപകടം ഒഴിവാക്കുവാനും ഇത് മൂലം സാധിക്കുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഹുസൈന്‍ അല്‍ ശരീഫ് അറിയിച്ചു. ജംറയിലേക്ക് മണിക്കൂറില്‍ മൂന്ന് ലക്ഷം തീര്‍ത്ഥാടകര്‍ക്ക് നീങ്ങാനുള്ള വിസ്തൃതി നിലവിലുണ്ട്.

പതിനഞ്ചു ലക്ഷത്തിലധികം വരുന്ന തീര്‍ത്ഥാടകര്‍ക്ക് യാത്ര ചെയ്യുവാന്‍ 18,000 ബസ്സുകള്‍ തയ്യാറായി കഴിഞ്ഞു. ഇവ കൂടാതെ ആധുനിക സൗകര്യങ്ങളുള്ള 1,700 ബ്രാന്‍ഡഡ് കാറുകളും ഉണ്ട്. പ്രായം ചെന്നവര്‍ക്കും രോഗികള്‍ക്കും ഭിന്ന ശേഷി വിഭാഗത്തില്‍ പെട്ടവര്‍ക്കും യാത്ര ചെയ്യുവാന്‍ കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളത്തിലും പരിശുദ്ധ ഹറമുകളിലും ആവശ്യത്തിലധികം ചെറുവാഹനങ്ങള്‍ (ഗോള്‍ഫ് കാര്‍ട്ട്) സദാ സമയവും ലഭ്യമാണ്. തീര്‍ത്ഥാടകര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുവാന്‍ വേണ്ടി മാത്രം മുപ്പത് ഊഴങ്ങളിലായി 90 വീതം മുതവഫികള്‍ കഅബ ത്വവാഫ് ചെയ്യുന്ന ഭാഗങ്ങളില്‍ 24 മണിക്കൂറും ഉണ്ടാകും. അവരുടെ സേവനം ഉപയോഗപ്പെടുത്താന്‍ തീര്‍ത്ഥാടകരോട് മന്ത്രാലയം നിര്‍ദേശിച്ചു. 

ഇതാദ്യമായി ധരിക്കാന്‍ ഇ-ബ്രേസ്‌ലെറ്റ് എല്ലാ തീര്ഥാടകര്‍ക്കും നല്‍കും. തീര്‍ത്ഥാടകരുടെ പൂര്‍ണ്ണ വിവരങ്ങള്‍, നമസ്‌കാര സമയം, നില്‍ക്കുന്ന സ്ഥാനം, പ്രാര്‍ത്ഥനകള്‍ അടക്കം വിവിധ വിവരങ്ങളാണ് ഈ 'വള'യില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വഴി തെറ്റുന്നവര്‍ക്ക് ലക്ഷ്യത്തിലെത്താന്‍ ഇത് ഏറെ ഉപകാരപ്പെടും. ഹജ്ജ് തീര്‍ത്ഥാടകരുടെ സഞ്ചാരത്തിന് വഴിതടസമുണ്ടാകാതിരിക്കാന്‍, മസ്ജിദുല്‍ ഹറമില്‍ പ്രവേശിച്ചാലുടന്‍ അഭിവാദ്യസൂചകമായി ചെയ്യുന്ന കഅബ പ്രദക്ഷിണം (ത്വവാഫുല്‍ ഖുദൂം) നമസ്‌കാരത്തിന് ഒരു മണിക്കൂര്‍ മുമ്പും ശേഷവും ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.

മക്ക മുന്‍സിപ്പാലിറ്റി ഔദ്യോഗികമായി 23,050 പേരെ ഹജ്ജ് സേവനത്തിനായി നിയോഗിച്ചു. സ്‌കൗട്ട് വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികളും ഇതില്‍ പെടും. 13,000 പേര്‍ മാത്രം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കുണ്ട്. ഹജ്ജ് തീര്‍ഥാടനത്തിന്റെ ഭാഗമായി നടക്കുന്ന തലമുണ്ഡനം ചെയ്യുവാന്‍ മിനായില്‍ മൊത്തം 1,110 സീറ്റുകള്‍ ഉള്ള ബാര്‍ബര്‍ കടകളും മുന്‍സിപ്പാലിറ്റി ഒരുക്കി കഴിഞ്ഞു. ഇവ കൂടാതെ വിവിധ പ്രവാസി സംഘടനകളുടെ നേതൃത്വത്തിലും വളണ്ടിയര്‍മാരുടെ സേവനവും ലഭ്യമാകും.

അത്യാഹിത ഘട്ടങ്ങളില്‍ സ്വീകരിക്കേണ്ട ആഭ്യന്തര സുരക്ഷാ നടപടികളടങ്ങിയ ജനറല്‍ പ്ലാനിന് ഉപപ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയും സൗദി ഹജ്ജ് വിഭാഗം ഉന്നത തല സമിതി ചെയര്‍മാനുമായ മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്‍ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കി. സുരക്ഷയും സമാധാനപൂര്‍ണ്ണവുമായ അന്തരീക്ഷവും നിലനിര്‍ത്തി കൊണ്ട് പരിശുദ്ധ ഹജ്ജ് നിര്‍വ്വഹിക്കുവാന്‍ തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുക എന്നതാണ് ഈ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. തീര്‍ത്ഥാടനത്തിടയ്ക്ക് ഉണ്ടായേക്കാവുന്ന പതിമൂന്നോളം അപകട സാധ്യതകള്‍ മുന്‍കൂട്ടി കണ്ട് കൊണ്ട് അവ ഒഴിവാക്കുവാനുള്ള നിര്‍ദ്ദേശങ്ങളാണ് ഇതിലുള്ളത്.  ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ഹജ്ജ് വേളകളില്‍ നടന്ന ചെറുതും വലുതുമായ അപകടങ്ങള്‍ അപഗ്രഥിച്ചു പഠിച്ചശേഷമാണ് ഈ പദ്ധതി തയ്യാറാക്കിയിട്ടുള്ളതെന്ന് സൗദി ആഭ്യന്തര സുരക്ഷാ വിഭാഗം ഡയറക്ടര്‍ ജനറല്‍ സുലൈമാന്‍ ബിന്‍ അബ്ദുല്ല അല്‍ ആമിര്‍ അറിയിച്ചു.

അതേ സമയം, സൗദി മന്ത്രാലയത്തിന്റെ അനുമതി പത്രമില്ലാതെ ഹജ്ജ് നിര്‍വഹിക്കുവാന്‍ ഒരുങ്ങുന്നവര്‍ക്ക് മുന്നറിയിപ്പുമായി ലോകപ്രശസ്ത പണ്ഡിതനും സൗദി ഗ്രാന്‍ഡ് മുഫ്തിയുമായ ശൈഖ് അബ്ദുല്‍ അസീസ് അല്‍ ഉ ശൈഖ് ട്വിറ്ററിലൂടെ അറിയിച്ചു. 'ഇസ്‌ലാമിക ഭരണകൂടത്തിന്റെ നിര്‍ദ്ദേശം അവഗണിച്ചു  ഇങ്ങനെ ചെയ്യുന്ന ഹജ്ജ് ഇസ്‌ലാമിക വീക്ഷണത്തില്‍ നിഷിദ്ധമാണ്. നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ഹറമിലും വിശുദ്ധ സ്ഥലങ്ങളിലും വിശ്വാസികള്‍ പ്രവേശിക്കുന്നത് ഇസ്‌ലാമിക പ്രമാണങ്ങള്‍ക്ക് വിരുദ്ധമാണ്. ഔദ്യോഗികമായ അനുമതി പത്രമില്ലാതെ ഹജ്ജ് നിര്‍വഹിക്കുവാന്‍ ഹറമിലേക്ക് ആളുകളെ എത്തിക്കുന്നതും തീര്‍ത്തും ഇസ്‌ലാമിക വിരുദ്ധം തന്നെ'. അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ഔദ്യോഗിക രേഖകളോ അനുമതി പത്രമോ ഇല്ലാതെ എല്ലാവര്‍ഷവും സ്വദേശികളും വിദേശികളുമായ സൗദിയില്‍ താമസിക്കുന്ന  ആയിരങ്ങളാണ് പരിശുദ്ധ ഹജ്ജ് നിര്‍വ്വഹിക്കുവാന്‍ മക്കയില്‍ എത്തുന്നത്. ഇത് സുരക്ഷാ പ്രവര്‍ത്തനങ്ങളില്‍ വലിയ തലവേദന സൃഷ്ടിക്കാറുണ്ട്. ഇതിന് മാത്രമായി സ്വദേശികള്‍ തന്നെ കുറഞ്ഞ ചിലവില്‍ വാഹന സൗകര്യവും മറ്റും ഏര്‍പ്പാട് ചെയ്യാറുണ്ട്. അധികൃതരുടെ കണ്ണ് വെട്ടിച്ച് ഉള്‍പ്രദേശങ്ങളില്‍ കൂടിയാണ് അവര്‍ തീര്‍ത്ഥാടകരെ മക്കയിലെത്തിക്കുന്നത്. ഇത് തടയാന്‍ വേണ്ടി   എല്ലാ വഴികളിലും കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് സൗദി പോലീസ് ഒരുക്കി വെച്ചിട്ടുള്ളത്.

No comments:

Post a Comment