Saturday, 13 August 2016

വരുന്നു ഫൈനും പെനാൽറ്റിയും വണ്ടിയോടിക്കുന്നവർ ജാഗ്രത / അസ്‌ലം മാവില

വരുന്നു ഫൈനും പെനാൽറ്റിയും 
വണ്ടിയോടിക്കുന്നവർ ജാഗ്രത 

അസ്‌ലം മാവില 

ആഗസ്ത് 04 ന് കേന്ദ്ര സർക്കാർ പുതിയ  മോട്ടോർ വെഹിക്കിൾ (ഭേദഗതി)  ബില്ലിന്റെ കരട് രേഖ അംഗീകരിച്ച മട്ടാണ്. ഹെൽമറ്റില്ലെങ്കിൽ വാങ്ങിയേക്കണം. ഇല്ലെങ്കിൽ ഫൈൻ 1000. മാർക്കറ്റിൽ 900-ന് ''തലസംരക്ഷിത കവചം'' കിട്ടുമെങ്കിൽ  കടം പറഞ്ഞെങ്കിലും വാങ്ങി ഫിറ്റ് ചെയ്യുന്നതാണ്  ബുദ്ധി.  ഇപ്പോൾ പിന്നെ പോലീസുകാർ  സിഗ്നലിൽ വണ്ടി നിർത്തി തലമണ്ടയിൽ ഹെൽമറ്റ്കണ്ടില്ലെങ്കിൽ മർമ്മം നോക്കാതെ  എവിടെ ലക്ഷ്യമാക്കിയാണ്  അടിക്കുന്നതെന്ന് പറയാൻ പോലും പറ്റില്ല. രണ്ടീസം മുൻപല്ലേ ഒരു പോലീസ് ദേഷ്യം പിടിച്ചു ഒരു ബൈക്ക് യാത്രക്കാരന്റെ  മണ്ടയ്ക്കിട്ട് പണി കൊടുത്തത്. അങ്ങേര് ആസ്പത്രീന്ന് പോയോന്നറിയില്ല. 

സീറ്റ് ബെൽറ്റില്ലാതെ ഓടിക്കാം, നാല് ചക്ര വാഹനം. പോക്കറ്റിൽ 1000 കരുതി വെക്കണം. സ്പീഡ് കൂടിയാലും പോക്കറ്റ് കാലിയാകും 1000 ചെറുകിട വണ്ടിക്ക്. മിഡിൽ ലെവൽ വണ്ടിക്ക് 2000. ഇൻഷുറൻസ് ഇല്ലാതെ ഓടിച്ചാൽ 2000 വേറെയും. ''മങ്കൂർഞ്ഞി'' അടിച്ചു പീപ്പിയിൽ ഊതിപെട്ടാൽ 10,000 ശൂന്ന് പോയിക്കിട്ടും. ചരക്ക്   വണ്ടിയിൽ അങ്ങിനെയങ്ങ് സാധനങ്ങൾ  കെട്ടിവലിച്ചു കൊണ്ട് പോകാനും പറ്റില്ല പോലും ! ഓവർ ലോഡെന്നു കണ്ടാൽ 20,000. ഓരോ ടൺപിന്നെയും  കൂടുതൽ കണ്ടാൽ അതിനു 2000 വച്ച് വേറെയും. ലൈസൻസ് ഇല്ലാത്തവൻ 5000 കൊടുത്തേ തീരൂ. പിള്ളേരെങ്ങാനും വണ്ടി ഓടിച്ചാലും ബാപ്പ 3 കൊല്ലം  ജയിലിലും കാൽ ലക്ഷം വേറെ അടവും. സിഗ്നൽ ആദ്യം ലംഘിച്ചാൽ 500 , അടുത്തതിന് 1000 വീതം. ഫോൺ വിളിച്ചോണ്ടിരിക്കെ ആഫീസറുടെ കടക്കണ്ണിൽ പെട്ടാൽ   ആദ്യവട്ടം 500. രണ്ടാമത്തെ വിളിമുതൽ അങ്ങോട്ട്  2000 മുതൽ 5000 വരെ. ഇനിയുമുണ്ട് ഒരുപാട് ഫൈൻ വിശേഷങ്ങൾ. 

എല്ലാം നമ്മുടെ തടി കാക്കാൻ. ഇതൊക്കെ ലംഘിക്കാത്തവർ ആരെങ്കിലുമുണ്ടോ ? എനിക്ക് തോന്നുന്നില്ല ഉണ്ടാകുമെന്ന്. മൊത്തം വായിച്ചപ്പോൾ തോന്നിയത്  കുറഞ്ഞത് 50,000 രൂപ  ബാങ്ക് ബാലൻസ് ഉള്ളവന് ഒരു വണ്ടി റോഡിൽ  ഓട്ടാം.  ഇല്ലാത്തവൻ ടാക്സി പിടിച്ചു പോകുന്നതാണ് നല്ലത്. . 

മഹാരാഷ്ട്രയിൽ ഈ നിയമം   ഇമ്പ്ലിമെൻറ് ആയെന്നാണ് കേട്ടത്. ഖജനാവിൽ നല്ല  വരവ് തുടങ്ങിയിരിക്കും. മിക്ക സംസ്ഥാനത്തെയും ''പൈസ ഇല്ലാ പാട്ട്'' ഈ നിയമം പ്രാബല്യത്തിൽ വരുന്നതോടെ തീരുമായിരിക്കും. അല്ലാതെ ട്രാഫിക് നിയമ ലംഘനം കുറയുമോ ? പടച്ചോനറിയാം.  

''അല്ല ദാസാ ...ഈ ബുദ്ധിയെന്താ നമുക്ക് മുമ്പേ തോന്നാത്തതെന്ന്?'' ഭരണ കർത്താക്കൾക്ക് പറയാൻ തോന്നിയാൽ രക്ഷപ്പെട്ടു. അതും  ട്രാഫിക് നിയമ ലംഘനങ്ങൾ കുറയുകയാണെങ്കിൽ.  അതല്ലാ കാശ് ഖജനാവിൽ വന്നു കുന്ന്കൂടിയിട്ടാണ് നേതാക്കൾ അപ്പറയുന്നതെങ്കിൽ   ഇത്ര കർശന   നിയമമുണ്ടായിട്ടും പഠിച്ചിട്ടില്ല, ഇനിയൊട്ട് നാം പഠിക്കാനും പോകുന്നില്ല എന്ന് വേണം കരുതാൻ. 

സുരക്ഷയാണ് ആദ്യം; പ്രഥമവും പ്രധാനവും.  അതിനു ആദ്യം വേണ്ടത് നിയമം പാലിക്കുക എന്നതാണ്. ഈ കുറിപ്പ് വായിച്ചു  അഭിപ്രായം പറയാൻ എന്റെ കൂട്ടുകാരന് അയച്ചപ്പോൾ അദ്ദേഹത്തിന്റെ കമന്റ് ഇങ്ങനെ - ''നിയമ ലംഘനം മൗലികാവകാശമെന്ന് കരുതുന്നവരെ ബോധവൽക്കരിക്കുക പ്രയാസകരമാണ്. നിയമം പാലിക്കുന്നവർ വിഡ്ഢി കളാണ് എന്നൊരു ധാരണയാണ് പൊതുവെ ആളുകൾക്കുള്ളത്''. ഇപ്പറഞ്ഞതിൽ  കാര്യമുണ്ടെന്നത് വണ്ടിയോടിക്കുന്നവർക്കും കൂടെ ഇരിക്കുന്നവർക്കും റോഡിന്റെ ഓരത്തു കൂടി നടന്നു പോകുന്നവർക്കും  അറിയാം. എന്റെ നാട്ടിൻപ്രദേശടത്തൊക്കെ വിഡ്ഢി എന്ന് പറയില്ല, മറിച്ചു ബോളൻ എന്നാണ്. അതിന്റെ സൂപ്പർലേറ്റീവായിട്ട് ബോളങ്കി എന്നും പറയും. 

സുരക്ഷയ്ക്ക് ആദ്യം വേണ്ടത് ശ്രദ്ധയാണ്. അപകടം ഒഴിവാകുന്നത് ശ്രദ്ധ മൂലമാണ്. ഫൈനിൽ നിന്നും പെനാൽറ്റിയിൽ നിന്നും രക്ഷപ്പെടുക എന്നതും ശ്രദ്ധയുടെ ഔട്ട്പുട്ടാണല്ലോ. Safety is as simple as ABC.  ''Always Be Careful''. എന്നും ഈ ബോർഡ് കണ്ടിട്ടാണ് ഞാൻ ഓഫീസിൽ കയറുക. വണ്ടിയോടിക്കുന്നവരും ഇതൊന്നു ബോൾഡ് അക്ഷരത്തിൽ, ഇത്തിരി വെടിപ്പിൽ,  കാണാൻ പാകത്തിൽ  എഴുതി തൂക്കുന്നതും നല്ലതാണ്, ഇടയ്ക്കിടയ്ക്ക് വായിക്കുകയും വേണം.


No comments:

Post a Comment