Saturday 20 August 2016

അഭിനന്ദനങ്ങൾ എം.കെ. ഹാരിസ് ! / അസ്‌ലം മാവില

അഭിനന്ദനങ്ങൾ
എം.കെ. ഹാരിസ് !

അസ്‌ലം മാവില

ഹാരിസ് എന്റെ ഏതാനും വർഷം പിന്നിലുള്ള ജൂനിയറാണ്. അന്നേ അത്യുത്സാഹിയാണ്. ഞങ്ങൾ പലപ്പോഴും ചില വിഷയങ്ങയിൽ യോജിച്ചു പോകാറുണ്ട്, ചിലതിൽ വിയോജിപ്പും. എങ്കിലും ഞാൻ അദ്ദേഹത്തിന്റെ നല്ല അഭ്യുദയ കാംക്ഷികളിൽ ഒരാളാണ്. ഹാരിസ് ഇങ്ങോട്ടും. ഇ- വിഷൻ വാർത്തയ്ക്ക് വല്ലപ്പോഴും ഒരു കോളമെഴുതാൻ എനിക്ക് ഇത് വരെ ആയിട്ടില്ലെന്നത് മാത്രമാണ് എന്നോട്  ഹാരിസിനു  ഉണ്ടായിരിക്കാൻ സാധ്യതയുള്ള ശുണ്ഠി.

നമ്മുടെ ഗ്രാമത്തെ സംബന്ധിച്ചിടത്തോളം മത സാമൂഹിക രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർ ഏറെയുണ്ടെങ്കിലും,  പിന്നാമ്പുറത്തു നിൽക്കാനാണ്ആണ് ആഗ്രഹം. അല്ലെങ്കിൽ നിർത്താനാണ് മറ്റുള്ളവർക്കും ആഗ്രഹം.  ഒറ്റപ്പെട്ടവർ മാത്രമാണ് മണ്ഡലം തലത്തേക്കെങ്കിലും മുൻ നിരയിൽ എത്തുന്നത്. സമീർ (എം.എസ്.എഫ് ), സാകീർ (എസ്.എഫ്. ഐ) തുടങ്ങിയ ചുരുക്കം ചിലരാണ് കഴിവ് കൊണ്ടും സംഘാടനം കൊണ്ടും മുൻ നിരയിൽ ശോഭിച്ചിട്ടുള്ളത്. അതൽപം പച്ച പിടിക്കാൻ തുടങ്ങുമ്പോൾ തന്നെ അരങ്ങൊഴിഞ്ഞു റിട്ടയർമെന്റിലേക്കാണ് അവർ പോയത്. ജീവിത നിവൃത്തിയാന്വേഷണവും അതിന്റെ തുറയായ  ഗൾഫ് പ്രവാസവും   മറ്റുമാകാം കാരണങ്ങൾ.  അത് കൊണ്ട് നല്ല രണ്ടു സംഘാടകരെയും ഭാവി വാഗ്ദാനങ്ങളെയും  നമ്മുടെ നാടിന് നഷ്ടവുമായി. സാകിറാണെങ്കിൽ പ്രസംഗ കലയിൽ വളരെ പ്രതീക്ഷ നൽകിയിരുന്ന വ്യക്തി കൂടിയായിരുന്നു.

ഞാൻ എഴുതിയത് എന്റെ തലമുറയെ കുറിച്ചാണ്. പഴയ തലമുറയെ കുറിച്ചോർക്കുമ്പോൾ  ആദരണീയരായ ഏതാനും ചിലരുടെ പേരുകൾ ഓർമ്മയിൽ വരുന്നു.  ഒരാവർത്തി പോലും വായിക്കാതെയുള്ള  എന്റെ ''ക്ഷിപ്ര എഴുത്തിൽ''   ആരെയെങ്കിലും വിട്ട് പോകുമെങ്കിൽ അത് മറ്റു ചർച്ചകളിലേക്ക് പോകരുതെന്ന നിർബന്ധം ഉള്ളത് ഇപ്പോൾ അങ്ങോട്ടേക്ക് എഴുത്തു നീട്ടുന്നില്ല. പിന്നീടൊരിക്കൽ സാവധാനത്തിലാകാം.

ഹാരിസ് പടല എന്നതിനേക്കാളേറെ എം.കെ. ഹാരിസ് എന്നതാണ് കൂടുതൽ പറയാൻ സുഖം. എന്റെ അഭിപ്രായമാണ് കേട്ടോ, പലരും എന്നോട് കോപിക്കുമെന്നുമറിയാം. ഏതായാലും നല്ല നിരീക്ഷണ പാടവവും
സംഘാടക മികവും ഉള്ള ഹാരിസ് തീർച്ചയായും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിൽ കൂടുതൽ ഉയരുമെന്ന് തന്നെ ഞാൻ പ്രതീക്ഷിക്കുന്നു.  നന്നായി പ്രസംഗിക്കുവാനും വിഷയങ്ങൾ അവധാനത യോട് കൂടി അവതരിപ്പിക്കുവാനും അദ്ദേഹത്തിന് അറിയാം.

വർഷങ്ങൾക്ക് മുമ്പ് മെഴുകുതിരി വെട്ടത്തിൽ സ്‌കൂൾ കാമ്പസിന് പുറത്തു പടിഞ്ഞാറോട്ടായുള്ള പൊതുനിരത്തിൽ  പ്രസംഗം പഠിക്കാൻ നാണം കുണുങ്ങി വന്നിരുന്ന ഒരു ഹാരിസുണ്ട് എന്റെ ഓർമ്മയിൽ. പക്ഷെ, ഞങ്ങളുടെയൊക്കെ ഗ്രാഫിൽ ആവറേജിനും മുകളിലായിരുന്നു അന്നേ  ഹാരിസിന്റെ പ്രസംഗം രേഖപ്പെടുത്തപ്പെട്ടിരുന്നത്. തുടർന്നുള്ള ദിവസങ്ങളിലും വർഷങ്ങളിലും ഹാരിസിന്റെ വാക്ചാരുതി അവകാശങ്ങൾക്ക് വേണ്ടിയും അശരണർക്കു വേണ്ടിയും ഉപയോഗപ്രദമാകട്ടെ എന്ന് ആശംസിക്കുന്നു.

ഇക്കഴിഞ്ഞ ടേമിൽ അദ്ദേഹം യൂത്ത്‌ ലീഗിന്റെ മണ്ഡലം ജനറൽ സിക്രട്ടറി ആയിട്ടുണ്ട്. ആ കാലയളവിൽ അദ്ദേഹം നടത്തിയ സംഘാടക മികവാകാം തീർച്ചയായും ഹാരിസിനെ യൂത്ത്‌ ലീഗ്ജി ല്ലാ ഭരണ സമിതിയുടെ 13 അംഗ നേതൃസമിതിയിൽ അർഹിക്കുന്ന സ്ഥാനം  ലഭ്യമാകാൻ ഇടയാക്കിയത്.

ചില സന്ദർഭങ്ങളിൽ രാഷ്ട്രീയം മറന്നും അഭിപ്രായ വ്യത്യാസം മറന്നും ഒരു ഗ്രാമം സന്തോഷം പങ്കിടാറുണ്ട്. അതിലൊന്നായി ഹാരിസിന്റെ ഈ സ്ഥാന ലബ്ദിയും അതുമായി ബന്ധപ്പെട്ട സന്തോഷവും ഞാൻ കാണുന്നു.

പ്രസംഗകൻ കൂടിയായ ഹാരിസിന്  ഒരു നല്ല വാചകം കൂടി പറഞ്ഞു തരട്ടെ . ''A good leader takes a little more than his share of the blame, a little less than his share of the credit.  - ഒരു നല്ല നേതാവ് ഇങ്ങിനെ -  തനിക്ക് കിട്ടാവുന്ന പഴിയുടെ വിഹിതത്തിലേറെ കയ്യോടെ എടുക്കും. തനിക്ക് അർഹതപ്പെട്ട അംഗീകാരത്തിന്റെ വിഹിതത്തിൽ നിന്ന് ഒരൽപ്പം അൽപ്പം കുറച്ചും.''  അങ്ങിനെയാകട്ടെ താങ്കളും.   ഹാരിസിന്റെ വായനയിൽ അമേരിക്കൻ ഹാസ്യ സാഹിത്യകാരൻ  അർണോൾഡ് എച്. ഗ്ളാസ്സോ വന്നിട്ടുണ്ടെങ്കിൽ ഈ വാചകങ്ങൾ  ഓർമ്മയിൽ ഉണ്ടാകും.  ഇല്ലെങ്കിൽ എന്റെ ഓർമ്മപ്പെടുത്തലായിക്കൊള്ളട്ടെ. 

No comments:

Post a Comment