Wednesday 17 August 2016

ഒളിമ്പിക്‌സില്‍ ഇന്ത്യ ക്ലച്ചു പിടിക്കാതെ പോകുന്നത്.../ അസ്‌ലം മാവില

അസ്‌ലം മാവില
http://www.kvartha.com/2016/08/rio-olympics-and-india.html
ഒളിമ്പിക്‌സ് ഓഗസ്റ്റ് അഞ്ചിന് തുടങ്ങി. ഓഗസ്റ്റ് 21നു തീരും. 2020 ല്‍ ജപ്പാനിലാണ് അടുത്ത വേദി. ബ്രസീലില്‍ തീപാറുന്ന മത്സരങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. അമേരിക്ക പതിവ് പോലെ മെഡല്‍ പട്ടികയില്‍ മുന്നില്‍. ബ്രിട്ടനും ചൈനയും റഷ്യയും തൊട്ടു പിന്നാലെ ഉണ്ട്. 14ഓളം രാജ്യങ്ങള്‍ മെഡല്‍ നിലയില്‍ രണ്ടക്കം പിന്നിടുകയും ചെയ്തു. ഇന്ത്യക്കാരവന്മാര്‍ പോയിട്ടുണ്ട്, ഇത് വരെ ഒരാള്‍ കാരണവും അവിടെ വിക്ടറി സ്റ്റാന്‍ഡ് പശ്ചാത്തലമായി ജനഗണമന കേട്ടിട്ടില്ല. എന്തിനേറെ, മൂന്നാം സ്‌റ്റെപ്പില്‍ പോലും ഒരു കുഞ്ഞിമോനെയും കൈ വീശി കണ്ടിട്ടുമില്ല. 

എന്നാലും നമ്മുടെ കളിക്കാര്‍ മറക്കാനാ, റോഡ്രിഗോ, ഡിയോഡൊറോ ഇടങ്ങളില്‍, ഒളിമ്പിക്‌സ് ഇനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍, ഇപ്പോഴും ഉണ്ട് താനും. ഇപ്പോള്‍ അവരൊക്കെ ഷോപ്പിങിലായിരിക്കും. വരുമ്പോള്‍ മെഡല്‍ കിട്ടിയില്ലെങ്കിലും വേറെ വല്ലതും ഷോകേസില്‍ വെക്കാന്‍ കൊണ്ട് വരണമല്ലോ. മടക്ക ടിക്കറ്റ് ''ഓക്കേ'' ആക്കുകയേ അവര്‍ക്കിനി അവസാനം ചെയ്യാനുള്ളൂ. ഒളിമ്പ്യന്‍, തിരിച്ചു വരുന്നവര്‍ ഒളിമ്പ്യത്തി എന്ന പേരില്‍ ഇനി അറിയപ്പെടും. സന്തോഷം. നല്ല ഒരു സംഘം വി ഐ പികളും കൂട്ടത്തില്‍ ഉണ്ടാകണം. അവരുടെ പേരുവിവരങ്ങള്‍ ഈ കുറിപ്പുകാരന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. ഏതായാലും യാത്രാക്ലേശമില്ലാതെ തിരിച്ചു വരാന്‍ പ്രാര്‍ത്ഥിക്കാം. 

സന്ദേഹം ഇതാണ്. എന്തേ നമ്മള്‍ വളരെ പിന്നില്‍ ? കാരണങ്ങള്‍ ? ഉത്തരവാദികള്‍ ? ഇതൊക്കെ കായിക ലോകത്തുള്ളവര്‍ അര്‍ഹിക്കുന്ന പരിഗണനയോടെ വിശകലനം ചെയ്യാറുണ്ടോ ? വകുപ്പ് തലങ്ങളില്‍ വിഷയമാകാറുണ്ടോ ? സാര്‍ക് ഗെയിംസ്, ഏഷ്യാഡ് മുതലായ ഒരു പാട് കായിക മാമാങ്കത്തിന് ആതിഥ്യം വഹിച്ച നമുക്ക് ലോക നിലവാരത്തില്‍ പത്ത് പതിനഞ്ചു പേരെയെങ്കിലും എത്തിക്കുവാന്‍ എന്ത് കൊണ്ടാകുന്നില്ല ? ക്രിക്കറ്റ് മാത്രമേ ഉള്ളൂ നമ്മുടെ കായിക ഇനമായിട്ട് ? അതിന് മാത്രമേ പബ്ലിസിറ്റിയും പ്രോത്സാഹനവും പാടുള്ളൂ ? 

ഇനി അതല്ല മൊത്തത്തില്‍ ഇന്ത്യന്‍ മനസില്‍ തന്നെ ഒരു പൊതു സ്വഭാവം കായികം അതത്ര സുഖമുള്ള ഏര്‍പാടല്ലെന്ന് നിലനില്‍ക്കുന്നുണ്ടോ ? ഇപ്പറഞ്ഞത് ശരിയാകാനും സാധ്യതയുണ്ട്. സ്വതന്ത്രാനന്തര ഭാരതത്തില്‍ പഠിപ്പിക്കാന്‍ സൗകര്യം കിട്ടിയവര്‍ക്കൊക്കെ തങ്ങളുടെ മക്കളെ ആ വഴിക്ക് തിരിച്ചു വിടാനായിരുന്നു കൂടുതല്‍ താല്‍പര്യം. കളിയെ കളി മാത്രമായി കണ്ടു. ഇന്ത്യന്‍ സ്‌പോര്‍ട്‌സ് മനഃശാസ്ത്ര വിദഗ്ദ്ധ മാധുലി കുല്‍ക്കര്‍ണി ഒരിടത്ത് എഴുതി 'Sport was never a priority for a majority of [Indian] parents and their kids,' ഒരു പറച്ചില്‍ ഇല്ലേ 'ഹിന്ദിയില്‍ 'ഖേലോഗെ തോ ഹോന്‍ഗേ ഖറാബ്, പഡോഗേ തോ ബനോഗേ നവാബ്'' (Your life will be a waste if you play but if you do well in academics you will be a king). 

രക്ഷിതാക്കള്‍ക്കാണ് കുട്ടികളുടെ സ്ട്രീം തെരഞ്ഞെടുപ്പ്. കുട്ടികളുടെ ഭാവി കൂടി ഉറപ്പുവരുത്തിയേ അവര്‍ എന്തിനും മുതിരൂ. മാത്രമല്ല , കുട്ടികള്‍ക്ക് തെരഞ്ഞെടുക്കാനുള്ള ഒരു സാധ്യത ആരും നല്‍കുന്നുമില്ല. ഇനി നല്‍കിയാല്‍ തന്നെ എന്ത് ഉറപ്പും ഉപ്പും ചോറുമാണ് ഭാവിയില്‍ കുട്ടികള്‍ക്ക് ഭരണ കൂടം ഒരുക്കി വെച്ചിരിക്കുന്നത് ? ''പഴയ ദേശീയ താരം തട്ട് കട നടത്തുന്നു'', ''പുഴയോരത്ത് അഷ്ടിക്കായി ചൂണ്ടയിടുന്നു '' എന്നൊക്കെ ഇടയ്ക്കിടയ്ക്ക് മാധ്യമ വാര്‍ത്തകളും ആകുമ്പോള്‍ പിന്നെ രക്ഷിതാക്കളെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. 

കായിക രംഗത്തേയ്ക്ക് കാലെടുത്തു വെക്കാന്‍ ആഗ്രഹിക്കുന്നവരില്‍ ഏറ്റവും പ്രധാനമായിവേണ്ട മൂന്ന് അവിഭാജ്യ ഘടകങ്ങളാണ് health, education, public information. ഇവ പരസ്പര പൂരകങ്ങളുമാണ്. കുട്ടികളിലും അവരുടെ രക്ഷിതാക്കളിലും കായിക ലോകത്തെ അനന്ത സാധ്യതകള്‍ മുന്നില്‍ നിരത്താനും അവര്‍ക്കാവശ്യമായ ഭൗതിക സാങ്കേതിക സൗകര്യങ്ങളും പരിശീലന വേദികളും ഒരുക്കി കൊടുക്കാനും അപ്പപ്പോള്‍ ഭരണാധികാരികള്‍ തയ്യാറാകേണ്ടതുണ്ട്. അങ്ങിനെയൊരു സ്വപ്നലോകത്തെ കുറിച്ച് ആലോചിക്കാന്‍ പറ്റുന്നവരേ ബന്ധപ്പെട്ട പോസ്റ്റുകളില്‍ ഇരിക്കാവൂ. ഇന്ത്യന്‍ സാഹചര്യത്തിലെ സാധ്യതകള്‍ മുന്നില്‍ കണ്ടു കൊണ്ട് വിശാലമായ ഒരു കായിക നയം നമുക്ക് രൂപപ്പെടുത്താനോ ഉള്ളതിനെ തച്ചുടച്ചു മോഡിഫൈ ചെയ്യാനോ സാധിക്കണം. 

എത്രയെത്ര സംസ്ഥാനങ്ങള്‍ ! അവയ്ക്ക് ഓരോന്നിനും ഓരോ സ്‌പോട്‌സ് വകുപ്പും മന്ത്രിമാരും. എല്ലാത്തിനും മുകളിലായി കേന്ദ്രത്തില്‍ ഒരു കായിക വകുപ്പും മന്ത്രിയും. അക്കാദമികള്‍, സ്‌കൂളുകള്‍, യൂണിവേഴ്‌സിറ്റികള്‍. എന്തുണ്ടായിട്ടെന്ത് ? കായിക രംഗത്തെ വെല്ലുവിളികളെ അതിജീവിച്ചു കൊണ്ട്, സൗകര്യങ്ങള്‍ ഒരുക്കിയുള്ള എത്ര അക്കാദമികളും സ്‌പോര്‍ട്‌സ് സ്‌കൂളുകളും നമുക്കുണ്ട് ? ഇനി അഥവാ പേരിന് ഉണ്ടെങ്കില്‍ തന്നെ അവ എത്രമാത്രം ക്രിയാത്മകമായാണ് പ്രവര്‍ത്തിക്കുന്നത് ? Poor infrastructure and Poor governance always provide zero result. അഴിമതിയും പക്ഷപാതിത്വവും അലംഭാവവും ഉദാസീനതയും ദുര്‍ബല ഭരണ നിര്‍വഹണവും ഉണ്ടെങ്കില്‍ പിന്നെ എങ്ങനെ നന്നാകും ഈ വകുപ്പ്. മാസങ്ങള്‍ മുമ്പ് നമ്മുടെ കേരളത്തില്‍ തന്റെ അനിയനെ കുത്തിത്തിരുകാന്‍ സ്‌പോര്‍ട്‌സ് വകുപ്പിന്റെ കുഞ്ചിക സ്ഥാനത്തിരിക്കുന്ന ഒരു കായിക താരം ശ്രമം നടത്തിയത് പുറമേയ്ക്ക് അറിഞ്ഞ ഒരു സംഭവം മാത്രം. താല്‍പര്യം കായിക പ്രോത്സാഹനമല്ല; വേറെ പലതാണ്. 

അറ്റലാന്റ, സിഡ്‌നി, ഏതന്‍സ് ഒളിമ്പിക്‌സുകളില്‍ പേരിന് ഒരു മെഡല്‍ വീതം നമുക്ക് കിട്ടി. 2008 ആകുമ്പോഴേക്കും ബീജിങ്ങില്‍ അത് മൂന്നായി. 2012 ലെ ലണ്ടന്‍ ഒളിമ്പ്കസില്‍ അത് ആറായി ഉയര്‍ന്നു. സ്വാഭാവികമായും ഇന്ത്യക്കാര്‍ വിശ്വസിച്ചുപ്പോയി നമ്മുടെ കായികരംഗത്ത് എന്തൊക്കെയോ ദീര്‍ഘ വീക്ഷണത്തോടു കൂടി നടപ്പിലാക്കുകയാണെന്ന്. എവിടെ ? ആര്‍ക്കറി, അത്‌ലറ്റിക്‌സ്, ജൂഡോ, ഷൂട്ടിങ്, നീന്തല്‍, വെയ്റ്റ് ലിഫ്റ്റിങ്, റെസ്റ്റലിങ്, ടെന്നീസ്, ബാഡ്മിന്റണ്‍, ബോക്‌സിങ്, ഹോക്കി, ജിംനാസ്റ്റിക് ഇതൊക്കെ നമുക്ക് മനസു വെച്ചാല്‍ പുതിയ താരങ്ങളെ ഉയര്‍ത്തിക്കൊണ്ട് വരാന്‍ പറ്റാവുന്ന ഇനങ്ങളാണ്. തുടര്‍ച്ചയായി ആറു വട്ടംഹോക്കിയില്‍ ഒളിമ്പിക് മെഡല്‍ നേടിയ ഇന്ത്യ ഇന്നെവിടെ ? മറ്റു നാടുകളിലെ ആണ്‍പിള്ളേര്‍ ആ കളിയും മനസിരുത്തി പരിശീലിച്ചു പഠിച്ചപ്പോള്‍ നാം നോക്കുകുത്തികളായി. ട്രോളന്മാര്‍ ചിലതൊക്കെ വരച്ചു ചോദിക്കുന്നത്‌പോലെ, ഇനി നമുക്ക് മറ്റുള്ളവരോട് മത്സരിച്ചു ജയിക്കാന്‍ ഏതിനം ''ഗോട്ടികളി'' യാണ് ബാക്കിയുള്ളത് ?

ഇക്കുറി ഒളിമ്പിക്‌സില്‍ പേരും ഊരുമില്ലാത്ത ഐ ഒ എ (സ്വതന്ത്ര ഒളിമ്പ്യന്‍സ്)ക്ക് വരെ രണ്ടു മെഡലുണ്ട്. ഒരു ''ബഹാമാസ്'' എന്നൊരു രാജ്യത്തെ പേരും കണ്ടു മെഡല്‍ പട്ടികയില്‍. ആദ്യമായിട്ടാണ് അങ്ങിനെയൊരു കരീബിയന്‍ ദീപ് സമൂഹമുണ്ടെന്ന് ഞാന്‍ അറിയുന്നത്. 400 മീറ്റര്‍ ഇനത്തിലാണ് അവിടെന്ന് നിന്നൊരു മിടുക്കിപ്പെണ്ണ് ഓടി സ്വര്‍ണ മെഡല്‍ കഴുത്തിലണിഞ്ഞത്. ''ഒരു പുതിയ നാടാണല്ലോ'' എന്ന് പറഞ്ഞു അങ്ങോട്ട് വണ്ടി കയറാന്‍ നില്‍ക്കാതെ നമ്മുടെ സാധ്യതകള്‍ മനസിലാക്കി ലോങ്ങ് ടേം സ്‌പോര്‍ട്‌സ് നയമുണ്ടാക്കാന്‍ ഭരണാധികാരികള്‍ തയ്യാറാകട്ടെ. 

ശേഷിപ്പ്: ഒളിമ്പിക് മെഡല്‍ നേടുന്നവര്‍ക്ക് 50 ലക്ഷം ഇനാം പ്രഖ്യാപിച്ചതായി കേട്ടപ്പോള്‍ എന്റെ സഹമുറിയന്‍ നാട്ടിലേക്ക് മോന് ഫോണ്‍ വിളിച്ചതാണ് ഓര്‍മ വന്നത്. പ്ലസ്ടു വില്‍ ഫസ്റ്റ് ക്ലാസില്‍ ജയിച്ചാല്‍ ബൈക്ക് വാങ്ങി താരാന്നു പറയുന്നത് കേട്ടപ്പോള്‍ ഞാന്‍ ചോദിച്ചു ''അല്ലാ, മോന് പ്ലസ് വണ്ണിലെ റിസള്‍ട്ട് എങ്ങിനെയുണ്ട്? അയാള്‍ പറഞ്ഞു: ''അവന്‍ പ്ലസ് വണ്ണില്‍ മൊത്തം പോയി. അതോടെ സ്‌കൂളിലെ പോക്കും നിര്‍ത്തി, ഇപ്പോള്‍ ഒരു കടയിലാണ് ജോലി. അതിനിടക്ക് അവന്‍ പ്രൈവറ്റായി മുഴുവന്‍ എഴുതി എടുക്കുമെന്നാ എഫ് ബി യില്‍ സ്റ്റാറ്റസ് ഇട്ടിരിക്കുന്നത് '' 

50 ലക്ഷമല്ല; 50 കോടി തന്നെ മെഡല്‍ ഓഫര്‍ കൊടുക്കാമായിരുന്നു. ചിരിക്കാന്‍ ഓരോ കാരണങ്ങള്‍ !  











No comments:

Post a Comment