Tuesday 2 August 2016

എതിർപ്പിന്റെ സ്വരം അരുതായ്കയിൽ നിന്നും അസഹിഷ്ണുതയിൽ നിന്നും വരുമ്പോൾ ../ അസ്‌ലം മാവില

എതിർപ്പിന്റെ സ്വരം
അരുതായ്കയിൽ നിന്നും അസഹിഷ്ണുതയിൽ നിന്നും വരുമ്പോൾ ..

http://www.kasargodvartha.com/2016/08/policies-and-enmity.html

അസ്‌ലം മാവില

ഇംഗ്ലീഷിൽ ഒരു പ്രയോഗമുണ്ട്. A  hit below the Belt. അതിന്റെ അർഥം നിങ്ങൾക്ക് ഡിക്ഷനറിയിൽ പരിശോധിക്കാൻ വിടുന്നു. ഇല്ലെങ്കിൽ  തൊട്ടടുത്ത പള്ളിക്കൂടത്തിലെ ഒരു ഇംഗ്ലീഷ് അദ്ധ്യാപകൻ നൽകും.

നിലപാടുകളോട് സംവദിക്കാൻ  ആവനാഴിയിലെ അവസാനത്തെ അമ്പും തീരുമ്പോൾ എടുക്കുന്ന ഏർപ്പാടാണിത്. പിന്നെ  നിലപാടുമല്ല മണ്ണാംകട്ടയുമല്ല വിഷയം.   ഇതിനു ചിലരെ ശട്ടം കെട്ടും.  ദൂരെ നിന്ന് അത് നോക്കി ആസ്വദിക്കും.  ചില സ്ഥാപനങ്ങൾ,  മീഡിയകൾ, തെരഞ്ഞു പിടിച്ചു ഒപ്പിക്കുന്ന  വ്യക്തികൾ - അവരെയാണ് ഈ എരപ്പ് പണി   ഏൽപ്പിക്കുക. work out ആയാൽ അതിന്റെ  credit (ഖ്യാതി ) ഏൽപ്പിച്ചവർക്ക്.  വിപരീതമായാൽ, ചെയ്യുന്നവരെ പഴിചാരി ഏൽപ്പിച്ചവർ തടിയുമൂരും.

അതിന്റെ ഏറ്റവും പുതിയ version കാണണമെങ്കിൽ 31-07-2016 തിയ്യതിയിലെ  New York Post -ന്റെ വെബ്‌സൈറ്റിൽ പോകൂ. അവരുടെ ട്വീറ്റെർ പേജ് ക്ലിക്ക് ചെയ്താലും മതി. ഒരു കണ്ടീഷൻ - കുടുംബ സമേതം നോക്കരുതെന്നേയുള്ളൂ.  ( കൂട്ടത്തിൽ പറയട്ടെ നമ്മുടെ  നാട്ടിലെ ഇംഗ്ലീഷ് പത്രങ്ങളെ പോലെ ദുർഗ്രാഹ്യത ഇല്ല UK, USA രാജ്യങ്ങളിൽ നിന്ന് ഇറങ്ങുന്ന പത്രങ്ങൾക്ക്. നാല് ദിവസം തുടർച്ചയായി വായിച്ചാൽ ആർക്കും എളുപ്പത്തിൽ അവർ എഴുതിയത്  തിരിയും.  കാരണം അവർക്ക് ആ നാട്ടുകാരെ ഞങ്ങൾ വലിയ ഇംഗ്ലീഷ്അറിയുന്നവരാണെന്നു ബോധ്യപ്പെടുത്തേണ്ട ആവശ്യമുദിക്കുന്നില്ലല്ലോ .)

 ട്രംപ്-നോട് വിയോജിപ്പുണ്ടാകാം.    പക്ഷെ അവിടെ ഇപ്പോൾ നടത്തുന്ന ''വോട്ട് പിടുത്തം'' എല്ലാ മര്യാദകളും  ലംഘിച്ചാണ്. ചിത്ര വധവും വ്യക്തി ഹത്യയും പണ്ടത്തെ  കുടുംബ പുരാണവും പഴയ ഫോട്ടോകളും എങ്ങിനെ ബിൽ ക്ലിന്റനെ വർഷങ്ങൾക്ക് മുമ്പ് വേട്ടയാടിയോ അതിലും മറികടന്നാണ് ഇപ്പോൾ ട്രംപിനെ പാപ്പരാസികൾ വേട്ടയാടുന്നത്. മറുഭാഗത്ത് തങ്ങളും  ഒട്ടും പിന്നിലല്ലെന്ന രൂപത്തിൽ പറഞ്ഞു പറഞ്ഞു ഒബാമയുടെ അമ്മയെ വരെ ഇവർ വിടുന്ന ലക്ഷണമില്ല.

ഈ വിഷയത്തിൽ അതിർത്തിയോ രാജ്യമോ പ്രദേശമോ വലിയ വ്യത്യാസമില്ല. പഞ്ചായത്തു തെരഞ്ഞെടുപ്പുകളിൽ രണ്ട് വോട്ട് കിട്ടാൻ എതിരാളിയുടെ പഴങ്കഥകൾ നിറം പിടിപ്പിച്ചു പറഞ്ഞു പുതിയ വോട്ടർമാരിൽ  ടിയാന് മോശം പ്രതിച്ഛായ ഉണ്ടാക്കുക എന്നതിൽ നിന്ന്  ഈ കൊച്ചു കേരളഭൂമിയിൽ പോലും  പിന്നിലല്ലല്ലോ !  ഈ കുളിമുറിയിൽ നഗ്നത മറക്കാത്തവർ വളരെ കുറവ്. സോഷ്യൽ മീഡിയകൾ വരെ ഇന്ന് ചിലർ ഇതിനായി ദുരുപയോഗം ചെയ്യുന്നതും കാണാം. രാവിലെ വകതിരിവില്ലാതെ ഒന്ന്  വിട്ടാൽ കറങ്ങി തിരിഞ്ഞു വൈകുന്നേരത്തിനുള്ളിൽ അതിന്റെ എല്ലാ പരിഭാഷകളും ആഖ്യാന വ്യാഖ്യാനങ്ങളും എത്തും.  നല്ല സൗഹൃദവും ബന്ധവും ഒന്ന് കൂടി ഊട്ടിയുറപ്പിക്കാൻ ഫോം ചെയ്ത  വാട്സപോലുള്ള  സോഷ്യൽ മീഡിയകളിലെ കുടുബ ഗ്രൂപ്പുകൾ ഇയ്യിടെയായി   മരണവീട് പോലെ ആയിട്ടുണ്ടെന്നു ചിലരൊക്കെ പരാതി പറയാറുണ്ട്. അതിന്റെ കാരണമെന്താ ?  ഏഷണി -പരദൂഷണങ്ങളും വ്യക്തി ഹത്യകളും തന്നെ. അല്ലാതെ പിന്നെന്ത് ?

പക്ഷ-പ്രതിപക്ഷ ബഹുമാനവും ആദരവും വെച്ച് പുലർത്തിയായിരിക്കണം പൊതു ഇടങ്ങളിൽ  പ്രതികരിക്കേണ്ടത്;  എതിർ ശബ്ദങ്ങളോട് പ്രത്യേകിച്ചും.  ''രാഷ്ട്രീയ-സാമൂഹിക -സാംസ്കാരിക  സാക്ഷരത'' മാത്രമല്ല, കൂടെ ഉത്ബുദ്ധതയും തിരിച്ചറിവും ഉണ്ടാകണം. അനുഭവങ്ങളും പരന്ന വായനയും സ്വയം സൂക്ഷ്മ പരിശോധനയും (self-scanning ) ഒപ്പം കേടില്ലാത്ത ചെവിയും ഉണ്ടെങ്കിലേ ഇതിനൊരു പരിഹാരം അവരവർക്ക് തീർക്കാൻ സാധിക്കൂ.  ഇല്ലെങ്കിൽ പണ്ട് ഒരു മുക്കുവസ്ത്രീ,  വിരുന്നുണ്ണാനായി കൂട്ടുകാരിയുടെ പുത്തൻ  വീട്ടിൽ തങ്ങി,  ഉറക്കം വരാഞ്ഞപ്പോൾ മീൻകൊട്ടയിൽ വെള്ളം തെളിച്ചു മെത്തക്കരികെ വെച്ചത് പോലെയാകും കാര്യങ്ങൾ. അവനവന്റെ കാരക്ടർ എവിടെയും  വാസനിക്കില്ല, അത് വാസനിച്ചാലേ ഉറക്കം വരൂ. എന്നാൽ   മറ്റുള്ളവർക്കതൊട്ട് ഇരിക്കപ്പൊറുതിയും തരില്ല.

ഇത് ആർക്കും എപ്പോഴും ബാധകമാണ്, എനിക്കായാലും.  ഏത് ഗ്രാഫ് വെച്ചും അളക്കാം, ഞാനും ഇടക്കിടക്ക് അളക്കുകയും വേണം.

No comments:

Post a Comment