Sunday 21 August 2016

ഈ സേവനങ്ങൾ കാണാതെ പോകരുത്, അഭിനന്ദനം അർഹിക്കുന്നു ... / അസ്‌ലം മാവില

ഈ സേവനങ്ങൾ കാണാതെ പോകരുത്,
അഭിനന്ദനം അർഹിക്കുന്നു ...

അസ്‌ലം മാവില


ഒരു കാലത്തു ശ്രമദാനം ചെറുപ്പക്കാരുടെ ഓരം ചേർന്ന് നടന്നിരുന്ന ഒന്നായിരുന്നു. വർഷകാലമായാലും വേനലായാലും മെയ്യനങ്ങി സഹായിക്കുക എന്നത് എന്തോ ഒരു ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നായിരുന്നു. പിന്നെ അതെവിടെയോ തൽക്കാലം പോയിപ്പോയത് പോലെ.  ഇന്ന് നമ്മുടെ നാട്ടിലെ ഏതാനും നല്ല മനസ്സുള്ള  ചെറുപ്പക്കാർ സ്‌കൂൾ പരിസരത്തു വന്നു തൂത്ത് വാരി വൃത്തിയാക്കുന്നത് കണ്ടപ്പോൾ പഴയകാലത്തേക്ക് എന്റെ മനസ്സ് പോയത് സ്വാഭാവികം.  പറച്ചിലും പ്രവൃത്തിയും യൗവ്വനത്തോടൊപ്പമുണ്ടെങ്കിൽ അവരിൽ നാം വരും ദിനങ്ങളിലും നല്ലത് പ്രതീക്ഷിക്കണം. അവരിൽ സാമൂഹിക പ്രതിബദ്ധത built ചെയ്തു വരുന്നു എന്നതാണ്അതിലെ  കാര്യം.  സേവനത്തെകുറിച്ചു പറയുന്നിടത്തൊക്കെ 9  കാര്യങ്ങൾ ആരും പറയാതെ പോയിട്ടില്ല.  പരിശീലനം, സംഘാടനം, വിട്ടുവീഴ്ചാ മനോഭാവം, വൈവിധ്യങ്ങോടുള്ള ആദരവ്, സഹാനുഭൂതി, നൈതികത,  അറിവും അറിയാനുള്ള തൃഷ്ണയും,  ധൈര്യം, ഉത്തരവാദിത്ത മനോഭാവം,

അവയിൽ  ഏറ്റവും ശ്രദ്ധേയം എന്റെ കാഴ്ചപ്പാടിൽ  സംഘംബോധവും (സംഘാടനം), വൈവിധ്യങ്ങോടു കാണിക്കുന്ന ആദരവുമാണ്. ഇവ രണ്ടുമാണ് കൂട്ടായ പ്രയത്നത്തിന്റെ ആത്മാവ്.  അവയിൽ ബാക്കി പറഞ്ഞ മുഴുവനും പ്രത്യക്ഷമായും ഗോപ്യമാവും സമ്മേളിച്ചിരിക്കും.

 ക്ഷീണം പോലും ആവേശമാകുന്ന ഒന്നാണ് സംഘമായി ചെയ്യുന്ന സാമൂഹ്യപ്രവർത്തനങ്ങളിലെ രാസപ്രക്രിയ.  ഉറുമ്പിൻ സംഘവും  തേനീച്ച കൂട്ടവും നമുക്ക് ആ മാസ്മരികത പറഞ്ഞു തന്നിട്ടുണ്.  ഒരിക്കലും തീരാത്തത് ഒന്നായ് ചെയ്യുമ്പോഴാണ് മുഴുവനും തീരുക. ഒന്നുകളുടെ കൂടിച്ചേരലിന്റെ ഒന്നായ്ക.

സേവന രംഗത്ത് പ്രവർത്തിക്കുന്നവർക്ക് എല്ലായിപ്പോഴും കയ്യടി കിട്ടണമെന്നില്ല,  അവരുടെ പ്രവർത്തനങ്ങളെ ചിലർ കൊച്ചായും കാണും. കാലിടറലിൽ വേറെ ചിലരെ സന്തോഷിക്കുകയും ചെയ്യും. അവയൊക്കെ ഊർജ്ജമാക്കി മാറ്റാൻ സേവന രംഗത്തുള്ളവർക്ക് സാധിക്കുന്നിടത്താണ് വിജയം.  ഒരിക്കലും വീഴാതിടത്തല്ല നമ്മുടെ ശ്രേയസ്സ്,  വീണിടത്തു നിന്നും അതിലേറെ ഊർജ്ജസ്വലതയോടെ എഴുന്നേൽക്കുന്നിടത്താണെന്ന് കൺഫ്യൂഷ്യസിനെ പോലുള്ളവർ   പറഞ്ഞു വെച്ചിട്ടുണ്ട്.

ഇന്ന് നമ്മുടെ നാട്ടിലെ ചെറുപ്പക്കാർ കാണിച്ച സേവന മനസ്കത മറ്റു കൂട്ടായ്മകൾക്ക് ഒരു നല്ല സിഗ്നൽ ആകട്ടെ. എന്നും നാം പോകുന്ന വഴിയിലും കാണും ഒരു പക്ഷെ ഇത് പോലുള്ള തടസ്സങ്ങളും മാലിന്യങ്ങളും.  എന്നും നാം കണ്ടോണ്ടിരുന്നത് കൊണ്ട് നമുക്ക് അതൊരു വിഷയമായോ വിശേഷമായോ  തോന്നിയിട്ടുമുണ്ടാകില്ല. ഇന്ന് മുതൽ ഒരുപക്ഷെ നമുക്ക് അവ വഴിനീക്കാൻ തോന്നിയാൽ ആ ചെറുപ്പക്കാരുടെ പ്രയത്നത്തിന്റെ ഇമ്പാക്റ്റ് മറ്റിടങ്ങളിൽ കൂടി പ്രകടമായി  ആയി എന്നും പറയാം. വഴിതടസ്സങ്ങൾ നീക്കുക എന്നത് പറഞ്ഞു പോകാനുള്ള വിശ്വാസത്തിന്റെ ഭാഗമല്ലല്ലോ, പ്രവർത്തിച്ചു കാണിക്കാൻ കൂടിയുള്ളതാണ്.

നല്ല  മനസ്സോടെ ഈ ചെറുപ്പക്കാരെ അഭിനന്ദിക്കട്ടെ, അവർക്ക് മാർഗ്ഗ നിർദ്ദേശം നല്കിയവരെയും.

No comments:

Post a Comment