Monday 22 August 2016

രണ്ടു കുട്ടികൾ ഒരു നാടിന്റെ അഭിമാനമാകുമ്പോൾ.. / അസ്‌ലം മാവില

രണ്ടു കുട്ടികൾ
ഒരു നാടിന്റെ അഭിമാനമാകുമ്പോൾ..

അസ്‌ലം മാവില



കാൽപന്ത് കളി ഒരു ഹരമാണ്. ആനന്ദമാണ്. മറ്റുചിലപ്പോൾ അതൊരു വികാരമാണ്. എന്റെ ഓർമ്മ ശരിയാണെങ്കിൽ  ഡോ. സുകുമാർ അഴിക്കോട് വരെ ഫുടബോളിനെ കുറിച്ച് എഴുതിയിട്ടുണ്ടെന്നാണ്. ആന്റണി ക്ലാവെനിനെ  പോലുള്ളവർ ഫുടബോളിനെ കുറിച്ച് ക്ലാസ്സിക്കുകൾ വരെ രചിച്ചിട്ടുണ്ട്.

ഫുടബോൾ വ്യക്തിത്വം വികസിപ്പിക്കുന്നില്ല; ദൗര്ബല്യങ്ങളെയാണ് അതില്ലാതാക്കുന്നത്. ഒരിക്കലെങ്കിലും  ഫുടബോൾ കാലിൽ തൊടാത്തവരെ non-combatant അറബികൾക്കിടയിൽ ഇപ്പോൾ പറയാറുണ്ട് പോൽ . നിരായുധൻ, ഒരിക്കൽ പോലും പടയിൽ ചേരാത്തവൻ  എന്ന് അർഥം. അൽനാസർ, അൽ അഹ്‍ലി, അൽഹിലാൽ, അൽഇതിഹാദ്‌, അൽശബാബ്  തുടങ്ങി സഊദിയിലെ വിവിധ പ്രൊഫെഷണൽ ടീമുകളുടെ ഫുട്ബോൾ ഭ്രാന്തമാരാണ് ഞാനുള്ള കമ്പനിയിൽ ഉള്ളത്. അവർക്ക് പറഞ്ഞു പറഞ്ഞൊട്ടു തീരാറുമില്ല, മടുപ്പും വരാറില്ല. തലേ ദിവസത്തെ  കളികളിലെ വിജയിക്കുന്ന ടീമിന്റെ ''മുരീദുമാർ'' സന്തോഷം പങ്കിടുമ്പോഴുള്ള മധുരം ഏന്തി വലിഞ്ഞെത്തിയെങ്കിലും  ഞാൻ മിസ്സാക്കാറുമില്ല.  ഇതെഴുതുന്നത് തന്നെ ഇപ്പോൾ ഇവിടെ രണ്ടു വിദ്വാന്മാർ നടത്തുന്ന ചൂടേറിയ ഫുടബോൾ വീരവാദങ്ങൾക്കിടയിൽ വച്ചാണ്.

ഓഫ്‌സൈഡ് റൂൾ അറിയുന്നവളെങ്കിൽ, കണ്ണടച്ചു അവളെ  താലികെട്ടാമെന്ന്  ബ്രസീലിൽ ഒരു  തമാശ പറച്ചിലുണ്ട്.  ജീവിതം ലളിതം,  തിന്നുക,കുടിക്കുക, കാൽപന്ത് കളിക്കുക. ഇങ്ങിനെ പറയുന്നിടത്തേക്കു വരെ ഈ ഗെയിം എത്തിച്ചിട്ടുണ്ട്. മാന്യന്മാരുടെ കളിയെന്നാണ് ഫുട്‍ബോളിന്റെ മറുപേര്. കാമുകൻ തന്റെ പ്രണയിനിയോട്  ചോദിച്ചു പോൽ - Honey,  Do you have anything to say before football SEASON starts ? പ്രിയേ, നിനക്കും വല്ലതുമെന്നോട്  പറയാനുണ്ടോ ഫുടബോൾ സീസൺ വരാൻ പോകുന്നു.

ഇത്രയൊക്കെ ആമുഖമായി  എഴുതിയത് നമ്മുടെ നാട്ടിലെ രണ്ടു കുട്ടികൾ, മുനാസിറും സഫ്‌വാനും  (മുന്നു & സപ്പു)  ജില്ലാ തല ഫുടബോൾ ക്യാമ്പിലേക്ക് സെലക്ട് ചെയ്യപ്പെട്ടു എന്നറിഞ്ഞപ്പോഴാണ്. വളരെ അഭിമാനം തോന്നുന്നു അവർ അങ്ങിനെയൊരു അംഗീകാരത്തിന് മുന്നിൽ വന്നതിൽ. പ്രത്യേകിച്ച് പടല പോലുള്ള റിമോട്ട് ഭാഗങ്ങളിൽ നിന്നും കുട്ടികൾ ശ്രദ്ധിക്കപ്പെടുമ്പോൾ.

 പരുപരുത്ത മൈതാനത്താണ് അവർ പന്തുരുട്ടി പഠിച്ചത്. പാടത്തും പാക്കല്ല് വീണ റോഡിലുമാണ് അവർ കളിയുടെ ബാലപാഠം ചെയ്തത്. നമ്മുടെ ഗ്രാമത്തിൽ പറയാൻ പറ്റിയ ഒരു മൈതാനം തന്നെയില്ലല്ലോ. എങ്കിൽ പോലും ജില്ലാ തലത്തിലേക്ക് നമ്മുടെ ചുണക്കുട്ടികൾ എത്തുക എന്നത് ഒരു സുപ്രഭാതത്തിൽ നടക്കുന്ന ഒന്നല്ല. നിരന്തരമായ പ്രയത്നവും പ്രോത്സാഹനവും ഉണ്ടാകണം. അവിടെയാണ് യുണൈറ്റഡ് പടല പോലുള്ള കൂട്ടായ്മകളുടെ പ്രതിബദ്ധത വിലയിരുത്തപ്പെടേണ്ടത്. അവസരങ്ങൾ മുട്ടാത്തത് വാതിലുകൾ ഇല്ലാഞ്ഞിട്ടെന്ന് തിരിച്ചറിഞ്ഞത് അവരാണ്. അതിനവർ പരിമിതികളിൽ നിന്ന് കതകുണ്ടാക്കാൻ  എടുത്ത ധൈര്യത്തെ ഞാൻ എഴുന്നേറ്റ് നിന്ന്  പ്രശംസിക്കുന്നു.

കഴിഞ്ഞ കുറെ വർഷങ്ങളായി യുണൈറ്റഡ് പടല നമ്മുടെ നാട്ടിലെ ഫുട്ബോളിലെ അവസാന വാക്കുപോലെ തോന്നിത്തുടങ്ങിയിട്ട്. ഒരു പാട് മൈതാനങ്ങളിൽ നമ്മുടെ കുട്ടികൾ ഇവരുടെ ബാനറിലാണ് മത്സരിച്ചതും ജയിച്ചതും.  നാലോ അഞ്ചോ  വർഷങ്ങൾക്ക് മുമ്പ്  ഒരു ഓക്ഷൻ  ചടങ്ങിൽ  ഞാനും അവരുടെ വേദിയിൽ ക്ഷണിക്കപ്പെട്ടിട്ടുണ്ട്. അവരുടെ സംഘാടന കഴിവ് അന്നാണ്  ഞാൻ നേരിട്ട് കണ്ടറിഞ്ഞത്.

കാൽപന്ത് കളിയിൽ വിഖ്യാതമായ ഒരു നല്ല സ്ലോഗൻ ഉണ്ട്-  Rise as ONE. ഒന്നായ് കുതിക്കുക. നമ്മുടെ കുട്ടികൾക്ക് നമുക്കത് തന്നെ നേരാം. എന്റെ വകയായി ഒരു സ്ലോഗൻ പടലയുടെ മുഴുവൻ ഫുടബോൾ പ്രേമികൾക്കും സമർപ്പിക്കുന്നു.   let us  move in as one man, നമുക്കതിനു ഒറ്റക്കെട്ടായി നീങ്ങാം.

അവസാനം ആ കുട്ടികൾ തന്നെ എന്റെ  മുന്നിൽ.
ചിയേർസ് ബോയ്സ്, ചിയേർസ് 

No comments:

Post a Comment