Tuesday 30 August 2016

മത്സരത്തിനിടയിൽ മറന്ന് പോകുന്നത്, മറക്കാൻ പാടില്ലാത്തത് / അസ്‌ലം മാവില

മത്സരത്തിനിടയിൽ മറന്ന് പോകുന്നത്, 
മറക്കാൻ പാടില്ലാത്തത് 


അസ്‌ലം മാവില


Competition എന്ന വാക്കിനു പ്രധാനമായും രണ്ടു അർത്ഥമാണ്. നാം അധികം പേരും കേട്ടത് മത്സരം എന്നാണ്. പലപ്പോഴും കേൾക്കാതെ പോയത് സാമർഥ്യം എന്നും. സദ്‌മനസ്സുള്ളവന് കോംപെറ്റിഷനെ  നടേ പറഞ്ഞ രണ്ടു അർത്ഥത്തിലും  സമന്വയിപ്പിച്ചു എടുക്കാം.  പ്രവർത്തിക്കുകയും ചെയ്യാം. 

Competition is  the activity  to gain or win something by defeating or establishing superiority over others. മറ്റൊരാളിൽ ആധിപത്യം സ്ഥാപിച്ചോ മറ്റൊരാളെ പരാജപ്പെടുത്തിയോ നേടാനോ ജയിക്കാനോ ഉള്ള പ്രവർത്തനമാണ് മത്സരം. കളിയിലും കാര്യത്തിലും ഇതൊക്കെയാണ് നാം കണ്ടു വരുന്നത്. പഠനം, സേവനം, ആരാധനാകർമ്മങ്ങൾ തുടങ്ങിയവയിൽ മത്സരം ഈ അർത്ഥത്തിൽ എടുത്താൽ അനർത്ഥമായിരിക്കും ഫലം. അവിടെ ലക്‌ഷ്യം മറ്റൊന്നാണ്. പഠനത്തിൽ മത്സരിക്കുന്നത് വേറൊരാളാരെ തോൽപിക്കാനല്ല, സേവനം മാത്സര്യബുദ്ധിയോട് കൂടി ചെയ്യുന്നത് മറ്റൊന്നിന്റെ നെഞ്ചിൽ ചവിട്ടാനല്ല, ആരാധനാ കർമ്മങ്ങളിലെ കോംപീറ്റെറ്റീവ് ആറ്റിറ്റ്യൂഡ് ഒന്നാം സ്ഥാനമെത്തിയെന്ന് മേനി പറയാനുമില്ല. പക്ഷെ അവയിലൊക്കെ non-destructive way  (സംഹാരാത്മകമല്ലാത്ത വഴി ) കണ്ടെത്തുവാൻ സാധിക്കുന്നിടത്താണ് കോമ്പറ്റിഷൻ അർത്ഥപൂർണ്ണമാവുക.

സേവനത്തിന്റെ വിഷയത്തിലും ക്ഷേമ പ്രവർത്തനങ്ങളിലും  മാത്സര്യ സ്വഭാവത്തിന്റെ ആന്തരോദ്ദേശ്യം  നന്മയിൽ മുൻകടക്കുക എന്നത് മാത്രമായിരിക്കണം. ഈ ഒരു വിഷയത്തിൽ മാത്രം   ഒരു പാട് ചോദ്യങ്ങൾ സ്വയം ചോദിക്കേണ്ടി വരും.  സമാനരംഗങ്ങളിൽ പ്രവർത്തിക്കുന്നവരുടെ  വിചാര-വികാരങ്ങളിലും അവർക്കവകാശപ്പെട്ടതിലും  നമ്മുടെ സമീപനം പോസിറ്റീവ് ആണോ ?  അവരെ  ചെറുതായി കാണലോ    അപകീർത്തിപ്പെടുത്തലോ ആണോ മാത്സര്യബുദ്ധി തങ്ങളെ വഴിതിരിച്ചു വിടുന്നത്   ?  മറ്റുള്ളവരുടെ പ്രവർത്തനങ്ങൾ കാണുമ്പോൾ പ്രശംസിക്കുവാനും സന്തോഷിക്കുവാനും നമുക്കാകുന്നുണ്ടോ ? വ്യത്യസ്‌ത ഭാഗങ്ങളിൽ നിന്നു വരുന്ന   അഭിപ്രായങ്ങളെ എങ്ങിനെ നോക്കിക്കാണുന്നു ? അവ  വിമർശനങ്ങളും  ആരോപണങ്ങളുമായി മാത്രം  മുഖവിലക്കെടുത്തു തിരിച്ചു  നെഗറ്റിവ് സെൻസിൽ  പ്രതികരിക്കാനാണോ താൽപര്യം  ? അവയെ  നിഷേധാത്മകമല്ലാത്ത  (positive) രീതിയിലെടുക്കുന്നതിൽ തടസ്സം നിൽക്കുന്നതെന്താണ് ?   യാഥാർഥ്യ (realistic) ബോധത്തോടുള്ള സമീപനത്തിൽ നിന്ന് നമ്മെ മാറ്റി നിർത്തുന്ന ഘടകങ്ങൾ എന്തൊക്കെ  തുടങ്ങി ഒട്ടേറെ വിഷയങ്ങൾക്ക് ഉത്തരമാകേണ്ടതുണ്ട്. 

വ്യക്തിയിൽ നിന്നും ഒരു സംഘത്തിലേക്ക് ഈ വിഷയം വരുമ്പോൾ സ്വാഭാവികമായും  പ്രസ്തുത ചോദ്യങ്ങൾ തന്നെയാണ് ഉയർന്നു വരിക. എന്നാലവ കുറച്ചു കൂടി ശക്തവുമായിരിക്കും.  മാത്രവുമല്ല ഉത്തരവാദിത്വവും ജാഗ്രതയും കൂടും.  നേതൃത്വത്തിന് അവിടെ വളരെ മാന്യമായും സഹിഷ്ണുതയോടെയും ക്രിയാത്മകവുമായി  ഇടപെടാൻ സാധിക്കേണ്ടതുണ്ട്.  അണികളെ അപ്പപ്പോൾ  തിരുത്തുവാനും മാത്സര്യത്തിന്റെ ആരോഗ്യപരമായ  വശത്തിലേക്ക് ശ്രദ്ധ തിരിച്ചു വിടാനും നേതൃത്വം മുൻകൈ എടുക്കേണ്ടി വരും.  

ആത്യന്തികമായി സാമൂഹ്യ പ്രവർത്തനത്തിന്റെ ലക്‌ഷ്യം  എന്താണ് ? അർഹരിലും അർഹിക്കുന്നിടത്തും നമ്മുടെ ശ്രദ്ധ ഉണ്ടാവുക എന്നതാണല്ലോ. അതൊരുപക്ഷേ ഒരു ചെറിയ തലോടലാകാം, നല്ല വാക്കാകാം, സമ്മാനമാകാം, സഹായമാകാം, തടസ്സം നീക്കലാകാം (ഏത് അർത്ഥത്തിലും),  ഉദ്ദേശശുദ്ധിക്ക് മുൻഗണന നൽകുമ്പോൾ മുന്നിട്ടിറങ്ങിയവർക്കും അതിന്റെ ഫലം അനുഭവിക്കുന്നവർക്കും ഒരു പോലെ  മനസംതൃപ്തിയുണ്ട്.  അതെത്ര ചെറിയ കർമ്മ മാണെങ്കിൽ പോലും.

മറ്റുള്ളവരെക്കൂടി അംഗീകരിക്കുന്നതിൽ കൂടിയാകട്ടെ എല്ലാവരുടെയും മത്സരം . ഒരു പുഷ്പം അത്  വിടരാൻ മറ്റുള്ളവയോട്  മത്സരിക്കാം.  പക്ഷെ   മറ്റൊരു  മൊട്ടിനെ പരിഹാസ്യമായി നോക്കിയാകരുത്. ഇതൽപം   കൽപിതമായി   പറഞ്ഞതാണ്. പക്ഷെ,  ഒരു മൊട്ടും തൊട്ടടുത്തിനോട് മത്സരിക്കില്ലെന്ന് നമുക്കറിയാം. പകരമത്  അതിമനോഹരമായി യഥാ സമയം പുഷ്പ്പിക്കുകയും വിടരുകയുമാണ്  ചെയ്യുന്നത്. 

പരസ്പരം ആദരിച്ചും അംഗീകരിച്ചുമുള്ള മത്സരം അഭിലഷണീയമാണ്.  ആന അനുഭവിക്കുന്നതും അണ്ണാൻ അനുഭവിക്കുന്നതും ഒരേ  പേറ്റു വേദനയാണല്ലോ.. ഒന്നിനെയും  വില കുറച്ചു കാണാതിരുന്നാൽ മതി.  അതാണല്ലോ ഏറ്റവും വലിയ മാന്യതയും . മൂല്യനിർമ്മിതി (value creation)യിൽ ഊന്നിയ മാത്സര്യമാണ് ഏറ്റവും ഉത്തമമെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അതായിരിക്കും സ്ഥായിയായത്.  ദൈവ കടാക്ഷവും ദൈവിക  സ്പർശവും മറ്റെവിടെയുള്ളതിനേക്കാളും അവിടെയല്ലേ ഉണ്ടാവുക ?
Destructive Competition swiftly becomes corroded, Productive \& Friendly  Competition gathers  no dust.  ഇത് വെറും വായനക്കുള്ളതല്ല. അതിന്റെ മൊഴി  മാറ്റം ഇങ്ങനെ.  സംഹാരാത്മക മത്സരം താമസംവിനാ  തുരുമ്പ് പിടിക്കുന്നു ; സൗഹൃദപരവും നിർമാണാത്മകവുമായ മത്സരത്തിനു മേൽ  ധൂളിപോലും സഞ്ചയിക്കുന്നില്ല. 

                                             http://trial.gulfevision.com/2016/08/28/aslam-mavila/

No comments:

Post a Comment