Saturday, 20 August 2016

ഹജ്ജാജിമാരേ, യാത്ര നേരുന്നു / അസ്‌ലം മാവില

ഹജ്ജാജിമാരേ, യാത്ര നേരുന്നു 

 അസ്‌ലം മാവില
http://www.kvartha.com/2016/08/farewell-to-hajj-team.html

ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് തീര്‍ത്ഥാടനത്തിനു ഭാഗ്യം സിദ്ധിച്ചവര്‍ ഒരുങ്ങുകയാണ്. ഇനിയുള്ള ദിവസങ്ങളില്‍ അല്ലാഹുവിന്റെ നല്ല അതിഥികളായി അവര്‍ യാത്ര തിരിക്കും, ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന്. വിവിധ ദേശങ്ങളില്‍ നിന്ന്...സന്തോഷത്തോടെ നേരുന്നു അവര്‍ക്കെന്റെ യാത്രാമംഗളങ്ങള്‍!

ദീര്‍ഘ നാളത്തെ കാത്തിരിപ്പിനും അകമഴിഞ്ഞ പ്രാര്‍ത്ഥനകള്‍ക്കും അതിലപ്പുറമുള്ള പ്രതീക്ഷകള്‍ക്കും ശേഷമാണ് ഈ ഒരു സൗഭാഗ്യത്തിന് അവസരം ലഭിക്കുന്നത്. അതിനു പല കാരണങ്ങള്‍.. പല സാഹചര്യങ്ങള്‍.. എല്ലാം ഒരുപോലെ അനുകൂലമാകുമ്പോള്‍ പടച്ചവന്റെ വിളിയാളത്തിനു ഉത്തരവുമായി അവര്‍ യാത്രതിരിക്കുന്നു. മനസ്സില്‍ മാണിക്യക്കല്ലായി കൊണ്ട് നടന്നത്.. മരണത്തിനു മുമ്പ് ആദ്യത്തെയും അവസാനത്തെയും ആഗ്രഹമായി അവശേഷിപ്പിച്ചത്.. മതിവരാത്ത ആ നാളുകള്‍ക്ക് വേണ്ടി രാവും പകലും കാംക്ഷിച്ചത്.. നല്ല ദിനം വന്നണയാന്‍ മനസ്സും മെയ്യും പാകപ്പെടുത്തി പ്രതീക്ഷിച്ചത്.. എല്ലാം, അവര്‍ക്ക് ഇനി പൂവണിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി, ഇന്‍ഷാ അല്ലാഹ..! ആ നല്ല മനുഷ്യരുടെ ആയുരാരോഗ്യത്തിന് വേണ്ടി നമുക്കെല്ലാവര്‍ക്കും വീണ്ടും വീണ്ടും ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കാം. സ്വീകാര്യമായ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാന്‍ അവര്‍ക്കെല്ലാവര്‍ക്കും സാധിക്കുമാറാകട്ടെ.

സെപ്റ്റംബര്‍ ഒമ്പതിന് തുടങ്ങി 14 നു ഹജ്ജ് കര്‍മ്മങ്ങള്‍ തീരും. അതായത് ദുല്‍ഹജ്ജ് എട്ട് മുതല്‍ 13 വരെ. ഗള്‍ഫില്‍ അത്യാവശ്യം ചൂടുള്ള കാലാവസ്ഥയാണ്. സെപ്റ്റംബര്‍ ആദ്യം 40 ഡിഗ്രിയാണ് ചൂട്. പ്രസന്നമായ ആകാശം. സെപ്റ്റംബര്‍ ഒന്നിനു സൂര്യോദയം 6:04നാണ്. അസ്തമയം 6:37 നും. മാസം അവസാനമാകുമ്പോഴേക്കും 6:12 നും 6:09 നും യഥാക്രമം ഉദയാസ്തമയങ്ങള്‍ ഉണ്ടാകും. പകലിന്റെ ദൈര്‍ഘ്യം കുറഞ്ഞു കുറഞ്ഞു വരും. ദുല്‍ഹജ്ജില്‍ ഏറ്റവും കുറഞ്ഞ പകല്‍ 11.57 മണിക്കൂര്‍. കൂടിയത് 12.33 മണിക്കൂര്‍. ഇത് പൊതു വിവരം.

ഏറ്റവും വലിയ ജനസഞ്ചയങ്ങള്‍ സന്ധിക്കുന്ന ഒന്നാണ് ഹജ്ജ്. വ്യത്യസ്ത നിറങ്ങളില്‍, ഭാഷകളില്‍, പക്ഷെ ഒരേ വേഷത്തിലും ഒരേ പ്രാര്‍ത്ഥനയിലും ഒരേ പ്രകീര്‍ത്തനങ്ങളിലുമായി അവര്‍ അല്ലാഹുവിന്റെ അതിഥികളായി 'ലബ്ബൈക്ക' പറഞ്ഞെത്തും. പുണ്യഭൂമിയില്‍ 'ഇഹ്‌റാമി'ലായി ഒത്തു കൂടും. തിരുഗേഹം വലയം വെക്കും. തിരുനബിയുടെ പാത പിന്തുടര്‍ന്ന് സഫയിലും മര്‍വവയിലും ചലിക്കും. മിനായില്‍ രാപ്പാര്‍ക്കും. സൂര്യന് കീഴെ അറഫയില്‍ സമ്മേളിക്കും. ജംറയില്‍ കല്ലെറിയും. തലമുണ്ഡനം ചെയ്യും. ഉരുവിനെ ബലിനടത്തും. ആദരണീയരായ ഇബ്രാഹീമും ഇസ്മായീലും ഹാജിറയും പിന്നെ നിറഞ്ഞൊഴുകുന്ന സംസമും, അവരുടെ മനസ്സുകളില്‍ ചരിത്രം മിന്നിമറയും. വിടവാങ്ങലിന്റെ ത്വവാഫ് നടത്തി അവര്‍ നിറകണ്ണുകളോടെ തിരിക്കും, പരിശുദ്ധ ഹജ്ജും പരിപാവന ഉംറയും പരിപൂര്‍ണ്ണമായി ചെയ്ത സന്തോഷത്തോടെ..

ഒരുപാട് ക്ഷമ അവലംബിക്കേണ്ട ഒന്നാണ് ഹജ്ജ് വേളകള്‍. പരസ്പരം ക്ഷമിച്ചും സഹായിച്ചും സഹകരിച്ചും സാന്നിധ്യമുണ്ടാകണം. പ്രായമേറിയവര്‍ ഏറെ കാണും. പിന്നെ സ്ത്രീകള്‍. കുഞ്ഞുമക്കള്‍. ആരോഗ്യം കുറഞ്ഞവര്‍. ആദ്യമായിട്ടായിരിക്കും അവരിലധികം പേരും ആ മണ്ണില്‍ കാല്‍വെക്കുന്നത്. വഴി തെറ്റിപ്പോകും. കൂട്ടത്തില്‍ നിന്ന് ഒരു പക്ഷെ വിട്ടേക്കും. അവരെ കൂട്ടത്തില്‍ കൂട്ടാന്‍, കൂടാരത്തിലെത്തിക്കാന്‍ ആകണം. ദാഹം അവശരാക്കും. ആ വരണ്ട ചുണ്ടുകള്‍ നനയ്ക്കാന്‍ ആകണം.

തിരിച്ചറിയല്‍ കാര്‍ഡ് കളയാതെ നോക്കുക. ഇപ്രാവശ്യം ഇ-ബ്രേസ്‌ലെറ്റ് ഉണ്ടാകുമെന്നാണ് പുതിയ വിവരം. (എല്ലാ വിവരങ്ങളും അടങ്ങിയ ഇലക്ട്രോണിക് ഡിവൈസ്). എങ്കില്‍ പോലും നമ്മുടെ മുന്‍കരുതല്‍ നാമെടുത്തേ തീരൂ. ഭക്ഷണത്തില്‍ പോലും സൂക്ഷമത ഉണ്ടാകണം. ചൂട് കാലമാണ്. നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ ജലപാനം നല്ലവണ്ണം ചെയ്യുക. അവരവരുടെ സംഘനേതാവിന്റെ നിര്‍ദേശങ്ങള്‍ അര്‍ഹിക്കുന്ന രൂപത്തില്‍ കാണുക. തിരക്കില്‍ പോലും ക്ഷമയും സഹനവും കൈമുതലാക്കുക. എല്ലാവിധ സുരക്ഷാക്രമീകരണങ്ങളും നമ്മുടെ ഭാഗത്തുനിന്നും സജ്ജമാണെന്ന് ഉറപ്പും വരുത്തുക.

യാത്ര നേരുന്നു ഹജ്ജാജിമാരേ. നിങ്ങള്‍ എത്ര ഭാഗ്യവാന്മാര്‍..! ഭാഗ്യമതികള്‍..! മനസ്സും ശരീരവും ശുദ്ധീകരിച്ചു പുതിയ മനുഷ്യന്‍ ആകാന്‍ ഈ തീര്‍ത്ഥയാത്ര ഇടവരുത്തട്ടെ. പാപങ്ങള്‍ കഴുകിക്കളഞ്ഞു പുതു ജീവിതം നയിക്കാന്‍ ഈ സദ്പ്രയാണം ഇടയാകട്ടെ. എല്ലാ യാത്രാമംഗളങ്ങളും..!

No comments:

Post a Comment