Tuesday 30 August 2016

ഹജ്ജ് മാർഗനിർദ്ദേശകങ്ങളുമായി 50 ലക്ഷം കൈപുസ്തകങ്ങൾ, പാസ്പോർട്ട് നടപടിക്രമങ്ങൾ ത്വരിതഗതിൽ, അടിയന്തിര ഘട്ടങ്ങളിൽ 911 വിളിക്കുക / അസ്‌ലം മാവില

ഹജ്ജ് മാർഗനിർദ്ദേശകങ്ങളുമായി 
50  ലക്ഷം കൈപുസ്തകങ്ങൾ, 
പാസ്പോർട്ട് നടപടിക്രമങ്ങൾ ത്വരിതഗതിൽ, 
അടിയന്തിര ഘട്ടങ്ങളിൽ 911 വിളിക്കുക 
___________________________________________


അസ്‌ലം മാവില 
--------------------------------


പരിശുദ്ധ ഹജ്ജിന്റെ ശരിയായ നടപടിക്രമങ്ങൾ തീത്ഥാടകരിൽ എത്തിക്കുന്നതിന്റെ ഭാഗമായി HAIA വിഭാഗം 50 ലക്ഷം കൈപുസ്തകങ്ങൾ , ലഖുലേഖകൾ, സിഡികൾ തയ്യാറാക്കി സൗജന്യമായി  വിതരണം തുടങ്ങി. ഹജ്ജ് വേളകളിൽ ഉണ്ടാകാൻ ഇടയുള്ള സംശയനിവൃത്തി വരുത്തുവാനും അനാചാരങ്ങൾ ഒഴിവാക്കുവാനും വേണ്ടി  സഊദി ഔഖാഫിലെ ഉന്നത പണ്ഡിതന്മാരുടെ മേൽനോട്ടത്തിലാണ് ഇവ തയ്യാറാക്കിയത്.   ഇവ വിതരണം ചെയ്യുവാൻ മക്ക, മദീന അടക്കം 42 സ്ഥലങ്ങളിൽ പ്രത്യേക കൗണ്ടറുകൾ ഉണ്ട്. പത്തിലധികം ഭാഷകളിൽ ഇവ ലഭ്യമായിരിക്കും.  വഴിനീളം ഹാ ജിമാർക്ക്   മാർഗ്ഗ നിർദേശങ്ങൾ അടങ്ങിയ വലിയ പരസ്യബോർഡുകൾ ചില ഹജ്ജ് കമ്പനികൾ   സ്ഥാപിക്കുന്നത്  അധികൃതരുടെ ശ്രദ്ധയിൽ പെട്ടത് കൊണ്ട് അവ മാറ്റുവാൻ വേണ്ട നിർദ്ദേശം ബന്ധപ്പെട്ടവർക്ക്നൽകി. ഇവ മാത്രം നിരീക്ഷിക്കാനും പൊളിച്ചുമാറ്റുവാനും  മക്ക മുനിസിപ്പാലിറ്റിയുടെ പ്രത്യേക സംഘം സദാ സമയവും പെട്രോൾ നടത്തുന്നുണ്ട്. ചിലവ അരോചകമാണ്, മറ്റു ചിലത് അപകടം വരുത്തി വരുന്നതുമാണ് ഇത് സംബന്ധിച്ച് ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. 

അറഫയുടെ തലേദിവസം രാപാർക്കുന്ന മീനയിൽ എല്ലാ വിധ ഒരുക്കങ്ങളും പൂർത്തിയായി. സിവിൽ ഡിഫൻസ്, സുരക്ഷാ വിഭാഗം, ഹജ്ജ് &  ഉംറയുമായി ബന്ധപ്പെട്ട വകുപ്പുകൾ,  ഹജ്ജ് കമ്പനികൾ ,ഗവണ്മെന്റ്,  സ്വകാര്യ അധികൃതർ  എന്നിവ ഏകോപിച്ചാണ് ഇവിടെ പ്രവർത്തിക്കുന്നത്. തീർത്ഥാടകർക്ക്  ഏറ്റവും മികച്ച സേവനം ലഭ്യമാക്കാനും ശാന്തവും സമാധാന പൂർണ്ണവുമായ ഹജ്ജ് നിർവ്വഹിക്കുവാനും  ഈ ഏകോപനം സഹായിക്കും. 

മദീനയിലും മക്കയിലും  ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ പരിശോധന കൂടുതൽ ശക്തമാക്കി. കഫ്റ്റീരിയ,  ഹോട്ടൽ, ഫുഡ്‌സ്റ്റഫ്, സൂപ്പർമാർക്കറ്റുകൾ തുടങ്ങിയവയിൽ നടത്തിയ പരിശോധനയിൽ ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കൾ ശ്രദ്ധയിൽ പെട്ടത് കൊണ്ട്  10 സ്ഥാപനങ്ങൾ പൂട്ടി. 2300ലധികം സ്ഥാപനങ്ങൾക്ക്  താക്കീത് നൽകി.  15 ടൺ വസ്തുക്കൾ മുൻസിപ്പൽ അധികൃതർ നശിപ്പിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധന ഉണ്ടാകും. 

ഹജ്ജ് സുരക്ഷാ  കമ്മാണ്ടർ ലെഫ്. ജനറൽ ഖാലിദ് അൽ ഹർബി നേതൃത്വത്തിൽ സുരക്ഷാ വിഭാഗം ഏറ്റവും പുതിയ പുരോഗതി നേരിട്ട് നോക്കിക്കണ്ടു.  പരിശുദ്ധ ഹജ്ജ് കർമ്മവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സന്ദർശനം നടത്തി തീർത്ഥാടകരുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ വിലയിരുത്തി.3000 ലധികം യന്ത്ര സംവിധാനവും മറ്റു  ഉപകരണങ്ങളും ഉപയോഗിച്ച് 17000 ഓഫീസർമാരാണ് സുരക്ഷാ വിഭാഗത്തിൽ 24 മണിക്കൂറും സേവനത്തിലേർപ്പെട്ടിട്ടുള്ളത്. പതിമൂന്നോളം സാധ്യതാ അപകടങ്ങൾ മുൻകൂട്ടിക്കണ്ട് കൊണ്ട്  സുരക്ഷാ വിഭാഗം വളരെ ശക്തമായ ദുരന്ത പൂർവ്വ നിവാരണ മാർഗ്ഗങ്ങളാണ് ഇക്കുറി എടുത്തിട്ടുള്ളത്. 

ഹജ്ജ് തീർത്ഥാടകരുടെ പാസ്പോര്ട്ട് നടപടിക്രമങ്ങൾ വളരെ പെട്ടെന്ന് പൂർത്തീകരിക്കുവാൻ  കൂടുതൽ സൗകര്യങ്ങൾ ഒരുക്കി കഴിഞ്ഞു.  എയർപോർട്ട് , സീപോർട്ട്, അതിർത്തി പ്രദേശങ്ങൾ എന്നിവടങ്ങളിൽ എമിഗ്രെഷൻ വിഭാഗം നടപടിക്രമങ്ങൾ ത്വരിതപ്പെടുത്താൻ മക്ക അമീർ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ പാസ്പോര്ട്ട് വിഭാഗം ഉന്നത ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി.  നീണ്ട ക്യൂവിൽ നിന്ന് പ്രയാസപ്പെടുന്ന അവസ്ഥ തീർത്ഥാടകർക്ക് ഉണ്ടാകരുത്.   തീർത്ഥാടകർ രാജ്യത്ത് പ്രവേശിക്കുമ്പോഴും തിരിച്ചു പോകുമ്പോഴും ഈ സൗകര്യം ഉണ്ടാകണം . പാസ്പോർട്ട് വിഭാഗം ഡയറക്ടർ ജനറൽ മേജർ  സുലൈമാൻ  അൽ യഹ്യ അടക്കമുള്ള ഉന്നത ഉദ്യോസ്ഥരെ ജിദ്ദയിൽ  വിളിച്ചു ചേർത്ത ഉന്നത തല യോഗത്തിലാണ് ഖാലിദ് രാജകുമാരൻ നിർദ്ദേശം നൽകിയത്. 

മക്ക ഭാഗങ്ങളിൽ അടിയന്തിര ഘട്ടങ്ങളിൽ വിളിക്കേണ്ട  നമ്പർ 911 ആണ്. ഇത് സംബന്ധിച്ച സന്ദേശങ്ങൾ സോഷ്യൽ മീഡിയകളിൽ  അടക്കം ഇംഗ്ലീഷിലും അറബിയിലും അധികൃതർ  അയച്ചു തുടങ്ങി. ട്രാഫിക്, റോഡ് സുരക്ഷ, സിവിൽ ഡിഫെൻസ് അടക്കമുള്ള വകുപ്പുകൾ   ഏകോപിച്ചാണ് അടിയന്തിര സുരക്ഷാ വിഭാഗത്തിൽ  പ്രവർത്തിക്കുന്നത്. 

No comments:

Post a Comment