Sunday 28 August 2016

ഉറക്കം കെടുത്തും തീരുമാനങ്ങളുമായി ഉരുക്ക് മുഷ്ടിയുള്ള രണ്ടു ഭരണാധികാരികൾ / അസ്‌ലം മാവില

ഉറക്കം കെടുത്തും തീരുമാനങ്ങളുമായി  
ഉരുക്ക് മുഷ്ടിയുള്ള രണ്ടു ഭരണാധികാരികൾ 

അസ്‌ലം മാവില 



ചില രാജ്യങ്ങളെ നമ്മൾ പരിചയപ്പെടുക തന്നെ വേണം. എന്നെ ഈയ്യിടെ ആകർഷിച്ച രണ്ടു രാജ്യങ്ങളുണ്ട്. ഫിലിപ്പൈൻസും ഉത്തരകൊറിയയുo.  

ഉത്തര കൊറിയയ്ക്കുള്ളത് ഒരൊന്നൊന്നര   പ്രസഡിഡന്റാണ്‌ -- കിം  വിങ് ഉൻ.  ഈ  പേര് കേട്ടാൽ മുട്ട് വിറക്കാത്ത സ്വദേശികൾ ആരുമുണ്ടാകില്ല.  അമ്മാതിരി ഉത്തരവുകളും പ്രസ്താവനകളുമാണ്  ഇയാൾ പുറത്തിറക്കുന്നത്. 

 റിയോ ഒളിമ്പിക്സ് കഴിഞ്ഞു ഏതാനും ദിവസങ്ങളല്ലേ ആയുള്ളൂ. കായികതാരങ്ങളൊക്കെ അവരവരുടെ നാട്ടിലെത്തിക്കഴിഞ്ഞു; സ്വീകരണവും തുടങ്ങി. പക്ഷെ ഉത്തര കൊറിയയിൽ  തിരിച്ചു വരുന്നവർക്ക് രണ്ടു തരം  സ്വീകരണമാണ് ഒരുക്കിയിട്ടുള്ളത്. മെഡലുള്ളവർക്ക് ഗ്രീൻ ചാനൽ; വെറും കയ്യോടെ വരുന്നവർക്ക് ''ഖനി'' ചാനൽ.  അതായത് രണ്ടാമത്തെ വിഭാഗക്കാർ കോച്ചും കോൽക്കാരനുമടക്കം  ഖനികളിൽ പോയി എല്ലുമുറിയെ പണി എടുക്കുക.  എനാലവർക്ക് ശിഷ്ട കാലം പല്ലുമുറിയെ  കഴിച്ചും കഴിഞ്ഞും കൂടാം.  മാത്രമല്ല അവരുടെ  റേഷൻ വെട്ടികുറക്കും. ആഡംബര വീടും  നഷ്ടപ്പെടും. . 

ജൂലൈ 27 നു 32 കായിക താരങ്ങളെ വിമാനം കയറ്റുമ്പോൾ കൊറിയൻ ഭരണാധികാരി   പറഞ്ഞു പോൽ - ചിരിച്ചു കൊണ്ട്പോകുന്നതൊക്കെ കൊള്ളാം,  വരുമ്പോൾ  ഇതേ മുഖവുമായിട്ടായിരിക്കണം ഇറങ്ങേണ്ടത് .  കുറഞ്ഞത് 5 സ്വർണം വേണം , കൂടാതെ 12 വെള്ളി വെങ്കല  മെഡലുകൾ വേറെയും വേണം. നെഞ്ചിടിപ്പോടെ അതും  ഓർത്താണ് അവർ റിയോയിലേക്ക് യാത്ര തിരിച്ചത്. 

 ആഗസ്ത് 21 ആകുമ്പോഴേക്കും ഉത്തര കൊറിയയുടെ പട്ടികയിൽ കുറച്ചു മെഡലുകൾ സ്ഥാനം പിടിച്ചു. ദൗർഭാഗ്യകരമെന്ന് പറയട്ടെ  എങ്ങിനെ കൂട്ടിയിട്ടും സ്വർണം അഞ്ചിന്റെ അരികത്തെത്തിയില്ല.  രണ്ടു സ്വർണം, മൂന്ന് വെള്ളി, രണ്ടു വെങ്കലം.  യുകെ യിൽ നിന്നിറങ്ങുന്ന ടെലഗ്രാഫ് പത്രം ആഗസ്ത് 23നു സ്പോർട്സ്  തലക്കെട്ട് ഇങ്ങിനെ എഴുതി  - North Korean athletes fall short of Kim Jong-un's medal target in Rio Olympics. പത്രം തുടർന്നു - ഉ. കൊ. ഒളിമ്പിക് ടീം,  കിം  വിങ് ഊന്റെ ഉഗ്രകോപത്തിനു വിധേയരാകും.  വരും വരായ്കകൾ  മുൻകൂട്ടി അറിഞ്ഞത്  കൊണ്ടാകാം ജൂലൈ 28 -നു റിയോയിൽ ഇറങ്ങിയ ഉ.കൊറിയൻ സീനിയർ ഒഫീഷ്യൽ പറഞ്ഞത് - ഞങ്ങൾ തിരിച്ചു പോകുന്നത് കുറഞ്ഞത് 5 സ്വർണ്ണം കൊണ്ടായിരിക്കുമെന്ന്.

2010 ലോകകപ്പ് ഫുടബോളിൽ  ഉത്തര കൊറിയ പോർചുഗലിനോട് തോറ്റപ്പോഴും സമാനമായ വാർത്ത കേട്ടിരുന്നു. അന്ന് പോർചുഗലിനോട്തോറ്റത് 7-0 ന്.   തോറ്റ ടീമിൽ ഉണ്ടായിരുന്ന മുഴുവൻ ടീമംഗകളെയും വിമാനമിറങ്ങിയപ്പോൾ രണ്ടു ജോഡി  കവറോളും സെയ്ഫ്റ്റി ഹെൽമറ്റും  കൊടുത്തു നേരെ അയച്ചത് ഖനിയിലേക്കാണത്രെ. കോച്ചുകളെ വരെ വിട്ടില്ല.  ഒന്നും രണ്ടും കൊല്ലം കഴിഞ്ഞായിരുന്നു അവർ കൽക്കരി ഖനിയിൽ നിന്നു പുറത്തേക്ക് വന്നതെന്ന് പിന്നീട് ലീക്കായ വാർത്ത. അന്ന് ഫിഫ അന്വേഷണമൊക്കെ നടത്തിയിരുന്നു.   പക്ഷെ അതിപ്പോഴും എവിടെയും എത്താതെ ഫയൽ മടക്കി തട്ടിൻ പുറത്താണ്.  

നാളിതു വരെയുള്ള ഇന്ത്യൻ   ഒളിപിക്‌സ് ഒരുക്കങ്ങളും പോക്കുവരവുകളും കണ്ട് മടുത്ത ആരെങ്കിലും നമ്മുടെ നാട്ടിൽ  കിം വിങ് ഉന്നിന്റെ തീരുമാനം അരനൂറ്റാണ്ട് മുമ്പ് തന്നെ നടപ്പിലാക്കണമായിരുന്നു എന്ന് ആഗ്രഹിച്ചു പോയിട്ടുണ്ടെങ്കിൽ അവരെ കുറ്റം പറയാൻ പറ്റില്ല.  

ഇനി അടുത്ത വ്യക്തി  ഫിലിപൈൻസ് പ്രസിഡന്റ്   റോഡ്രീഗോ ദുറ്റെർറ്റെ. ഇദ്ദേഹം ഇപ്പോൾ ലോക മാധ്യമങ്ങളിലെ ശ്രദ്ധാകേന്ദ്രമാണ്. മറ്റൊന്നുമല്ല, ഡ്രഗ് അഡിക്ടുകൾക്കും അതിന്റെ ഡീലർമാർക്കും അദ്ദേഹം  അവസരങ്ങൾ നൽകുന്നു - .ഈ പണി നിർത്തുക, അല്ലെങ്കിൽ കീഴടങ്ങുക. ഇത് രണ്ടുമില്ലെങ്കിൽ ചാകാൻ തയ്യാറാകുക. അതിനു അദ്ദേഹം ഉത്തരവും ഇറക്കി -  കണ്ടിടത്തു വെച്ച്  വെടി.  നാട്ടാർക്കും തോക്ക് ഉപയോഗിക്കാം. ചത്തത് മയക്കുമരുന്ന് അഡിക്റ്റ് അല്ലെങ്കിൽ അതിന്റെ പിണിയാൾ  ആയിരിക്കണം. 4 NEWS ചാനലിനെ വിശ്വസിക്കാമെങ്കിൽ കഴിഞ്ഞ ഏഴു ആഴ്ചകൾ കൊണ്ട് 1900 പേരെയാണ് പോലീസും നാട്ടുകാരും  തല  നോക്കി കാച്ചിയത്. ഇതിൽ മൂന്നിൽ രണ്ടും  നാട്ടുകാർ കൊന്നിട്ടതാണ്. 

പ്രസിഡന്റ്  റോഡ്രിഗോ ഇതിനു  മുമ്പ് ഇരുപത്തിരണ്ടു വർഷകാലം ഡാവോ സിറ്റിയുടെ  മേയറായിരുന്നു. മയക്കു മരുന്നിനെതിരെ  അവിടെയും ഇതൊക്കെത്തന്നെയായിരുന്നു അദ്ദേഹത്തിന്റെ ഏർപ്പാട്.   ഒരു കുടുംബത്തിലെ  6 മക്കളിൽ  4 പേരെ വെടി  വെച്ച്കൊന്നാണ് മയക്ക് മരുന്ന് വേട്ടക്ക്ഡാവോ സിറ്റിയിൽ അന്ന്  നഗരപിതാവ് തുടക്കം കുറിച്ചത്. Davao Death Squad  എന്ന പേരിൽ ഒരു വിങ് ഇതിനായി രൂപീകരിച്ചു.  ഫിലിപ്പൈൻസിന്റെ മൊത്തം ഭരണം കയ്യിൽ കിട്ടിയപ്പോൾ ഈ നിയമം ദേശവ്യാപകമായി ബാധകമാക്കി.  ടൈം മാഗസിൻ ഇദ്ദേഹത്തിന് ഒരു ചെല്ലപ്പേരിട്ടിട്ടുണ്ട് - THE PUNISHER, പീഡകൻ.     

യുഎന്നിൽ വരെ മയക്കുവേട്ട ചൂടേറിയ  ചർച്ചാ വിഷയമായിട്ടുണ്ട്. അതിനു അദ്ദേഹം അങ്ങോട്ട്  മറുപടി നൽകിയത് ഭീഷണി സ്വരത്തിലാണ്. എന്റെ രാജ്യത്തെ സാമാന്യ ജനത്തിന്റെ   ഉറക്കം കെടുത്തുന്ന സാമൂഹിക വിപത്തിനെതിരെയുള്ള എന്റെ തീരുമാനത്തെ നിങ്ങൾ ചോദ്യം ചെയ്യുന്നുവെങ്കിൽ യുഎന്നിൽ നിന്നും  ഫിലിപ്പൈൻസ് വിട്ടു നിൽക്കാൻ നിർബന്ധിതമാകും. മാത്രവുമല്ല  ചൈന, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവയുമായി കൂടിയാലോചിച്ചു പ്രത്യേക സഖ്യത്തിന് രൂപം നൽകുകയും ചെയ്യും.  ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടത്തിൽ നിന്നും പുറത്തെടുത്ത ചോരയിൽ കുളിച്ച സിറിയൻ ബാലന്റെ മായാത്ത ചിത്രം യുഎന്നിനും യുഎസിനും ഓർമ്മയെങ്കിലും വേണം. ആദ്യം അവിടെ തീരട്ടെ പ്രശ്‌നം. ഒന്നോ രണ്ടോ മൂന്നോ എത്രയുമായിക്കൊള്ളട്ടെ, അമേരിക്ക സ്വന്തം പൗരന്മാരായ  കറുത്ത വർഗ്ഗക്കാരെ എന്ത്‌കൊണ്ടാണ്  നിലത്ത് വീണിട്ടു പോലും  വെടി വെച്ച് കൊല്ലുന്നത് ?   അദ്ദേഹം അവരോട് ചോദിച്ചു.   യുഎന്നും യുഎസും ഇപ്പോൾ അൽപം അയഞ്ഞ മട്ടാണ്‌.. 

 We will  not stop until the last drug lord, the last financier and the last pusher have surrendered or put behind bars or below the ground if they so wish. അവസാനത്തെ മയക്കു മരുന്ന് രാജാവും അതിന് പണമിറക്കുന്നവയുംപിന്നെ  വിൽപ്പനക്കാരനും കീഴടങ്ങുകയോ അഴികൾക്കുള്ളിൽ വരികയോ അവരിച്ഛിക്കുന്നുവെങ്കിൽ മണ്ണിനിടയിയിലാകുകയോ ചെയ്യുന്നത് വരെ നാമിത് നിർത്തില്ല.  പ്രസിഡന്റിന്റെ ഉറച്ച വാക്കുകളാണ്.  ഫിലിപ്പൈൻ ജനതയിലെ  91 % പേരും ഇപ്പോൾ  യെസ് വെച്ചുകഴിഞ്ഞു.  സ്വൈരം കിട്ടാൻ തുടങ്ങിയാൽ പിന്നെ വെടി കൊണ്ട് ചാകുന്നത്  മക്കളോ  മാമിയോന്നു നാട്ടുകാർ  നോക്കുമോ ? 

അധികാരമേറ്റ ഉടനെ റോഡ്രീഗോ തുടങ്ങിയത്  ക്രമസമാധാന പാലകർക്ക് മുട്ടൻ പണി നൽകിയായിരുന്നു.  അദ്ദേഹം അവർക്ക്മുന്നറിയിപ്പ് നൽകി - പോലീസ് വിഭാഗത്തിൽ മയക്കുമരുന്ന്മാമാപണി നടത്തുന്നവർ 48 മണിക്കൂറിനുള്ളിൽ ഏറ്റ് പറഞ്ഞു കീഴടങ്ങുക. അതോടെ മൂന്ന് ഉന്നത പോലീസ് ഓഫീസർമാർ അകത്തായി. ചൈനക്കാരായ മയക്ക് മരുന്ന് രാജാക്കന്മാരും പത്തിമടക്കി. ഭരണം കയ്യാളിയിരുന്ന 22 മേയർമാരും  ഇതിൽ കമ്മീഷൻ പറ്റുന്നുണ്ടെന്ന് തെളിഞ്ഞു. പിന്നെയും സ്വൈരം കെടുന്നെന്ന് തോന്നിയപ്പോഴാണ്  മുൻപിൻ നോക്കാതെ  നാട്ടുകാരോടും പോലീസിനോടും അദ്ദേഹം  പറഞ്ഞത് - കണ്ടിടത്തു വെച്ച്കാച്ചുക. കാറ്റ് പോകണം 

ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം മയക്ക് മരുന്നുമായി ബന്ധമുള്ള  6 ലക്ഷം ആൾക്കാർ  കീഴടങ്ങി ഫിലിപ്പൈൻസിലെ വിവിധ ജയിലിൽ കഴിയുകയാണ്. ഫിലിപ്പൈൻസ് ഒരുപക്ഷെ  ഇനി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി  അവരുടെ പുനരധിവാസമായിരിക്കും. 







No comments:

Post a Comment