Saturday 6 August 2016

അനുസ്മരണം / മർഹൂം എംപി മുഹമ്മദ് കുഞ്ഞി സാഹിബ് / അസ്‌ലം മാവില

അനുസ്മരണം

മർഹൂം  എംപി മുഹമ്മദ് കുഞ്ഞി സാഹിബ്

അസ്‌ലം മാവില


ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച രാവിലാണ് നമ്മുടെ പ്രിയങ്കരനായ എം.പി.  മുഹമ്മദ് കുഞ്ഞി സാഹിബ് മരണപ്പെടുന്നത്. അദ്ദേഹത്തിന്റെ പാപങ്ങൾ പൊറുക്കുവാനും പരലോക വിജയത്തിനായും പ്രാർത്ഥിക്കാം.

ഞങ്ങളുടെ അയൽക്കാരൻ കൂടിയായിരുന്നു അദ്ദേഹം. നമ്മുടെ നാട്ടിലെ വളരെ പ്രായമുള്ള കാരണവന്മാരുടെ കൂട്ടത്തിൽ നിന്നാണ് അയാൾ പൊയ്പ്പോയത്.  പ്രത്യേകിച്ച് ഞങ്ങളുടെ ഭാഗത്തുള്ള പഴയതലമുറയിലുള്ള കാരണവന്മാരിൽ ഇനി  ആരും തന്നെ ഇല്ല എന്ന് പറയാം.

കുൻച്ച, കുഞ്ഞിപ്പൈച്ച, കുഞ്ചാർ അദ്ലൻച്ച, കപ്പൽ അദ്ലൻച്ച, അദ്‌ലച്ചാന്റെ മമ്മദുൻച്ച, ബായിൻച്ച, സീതുൻച്ച, പക്രുച്ച, അദ്ലാർച്ച, എന്റെ ഉപ്പ, സിഎച്ച് അദ്ലച്ച, അന്തച്ച, മമ്മസ്ച്ച, ഞാൻ ഉപ്പപ്പാന്ന് വിളിച്ചിരുന്ന കുട്ടിച്ച, ബാപ്പിച്ച, മൂസ്ച്ച , കാലാകീല അദ്ലൻച്ച, അർബിച്ച, ബീരാൻച്ച, മൂസാജാർച്ച, പോക്കുച്ച, അരമന ഔക്കൻച്ച, കുഞ്ഞാലി മൊയ്‌ലാർച്ച, അമ്മൻച്ച.... ഇവരൊക്കെ ഇങ്ങിനെ നമ്മുടെ ജങ്ഷനിൽ നിന്ന് പടിഞ്ഞാറോട്ടേക്കുള്ള വഴിയിൽ കൂടി എന്നും നടന്നു പോകുന്നവരായിരുന്നു. ഇനിയും പേരുകൾ നീളും.  പേരാൽ അദ്ലൻച്ച, അമ്പാച്ച, യൂസുച്ച തുടങ്ങിയവരൊക്കെ അന്നത്തെ പ്രവാസികളായത് കൊണ്ട് അവർ നാട്ടിൽ വരുമ്പോഴായിരിക്കും ഈ വഴികളിൽ നിത്യയാത്രക്കാരാകുന്നത്.

എല്ലാവരുടെ കൂട്ടത്തിലും എം.പി. മമ്മദുൻച്ച ഉണ്ടാകും. ഇശാ നമസ്കാരവും കഴിഞ്ഞു അവരുടെ നീണ്ട നിര  കാണാം. അന്ന് ഇന്ന് കാണുന്ന റോഡില്ലല്ലോ. ഒറ്റവരി നടപ്പാത. ഞങ്ങളുടെ വീട് എത്തുന്നതോടെ കുറച്ചു പേർ കൊഴിഞ്ഞു പോയിരിക്കും. എന്റെ വീട് കഴിഞ്ഞാൽ അടുത്ത ഊഴം എം.പി.ച്ചയുടേതാണ്, വീടെത്താൻ.

സ്വന്തമായി എന്തെങ്കിലും ജോലിയിലോ ചെറുകിട കച്ചവടത്തിലോ ഏർപ്പിട്ടിരുന്നു.   ഞാൻ അറിയുന്ന കാലം മുതൽ അദ്ദേഹത്തെ അങ്ങിനെയാണ് ഞാൻ കാണാറ് . ''പീടിക'' എന്നത് അദ്ദേഹത്തിന്റെ പേരിന്റെ കൂടെ ഉണ്ട് താനും.

നന്നായി രാഷ്ട്രീയം പറയും. കോൺഗ്രസ്സ്കാരനായിരുന്നു ഞാൻ അറിഞ്ഞിടത്തോളം മരണം വരെ. രാഷ്ട്രീയം പറഞ്ഞു ഫലിപ്പിച്ചു തരും. പൊതു സദസ്സുകളിലും ''പൊതു'' (വിവാഹസംബന്ധമായ) കാര്യത്തിലും എം.പി. മമ്മദുൻച്ച നിറ  സാന്നിധ്യമായിരുന്നു. വിദ്യാഭ്യാസ സംബന്ധമായ വിഷയം സംസാരിക്കുമ്പോഴൊക്കെ അദ്ദേഹത്തിന് നൂറു നാക്കായിരുന്നു. അനിയന്റെ (മർഹൂം എം.പി. അബ്ദുൽ റഹിമാൻ സാഹിബ്) അന്നത്തെ പഠനത്തെ കുറിച്ചൊക്കെ അദ്ദേഹം അഭിമാന പൂർവ്വം എന്നോട് സംസാരിക്കാറുണ്ടായിരുന്നു. ആ കുടുംബത്തിലെ മുതിർന്ന തലമുറയിലെ  അവസാനത്തെ കണ്ണിയും വിടപറഞ്ഞു.

കല്യാണ സദസ്സുകളിൽ എന്റെ ചെറിയ മൂത്ത, അരമനാൾപ്പിലെ ഔക്കൻചാ തുടങ്ങിയവരുടെയൊക്കെ  കൂടെ പാട്ട് പാടാനും മമ്മദുൻച്ച ഉണ്ടാകും. അതൊക്കെ അന്നത്തെ ഒരു സന്തോഷമായിരുന്നു. പഴയ കുറെ നാട്ടു വർത്തമാനങ്ങളും അദ്ദേഹത്തിന് അറിയാം. 95 വർഷങ്ങൾക്ക് മുമ്പ്  സ്രാമ്പിയിലെ ഒറ്റമുറി പള്ളിക്കൂടത്തിലെ എന്റെ ഉപ്പപ്പാന്റെ (മർഹൂം മമ്മിഞ്ഞി മുക്രി)  അധ്യാപനവും മറ്റും ഞാൻ അദ്ദേഹത്തിൽ നിന്നാണ് കേട്ടറിഞ്ഞത്.

ഞാൻ സ്‌കൂളിൽ പഠിക്കുമ്പോൾ പി.ടി.എ യോഗങ്ങളിൽ എം.പി. മമ്മദുൻച്ചാനെ എപ്പോഴും കാണും. ഉപേക്ഷ കൂടാതെ അദ്ദേഹം യോഗസമത്ത് എത്തും. അന്ന് അമ്പാച്ച , അദ്ലാർച്ച,  അദ്ലച്ചാന്റെ മമ്മദുൻച്ച, സീതുൻച്ച, എം.എ. മോൻച്ച , ബിഎസ്ട്ടി ഔക്കൻച്ച, എന്റെ ബെല്യ മൂത്ത   തുടങ്ങിയവരൊക്കെയായിരുന്നു നമ്മുടെ സ്‌കൂളിന്റെ കാര്യത്തിൽ മുന്നിൽ നിന്നിരുന്നവർ.. സ്‌കൂളിന്റെ കാര്യത്തിൽ അദ്ദേഹത്തിന് പ്രത്യേക ശ്രദ്ധയുള്ളത് പോലെ എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.  രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിൽ പ്രവർത്തിച്ചു കഴിവ് തെളിയിച്ച സൈനബ അടക്കം അദ്ദേഹത്തിന് ആറ്മക്കളാണ്. മറ്റുമക്കൾ അബ്ദുല്ല, സിദ്ദീഖ്, സുഹ്റ, ജമീല, മൈമൂന  ഭാര്യ അച്ചിഞ്ഞ എന്ന് ഞങ്ങൾ സ്നേഹപൂർവ്വം വിളിക്കുന്ന ആസ്യഉമ്മ. ചെന്നിക്കൂടൽ ബാപ്പിച്ച, എം.പി. അദ്രാന്ച്ച എന്നിവർ സഹോദരങ്ങളും .

അല്ലാഹു അദ്ദേഹത്തെയും നമ്മെ എല്ലാവരെയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടട്ടെ, ആമീൻ. 

No comments:

Post a Comment