Friday 5 August 2016

എബി കുട്ടിയാനം ആദരിക്കപ്പെടുമ്പോൾ / അസ്‌ലം മാവില

എബി കുട്ടിയാനം ആദരിക്കപ്പെടുമ്പോൾ .


എ ബികുട്ടിയാനത്തെ ഞാൻ നേരിട്ട് കണ്ടിട്ടില്ല. പക്ഷെ എനിക്ക് അദ്ദേഹത്തെയും അദ്ദേഹത്തിന് എന്നെയും അറിയാം. കഴിഞ്ഞ വര്ഷം RT എന്ന ഒരു പ്രാദേശിക വാട്സ്ആപ് കൂട്ടായ്മയിൽ  നടന്ന രണ്ട് ദിവസത്തെ സാംസ്കാരിക പരിപാടിയിൽ സംബന്ധിക്കുവാൻ  കാസർകോട് വാർത്തയിലെ മുജീബ്, ഉത്തരദേശത്തിലെ മുജീബ് അഹ്‌മദ്‌, ചന്ദ്രികയുടെ റഹ്‌മാൻ തായലങ്ങാടി, ഇവിഷനിലെ അലി ഹൈദർ, പത്രപ്രവർത്തകനും നാടക കൃത്തുമായ ഗോപി കുറ്റിക്കോൽ, ഗായകൻ ജെ.പി. (ജമാൽ പാഷ ) അടക്കമുള്ളവരെ നമ്മുടെ ഇ-അതിഥികളായി ക്ഷണിച്ച കൂട്ടത്തിൽ എ.ബിയേയും ക്ഷണിച്ചിരുന്നു. അന്നും അദ്ദേഹം തിരക്കിലായിരുന്നു. ഒരു അർദ്ധ രാത്രിയിലാണ് എബി ഓൺലൈനിൽ വന്നു RT-യോട്  വൈകിയതിലുള്ള കാരണം പറഞ്ഞു ക്ഷമ ചോദിച്ചു സംസാരിക്കുന്നത്.

ചിലരുടെ തിരക്കുകൾ അങ്ങിനെയാണ്. സമയം തികയാതെ പോകും വിധം അവരെ തിരക്ക് വിടാതെ പിന്നിലുണ്ടാകും. എബി അതിനൊരു ഉദാഹരണം മാത്രം. പത്രപ്രവർത്തകനായാണ്  നാം അദ്ദേഹത്തെ വായിച്ചത്. ഉത്തരദേശം പത്രമടക്കം എബിയുടെ എഴുത്തുകൾ നാം വായിക്കാത്ത ദിവസങ്ങൾ തന്നെ കുറവ്.  എഴുത്തിന്റെ വഴിയിൽ അദ്ദേഹം വേറിട്ട് നിന്നു. അത്ഭുതപ്പെടുത്തുമാറാണ് എബി എഴുതുന്നത്. ഒന്നും വഴങ്ങാത്തത് ഇല്ല. കഥയും കവിതയും കാവ്യാസ്വാദനവും എല്ലാം അതിൽ പെടും. ഫീച്ചറുകളുടെ പെരുമഴയായിരുന്നു എബിയുടെ പേനത്തുമ്പിൽ പെയ്തത്. എഴുത്തിൽ പിച്ചവെക്കുന്നവരെ തേടിപ്പിടിച്ചു അദ്ദേഹം വായനക്കാർക്ക് പരിചയപ്പെടുത്തി. സാനിനെ പ്പോലുള്ള ഇളം എഴുത്തുകാരെ  വായനക്കാർ അറിഞ്ഞതും  എബി കുട്ടിയാനിൽ കൂടിയായിരുന്നു.

ദൃശ്യ മാധ്യമത്തിൽ എത്തുന്നതോടെ എബി ആകെ മാറി. എഴുത്തും അന്വേഷണവും  സെൻഷേണൽ വാർത്തകൾക്ക് ഏറ്റവും സാധ്യതയുള്ള കാസർകോടിനെ അദ്ദേഹം പക്ഷെ തെരെഞ്ഞെടുത്തത് മറ്റൊരു ആവശ്യത്തിനായിരുന്നു.  പുറത്തുള്ളവർ കാസർകോടിനെ കണ്ടത് നഗരത്തിലെ പളപളപ്പായിരുന്നു. ഏറ്റവും പുതിയ വസ്ത്രാലയങ്ങൾ , സ്വർണ്ണക്കടകൾ, കണ്ണഞ്ചിപ്പിക്കുന്ന വേഷങ്ങൾ.

ഇവയിലൊന്നും എബിയുടെ ക്യാമറക്കണ്ണുകൾ പോയില്ല. മറിച്ചു ഈ ബഹളങ്ങൾക്കിടയിലും ആ മാധ്യമപ്രവർത്തകൻ കേൾക്കാൻ ശ്രമിച്ചത് ഒറ്റപ്പെട്ടവന്റെ, ഇല്ലാത്തവന്റെ, തല ചായ്ക്കാത്തവന്റെ, വിശന്നവന്റെ  വിങ്ങലും നീറലുമായിരുന്നു. അവരുടെ ഞരക്കം കേൾക്കുന്നിടത്ത് എബി ആദ്യമെത്തി. അവരുടെ വിതുമ്പുന്ന മുഖങ്ങൾ ഛായം തേക്കാതെ തന്നെ അദ്ദേഹം ഒപ്പിയെടുത്തു. അരനിമിഷം പോലും വൈകിക്കാതെ അവ പ്രക്ഷേപണം ചെയ്തു. കൂടെ ആരെ ബന്ധപ്പെടണമെന്നും. അത്രേ അദ്ദേഹം ചെയ്തുള്ളൂ. പക്ഷെ, ഉദാര മനസ്കർക്ക് അത് മാത്രം മതിയായിരുന്നു.

വാർത്ത സത്യസന്ധമായിരിക്കണം. അത് റിപ്പോർട്ട് ചെയ്തവനും സത്യസന്ധനായിരിക്കണം. ഫോള്ളോ അപ്പ് വേണം. അർഹരുടെ കൈകളിൽ സഹായം ധനം എത്തിയെന്നു അയാൾ ഉറപ്പും വരുത്തണം. എബി അത് മുഴുവൻ ഏറ്റെടുത്തു  ചെയ്തിടത്താണ് വിജയിച്ചത്. എത്രയെത്ര കണ്ണീരിന്റെ കഥകൾ, കാസർകോടിന്റെ ഇങ്ങിനെയും ആധിയും വ്യാധിയുമുള്ളവരോ ? ഇത്രമാത്രം നരകയാതനയുള്ളവരോ ? എബി ക്യാമറയുടെ മുന്നിൽ വരുമ്പോൾ അത് സത്യമെന്നു വിശ്വസിച്ചേ തീരൂ. കാരണം എബിക്ക് വേറെ രാഷ്ട്രീയമില്ല; ദുരിതമനുഭവിക്കുന്നവനെ ഉടപ്പിറപ്പുകൾക്ക്  ചൂണ്ടിക്കാണിക്കുക. അതിനൊരു പരിഹാരം വേണം. ശാശ്വതമായ ഒന്ന്.  അതാണ് എബിയുടെ രാഷ്ട്രീയവും.

സഊദിയിൽ ഉള്ള എന്റെ ഒരു പാലക്കാട് സുഹൃത്ത്  വിളിച്ചു - കാസർകോട് എബി കുട്ടിയാനത്തെ അറിയുമോ ? അദ്ദേഹത്തിന്റെ ഒരു ന്യൂസ് വീഡിയോ ശ്രദ്ധയിൽ പെട്ടു, എന്റെ ഒരു സഹായമെത്തിക്കണം ? ഏറ്റവും പുതിയ അപ്ഡേറ്റ് അറിയാൻ മാർഗ്ഗമുണ്ടോ ?  ഞാൻ ഒരു മണിക്കൂർ സമയം ചോദിച്ചു. എബിയ്ക്ക് മെസ്സേജ് അയച്ചു. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ. അത് ടാർജറ്റ് പൂർത്തിയായി. ആ വെൽവിഷറിന് സഹായിക്കാൻ താല്പര്യമുണ്ടെങ്കിൽ ഏറ്റവും പുതിയ വീഡിയോ ക്ലിപ് അയക്കാം, അദ്ദേഹത്തോട് അതുമായി സഹകരിക്കാൻ പറയുക.

കഴിഞ്ഞു. എബി അതാണ്. ഒന്നിൽ നിന്ന് മറ്റൊന്നിലേക്കുള്ള തിരക്കിലാണ് അയാൾ എപ്പോഴും. ന്യായമെന്നും അർഹമെന്നും തോന്നുന്നത് എബി തന്റെ വാർത്തയ്ക്ക് വിഷയമാക്കും. അത് മനസ്സിൽ തറക്കുന്നത് പോലെ എബി പറഞ്ഞു ഫലിപ്പിക്കും. അത് കേട്ടവരിൽ കയ്യിൽ ഒന്നുമില്ലെന്ന് കള്ളം പറയാൻ മനസ്സാക്ഷി  സമ്മതിക്കില്ല. നാലുചുമരുകളും ദ്രവിച്ച തൂണുകൾ കൊണ്ട് നിലംപൊത്താൻ കാത്തുനിൽക്കുന്ന കൂരയാകാം. വാർദ്ധക്യത്തിലും കൈകാലുകൾ തളർന്ന മക്കളുടെ ദീനം മാറ്റാൻ വെപ്രാളപ്പെടുന്ന ഒരു പിതാവിന്റെ മാതാവിന്റെ ദുരവസ്ഥയാകാം. ആശ്രയമില്ലാതെ ആകാശം കുടയാക്കി കഴിയുന്ന  ഒരു വിധവയുടെ  നിലവിളിയാകാം. പാതിവഴിക്ക് പഠനം നിർത്തി ഇനിയെന്തെന്ന് ആലോചിക്കുന്ന ഒരു അനാഥന്റെ ദൈന്യതയാവാം. എബിക്ക് അതൊക്കെയാണ് വിഷയം. അതേ എബിക്ക് വിഷമായി എടുക്കാനും പറ്റുകയുള്ളൂ.

അബുദാബി കാഞ്ഞങ്ങാട് സൗഹൃദ വേദി എബി കുട്ടിയാനത്തെ ആദരിക്കുമ്പോൾ ആരുടേയും ശ്രദ്ധ പതിയാത്ത ഒരു കൂട്ടം അശരണരെയാണ് ആദരിക്കുന്നത് , ഉദാര മനസ്കരുടെ കാതുകളിയിലേക്ക് അവരുടെ നിലവിളി എത്തിച്ച ഒരു മാധ്യമ പ്രവർത്തനത്തെ കൂടിയാണ് ആദരിക്കുന്നത്.   എബിയുടേത് കവിമാനസ്സാണ്. ആർദ്രതയാണ് കവിമനസ്സിലെ സൂക്ഷിപ്പ്. അരികിൽ ചേർത്ത് നിർത്താൻ ആരുമില്ലെന്ന് പരിതപിക്കുന്നവരുടെ അടുത്തെത്താൻ എബിയെ സജ്ജമാക്കുന്നതും ആത്മ ധൈര്യം നൽകുന്നതും ഈ കവി മനസ്സ് തന്നെയായിരിക്കാം . കാലം കാത്തിരിക്കുന്നതും ഇത്തരം മാധ്യമപ്രവർത്തകരെ തന്നെയാണ്.

No comments:

Post a Comment