Sunday, 31 July 2016

ആഗസ്ത് വഴി പോകുമ്പോൾ ..... / അസ്‌ലം മാവില

ആഗസ്ത് വഴി പോകുമ്പോൾ .....

അസ്‌ലം മാവില

നാളെ ആഗസ്ത് തുടങ്ങുന്നു. ചില ആഗസ്ത് വിശേഷങ്ങൾ   ഇവിടെ പങ്ക് വെക്കുന്നു. ഇന്ത്യയ്ക്ക് സ്വാന്തന്ത്ര്യം കിട്ടിയതടക്കം ഒരു പാട് പ്രത്യേകതകൾ ആഗസ്റ്റിനുണ്ട്.

ലോകമനഃസാക്ഷിയെ ഞെട്ടിച്ച 1945-ലെ ആറ്റംബോംബ് വർഷം ഉണ്ടായത് ഒരു ആഗസ്റ്റിലാണ്. ഹിരോഷിമയിൽ ബി-29 എന്ന പേരിലുള്ള ബോംബർ ആഗസ്ത് 06-ന് ഭൂമിയിൽ ആപതിച്ചു. നാഗസാക്കിയിൽ ആഗസ്ത് 09-നും. മൊത്തം 1,75,000 പേർ തൽക്ഷണം മരണത്തിനു കീഴടങ്ങി. അത്ര തന്നെയോ അതിലധികമോ പേർ തുടർന്ന് നരകയാതന പേറി മരണപ്പെട്ടു. ജപ്പാൻ ബോംബ് വർഷത്തിന് കൃത്യം 06  കൊല്ലം മുമ്പാണ് ആൽബർട്ട് ഐൻസ്റ്റീൻ അമേരിക്കൻ പ്രസിഡന്റ് ഫ്രാങ്ക്‌ലിൻ റൂസ്‌വെൽറ്റിനു ഒരു കത്തെഴുതുന്നത് - അതിലെ ഉള്ളടക്കം ''Mr . President , A single bomb of this type carried by boat and exploded in a port, might very well destroy the whole port together with some of the surrounding territory. (ഈ തരത്തിലുള്ളവ (ആറ്റമിക് ആയുധങ്ങൾ)വയിൽ ഒന്ന് ബോട്ടിൽ ഘടിപ്പിച്ചു ഒരു തുറമുഖത്ത് സ്ഫോടനമുണ്ടാക്കിയാൽ,  സമീപ പ്രദേശമടക്കം തുറമുഖം മുഴുവനും നാശനഷ്ടമുണ്ടായേക്കാം ).  ആറ്റംബോംബ് വർഷിക്കാൻ അമേരിക്ക ഹിരോഷിമയിലെ  തുറമുഖം തെരഞ്ഞെടുത്തതും യാദൃശ്ചികമല്ലെന്നർത്ഥം.

ഒരു പക്ഷെ ലോകത്തിന്റെ ചിത്രം തന്നെ മാറ്റിമറിയാൻ കാരണമായ ഇറാഖിന്റെ  കുവൈറ്റ് അധിനിവേശവും ഒരു ആഗസ്റ്റിലാണ് - 1990.  അമിത പെട്രോൾ ഉത്പാദനം നടത്തുകയും മാർക്കറ്റിൽ വിലയിടിച്ചു ഇറാഖിനെ സാമ്പത്തികമായി തകർക്കാൻ ശ്രമിക്കുകയും ചെയ്യുകയാണ് കുവൈറ്റെന്നും  ഞങ്ങളുടെ ചരിത്ര വായനയിൽ കുവൈറ്റ് ഇറാഖിന്റെ ഭാഗമാണെന്നും പറഞ്ഞാണ് അന്ന് സദ്ദാം ഹുസ്സൈൻ രാത്രിക്ക് രാമാനം കുവൈറ്റിൽ നുഴഞ്ഞു കയറിയത്. തുടർന്ന് നടന്ന 100 മണിക്കൂർ സഖ്യകക്ഷി യുദ്ധം.  അത് കഴിഞ്ഞു  നടന്ന സംഭവവികാസങ്ങൾ.  സദ്ദാം വധം. തുടർന്ന് ഇന്ന് വരെ നടന്നു  കൊണ്ടിരിക്കുന്ന പ്രഹേളികകൾ !ഒരാൾക്കും ഒരുത്തരവും കിട്ടാത്തത്.

75 വർഷത്തെ സോവ്യറ്റ് യൂണിയന്റെ പതനം തുടങ്ങിയതും ആഗസ്റ്റിൽ, 1991. ഗോര്ബച്ചേവിനെതിരെ നടക്കുന്ന അട്ടിമറി. അന്ന് ജനാധിപത്യ നവീകരണ വാദിയെന്ന് അറിയപ്പെട്ടിരുന്നു യെൽസ്റ്റിൻ  72 മണിക്കൂറിനുള്ളിൽ   തീവ്രകമ്മ്യൂണിസ്റ്റ് വിഭാഗത്തിന്റെ അട്ടിമറിയെ അതിജീവിച്ചു മുന്നേറുന്നു. തുടർന്ന് അധികാരത്തിലെത്തുന്നു. അതെ വര്ഷം ഡിസംബറോടു കൂടി സോവ്യറ്റ് യൂണിയന്റെ ശൈഥില്യം   പൂർത്തിയാകുന്നു.  ലോക ശീതയുദ്ധ വിരാമത്തിനും അമേരിക്കയുടെ ഒറ്റയാൻ മേൽക്കോയ്മയ്ക്കും ആ സംഭവ വികാസങ്ങൾ മതിയായ കാരണങ്ങളുമായി.

നൂറ്റാണ്ടിലെ രാഷ്ട്രീയ ഇതിഹാസം നെൽസൻ മണ്ടേലയെ വർണവിവേചനഅധികാരികൾ  അറസ്റ്റ് രേഖപ്പെടുത്തുന്നതും ഒരു ആഗസ്റ്റിലാണ്, 1962. അഞ്ചു  വർഷം തടവ് ആദ്യം.അകത്തും പുറത്തുമുള്ള   മണ്ടേലയെ ഭയന്ന് 1964-ൽ   ഭരണകൂട അട്ടിമറി ശ്രമമാരോപിച്ചു ജീവപര്യന്തം തടവ് ശിക്ഷ. 1980-കളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടങ്ങി വെച്ച മണ്ടേല അനുകൂല നീക്കങ്ങൾ ഭരണകൂടത്തിന്റെ  കാരിരുമ്പ്നിയമത്തെ അതിജയിക്കാൻ കാരണമായി. 1993-ൽ 27 വർഷത്തെ ഇരുട്ടറ ജീവിതത്തിൽ നിന്നും എഴുപത്തിഒന്നാം വയസ്സിൽ  സ്വാതന്ത്ര്യത്തിന്റെ വിഹായസ്സിലേക്ക്... ( 1996 -ൽ  ദമാസ്‌ ജ്വല്ലറി & ഡയമണ്ട്സ്ന്റെ അതിഥിയായി ദുബായിലെ ന്യൂ ഗോൾഡ് സൂഖ് ബിൽഡിങ്ങിലെ അഡ്മിനിസ്ട്രേഷൻ ഓഫീസിൽ അദ്ദേഹമെത്തിയതും കൂട്ടത്തിൽ ഓർക്കുന്നു  ). പിന്നെ കണ്ടത് മണ്ടേല യുഗം. ഒരു വെളുപ്പിലും വെളുപ്പാൻ കാലത്തും കാണാത്ത പ്രകാശം ആ കറുത്ത മുത്തിൽ...

നൂറ്റാണ്ടുകൾ  ദർശിച്ച അത്യാപത്തുകളിൽ ഒന്നായ സർവ സംഹാരിയായ അഗ്നിപർവ്വതം (ഒരു പക്ഷെ ചരിത്രത്തിൽ തന്നെ വലുത്) പൊട്ടിയതും ആഗസ്റ്റിൽ. രണ്ടായിരം മൈലുകൾക്കപ്പുറം അതിന്റെ ശബ്ദ വീചിയെത്തി. 120 അടി ഉയരത്തിൽ ഉരുത്തിരിഞ്ഞ അതിന്റെ വേലിയേറ്റ തരംഗങ്ങൾ 37000 -ൽ അധികം പേരുടെ ജീവൻ കവർന്നു. അഞ്ചു ക്യൂബിക് (ഘനമാനം) മൈൽ വിസ്താരം ഭൂമിയാണ് പുറത്തേക്ക് തെറിച്ചത്, അതും 50 മെയിൽ ഉയരത്തിൽ ! ഭൂമിക്കടിയിലെ അതിഭയാനകമായ ക്രോധം ജീവജാലങ്ങൾ കണ്ടത് ആഗസ്ത് 26, 1883.

1947 ആഗസ്ത് 15. ഒരു ജനതയുടെ ആഗ്രഹാഭിലാഷങ്ങൾക്ക് പ്രതീക്ഷ നൽകി ഇന്ത്യക്കാരന്റെ പ്രിയപ്പെട്ട മാസം വന്നതും ആഗസ്റ്റിൽ. ജനാധിപത്യം ശ്വസിക്കാനും അനുഭവിക്കാനും പറയാനും പ്രവർത്തി പഥത്തിൽ കൊണ്ട് വരാനും നമുക്ക് സ്വാതന്ത്യ്രം ലഭിച്ച മാസം.

സെപ്റ്റമ്പറിന്റെ വർത്തമാനവുമായി വരുന്നത് വരെ എന്നെ കാത്തിരിക്കൂ ....

ഉപകാരപ്പെടുന്നതെങ്കിൽ share ചെയ്യുക . Browse  www.RTpen.blogspot.com 

No comments:

Post a Comment