Saturday 13 August 2016

അനുസ്മരണം / പള്ളിച്ചാന്റെ മമ്മദുൻച്ച / അസ്‌ലം മാവില

അനുസ്മരണം

പള്ളിച്ചാന്റെ മമ്മദുൻച്ച

അസ്‌ലം മാവില


അങ്ങിനെ പറഞ്ഞാലാണ് എല്ലാവരും  അറിയുക. പഴയ തലമുറയിൽ അങ്ങിനെ ഒരു പരിചയപ്പെടുത്തലുണ്ട്. ഇന്നത് മാറിമാറി ഇല്ലാതാകുന്നുവെന്നത് വേറെകാര്യം.  മമ്മദുൻച്ച ഇന്നില്ല.  ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് അദ്ദേഹം നമ്മോട് വിടപറഞ്ഞത്, അല്ലാഹുവിന്റെ വിളിക്കുത്തരം നൽകി പൊയ്‌പോയത്. ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഹൂൻ. അദ്ദേഹത്തിന്റെ പരലോക മോക്ഷത്തിനും സ്വർഗ്ഗലബ്ദിക്കും വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കാം.

നാട്ടിൻപുറത്തുള്ള ഒരു സാധാരണക്കാരനെ കുറിച്ച്  എഴുതാൻ  എനിക്ക് എപ്പോഴും സന്തോഷമേയുള്ളൂ. പഴയതലമുറയിൽ പെട്ടവരെ കുറിച്ചാകുമ്പോൾ പ്രത്യേകിച്ചും. മർഹൂം മുഹമ്മദ്‌കുഞ്ഞി സാഹിബ് സാധാരണക്കാരിൽ ഒരു സാധാരണക്കാരനാണ് എന്ന് നമുക്ക് തോന്നുമെങ്കിലും എന്റെ അനുസ്മരണ കുറിപ്പ് അവസാനിക്കുമ്പോൾ അങ്ങിനെ അല്ലല്ലോ എന്ന് നിങ്ങൾ  ഒരുപക്ഷെ തിരുത്തുകയും ചെയ്‌തേക്കും.

കഷ്ടിച്ച് ഒരാഴ്ചയുടെ എമർജൻസി വെക്കേഷന് ഇക്കഴിഞ്ഞ മെയ് ആദ്യം നാട്ടിൽ  വന്നപ്പോൾ മാത്രം എനിക്ക് അദ്ദേഹത്തെ കാണാൻ സാധിച്ചില്ല. അല്ലാത്തപ്പോഴൊക്കെ കാണുകയും ക്ഷേമമന്വേഷിക്കുകയും ചെയ്യാറുണ്ടായിരുന്നു. അങ്ങിനെയൊന്നും അദ്ദേഹം സംസാരിക്കാറില്ല. കുറഞ്ഞ വാക്കുകൾ.  നിറഞ്ഞ ചിരിയിൽ നാട്ടിൻപുറത്ത്കാരന്റെ നിഷ്കളങ്കത എന്നോട് വാക്കുകൾ ഇല്ലാതെ സംസാരിക്കും. ഞാൻ മുമ്പ് എഴുതിയിരുന്ന ''കുട്ടിക്കാല കുസൃതി''കളിൽ എന്റെ പ്രിയപ്പെട്ട മമ്മദുൻച്ചയും ഇടയ്ക്കിടക്കും കടന്നും വരുമായിരുന്നു. ആ സ്നേഹനിധിയായ കാരണരുടെ ആഖിറ വിജയത്തിന്  വേണ്ടി വീണ്ടും ദുആ: ചെയ്യുന്നു.

പള്ളിച്ചാന്റെ മമ്മദുൻച്ചാനെ 1990 കളിൽ  വരെ അറിയാത്തവർ  ആരെങ്കിലും പടലയിൽ ഉണ്ടെങ്കിൽ  അയാൾ നാട്ടുകാരൻ മാത്രമല്ല, ''വല്യ നെല'' ഇല്ലാത്തവൻ  കൂടിയാണ് എന്ന് പറയേണ്ടി വരും.  അദ്ദേഹമായിരുന്നല്ലോ നമ്മുടെ വലിയ പള്ളിയിലെ മുഅദ്ദിൻ ഇൻ വെയ്റ്റിംഗ്. വലിയ പള്ളിയിൽ വരുന്ന ഏത് മുഅദ്ദിനും നാട്ടിലേക്ക് അവധിക്ക് നാട്ടിൽ  പോകുമ്പോൾ മമ്മദുൻചാനെയാണ് തങ്ങളുടെ ഉത്തരവാദിത്വം ഏൽപ്പിക്കുക. അദ്ദേഹത്തെ അത് ഏൽപ്പിച്ചാലേ മുഅദ്ദിന്മാർക്ക് സമാധാനമുള്ളൂ. തിരിച്ചു വരുന്നത് വരെ ഒരു സെക്കന്റ് വ്യത്യാസമില്ലാതെ അദ്ദേഹം തന്റെ മാധുര്യമേറിയ ശബ്ദം കൊണ്ട് വിശ്വാസികൾക്ക് നമസ്കാര സമയം അറിയിക്കും. ആദരണീയരായ ബിലാലിന്റെ (റ .അ ) വഴി തെരഞ്ഞെടുക്കുക എന്നത് ചെറിയ കാര്യമല്ലല്ലോ. (  നമ്മുടെ നാട്ടിലെ നടക്കുന്ന സമ്മേളനങ്ങളിൽ സംബന്ധിക്കാൻ അതിഥികളായി വരുന്ന അറബികൾ ബാങ്ക് വിളിക്കാൻ താല്പര്യം കാണിക്കുന്നത് അനുഭവസ്ഥർ പറയാറുണ്ട്, ഞാൻ കണ്ടിട്ടുമുണ്ട്  ). അത് പോലെ പള്ളി വളരെ വൃത്തിയായി സൂക്ഷിക്കുകയും ചെയ്യും. പള്ളിയുടെ മാറാല വൃത്തിയാക്കാൻ ഞങ്ങളെ പോലുള്ള കുട്ടികളെ അദ്ദേഹം തമാശയിൽ പൊതിഞ്ഞ വാക്കുകൾ കൊണ്ട് പ്രോത്സാഹിപ്പിക്കുമായിരുന്നു.

പള്ളിയുമായി അദ്ദേഹം എപ്പോഴും ബന്ധം ഉണ്ടാക്കിയിരുന്നു. കാദിർഞ്ഞി ഹാജാർച്ച, കുട്ടിച്ച, കുഞ്ഞാങ്കുട്ച്ച, പാൽത്തടക്കം മമ്മസ്ച്ച  ഈ ഒരു ടീം,  അന്നൊക്കെ  എല്ലാ വഖ്ത്തിനും  പള്ളിയിൽ വന്ന്ഖുർആൻ പാരായണം ചെയ്യുന്നത് കാണാം. അതിലും പള്ളിച്ചാന്റെ മമ്മദുൻചാനെ കാണാറുണ്ട്. പത്ത് മുപ്പത് വര്ഷം മുമ്പത്തെ ഓർമ്മയിൽ നിന്നാണ് ഇത് ഞാൻ  എടുത്തെഴുതുന്നത്. അന്നൊക്കെ പള്ളിയിലായിരുന്നു നോമ്പ് തുറ സജീവമായിരുന്നത് .  മമ്മദുൻച്ച അതിനൊക്കെ നേരത്തെ തന്നെ പള്ളിയിൽ വന്ന് സൗകര്യം ഉണ്ടാക്കും.   ഞങ്ങൾ കുട്ടികൾക്കൊക്കെ കാരക്കയുടെ ചീള്, കദളി  പഴം മുറിച്ചത്, കാസ്കിസ്‌ സർബത് ഇതൊക്കെ കിട്ടിയോ എന്ന് മമ്മദുൻച്ച ഉറപ്പ് വരുത്തുമായിരുന്നു. ഖബർ കുഴിക്കുന്നതിനു നേതൃത്വം വഹിച്ചവരിലും മമ്മദുൻചാനെ കാണാം.

നന്നായി അദ്ധ്വാനിക്കും. അന്നൊക്കെ  ഈ മാസങ്ങളിൽ  അദ്ദേഹം  സ്‌കൂളിന്റെ വടക്ക് ഭാഗത്തുള്ള റോഡിനു അപ്പുറമായി ''നാട്ടിക്കായ്'' നടുന്ന തിരക്കിലായിരിക്കും. മൺസൂൺ പച്ചക്കറി കൃഷി.  ഞങ്ങൾ ഹൈസ്‌കൂൾ ക്ലാസ്സ് മുറിയിൽ ഇരുന്നു അതൊക്കെ കൗതുകത്തോട് കൂടി  നോക്കുന്നത് ഓർമ്മയിൽ തികട്ടി തികട്ടി വരുന്നു.

അബൂബക്കർ, അന്ത, ബഷീർ, ഷംസുദ്ദീൻ, സീതി എന്നിവരെ എനിക്കറിയാം. അന്ത എന്റെ മൂത്തപെങ്ങളുടെ ക്‌ളാസ് മെറ്റ്. സീതി ഞങ്ങളുടെ സലീമിന്റെ കൂടെ പഠിച്ചവൻ.  ഒരു മകളെയും എനിക്ക്  അറിയാം അദ്ലൻച്ചാന്റെ ഭാര്യയെ.  മർഹൂം   പി.കെ. അബൂബക്കർ, മർഹൂം  കൊപ്പളം അദ്ലൻച്ച, മർഹൂം സീതിച്ച എന്നിവരാണ് എന്റെ ഓർമ്മയിലെ അദ്ദേഹത്തിന്റെ സഹോദരങ്ങൾ. പരേതയായ മറിയുമ്മ, ദൈനബി, ആയിഷ, ഖദീജ എന്നിവർ സഹോദരിമാരും.

അദ്ദേഹത്തെയും നമ്മുടെ മാതാപിതാക്കളെയും നമ്മെയും അല്ലാഹു സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടുമാറാകട്ടെ, ആമീൻ.


No comments:

Post a Comment