Monday 8 August 2016

‘’തണലോരം 87’’ - 29 വർഷത്തിനു ശേഷം വീണ്ടുമവർ സ്‌കൂൾ മുറ്റത്ത്....


‘’തണലോരം 87’’
29 വർഷത്തിനു ശേഷം വീണ്ടുമവർ
സ്‌കൂൾ മുറ്റത്ത്....

പരിപാടിയിൽ കവി സാൻമാവിലയ്ക്ക് സ്നേഹാദരം
http://www.kasargodvartha.com/2016/08/patla-school-osa-meet.html

പടല : 29 വര്ഷം മുമ്പ് അവർ പടല ഗവ: സ്‌കൂളിലെ വിദ്യാർത്ഥികളായിരുന്നു. 1986 -87 ബാച്ചിലെ കുട്ടികൾ അച്ചടക്കത്തോട് കൂടി  അധ്യാപകരുടെ മുന്നിൽ ബ്ളാക്ക് ബോർഡിന് അഭിമുഖമായി അവസാനം ക്ലാസ്സിൽ ഇരുന്നത് 1987-ൽ . ഇരുപത്തൊമ്പത് വർഷം പോയ്മറഞ്ഞത് അവരറിഞ്ഞില്ല. കാലം അവരിൽ പ്രായത്തിന്റെ പക്വത ഇപ്പോൾ തീർത്തിരിക്കുന്നു. അവർക്ക് ഒന്ന് കൂടി ഒത്തുകൂടണമെന്നു തോന്നി. അതിനായി രാവും പകലും തിരക്ക് മാറ്റിവച്ചു ഒരുങ്ങി. കഴിഞ്ഞ ശനിയാഴ്ച സ്‌കൂൾ മുറ്റത്തു അവർ ഒത്തുകൂടി.  പുസ്തകങ്ങൾക്ക് പകരം അവരുടെ കൂടെ പൊന്നുമക്കൾ.

ആനന്ദ കണ്ണീർ പൊഴിഞ്ഞ  നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കുവാൻ അവരുടെ അധ്യാപകരും കുടുംബവും പ്രായത്തിന്റെ പ്രയാസം മറന്നു സ്‌കൂൾ മുറ്റത്തെത്തി. സംഘാടകർ അവർക്ക് ആദരവ് നൽകി സ്വീകരിച്ചു.  അക്ഷരങ്ങളും അക്കങ്ങളും പഠിപ്പിച്ച തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരുടെ മുമ്പിൽ അവർ വിനീതരായ ശിഷ്യരായി. പഴയ സഹപാഠികളെ പരസ്പരം കണ്ടപ്പോൾ കളിതമാശകൾ പറയാൻ ഓർമ്മകൾ പിന്നിലേക്കോടി. മക്കളെ പരിചയപ്പെടുത്താനും പരിചയപ്പെടാനും  അവർക്ക് തിടുക്കമായി.

. സാംസ്കാരിക സദസ്സ് ബക്കർ മാഷിന്റെ  അധ്യക്ഷതയിൽ പടല സ്‌കൂൾ  ഒ.എസ്.എ സ്ഥാപക  ജനറൽ സെക്രട്ടറി എച്. കെ. അബ്ദുൽ റഹിമാൻ മാസ്റ്റർ ഉത്‌ഘാടനം ചെയ്തു. പടല ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ പി.ടി.എ. പ്രസിഡന്റ് കെ. സൈദ്, എസ് .എം. സി. ചെയർമാൻ സി.എച്. അബൂബക്കർ,   ഹെഡ്മിസ്ട്രസ്സ് കുമാരി ടീച്ചർ,  അബ്ബാസ് മാസ്റ്റർ, കുഞ്ഞിരാമൻ മാസ്റ്റർ, നാരായണൻ മാസ്റ്റർ, പെരിയ നാരായണൻ മാസ്റ്റർ,  അബ്ദുൽ റഹിമാൻ മാസ്റ്റർ, രമേശ് ദാസ് മാസ്റ്റർ, സാൻ മാവില എന്നിവർ സദസ്സിൽ സന്നിഹിതരായി.  ആദ്യകാല പി.ടി.എ. പ്രസിഡന്റിനെയും പഴയകാല അധ്യാപകരെയും  സാംസ്കാരിക പ്രവർത്തകരെയും കായിക രംഗത്ത് മികവ് പുലർത്തിയവരെയും  അർഹിക്കുന്ന രീതിയിൽ  ആദരിച്ചും  സ്നേഹോപഹാരങ്ങൾ നൽകിയും സാംസ്കാരിക സദസ്സ്ധന്യമാക്കി. കുമ്പള അഷറഫ് സ്വാഗതവും ടി.എം. അഷറഫ് നന്ദിയും പറഞ്ഞു. അബ്ദുറഹിമാൻ പി.ബി. പ്രമേയം അവതരിപ്പിച്ചു.

കവി സാൻ മാവിലയെ ''തണലോരം''  സദസ്സിനു പരിചയപ്പെടുത്തി. ''യാത്രാമൊഴി''  എന്ന തന്റെ കവിതയും സാൻ സദസ്സിനെ കേൾപ്പിച്ചു. പ്രസ്തുത സദസ്സിൽ നടത്താൻ നിശ്ചയിച്ചിരുന്ന സാനിന്റെ  രണ്ടാമത്തെ കവിതാ സമാഹാരം (''തീ'' ) പ്രകാശനം പുസ്തകത്തിന്റെ പണി  പൂർത്തിയാകാത്തത് കൊണ്ട് നടന്നില്ല.  പകരം പ്രസ്തുത പുസ്തകത്തിന് ആർട്ടിസ്റ്റ് നഫീസ ഫഹീമ വരച്ച കവർ ചിത്രത്തിന്റെ പ്രകാശനം എഴുത്തുകാരനും ആക്ടിവിസ്റ്റുമായ പെരിയ നാരായണൻ മാസ്റ്റർ നിർവഹിച്ചു. ''തീ'' പ്രകാശനം  ഒക്ടോബറിൽ കാസർകോട് വെച്ച് വിപുലമായ ചടങ്ങിൽ വെച്ച് നടക്കുമെന്ന് അറിയിച്ചു.

പഴയകാല അധ്യാപകരായ രാംദാസ്നഗർ  കുഞ്ഞിരാമൻ മാസ്റ്റർ, മായിപ്പാടി നാരായണൻ മാസ്റ്റർ, പെരിയ നാരായണൻ മാസ്റ്റർ,  അബ്ദുൽ റഹിമാൻ മാസ്റ്റർ, രമേശ്ദാസ് മാസ്റ്റർ തുടങ്ങിയവരെ ചടങ്ങിൽ ''ഗുരുവാദരം'' നടത്തി. ദീർഘകാലം പടല ഗവ. സ്‌കൂളിൽ പി.ടി.എ. പ്രസിഡന്റായിരുന്ന അബ്ബാസ് മാസ്റ്ററെയും തണലോരം ആദരിച്ചു. സുബ്രതോ കപ്പ് റണ്ണേഴ്‌സ് അപ്പായ പടല ഗവ. സ്‌കൂളിൾ ടീമിനെ തണലോരം  അനുമോദിച്ചു.

രാവിലെ പത്ത് മണിക്ക് ആരംഭിച്ച തണലോരം വൈകുന്നേരം വരെ നീണ്ടു നിന്നു. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ സൗഹൃദ മത്സരങ്ങൾ  പരിപാടിക്ക് കൊഴുപ്പ് കൂട്ടി. കസേരകളി, ഹെൽത് ടിപ്സ്, ഗായകൻ അഷ്ത്താഫിന്റെ നേതൃത്വത്തിൽ ഗാനമേള തുടങ്ങിയവയും നടന്നു. വർഷങ്ങൾക്ക് മുമ്പ് ഉച്ചക്കഞ്ഞിക്ക് പകരം സ്‌കൂളിൽ നൽകിയിരുന്ന ഗോതമ്പ് ഉപ്പുമാവ് (സജ്ജിഗെ) ഉണ്ടാക്കി സഹപാഠിനികൾ സഹപാഠിനികൾ  ഊണിനൊപ്പം നൽകിയത് ഏറെ കൗതുകമുണ്ടാക്കി. സ്‌കൂളിന് ഉപഹാരം നൽകിയും സ്‌കൂൾ മുറ്റത്തു ''ഓർമ്മതൈ''  നട്ടും വൈകുന്നേരത്തോടെ നിറകണ്ണുകളോടെ പിരിഞ്ഞു.

 കൊയപ്പാടി ഹനീഫ്, അഷ്‌റഫ് തൃക്കണ്ടം, സൂപ്പി, കെ.എ . നാസർ, ബക്കർ മാഷ്, മൊഗർ റഹീം, സത്താർ, ശരീഫ് കുവൈറ്റ്, കെ.എസ് . ഉബൈദ്, കുതിരപ്പാടി നാരായണൻ, പി. മുനീർ, എഫ്. ഹമീദ്, ബി.എം. ഹാരിസ്, എസ്. മുഹമ്മദ് , കുമ്പള അഷ്‌റഫ്, ഷാഫി ബൂഡ്, അബ്ദുൾറഹിമാൻ പൊയ്യവളപ്പ്  അടക്കമുള്ള സജീവമായ ടീമാണ് തണലോരത്തിനു നേതൃത്വം നൽകിയത്.









No comments:

Post a Comment