Wednesday 17 August 2016

അനുസ്മരണം / പ്രിയപ്പെട്ടവരിൽ പ്രിയപ്പെട്ടവനായ മജൽ റഹീം / അസ്‌ലം മാവില

പ്രിയപ്പെട്ടവരിൽ പ്രിയപ്പെട്ടവനായ മജൽ റഹീം

അസ്‌ലം മാവില




റഹീം എന്നെക്കാളും മൂന്നോ നാലോ വയസ്സ് കൂടുതൽ ആയിരിക്കും. ഞാൻ കാണുമ്പോൾ തന്നെ റഹീം നല്ല തടിയുള്ള വ്യക്തിയാണ്. അധിക കാലവും പ്രവാസ ജീവിതമായിരുന്നു നയിച്ചത്. മുംബയിൽ ഏറ്റവും കൂടുതൽ പ്രവാസ ജീവിതം നയിച്ച അഞ്ചെട്ടു പേരുടെ കൂട്ടത്തിൽ റഹീമും ഉണ്ടാകും.

കഴിഞ്ഞ റമദാനിൽ ഒരു നോമ്പ് ദിനത്തിലെ വൈകുന്നേരമാണല്ലോ റഹീമിനെ രക്ഷിതാവ് അവന്റെ സന്നിധിയിലേക്ക് തിരിച്ചു വിളിക്കുന്നത്. അസർ നമസ്ക്കാരം കഴിഞ്ഞു. ചെറിയ അസ്വാസ്ഥ്യം. കണ്ണാടി പള്ളിയിലെ ഒരു മൂലയിൽ ആരോടും പറയാതെ ഇരുന്നതാണ്. നോമ്പിന്റെ അസ്വാസ്ഥ്യമാകാമെന്ന കണ്ടു നിന്നവരുടെ സംശയത്തിനിടയിൽ റഹീം പടച്ചവൻ അയച്ച മാലാഖമാരുടെ കൂടെ നോമ്പോട് കൂടി പൊയ്‌പോയി. അപ്രതീക്ഷിതമായ ആ വേർപാടിൻറെ  വാർത്ത ശരിക്കും ഞെട്ടലുണ്ടാക്കി. അന്ന് ശരിക്കും പടല കരയുകയായിരുന്നു.  

റഹീമിന്റെ മരണ വാർത്ത കേട്ട് സീതിച്ചാന്റെ അസ്‌ലം വാക്കുകൾ മുഴുമിപ്പിക്കാനാകാതെ പൊട്ടിക്കരയുന്നത് മനസ്സിൽ നിന്ന് വിട്ടുമാറുന്നില്ല.  അങ്ങിനെ എത്രയെത്ര പേർ കരഞ്ഞിരിക്കും. കാരണം എല്ലാവർക്കും റഹീം വേണ്ടപ്പെട്ടവനായിരുന്നു. സി.പി. അടക്കമുള്ള വാട്ടസ്ആപ് ഗ്രൂപ്പുകളിൽ റഹീം നിശബ്ദ സാന്നിധ്യമായിരുന്നല്ലോ. എന്റെ വോയിസുകൾ താല്പര്യപൂർവ്വം റഹീം കേൾക്കാറുണ്ടെന്ന് നാട്ടിൽ പോയപ്പോഴാണ് അറിഞ്ഞത്. ഏറ്റവും അവസാനം എന്റെ കൂടെ റഹീം കുറെ സമയം ഉണ്ടായത് ഇക്കഴിഞ്ഞ വർഷം കുഞ്ചാറിൽ എനിക്ക് ഒരു സ്ഥലം കാണിക്കാൻ ആയിരുന്നു. ആ ദിവസവും നല്ല ഓർമ്മയുണ്ട്. 14 ഡിസംബർ, ഒരു തിങ്കളാഴ്ച. അന്ന് വൈകുന്നേരമായിരുന്നു എനിക്ക് സഊദിയിലേക്കുള്ള മടക്കടിക്കറ്റ്. ഗൾഫിലേക്ക് ഇങ്ങോട്ടു പോകുന്നതിന്റെ തിരക്ക് പറഞ്ഞിട്ട് പോലും റഹീം എന്നോടുള്ള താല്പര്യം കൊണ്ട് നിർബന്ധിച്ചാണ് കൂട്ടിക്കൊണ്ട് പോയത്. ഒരു മണിക്കൂറിലധികം സമയം  എന്റെയും മകന്റെയും കൂടെ റഹീം അന്നുണ്ടായിരുന്നു. പിന്നെ റഹീമുമായി നേരിൽ അങ്ങിനെ ദീർഘ നേരം സംസാരിക്കാൻ അവസരം ലഭിച്ചില്ല.

പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് എന്നോടാണ് റഹീമിന് കൂടുതൽ അടുപ്പമെന്ന്. ചോദിച്ചവരോടൊക്കെ അവർക്ക് അതേ പോലുള്ള മറുപടിയായിരുന്നു. റഹീം അങ്ങിനെയാണ് എല്ലാവരോടും അടുപ്പം കാണിക്കും. അടുത്തവരാരും റഹീമിൽ നിന്ന് അകലുകയുമില്ല. പതിഞ്ഞേ സംസാരിക്കൂ. കൈ കട്ടിലിലോ മറ്റോ കുറച്ചു ഊന്നി ജാഗ്രതയോടു കൂടിയാണ്  മിണ്ടുക. കൂടുതലും അദ്ദേഹത്തിന് കേൾക്കാനാണ് താൽപര്യം. അതൊരു വലിയ ഗുണമാണല്ലോ.

 ഗൾഫിലേക്കുള്ള പോക്കുവരവുകൾക്കിടയിൽ  ഇടത്താവളമായി 90-കളുടെ അവസാനം വരെ നാമധികവും തെരഞ്ഞെടുക്കുക ബോംബെ നഗരത്തെയാണല്ലോ. അന്നും നമ്മുടെ ആതിഥേയനായി റഹീം ഉണ്ട്. പോക്കിലും ഉണ്ട്.   വരവിലും ഉണ്ട്.   അതിരാവിലെ നാം ഉണരുന്നതിനു മുമ്പ് തന്നെ എവിടെയാണോ നാം താമസം അവിടെ ടാക്സി വിളിച്ചു  എത്തും. നമ്മുടെ അന്നത്തെ രാപാർക്കൽ ജമാഅത്തു റൂമിലാകാം, അല്ലെങ്കിൽ ഒരു ഹോട്ടൽ മുറിയിലാകാം, ഹോട്ടൽ മുറിയിലെ ഒരു ബെഡ് സ്പെയിസിലാകാം. ഒരു ഇരുത്തം വന്ന കാരണവരെ പോലെ റഹീം നമ്മുടെ കയ്യിലുള്ള രേഖകൾ പരിശോധിക്കും. ടിക്കറ്റ്, തിയ്യതി, പാസ്പോർട്ട്  വിസപേജ്, വിസയുടെ കോപ്പി എല്ലാം. വെറുപ്പിക്കാതെ കാര്യങ്ങൾ പറഞ്ഞു തരും. നമ്മുടെ വിമാനം റ്റെയ്ക് ഓഫ് ആയെന്ന് ഉറപ്പു വരുത്തി മാത്രമേ എത്ര തിരക്കുണ്ടെങ്കിലും പോലും റഹീം എയർ പോർട്ട് വിടൂ.  നാമൊരാവശ്യം പറഞ്ഞാൽ മതി, എന്തെങ്കിലും ഒന്ന്. അതൊരു പക്ഷെ വാങ്ങാൻ പലഹാരം, അല്ലെങ്കിൽ ഉടുപ്പ്, അല്ലെങ്കിൽ കളിപ്പാട്ടംവേറെന്തെങ്കിലുമൊന്ന് റഹീം അത് സ്വന്തം ആവശ്യം പോലെ ഏറ്റെടുക്കും.

കുറച്ചു വർഷങ്ങളായി റഹീം ബോംബെ വിട്ടിട്ട്. നാട്ടിലെ ശ്വാസോച്ഛാസങ്ങളോടൊപ്പം ശിഷ്ട കാലം ചെലവഴിക്കണമെന്നത് ഏതൊരു പ്രവാസിയുടെയും ആഗ്രഹമാണല്ലോ. പക്ഷെ, പടച്ചതമ്പുരാന്റെ തീരുമാനം നേരത്തെ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. അതിന് മാറ്റമുണ്ടാകില്ലല്ലോ. റഹീം ജീവിച്ചു തീരാതെ അങ്ങിനെ അല്ലാഹുവിന്റെ സമക്ഷത്തിലെത്തുകയും ചെയ്തു. അരുമ മകൾക്ക് വേണ്ടി താൻ കണ്ടുറപ്പിച്ചു വെച്ച  പുയ്യാപ്ലയുടെ കയ്യിൽ  അവളെ ഏൽപ്പിക്കാൻ നിശ്ചയിച്ച ദിവസം വരുന്നത്പോലും കാത്തു നിൽക്കാതെ റഹീം പോയ്മറഞ്ഞത്.

റഹീമിന് നാല് മക്കളുണ്ട്. എല്ലാവരുടെയും പേരെനിക്കറിയില്ല. ഒരു മോൻ, അബ്ദുല്ല, എന്റെ സാനിന്റെ കൂട്ടാണ്. ഒന്നിച്ചു ഇക്കുറി സാനിന്റെ കൂടെയാണ് അവൻ പത്താം ക്ലാസ് പരീക്ഷ എഴുതിയത്. റഹീമിന്റെ  ഉപ്പയും എനിക്ക് ഏറെ വേണ്ടപ്പെട്ട വ്യക്തിയായിരുന്നു. മജൽ  അദ്ലച്ച . അർഹിക്കുന്നതിലേറെ പരിഗണന എനിക്ക് നൽകി അദ്ദേഹം എന്നോട് സംസാരിക്കുമായിരുന്നു. കാലിക രാഷ്ട്രീയ, സാമൂഹ്യ വിഷയങ്ങളൊക്കെ സംസാരിക്കാൻ അദ്ദേഹം ഔത്സുക്യം കാണിച്ചിരുന്നു. മജൽ മുഹമ്മദ് കുഞ്ഞി ഹാജാർച്ച, അദ്ദേഹത്തിന്റെ മകൻ അബ്ദുല്ല ഹാജി, കാദരാജാർച്ചന്റെ അദ്‌ലന്ച്ച,  പിന്നെ മജൽ അദ്ലച്ച - ഈ നാൽവർ സംഘം ഇശാ നമസ്കാരം കഴിഞ്ഞു ഞങ്ങളുടെ വീടിന്റെ മുൻവശത്തുള്ള ഇടവഴിയിൽ കൂടിയായിരുന്നു നടന്നു പോയിരുന്നത്. അവരുടെ കൂടെ എല്ലാവരുടെയും പിന്നിലായി  റഹീമും ഉണ്ടാകും.  ആ വഴിയിലൂടെയുള്ള  അവരുടെ  കടന്നു പോക്കോടെ കൂടി ആ രാത്രിയിലെ  ടോർച്ചു ലൈറ്റുകളുടെ അവസാന മിന്നലാട്ടവും നിൽക്കും. ഞങ്ങൾക്കൊക്കെ അവരുടെ അനക്കവും ആൾപെരുമാറ്റവുമൊക്കെ നന്മയുടെ അടയാളങ്ങൾ കൂടിയായിരുന്നു.

റഹീമിന്റെ ഉപ്പ അബ്ദുല്ല മജൽ, ഉമ്മ  ആയിഷ.  സഹോദരങ്ങൾ ഷാഫി, ഹമീദ്,  കരീം,സഹീദ്, അഷ്‌റഫ്, അബ്ബാസ്, ഫാത്തിമത് സുഹറ

റഹീമിന്റെ നന്മകൾ എന്നും ബർസഖീ ജീവിതത്തിൽ കൂട്ടാകട്ടെ.  റഹീമിനെയും നമ്മിൽ നിന്ന് മരിച്ചു പോയ നമ്മുടെ മാതാപിതാക്കളെയും ബന്ധുമിത്രാദികളെയും അല്ലാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ.

No comments:

Post a Comment