Tuesday 31 January 2017

ഇ അഹമ്മദ് സാഹിബ് : ഇന്ത്യയുടെ യശസ്സ് വാനോളം ഉയർത്തിയ വിശ്വപൗരൻ /അസ്‌ലം മാവില

ഇ അഹമ്മദ് സാഹിബ് :
ഇന്ത്യയുടെ യശസ്സ് 
വാനോളം ഉയർത്തിയ 
വിശ്വപൗരൻ 


അസ്‌ലം മാവില 


ഇ. അഹമ്മദ് സാഹിബ് വിടവാങ്ങി. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ അഖിലേന്ത്യാഅധ്യക്ഷൻ മാത്രമല്ല, മത ന്യൂനപക്ഷങ്ങളുടെ മുഴുവൻ കരുത്തും ബലവുമാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ഇന്ത്യക്ക് നഷ്ടപ്പെട്ടത്. കർമ്മനിരതനായിരിക്കെയാണ് അദ്ദേഹത്തിന്റെ അന്ത്യം. അതും തന്നെ പറഞ്ഞയച്ച പാർലമെന്റ് മന്ദിരത്തിൽ സഭ നടന്നു കൊണ്ടിരിക്കെ. അസ്വാസ്ഥ്യമുണ്ടായിട്ടും അദ്ദേഹം സഭയിൽ എത്തി.  പൊതുജനം  ഏൽപ്പിച്ച ഉത്തരവാദിത്വം അദ്ദേഹത്തെ  ജനാധിപത്യത്തിന്റെ ശ്രീകോവിൽ എത്തിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾക്ക്  കക്ഷി ഭേദമന്യേ മന്ത്രിമാരും പാലർമെന്റംഗങ്ങളും എന്നും ആദരവ് നൽകിയിരുന്നു.  ഇന്നലെ രാവിലെ ഇന്ത്യൻ പ്രസിഡന്റ് പാർലമെന്റ് അഭിസംബോധന ചെയ്യവേ,  ഇ .അഹമ്മദ് സാഹിബ് ദേഹാസ്വാസ്ഥ്യം മൂലം തളർന്നു വീഴുകയായിരുന്നു. ഓർമ്മ വെച്ച നാൾമുതലുള്ള സേവനങ്ങളുടെ അവസാനത്തെ പുറത്തിനു വിരാമമിടാനും ജനങ്ങൾ  അദ്ദേഹത്തെ തെരെഞ്ഞെടുത്തയച്ച പാർലമെന്റ് മന്ദിരം ആയതും  ദൈവനിയോഗം ! ഇന്നാലില്ലാഹ് ...

ജനനം ഏപ്രിൽ 29,  1938. അഭിഭക്തകണ്ണൂരിൽ.  മാതാപിതാക്കൾ പരേതരായ  അബ്ദുഖാദർ ഹാജി, നഫീസ ബീവി.  തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്ന് ബിരുദം. തിരുവനന്തപുരം ഗവഃ ലോ കോളേജിൽ നിന്നും നിയമത്തിൽ ബിരുദം. നീണ്ട  43 വര്ഷം അദ്ദേഹം  നിയമസഭാംഗം , ലോകസഭാംഗമെന്ന നിലയിൽ പൊതുജീവിതത്തിൽ തിളങ്ങി നിന്നു.   കേരള നിയമസഭയിലേക്ക് 1967, 1977, 1980, 1982,  1987 എന്നീ വർഷങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ടു.  കരുണാകരൻ മന്ത്രിസഭയിൽ (1982-1987) അദ്ദേഹം വ്യവസായവകുപ്പ് മന്ത്രി.  1971 -1977 കാലയളവിൽ കേരള സർക്കാർ  ഗ്രാമവിൿസന ബോർഡിന്റെ സ്ഥാപക ചെയർമാൻ കൂടിയായിരുന്നു. മൂന്ന് വര്ഷം അദ്ദേഹം കണ്ണൂർ മുൻസിപ്പൽ ചെയർമാൻ പദവിയും വഹിച്ചിട്ടുണ്ട്. 

1991, 1996, 1998, 1999, 2004 , 2009, 2014  വർഷങ്ങളിൽ അദ്ദേഹം ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.  നിലവിൽ  അദ്ദേഹം മലപ്പുറം ലോകസഭാമണ്ഡലത്തെ പ്രതിനിധാനം ചെയ്യുകയായിരുന്നു. . 2004 -2014 കാലയളവിൽ അദ്ദേഹം  മൻമോഹൻ സിങ് മന്ത്രിസഭയിൽ വിദേശകാര്യം, റെയിൽവേ, മാനവവിഭവം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തു.   വിദേശകാര്യം, റെയിൽവേ, ശാസ്ത്ര സാങ്കേതികം, പരിസ്ഥിതി, വനം, വ്യോമയാനം, ടൂറിസം, പൊതുകാര്യം തുടങ്ങി ഒട്ടേറെ പാർലമെന്ററി കമ്മറ്റികളിൽ അദ്ദേഹം അംഗമായിട്ടുണ്ട്.  മുസ്ലിം സമുദായത്തിനും മതന്യൂന പക്ഷങ്ങൾക്ക് വേണ്ടിയും അദ്ദേഹം പാർലമെന്റിൽ നടത്തിയ ഇടപെടലുകൾ ഭരണാധികാരികളുടെ കണ്ണുതുറപ്പിച്ചു. ന്യൂനപക്ഷവുമായി ബന്ധപ്പെട്ട ഒരു വിഷയവും അദ്ദേഹം പാർമെന്റിൽ ഒഴിവാക്കിയില്ല. രണ്ടായിരത്തി എട്ടു മുതൽ ഇ. അഹമ്മദ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റാണ്. 

 എഴുത്തുകാരൻ കൂടിയാണ് അദ്ദേഹം. ഇംഗ്ലീഷിലും മലയാളത്തിലുമുൾപ്പെടെ നാല് ഗ്രന്ഥങ്ങളുടെ കർത്താവാണ് അദ്ദേഹം. യാത്ര ഏറെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം ഔദ്യോഗികമായും അല്ലാതെയും ഒട്ടേറെ രാജ്യങ്ങൾ സന്ദർശിച്ചിരുന്നു. വളരെ നന്നായി യാത്രാവിവരണവും അദ്ദേഹം ആനുകാലികങ്ങളിൽ എഴുതുമായിരുന്നു.   ഗൾഫ് രാജ്യങ്ങളിൽ പൊതുമാപ്പ് കാലത്തു ആയിരക്കണക്കിന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുവാൻ ഇ. അഹമ്മ്ദ് നടത്തിയ നയതന്ത്രപരമായ ഇടപെടലുകൾ എക്കാലത്തും ഓർക്കപ്പെടും. 2004 ൽ ഇറാഖ് കലാപകാരികൾ ഇന്ത്യക്കാരെ തടങ്കലിൽ വെച്ചപ്പോൾ അവരെ മോചിപ്പിക്കാൻ ഇ. അഹമ്മദ് നടത്തിയ തന്ത്രപരമായ നീക്കങ്ങളും തുടർന്ന് നടന്ന മോചനവും ലോക മാധ്യമങ്ങളിൽ വരെ ശ്രദ്ധ നേടിയിരുന്നു. 

1986 ൽ മധൂർ പഞ്ചായത്തിലെ ഉളിയത്തടുക്കയിൽ മുസ്ലിം ലീഗ് പഞ്ചായത്ത് ആസ്ഥാനത്തിനു തറക്കല്ലിടാൻ വന്നപ്പോഴാണ് അദ്ദേഹത്തെ ഞാൻ ആദ്യമായി കാണുന്നത്. അന്നദ്ദേഹം വ്യവസായവകുപ്പ് മന്ത്രിയാണ്. ഏറ്റവും അവസാനം കാണുന്നത് ദുബായിൽ വെച്ചും.  ദുബായ് അൽഖൂസിൽ  ഒരേക്കറോളം സ്ഥലത്തു  ദുബൈ ഭരണാധികാരിയും യു.എ .ഇ. പ്രധാനമന്ത്രിയുമായ  ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ പത്നി  ഷെയ്‌ഖ ഹിന്ദ് ബിൻത് മക്തൂം ബിൻ ജുമാ അൽ മക്തൂം അനുവദിച്ചു നൽകിയ,   ഇന്ത്യൻ സമൂഹത്തിന്റെ സാംസ്കാരിക കേന്ദ്രവും ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ ആസ്ഥാനമന്ദിരവുമായ അൽമനാർ ഖുർആൻ സ്റ്റഡി സെന്ററിന്റെ ഉത്‌ഘാടനവേദിയിൽ വെച്ചും.  അന്നെനിക്ക് മീഡിയയുടെ ചെറിയ ഒരു  ഉത്തരവാദിത്തമുണ്ടായിരുന്നു. കേന്ദ്ര മന്ത്രിയും അംബാസിഡർമാരും രാജകുടുംബാംഗങ്ങളും ആയിരക്കണക്കിനു ഇന്ത്യക്കാരുമടങ്ങിയ ആ പ്രൗഢഗംഭീരമായ പരിപാടിയിൽ  അദ്ദേഹം  സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചത് ഒരു വിശ്വപൗരനെ പോലെയായിരുന്നു, ഇന്ത്യയിലെ സൗഹാർദ്ദത്തെയും സഹിഷ്ണുതയെയും കുറിച്ചും ആ വേദിയിൽ അദ്ദേഹമന്ന്  വാചാലനായി. 

ഇ. അഹമ്മദ് സാഹിബ് നിലനിർത്തിയ  ഈ വലിയ ഗുണം തന്നെയാണ് അദ്ദേഹത്തെ ഏറെ ശ്രദ്ധേയനാക്കിയതും ലോകപ്രശസ്തനാക്കിയതും.  1991 -2014 കാലയളവിൽ അദ്ദേഹം ഐക്യ രാഷ്ട്ര സഭയിൽ ഇന്ത്യൻ ശബ്ദമായിരുന്നു. ലോകം സാകൂതം അക്കാലങ്ങളിൽ ഇന്ത്യയെ കേട്ടത് ഇ. അഹമ്മദിൽ കൂടിയായിരുന്നു എന്ന് പറയുന്നതാകും കൂടുതൽ ശരി.  പത്തു തവണയാണ് അദ്ദേഹത്തെ ഇന്ത്യൻ ഭരണകൂടം ഐക്യരാഷ്ട്ര സഭയിലേക്ക് അയച്ചത്. ഏൽപ്പിച്ച ദൗത്യം വളരെ ഗൗരവപൂർവ്വം കൈകാര്യം ചെയ്തു.  മുംബൈ ഭീകരാക്രമണം  പാക്സിതാന്റെ സാന്നിധ്യം  ലോകത്തിന്റെ മുന്നിൽ തുറന്ന് കാട്ടാൻ ഐക്യരാഷ്ട്രസുരക്ഷാ സമിതിയിലേക്ക്  ഇന്ത്യ അയച്ചത് ഇ.  അഹമ്മദിനെയായിരുന്നു. 

ലോക നേതാക്കളുമായി സമ്പർക്കം പുലർത്താനും ബന്ധങ്ങൾ നിലനിർത്താനും ഇന്ത്യയുടെ യശസ്സ് വാനോളം ഉയർത്താനും ഇ അഹമ്മദെന്ന ലോമേക്കർ ചെയത സേവനം കാലങ്ങളോളം സ്മരിക്കപ്പെടും, തീർച്ച. ന്യൂനപക്ഷങ്ങൾക്ക് വേണ്ടി അദ്ദേഹം നടത്തിയ ശ്രദ്ധേയമായ ഇടപെടലുകളും അങ്ങിനെ തന്നെ.  വീക്ഷണവ്യത്യാസം പുലർത്തിയിരുന്ന എല്ലാവരുമായും അദ്ദേഹം എപ്പോഴും നല്ല സൗഹൃദം പുലർത്തിയിരുന്നുവെന്നതായിരുന്നു ഇ. അഹമ്മദ് സാഹിബിന്റെ ഏറ്റവും വലിയ ഗുണങ്ങളിൽ ഒന്ന്. രാഷ്രീയത്തിലായായും മതത്തിലായാലും. അദ്ദേഹത്തിന്റെ പരലോക ജീവിതവിജയത്തിനായി അകമഴിഞ്ഞ് പ്രാർത്ഥിക്കാം. ബാഷ്പാഞ്ജലികൾ !

No comments:

Post a Comment