Sunday 1 January 2017

കഥ / അസീസ്‌ പട്ള

കഥ,

ഒരിടത്തൊരു ദ്വീപുണ്ടായിരുന്നു, മല്‍സ്യബന്ധനവും, കൃഷിയുമായിരുന്നു  മുഖ്യ വരുമാന മാര്‍ഗ്ഗം, അവിടത്തെ രാജാവും പ്രജകളും വളരെ സന്തുഷ്ടരായിരുന്നു.

ആയിടയ്ക്കാണ് അയല്‍രാജ്യങ്ങളിലെ വെള്ളപ്പൊക്കത്തില്‍ ഒരുപാടുപേര്‍ നീന്തിയും, ഒഴുകിയും ഒരുവിധം രക്ഷപ്പെട്ടു ഈ ദ്വീപിലെത്തുന്നത്, ആദ്യമാദ്യം പ്രശ്നങ്ങളൊന്നുമില്ലാതെ കാലങ്ങള്‍ കടന്നു പോയി...മത്സ്യം കുറഞ്ഞുവന്നു, കൃഷിനാശം കൊണ്ട് വിളവും കുറഞ്ഞു, ചുരുക്കത്തില്‍ അരപ്പട്ടിണി.

രാജാവ് തീരുമാനിച്ചു, വിളംബംരം ചെയ്തു.. ഈ ദ്വീപിലേക്ക് അയല്‍രാജ്യത്തു നിന്നു എല്ലാവരും തിരിച്ചു പോകണം, സൌജന്യമായി കപ്പലും ഏര്‍പ്പെടുത്തി, ആരും പോയില്ല., അവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ഒന്നൊന്നായി വെട്ടിച്ചുരുക്കി..പിന്നെയും തഥൈവ.

മന്ത്രി രാജവിനോട് ഒരു കാര്യം ഉണര്‍ത്തി, ഇങ്ങനെ പോയാല്‍ പച്ചയും ഉണക്കും ഒന്നിച്ചു കത്തും.. നാടും നാട്ടാരും അവര്‍ക്ക് വേണ്ടി മരിക്കും.. എനിക്കൊരുപായം തോന്നുന്നു, നമ്മുടെ യുവാക്കളെക്കൊണ്ട് കാണുന്നടുത്തു വെച്ചു അവരെ ആവോളം പ്രഹരിക്കാന്‍ പറയാം...... സഹികെട്ട് പുറത്തിറ ങ്ങാതെയാവും, അന്യായം വന്നാല്‍ നമ്മള്‍ ഗൌനിക്കണ്ട.


കുറെ ആലോചിച്ചു രാജാവ്‌ സമ്മതിച്ചു, കുറച്ചു യുവാക്കള്‍ക്ക് പരിശീലനവും കൊടുത്തു, പറഞ്ഞതുപോലെ സൂത്രം ഫലിച്ചു.
ഓരോരുത്തരായി കുടുംബസമേതവും, അല്ലാതെയും തോണിയിലും മറ്റുമായി അവിടന്ന് രക്ഷപ്പെട്ടു.. ഈ സമയം മുഴുവന്‍ യുവാക്കളും ഗുണ്ടകളായി, ഒരു ദിവസം ഒരാളെയെങ്കിലും അടിക്കാതെ ഉറക്കം വരാത്ത അവസ്ഥയായി.

അയല്‍ രാജ്യക്കാര്‍ എല്ലാരും പോയിക്കഴിഞ്ഞപ്പോള്‍ പിന്നെ പോര് അവര്‍ തമ്മിലായി...അവസാനം രാജാവിന്‍റെ നേരെ തിരിഞ്ഞു...രാജ്യം പിടിച്ചടക്കി രാജാവിനെയും മന്ത്രിയെയും തുറങ്കിലടച്ചു, ഗുണ്ടാതലവന്‍ രാജാവായി !!

ഗുണപാഠം

രാജ്യത്തിനു  നേതൃത്തം കൊടുക്കേണ്ട ഭരണാധികാരികള്‍ തത്വദീക്ഷയില്ലാത്ത ഭരണം കാഴ്ച വെച്ചാല്‍ ഇതായിരിക്കും ഗതി.


അസീസ്‌ പട്ള 

No comments:

Post a Comment