Saturday 28 January 2017

എന്റെ വായന / കാട്ടുമുല്ലകൾ / അസ്‌ലം മാവില

എന്റെ വായന

കാട്ടുമുല്ലകൾ

അസ്‌ലം മാവില

ഗംഭീരം ! ഫാബുലസ് ! കട്ടുമുല്ലകൾ കേട്ടപ്പോൾ നിങ്ങളോടൊപ്പം എനിക്കും അങ്ങിനെ പറയാൻ തോന്നുന്നു. എല്ലാം കൊണ്ടും ശ്രോതാക്കളെ ഈ നാടകം തൃപ്തിപ്പെടുത്തുന്നു. ഓരോരുത്തർക്കും ഇതിന്റെ ക്രഡിറ്റുണ്ട്. അഭിനയ ഖത്തർ നാടക സംഘം ടീമിനെ മനസ്സ് നിറയെ അഭിനന്ദിക്കാൻ മടിക്കേണ്ടതില്ല.

വളരെ പ്രൊഫഷണലായ സ്റ്റുഡിയോ (സൈഗാസ് സ്റ്റുഡിയോ) ആണ്  ശബ്ദലേഖനവും ശബ്ദ മിശ്രിതവും നടത്തിയിരിക്കുന്നത്. രചന, സംവിധാനം ചെയ്തത് വിഷ്ണുരവിയും. അദ്ദേഹം തന്നെയാണ്  സൂപ്പർ നാടകഗാനങ്ങളുടെ രചനയും നിർവ്വഹിച്ചിട്ടിട്ടുള്ളത്. രാഹുൽ മാത്രാടന്റെ സംഗീത സംവിധാനം അവയ്ക്ക് മാറ്റുകൂട്ടുകയേ ചെയ്തിട്ടുള്ളൂ. രാഹുലിന്റെ കൂടെ ഗാനമാലപിച്ച രാജേഷും പശ്ചാത്തല സംഗീതമൊരുക്കിയ രാഗേഷും പയ്യന്നൂർക്കാർ തന്നെ.  നാടകത്തിന്റെ ഗ്രിപ്പ് ഇപ്പോഴും വടക്കൻ മലബാറുകാർക്ക് സ്വന്തമെന്ന് തോന്നിപ്പോയി ഈ നാടകവും കേട്ടാസ്വദിച്ചപ്പോൾ.

രയ്ക്കണ്ണനാണ് ഇതിലെ മുഖ്യകഥാപാത്രമെങ്കിലും, ഒരു കഥാപാത്രവും അപ്രധാനമല്ല.  മുത്തിക്ക് വേണ്ടി ഒരുക്കൂട്ടുന്ന രായ്ക്കണ്ണനെയാണ് നഗരത്തിൽ നിന്ന് പണദുര മൂത്തു ആളെപ്പിടിക്കാൻ കാട് കയറി വടക്കൻ മലയിലേക്ക് യന്ത്ര വണ്ടിയിൽ മൂന്ന് മനുഷ്യ പിശാചുക്കൾ വന്നിരിക്കുന്നത്, മാർക്കോസും ശ്രീധറും കാസിമും.  ഇടക്കിടക്ക് കാസിം ''സെന്റി'' ആകുന്നതൊഴിച്ചാൽ എല്ലാവരും കാട്ടുമക്കളുടേത് മാത്രമല്ല മുഴുവൻ ജീവരാശിയുടെയും  ശത്രുക്കൾ തന്നെ.

വളരെ വളരെ മനോഹരമായ കാടിന്റെ പശ്ചാത്തലമൊരുക്കിയാണ് നാടകം തുടങ്ങുന്നത് തന്നെ! ഒരു ജീവിയുടെയും ശബ്ദം ഒഴിവുമല്ല. ചീവിട് (മണ്ണെട്ടെ) മുതൽ കൊമ്പനാനവരെ അതിലുണ്ട്. എല്ലാം നമുക്ക് അനുഭവവേദ്യമാകുന്നത് പോലെയാണ് രാഗേഷ്  പശ്ചാത്തലശബ്ദം  കൈകാര്യം ചെയ്തിട്ടുള്ളത്.കുളക്കോഴി, കാട്ടുകോഴി, കാട്ടുപോത്ത്, കുയിൽ, കുരുവി,  ആട് ഒന്നും ബാക്കിയില്ലല്ലോ. കുരുവിയുടെ നാദം കാട്ടുമക്കൾക്ക് ശുഭലക്ഷണമാണ് പോൽ !  നിലാവുള്ള രാത്രിയെ പറയുമ്പോഴും മീൻപിടിക്കാൻ രയ്ക്കണ്ണനും രായിയാനും കറുമ്പനും തണുത്തവെള്ളത്തിൽ  കാലിറക്കി ഇറങ്ങുമ്പോഴും തണുപ്പ് ഇപ്പോഴും വിട്ടുമാറാത്ത യാമ്പുവിൽ ഇരുന്നു കൊണ്ട് എനിക്ക് ആസ്വദിക്കാൻ പറ്റും. കൈയെത്താൻ ദൂരത്തുള്ള ചെങ്കടലിൽ നിന്നും നിർത്താത്ത അടിച്ചു വീശുന്ന മരം കോച്ചുന്ന തണുത്തകാറ്റിൽ റോഡരികിലേക്ക്നടന്നു വരുമ്പോൾ  ഇന്നത്തെ പ്രഭാതത്തിൽ കേട്ട നാടകം,  രായ്ക്കണ്ണനെക്കാളും കൂടുതൽ  തണുപ്പ് എനിക്കാണ്  നൽകിയത്.

കാട്ടുമക്കളുടെ ഉത്സവ രാത്രിയിലാണ് ആ മൂന്ന് മനുഷ്യപിശാച്ചുക്കൾ കാടിന്റെ മക്കളെ പിടിക്കാൻ എത്തുന്നത്. വടക്കൻ മലയുടെ അടിവാരത്തിലെ മരപ്പൊത്തിൽ നിന്ന് കിട്ടിയ  ഇളം തേൻ വരെ എല്ലാവര്ക്കും പകുത്ത് നൽകിയിട്ടും ഒരല്പം തന്റെ മുത്തിക്ക് സൂക്ഷിച്ചു വെക്കുന്ന രായ്ക്കണ്ണൻ സ്നേഹത്തിന്റെയും പ്രേമത്തിന്റെയും അനുരാഗത്തിന്റെയും സർവ്വസ്വമാണ്. മുത്തിയുടെ നെഞ്ചകത്തിൽ നിന്നാണ് ആ പിശാചുക്കൾ രായ്ക്കണ്ണനെ പറിച്ചെടുത്തത്, അലമുറയിട്ടു നിലവിളിച്ചു ഓടുന്ന അമ്മയുടെ മോനെയാണ് അവർ കെട്ടിക്കൊണ്ട് പോയത്.  തയ്യാറാക്കിയ കൊള്ളിപോലും പിന്നെക്കഴിക്കാമെന്ന് പറഞ്ഞാണല്ലോ അവൻ ഉത്സവനാളിൽ പോലും അമ്മയ്ക്കും മുത്തിക്കും വേണ്ടി  മീൻപിടിക്കാൻ പോയത്.

കാട്ടുമക്കൾക്ക് പ്രതിരോധശേഷി കൂടുതലാണ്, അവരുടെ പഞ്ചേന്ദ്രിയങ്ങൾക്ക് പതിന്മടങ്ങ് പ്രതികരണ ക്ഷമതയും കൂടുതലാണ്. അതിന്റെ പൊരുൾ അറിയാനാണ് വിദേശികൾ ഗവേഷണകേന്ദ്രത്തിൽ പിഎച്ച്ഡിക്ക് തയ്യാറാകുന്നത്. അത് പഠിക്കാൻ അവർക്ക് വേണ്ടത് ജീവനുള്ള കാട്ടുമക്കളെയും. വിദേശികൾക്ക് മാമാ പണിയെടുക്കുന്നതോ ,  തവിട്ടു  സായിപ്പൻമാരായ മാർക്കോസ്-ശ്രീധർ-കാസിമുമാരും ! ആസ്വദിക്കണം, പണം വേണം, അതിനാരുടെ ജീവിതം കവർന്നെടുത്താലും അവർക്ക് പ്രശ്നമില്ല.

ഇടറിയ ശബ്ദത്തിൽ പശ്ചാത്തലത്തിൽ   ''താനതിന താനാ ..തിന തെയ്യാരം താനോ'' എന്ന മലമ്പാട്ട് നാടകാവസാനം മെല്ലെമെല്ലെ അവരോഹണത്തിൽ തീരുമ്പോൾ കാടിന്റെ ദീനരോദനമായാണ് നമ്മുടെ കാതുകളിൽ ദീർഘനേരമത്  അസ്വാരസ്യവും അസ്വസ്ഥതയുമുണ്ടാക്കുന്നത്.

വീണ്ടും ഭേഷ്, നന്നായിരിക്കുന്നു ഈ നാടകം. കേൾക്കാത്തവർക്ക് ധൈര്യത്തിൽ കേൾക്കാം, കേട്ടവർക്ക് അതൊന്നുകൂടിയാകാം. 

No comments:

Post a Comment