Wednesday, 25 January 2017

റിപ്പബ്ലിക് ദിനചിന്തകൾ / അസ്‌ലം മാവില

റിപ്പബ്ലിക് ദിനചിന്തകൾ 

അസ്‌ലം മാവില 


http://www.kvartha.com/2017/01/republic-day-thoughts.html

ഒരു റിപ്പബ്ലിക്ക് ദിനം കൂടി ഇന്ന് എത്തി. ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിന് ഒരു പാട് പ്രത്യേകതകളുണ്ട്. ജാനാധിപത്യത്തിലൂന്നിയ ഒരു രാഷ്ട്രസംവിധാനത്തിലധിഷ്ഠിതമായ ഒന്നാണ് അതിലേറ്റവും പ്രധാനം. അവിടെ ജനങ്ങളുണ്ട്, ജനങ്ങൾ തെരെഞ്ഞെടുത്ത ജനപ്രതിനിധികളുണ്ട്, അധോസഭയും ഉപരിസഭയുമുണ്ട്; വ്യത്യസ്‍ത സംസ്കാരങ്ങൾ ഉൾക്കൊള്ളുന്ന സംസ്ഥാനങ്ങളുണ്ട്; അവിടെ നിയമസഭകളുണ്ട്. വ്യത്യസ്ത ഭാഷ, വേഷം, മതം, ജാതി, ഉപജാതി, ഗോത്രം, വർഗ്ഗം, സംസ്കാരം എല്ലാം ഉൾക്കൊള്ളുന്നതാണ് ഇന്ത്യ.  ചുരുക്കത്തിൽ ഭരണാധികാരികൾക്കും പ്രജകൾക്കും ഏറെ ഉത്തരവാദിത്തമുള്ള ഒരു രാഷ്ട്രസംവിധാനമാണ് നമുക്കുള്ളത്. 

ചിലതൊക്കെ  നമ്മെ  ഇപ്പോഴും വ്യാകുലപ്പെടുത്തുന്നുണ്ടോ ? അവ അന്വേഷിക്കേണ്ടതും പരിഹാരം കാണേണ്ടതും പ്രജകളല്ല; ഭരണാധികാരികളാണ്. കുട്ടികൾ, സ്ത്രീകൾ, പാർശ്വവൽക്കരിക്കപ്പെട്ടവർ, മത-ഭാഷാ ന്യൂനപക്ഷങ്ങൾ, കീഴ്ജാതിക്കാർ, കർഷകർ, ദരിദ്രനാരായണന്മാർ ഇവർ ഇന്നും പഴയ നിലയിൽ തന്നെയാണോ ? അതോ അതിലും പരിതാപകരമായ പ്രയാസങ്ങളാണോ അനുഭവിക്കുന്നത് ? അവർക്ക് കൂടി സമത്വവും സുരക്ഷിതത്വവും ജീവിത സൗകര്യങ്ങളും നിലനിൽക്കുന്ന ഒരു സാഹചര്യം ഒരുക്കുന്നതിൽ മാറിമാറി വരുന്ന ഭരണകർത്താക്കളും കുഞ്ചിക സ്ഥാനങ്ങളിൽ ഇരിക്കുന്ന ഉന്നത ബ്യുറോക്രാറ്റുകളും എത്രത്തോളം താല്പര്യമെടുത്തിട്ടുണ്ട് ? ശ്രമിച്ചിട്ടുണ്ടെങ്കിൽ  എത്രത്തോളം വിജയിച്ചിട്ടുണ്ട് ? 

ഭരണഘടനാആഘോഷത്തിന്റെ ഭാഗം കൂടിയാണല്ലോ നമുക്ക് റിപ്പബ്ലിക് ദിനം. ആ ഭരണഘടന വിഭാവനം ചെയ്‍തത് ഓരോ ഇന്ത്യൻ പൗരനും കരഗതമായിട്ടുണ്ടോ ? നമുക്ക് ലഭിക്കേണ്ട അവകാശങ്ങൾ അനുഭവിക്കാൻ ഇനിയും അനുമതിയുണ്ടോ ? അതല്ല അതുപോലും നാൾക്കുനാൾ ഭരണകൂടസഹായത്തോടെ നമുക്ക് നിഷേധിക്കപ്പെടുകയാണോ ? പ്രാഥമിക വിദ്യാഭ്യാസവും പ്രാഥമികസൗകര്യങ്ങളും (വെളിയിരിക്കൽ ഉൾപ്പെടെ) ഇന്നും ലഭ്യമല്ലാത്ത എത്ര പ്രദേശങ്ങളും സംസ്ഥാനങ്ങളുണ്ട് ! ഭക്ഷ്യസുരക്ഷാ സംവിധാനം പോലും ഏട്ടിലെ പശുവല്ലേ ! ജീവനും സ്വത്തിനും സംരക്ഷണം നൽകുവാൻ നാം തെരഞ്ഞെടുക്കുന്ന ഭരണ നേതൃത്വങ്ങൾക്ക് സാധിക്കുന്നുണ്ടോ ? സുരക്ഷയോടുള്ള യാത്ര പോലും ഇന്നും ആശങ്കാജനകമല്ലേ ? ഇഷ്ടഭക്ഷണം പോലും വെച്ചുവിളമ്പാൻ നമുക്ക് അനുമതിയുണ്ടോ ? നാം അദ്ധ്വാനിച്ചുണ്ടാക്കിയ പണം പോലും വലിച്ചെടുക്കാൻ ഇന്നും തെരുവോരങ്ങളിൽ നിലയ്ക്കാത്ത  ക്യൂവിലാണല്ലോ ! എഴുത്തുകാരും ബുദ്ധിജീവികളും മനുഷ്യസ്‌നേഹികളും ഇച്ഛിക്കാത്ത അഭിപ്രായങ്ങൾ പറഞ്ഞതിന്റെ പേരിൽ ''ശത്രുലിസ്റ്റി''ലാണല്ലോ. അഭിപ്രായ സ്വാതന്ത്ര്യവും മതസ്വാതന്ത്രയും ചോദ്യം ചെയ്യപ്പെടുന്ന രീതിയിലേക്ക് കാര്യങ്ങൾ നീങ്ങുന്നുവോ ?  

ഒരു സാധാരണ പൗരൻ ഇത്തരം ചോദ്യങ്ങൾ മുന്നോട്ട് വെക്കുക തികച്ചും സ്വാഭാവികം. കാരണം, നാം അനുഭവിക്കുന്നത് നമ്മുടെ പ്രപിതാക്കൾ ഇറ്റിറ്റു വീഴ്ത്തിയ വിയർപ്പ് കൊണ്ടാണ് . അതാരുടെയും ഓശാരമല്ല. അവരുടെ സ്വപ്‌നങ്ങൾ വരും തലമുറകളുടെ ക്ഷേമവും ഐശ്വര്യവുമായിരുന്നു. ആ ക്ഷേമവും ഐശ്വര്യവും പ്രജകൾക്ക് ഉണ്ടാക്കിത്തരാനാണ് ഭരണാധികാരികൾ. അതിനു വേണ്ടിയായിരുന്നു ഭരണഘടനാ ശിൽപികൾ ആഗ്രഹിച്ചതും. 

ശ്രീ പിണറായി വിജയൻ തന്റെ റിപ്പബ്ലിക് ദിനാശംസയിൽ ആശങ്കയോടെ നോക്കിക്കണ്ട  ഒരു സന്ദേഹമുണ്ട് - നമ്മളെന്നും അവരെന്നും ജനങ്ങളെ വേർതിരിക്കാനുള്ള ശ്രമം. അത്തരം ശ്രമങ്ങളെ ചെറുക്കാൻ ഒരു മുഖ്യമന്ത്രി എന്നനിലയിലും ഇടതുപക്ഷ സഹയാത്രികൻ എന്ന നിലയിലും അദ്ദേഹം പൗരന്മാരെ  ആഹ്വാനം ചെയ്യുന്നുണ്ട്. പ്രബുദ്ധസംസ്ഥാനമെന്നു പേരുകേട്ട കേരളത്തിന്റെ ഭരണാധികാരിയാണ് ഇത് പറയുന്നത് എന്നത് കൊണ്ട് തന്നെ ആ ആശങ്കയ്ക്ക്  തീർച്ചയായും ആധികാരികതയും വർദ്ധിക്കും. അത്തരം ഇരുണ്ടു കൂടിയ ആകാശത്തെ ആശങ്കയോടെ കാണാനും സൂചനകൾ നൽകാനും മാത്രമല്ല, അവ ഇല്ലായ്മ ചെയ്യാനും നാം (നമ്മളല്ല, അവരുമല്ല) മുന്നോട്ട് വരിക എന്നത് ഓരോ പൗരന്റെയും ബാധ്യതാണ്. റിപ്പബ്ലിക് ദിനത്തിൽ നമ്മുടെ പ്രതിജ്ഞയും ഇതായിരിക്കട്ടെ. ആശംസകൾ, ഇന്ത്യ എന്നും വിജയിക്കട്ടെ. 

No comments:

Post a Comment