Thursday, 26 January 2017

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം : അക്ഷരം സ്നേഹിക്കുന്നവർ അണിനിരക്കുക / അസ്‌ലം മാവില


General Education Protection Mission 2017
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം :
അക്ഷരം സ്നേഹിക്കുന്നവർ അണിനിരക്കുക

http://www.kvartha.com/2017/01/join-public-education-drive.html

അസ്‌ലം മാവില


ചില ഉദ്യമങ്ങൾ (missions) നമ്മുടെ മനസ്സിൽ ഒരുപാട് കാലം തങ്ങി നിൽക്കും. ഒരു ഉദാഹരണം സമ്പൂർണ്ണ സാക്ഷരത. ഒരു കാലത്തു നമ്മുടെ നാട്ടിൻപ്രദേശങ്ങളിലടക്കം സാക്ഷരത തന്നെയായിരുന്നു സംസാരവിഷയം.  പ്രസ്തുത വിഷയം  ലോകത്തെമ്പാടും  ചർച്ചചെയ്തെന്നും ഇപ്പോഴും ചർച്ച ചെയ്തുകൊണ്ടിരിക്കുന്നുവെന്നതും തൊഴിലന്വേഷണത്തിന്റെ ഭാഗമായി വിദേശ രാജ്യങ്ങളിൽ പോയപ്പഴാണ് ഞാനൊക്കെ മനസ്സിലാക്കുന്നത്. അന്നത്തെ  ഇന്ത്യയിലെ  മൊത്തരം സാക്ഷരതയുടെ കണക്ക് ലോകത്തിന്റെ മുന്നിലുണ്ട്. അത്കൊണ്ട് കേരളത്തിലെ സാക്ഷരതാ യജ്ഞം  എല്ലാവരും  അത്ഭുതത്തോടെയാണ്നോക്കി കണ്ടത്. സമ്പൂർണ്ണ സാക്ഷരതാ മിഷൻ മലയാളത്തിനും മലയാളിക്കും  നൽകിയ പോപ്പുലാരിറ്റി അത്ര വലുതായിരുന്നു.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞവും വെറും ഒരു പ്രതിജ്ഞ ചൊല്ലലിൽ മാത്രമൊതുക്കാതെ അതിന്റെ സത്തയുൾക്കൊണ്ടുകൊണ്ട് പൊതുജനപങ്കാളിത്തത്തോടെ മുന്നോട്ട് കൊണ്ട് പോകാൻ  ഒരുമിച്ചു ശ്രമിക്കുകയാണെങ്കിൽ തീർച്ചയായും ആവറേജിനപ്പുറമുള്ള  ഔട്ട്പുട്ടാണ് നമ്മെ കാത്തിരിക്കുന്നത്.

അറിഞ്ഞിടത്തോളം GEP മിഷന്റെ ( General Education Protection Mission)  ഉദ്ദേശ ലക്ഷ്യങ്ങൾ ഇവയാണ് :  പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കുക, വിദ്യാലയങ്ങൾ ലഹരി വിമുക്തമാക്കുക,  സ്കൂളുകളിൽ ഹരിതനിയമാവലി (Green Protocol) നടപ്പാക്കുക.

പൊതുവിദ്യാലയങ്ങളാണ് മലയാളത്തിന്റെ ഉയിരും ഊർജവും.  ഇന്ന് നിലനിൽക്കുന്ന മലയാളിയുടെ രാഷ്ട്രീയ സാക്ഷരതയ്ക്കും സഹവർത്തിത്ത്വമനോഹഭാവത്തിനും സാമൂഹിക-സാംസ്കാരിക  ഇടപെടലുകൾക്കും പൊതുവിദ്യാലയങ്ങൾ നൽകിയ പങ്ക് ചെറുതല്ല. ഏറ്റ-ചെറുപ്പമില്ലാതെ എല്ലാവരെയും ഒന്നായി കാണാനുള്ള മഹത്തായ സന്ദേശം  ഈ പള്ളിക്കൂടങ്ങളാണ് നമുക്ക് നൽകിയത്, ആ ക്യാംപസുകളാണ്  അതിനു വഴിവെച്ചത്.  

പൊതു വിദ്യാലയങ്ങൾ ഇന്ന് അവഗണിക്കപ്പെടുകയാണോ ? മതിയായ പരിഗണന നാമാരും പൊതുവിദ്യാഭ്യാസത്തിനു വെച്ച് നൽകുന്നില്ലേ ?  അങ്ങിനെയാണെങ്കിൽ   മികവിന്റെ കേന്ദ്രങ്ങളായി പൊതു വിദ്യാലയങ്ങളെ മാറ്റിയെടുക്കാന്‍ കൂട്ടായ ശ്രമം നടത്തേണ്ടതല്ലേ ?

പൊതുവിദ്യാലയങ്ങളിലെ നിലവിലുള്ള പോരായ്മകൾ കണ്ടറിഞ്ഞു പരിഹരിക്കുന്നതോടൊപ്പം മറ്റേത് വിദ്യാലയങ്ങളെക്കാളും കിടപിടിക്കുന്ന വിധത്തിൽ   മികച്ച രീതിയിൽ ഇൻഫ്രാസ്‌ട്രെച്ചർ സൗകര്യമൊരുക്കുവാൻ  വിദ്യാഭ്യാസ വകുപ്പിന്റെയും സർക്കാരിന്റെയും ഭാഗത്തു നിന്നുമുണ്ടാകുമ്പോഴാണ് നടേ പറഞ്ഞ മിഷൻ ലക്‌ഷ്യം പ്രാപിക്കുകയുള്ളൂ. ഒപ്പം  ഒരു നാടിന്റെ കൂട്ടായ മനസ്സും പ്രയത്നവും അതിന്റെ ഓജസ്സ് വർധിപ്പിക്കും.

വിദ്യാലയ വികസന പദ്ധതി തയാറാക്കല്‍, സ്മാര്‍ട്ട്  ക്ളാസ് മുറികള്‍, ഹൈടെക് വിദ്യാലയങ്ങള്‍, ഇംഗ്ളീഷ് പഠനത്തിനായി പ്രത്യേക പദ്ധതികള്‍, ഭാഷ-ശാസ്ത്ര-ഗണിത പഠനത്തിനായി പ്രത്യേക പദ്ധതികള്‍, ജൈവവൈവിധ്യ ഉദ്യാനം എന്നീ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു പൊതു വിദ്യാഭ്യാസ മേഖല വീണ്ടുെടപ്പിന് തയാറാകുന്നുവെന്ന് മിഷന്റെ പത്രക്കുറിപ്പിൽ പറയുന്നുണ്ട്.  ഉത്തരവാദപ്പെട്ട വകുപ്പിൽനിന്നുള്ള ഈ പ്രസ്താവന വളരെ ഗൗരവത്തോട് കൂടിയാണ് വിദ്യാഭ്യാസ പ്രവർത്തകരും രക്ഷിതാക്കളും പൊതുജനവും നോക്കിക്കാണുന്നത്.

പത്തിരുപത്തഞ്ച് വർഷം മുമ്പുള്ള സാഹചര്യമല്ല ഇന്ന് കേരളത്തിൽ പ്രത്യേകിച്ചുള്ളത്. സൗകര്യങ്ങൾ തേടിയാണ് രക്ഷിതാക്കൾ തങ്ങളുടെ മക്കളെ പഠനത്തിന് അയക്കുന്നത്. ഓട്ടയുള്ള മേൽക്കൂരയും കൈകാൽ പൊളിഞ്ഞ ബഞ്ചും ഡസ്കും കാറ്റ് മാത്രം വരുന്ന വാട്ടർ ടാപ്പും ഒരുകോപ്പുമില്ലാത്ത ലാബും കണ്ടാൽ  ഇന്നത്തെ കുട്ടികൾ ആ ഭാഗത്തേക്ക് മുഖം തന്നെ കാണിക്കില്ലെന്ന് അധികൃതർക്ക്  തിരിച്ചറിവുണ്ടാകണം.  തൊട്ടടുത്ത് സർക്കാർ സ്‌കൂൾ ഉണ്ട്. അധ്യാപകരുമുണ്ട്. സർക്കാരേതരസ്‌കൂളുകളിലുളളതിനേക്കാൾ മികച്ച ഫാക്കൽറ്റിയാണ് ഇവിടെയുള്ളതെന്നുമറിയാം. പക്ഷെ, എന്തോ ചിലതിന്റെ കുറവുകളാണ് രക്ഷിതാക്കളെ മുറ്റത്തെ പൊതു വിദ്യാലയങ്ങളിൽ നിന്ന് മാറ്റിനിർത്തുന്നത്. ആ ''എന്തോ ചിലതുകൾ'' എന്താണെന്ന്  എല്ലാവർക്കുമറിയാം. അവയ്‌ക്കുള്ള പരിഹാരം കൂട്ടായി  കാണാനായാൽ തീർച്ചയായും ഈ മിഷൻ വിജയിക്കുമെന്നതിന് തർക്കമില്ല.

കുട്ടികളുടെ പഠന പാഠ്യേതര വിഷയങ്ങൾക്ക്  മുൻ‌തൂക്കം നൽകി അവരുടെ അഭിരുചികൾ കണ്ടറിഞ്ഞു മുന്നോട്ട് പോകാൻ അധ്യാപക-രക്ഷാകർത്താക്കൾ പരിശ്രമിക്കേണ്ടതുണ്ട്. അനുഭവസ്ഥരായ വിദ്യാഭ്യാസ വിചക്ഷണരുടെ ഇടപെടലുകളോട് കൂടി ഒരു   student centered  വിദ്യാഭ്യാസം നടപ്പിലാക്കുവാനും ആവശ്യമെങ്കിൽ നിലവിലുള്ള school -manualൽ കാതലായ മാറ്റം വരുത്തുവാനും ബന്ധപ്പെട്ടവർ തയ്യാറാകേണ്ടതുണ്ട്.

സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളെ ആകർഷിക്കണമെങ്കിൽ ഭഗീരഥപ്രയത്നം ചെയ്യാൻ ആദ്യം മുൻകൈ എടുക്കേണ്ടത് ഇന്നത്തെ സാഹചര്യത്തിൽ ഒന്നാമതും രണ്ടാമതും   അധ്യാപകരും തുടർന്ന് നാട്ടുകാരുമാണ്, അതേത് പ്രദേശത്തെ  സ്‌കൂളാണെങ്കിലും.  അച്ചടക്കം ആദ്യം തുടങ്ങേണ്ടത് സ്വജീവിതത്തിൽ  അധ്യാപകരായിരിക്കണം. ഏറ്റവും മികച്ച ട്രെയിനിങ്ങുകളാണ് ഓരോ അധ്യയനവർഷവും സർക്കാർ ചെലവിൽ അധ്യാപകർക്ക് ലഭിക്കുന്നത്. അതിന്റെ ഔട്പുട്ട് ഉണ്ടാകുന്നുണ്ടോ എന്ന് എഇഒ തൊട്ട് മുകളിലുള്ള വിദ്യാഭ്യാസ ഉദ്യോഗസ്ഥരും ഗ്രാമ -ബ്ലോക്ക്- ജില്ലാ പഞ്ചായത്ത് ഭരണകൂടങ്ങളും വിദ്യാഭ്യാസസമിതികളും ഇടക്കിടക്ക് അന്വേഷിക്കുകയും പഴുതുള്ളിടത്ത് പരിഹാരമുണ്ടാക്കുകയും വേണം. അധ്യാപക - രക്ഷാകർതൃ സമിതികളിൽ അനുഭവസ്ഥരായ രക്ഷിതാക്കളെ ഉൾപ്പെടുത്തുകയും അവരുടെ  അഭിപ്രായങ്ങൾ മുഖവിലക്കെടുക്കുയും ചെയ്യണം.  പിടിഎ -എസ്എംസി സമിതികൾക്ക് ചെറുതല്ലാത്ത റോൾ ഈ വിഷയത്തിൽ ഉണ്ട്.

പട്ടാള ചിട്ടയുടെയും കാർക്കശ്യത്തിന്റെയും കാലം കഴിഞ്ഞെന്നു പറയുമ്പോഴും  ലിബറൽ അറ്റ്മോസ്ഫിയർ പശ്ചാത്തലമൊരുക്കിയുള്ള  ക്‌ളാസ്സുകൾ എങ്ങിനെയാണെന്ന് നാട്ടുകാരെയല്ല ആദ്യം ബോധ്യപ്പെടുത്തേണ്ടത് അധ്യാപകരെയാണ്. അവരാണല്ലോ ഇതിന് തുടക്കം കുറിക്കേണ്ടത്.  ഒരു അധ്യയന വര്ഷം ആയിരം സകർമ്മക മണിക്കൂർ എന്ന GEP മിഷന്റെ  ലക്‌ഷ്യം സ്വാഗതാർഹമാണ്, അത് ഫലം കാണുമെങ്കിൽ. വിദ്യാഭ്യാസ മേഖലയിൽ സമ്പൂർണ ഡിജിറ്റലൈസ്ഡ് സംസ്ഥാനമെന്ന GEP മിഷന്റെ മറ്റൊരു സുപ്രധാന  ലക്‌ഷ്യവും വളരെ നല്ലത് തന്നെ. അവയൊക്കെ  വളരെ പ്രതീക്ഷയോട് കൂടിയാണ് പൊതുജനം നോക്കികാണുന്നത്.

ജനുവരി 27, വെള്ളിയാഴ്ച നടക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ കാമ്പയിൻ ലോഞ്ചിങ് വിജയിപ്പിക്കേണ്ടത് നാട്ടിലെ ഓരോരുത്തരുടേയും ബാധ്യതകൂടിയാണ്.  വിദ്യാഭ്യാസ -സാമൂഹിക -സാംസ്കാരിക -കലാ -കായിക രംഗങ്ങളിൽ സജീവമുള്ള മുഴുവൻ  കൂട്ടായ്‍മകളും നാട്ടുകാരും വിശിഷ്യാ പൂർവ്വ വിദ്യാർത്ഥികളും  ഈ സദുദ്യമത്തിൽ പങ്കാളികളാവുക.  തിരുവനന്തപുരത്തു മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും കാസർകോട് പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തലയുമാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രഖ്യാപന കാംപയിൻ ഉദ്‌ഘാടനം ചെയ്യുന്നത്. നമ്മുടെ കുട്ടികളുടെയും വരും തലമുറയുടെയും നല്ല ഭാവിക്കായ്  നാമോരുരുത്തരും ഈ മഹദ്-യജ്ഞത്തിന്റെ ഭാഗമാകുക.

No comments:

Post a Comment