Sunday, 8 January 2017

ചി രു ത / കഥ / അസീസ് പട്‌ല

ചി രു ത
  ➖➖

കഥ


കൊയ്ത്തു കഴിഞ്ഞാല്‍ ചിരുത വീട്ടിലിരിക്കില്ല, അടുപ്പ് പുകയണമെങ്കില്‍ ഇറങ്ങിയേ മതിയാവൂ.. കുന്നിന്‍ ചരുവിലെ കുടിലിന്‍ താഴെ വളഞ്ഞുപുളഞ്ഞൊഴുകുന്ന നീര്‍ച്ചാല്, വര്‍ഷകാലത്തും അഷ്ടിക്കു വക തരുന്നതും നീര്ച്ചാല് തെന്നെ, ഭര്‍ത്താവ് ചിണ്ടന്‍ ചൂണ്ടലിട്ടും, ഒഴുകിവരുന്ന അടയ്ക്ക, തേങ്ങ വിറകു എന്തിനു ചിലപ്പോള്‍ ജീവനുള്ള ആട്ടിന്‍കുട്ടിയെപ്പോലും കിട്ടും, അവരുടെ ജീവിതവുമായി അഭേദ്യബന്ധമായിരുന്നു ആ നീര്‍ച്ചാലിന്, ഏഴു വയസുള്ള ഒരു മകളുമുണ്ട്, ചിന്ന.


ചിണ്ടന്‍ ഒരു പണിയുമെടുക്കില്ല, വെറുതെ വീട്ടിലിരിക്കും, ചിരുത മുടഞ്ഞു കൊടുക്കുന്ന പായ ചന്തയില്‍ കൊണ്ടുപോയി വില്‍ക്കലാണ് മുഖ്യജോലി, ആഴ്ചയില്‍ രണ്ടോ മൂന്നോ പായ കാണും കഷിടിച്ചു, കിട്ടുന്നതില്‍ പകുതികാശും വെള്ളമടിച്ചു പൂസായി വീട്ടില്‍ വരും, ബാക്കി  കാശ് കൊണ്ട് അരിയും മീനും പിന്നെ ചിന്നക്ക് ചിത്തുപുളി അല്ലെങ്ങില്‍ കടല., മുളകും മറ്റു വ്യഞ്ജനങ്ങളും ചിരുത കരുതണം.

ചിരുത മകളെയുംകൂട്ടി നീര്‍ച്ചാലിന്‍റെ ഇരുവശവും തിരഞ്ഞു  കിഴക്ക് ഭാഗത്തേക്ക് നടന്നു, നല്ല ഇടതൂര്‍ന്ന കൈതക്കൂട്ടത്തിന്‍ മുമ്പില്‍ നിന്ന് മോല്‍പോട്ടൊന്നു നോക്കി, നീണ്ടു മെലിഞ്ഞ ശരീരം, പാവാടയും റാ വുക്കയും, ദാവണിപോലെ മാറിലൂടെ ഒരു മേല്‍മുണ്ട്‌, അറ്റം പാവാടയുടെ എളിയില്‍ തിരുകി ബന്ധിപ്പിച്ചിരിക്കുന്നു, കൈതച്ചക്ക തിന്നു കൊണ്ടിരുന്ന ഒരണ്ണാരക്കണ്ണന്‍ ചിരുതയെ നോക്കി മുഖം തുടച്ചു, നഗ്നപാദയായി ചെളിയില്‍ നിന്ന ചിന്ന അണ്ണാരക്കണ്ണനെ കണ്ണിറുമ്മിക്കാണിച്ചു.

കഴുത്തും തലയും ഉള്‍വലിച്ച് ചതുപ്പ്നിലത്തില്‍ അനങ്ങാത കിടക്കുന്ന ആമ ചിരുതയുടെ ശ്രദ്ധയില്‍പെട്ടു, വായിലുള്ള മുറുക്കാന്‍ ഒന്നൂടെ ചവച്ചു നീട്ടിത്തുപ്പി ഇരട്ടി സന്തോഷത്തോടെ കയ്യിലെടുത്തു ചുവന്ന പല്ലുകള്‍ കാട്ടി ചിന്നയെ നോക്കി ചിരിച്ചു, കുറച്ചു ദൂരെ ആമയെ തറയില്‍ മലര്‍ത്തിക്കിടത്തി കൈതയോല വെട്ടുന്നതില്‍ വ്യാപൃതയായി., ചിന്നക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല.

മുതുകത്തിരിന്ന മുട്ടനീച്ചയെ കയ്യിലുള്ള അരിവാള്‍തുമ്പ്  കൊണ്ട് ചൊറിഞ്ഞു നിര്‍വൃതികൊണ്ടു, രക്തമൂറ്റിക്കുടിച്ചു മതിവരാത്ത ഈച്ച മറ്റൊരു ശരീരഭാഗം ലക്‌ഷ്യം വെച്ച് വട്ടം പറന്നു., ഉണങ്ങിയ വാഴയിലത്തണ്ടില്‍ നിരത്തിയ  കമുങ്ങിന്‍ പാളകയില്‍ വെട്ടിയ കൈതയോല കടയൊപ്പിച്ചടുക്കിവച്ചു, ചിന്ന കൈതചെടിക്കൂട്ടത്തിന്നടിയില്‍ ഓരംചേര്‍ന്നു നടന്നു കാണുന്നു, തെളിന്നീരിന്നടിയില്‍  ഒരു ചെമ്മീന്‍ വളഞ്ഞും നിവര്‍ന്നും വെട്ടല്‍ പൂണ്ടു ചകിരിപ്പരുവത്തിലായ കൈതവേരില്‍ നിലയുറപ്പിച്ചു, ജലപ്പരപ്പില്‍ എന്തോ കര്‍മ്മത്തിലേര്‍പ്പെട്ട മാത്രയില്‍ *എഴുത്താണിമൂസ നിര്‍ത്താതെയുള്ള കറക്കം തുടര്‍ന്നുകൊണ്ടിരുന്നു, ഞണ്ട് മുമ്പിലെ രണ്ടു കൈകള്‍ തൂക്കിയിട്ടു എങ്ങോട്ടോ നോക്കി നടന്നു നീങ്ങി.


ഈര്‍പ്പം നഷ്ടപ്പെട്ട ആമ തൊലി പൊളിയുന്ന വേദനയില്‍ രക്ഷപെടാന്‍ ഒരു വിഫലശ്രമം നടത്തി., പറന്നുവന്നു കൈതക്കമ്പില്‍ ഇരിപ്പുറപ്പിച്ച ചെമ്പോത്ത് ചിരുതയുടെ ഇളക്കംകണ്ടു കുതറിമാറി പൊങ്ങിപ്പറന്നു. ചരുവിലിരുന്നു വെറ്റിലയില്‍ ആവശ്യത്തിനു ചുണ്ണാമ്പ് പുരട്ടി അടയ്ക്കാ കഷ്ണവും കൂട്ടി വായിലോട്ടൊറ്റ തള്ള്, പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ പുകയിലക്കഷ്ണം ചുരുട്ടി മുന്‍നിരപ്പല്ലുകളില്‍ അമര്‍തിത്തേച്ചു കടപ്പല്ലില്‍ ഇറുക്കിവാച്ചു, കൈ പിന്നിലോട്ടാക്കി എണ്ണമയമില്ലാത്ത ചിതറിക്കിടന്ന മുടി കോതിവയ്ക്കുന്നു, വലതു കയിലെ രണ്ടു വിരല്‍ ചുണ്ടിലമര്‍ത്തി നീട്ടിത്തുപ്പി, ചതുപ്പ് സാന്ദ്രതയില്‍ മുറുക്കാന്‍റെ തീഷ്ണ ഗന്ധം അലിഞ്ഞുചേര്‍ന്നു, പ്രാണവേദനയില്‍ പുളയുന്ന ആമയെ നോക്കി മനസ്സില്‍ സദ്യ കൂട്ടി.

ചിന്നയുടെ കയ്യില്‍ ആമയെ കൊടുത്ത്, കൈതയോലക്കെട്ടുമായി ചിരുത വീട് ലക്ഷ്യം വച്ചു, മരം കൊത്തിപ്പക്ഷി കിരു കിരാ ശബ്ദമുണ്ടാക്കി പാടത്തിലൂടെ മിന്നിമറഞ്ഞു.. കൈവെള്ളയില്‍ മലര്‍ത്തിക്കിടത്തിയ ആമയുടെ മാംസസ്പന്ദനം ചിന്നയെ ഇക്കിളിപ്പെടുത്തി., നേരം മധ്യാഹ്നം വിട്ടു പടിഞ്ഞാറ്റുകരപറ്റി.

*എയിത്തണിമൂസ (ജലപ്പനിരപ്പിളക്കാതെ നിര്‍ത്താതെ കറങ്ങിക്കൊണ്ടിരിക്കുന്ന ഒരിനം കറുത്ത  ഷഡ്പദം)

ശുഭംഅസീസ്‌ 

No comments:

Post a Comment