Monday, 30 January 2017

എന്റെ വായന / ഭ്രമണം / അസ്‌ലം മാവില

എന്റെ വായന

ഭ്രമണം

അസ്‌ലം മാവില

ഭാഗ്യരാജ് ഇരിങ്ങാലക്കുടയുടെ ''ഭ്രമണം'' എന്ന നാടകമാണ് ആർടി വിന്റർ ഓഡിയോ തിയേറ്ററിൽ   (ഓഡിയോ നാടകോത്സവം)  ഇന്നലെ അവസാനമായും അവസാനത്തേതാണ് നാം ശ്രവിച്ചത്. നല്ല ഒരു സന്ദേശം, പക്ഷെ അതിനു നാടകകൃത്ത്  ഉപയോഗിച്ച  മാർഗ്ഗം ശരിയായില്ല എന്നേയുള്ളൂ. അവസാനമാകുമ്പോഴേക്കും സന്ദേശം വേറെ എവിടേക്കോ വഴിമാറുകയും ചെയ്തു. അതെന്താണെന്ന് എന്റെ ആസ്വാദനകുറിപ്പിന്റെ അവസാനം ലഭിക്കും.

പെറ്റ നാടും അതിന്റെ ഭാഷയും മറവിയുടെ ലോകത്തേക്ക് പോകരുതെന്നത് ശരിയാണ്, പക്ഷെ, ദുബായിൽ താമസിക്കുന്ന കുടുംബങ്ങളെ ആകെ പറയിപ്പിക്കുന്ന രീതിയിലായിപ്പോയി നാടകത്തിന്റെ പോക്ക്. നാട്ടിൻപുറത്തുകാരിയുടെ  അച്ചടി മലയാള സ്ലാങ്കിനെക്കാളും എനിക്ക്  ഇഷ്ടപ്പെട്ടത് മീന എന്ന ദുബായിക്കാരി പെങ്കോച്ചിന്റെ മലയാള സ്ലാങ്കാണ്. പത്രം വായിക്കുമ്പോലെയാണ് നാട്ടുംപുറത്ത്കാരി നാടകത്തിൽ  മലയാളം പറഞ്ഞു കളഞ്ഞത്.  (സംവിധായകനാണ് എല്ലാത്തിനും കുറ്റക്കാരൻ )

സാധാരണപോലെ തന്നെ ഇവിടെയും ഡോക്ട്ടർ x ഡോക്ട്ടർ ദമ്പതികളുടെ ഗുല്മാല്. ഡോ. അനന്തൻ  അയാളുടെ തറവാട് വീട്ടിലേക്ക്  ദുബായിൽ നിന്ന് കുടുംബ സമേതം വരുന്ന വഴി, ഭാര്യ  ഡോ. മാലതി  അവരുടെ വീട്ടിൽ തലകാണിച്ചു വരാമെന്നൊക്ക നിർബന്ധം പിടിക്കുന്നത്, മാലതിയെക്കാളും വലിയ വാശിക്കാരനായ  അനന്തൻ സാറിനു തീരെ പിടിക്കുന്നില്ല. പുള്ളിക്കാരൻ വാശിയുടെ അപ്പാപ്പനായി  നേരെ വീട്ടിലേക്ക് വണ്ടി വിടുന്നു,  പിന്നെ നടക്കുന്നത് ഗുലുമാലിന്റെ അപ്പീസും. എന്തിനാണ് ഇതിനിടയിൽ പാവം ''മലയാള''ത്തെ ഇടക്ക് കയറ്റി കുടുംബ വഴക്കിന്റെ ദിശ മാറ്റുന്നതെന്നറിയുന്നില്ല.

ഏറ്റവും അവസാനം നടന്നത് ഒന്നൊന്നൊരയായി. മലയാളം മൊത്തം കൗൺസിലിംഗിന്റെ യുഗമാണല്ലോ. അനങ്ങിയാൽ എംബിഎക്കാരനെ പിടിച്ചു കൊണ്ടുവന്നു കൗൺസിലിംഗ് വിദഗ്ധന്റെ വേഷം കെട്ടി ക്‌ളാസ് എടുപ്പിക്കുന്ന ലോകത്തിലാണ് ഇന്ന്  മലയാളികൾ. ടെൻഷൻ, ദാമ്പത്യം, പഠനം, ഉറക്കം, ശിക്ഷണം എന്ന് വേണ്ട എന്തിനും പരിഹാരം ടൈ കെട്ടിയവനെ കൊണ്ട് വന്നു പ്രൊജക്ടർ വെച്ച് ആഷ്പുഷ് ഇംഗ്ലീഷ് തലങ്ങും വിലങ്ങും പറഞ്ഞു പവർപോയിന്റിൽ ഇരുട്ടത്ത് ''മിന്നു സൂചകം'' കാണിച്ചു വന്നവർക്ക് ഇരിക്കപ്പൊറുതി കൊടുക്കാത്ത ഏടാകൂടമായും നമ്മൾ, ആധുനികർ, കണ്ടുപിടിച്ച അവസാനത്തെ ഉപായമായും മാറിയ കൗൺസിലിംഗ് ലോകത്തു,  സൂപ്പർസ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ അതിലും സൂപ്പർസ്‌പെഷ്യൽ അസുഖം കൈകാര്യം ചെയ്യുന്ന ഡോ. അനന്തന്റെ കയ്യിൽ അയാളുടെ പഠിപ്പും പണിയുമുള്ള ഡോക്ടർ ഭാര്യയെ അറ്റകൈക്ക് വരുതിയിൽ കൊണ്ട് വരാൻ ഉപയോഗിക്കുന്ന കൗൺസിലിംഗ് എന്തെന്നോ ?  ചുട്ട പെട തന്നെ ! മനസിലായില്ല ? നാടൻ തല്ല് തന്നെ. അതോടെ എല്ലാം കെട്ടടങ്ങി. (നാടൻ പെണ്ണുങ്ങൾ പറയുന്ന പറച്ചിൽ മാലതിയുടെ തൊള്ളയിൽ നിന്ന് കേട്ടപ്പോഴാണ്- ''നിങ്ങൾ എന്നെ തല്ലി അല്ലേ ''-  ഡോക്ടർ മാഡത്തിന് ഒരടിയുടെ കുറവുണ്ടായിരുന്നു എന്ന്  പ്രേക്ഷകർക്ക് ബോധ്യമായത്). ഈ അടി ആദ്യം തന്നെ കൊടുത്തിരുന്നെങ്കിൽ ആ നാടകത്തിന്റെ പ്രസക്തി തന്നെ ഇല്ലായിരുന്നു എന്ന് ആരെങ്കിലും പറഞ്ഞാലും കുറ്റം പറയാനും പറ്റില്ല.

ഒരു പാട് കൃത്രിമത്വങ്ങൾ ഈ നാടകത്തിൽ കണ്ടു. മുത്തശ്ശിയുടെ ഇടപെടൽ ഉണ്ടാകുമ്പോഴൊക്കെ വെറുതെ വീട്ടിലുള്ള കോഴിയുടെയും പശുവിന്റെയും പൂച്ചയുടെയും കഴുത്ത് പിടിച്ചു ഞെക്കുന്നത് പോലെയാണ് തോന്നിയത് - എന്തെങ്കിലും ഒരു ''അരുമ''യുടെ  (pet) ശബ്ദം ഉണ്ടാകട്ടെ എന്ന് സംവിധായകന് നിര്ബന്ധമുള്ളത് പോലെ, അതൊരു സ്വാഭാവികതയായി പ്രേക്ഷകർക്ക് തോന്നുകയില്ല.

ഈമാസം പതിനാല് മുതൽ തുടങ്ങിയ നമ്മുടെ RT നാടകോത്സവം ഇന്നലെത്തോട് കൂടി പര്യവസാനിച്ചിരിക്കുന്നു. വളരെ വ്യത്യസ്‍തമായ ഈ പ്രോഗ്രാം തീർച്ചയായും ശ്രോതാക്കൾ ആസ്വദിച്ചിരിക്കുമല്ലോ. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച RT തിയേറ്റർ വിങ്ങിനെ അഭിനന്ദിക്കുന്നു. 

No comments:

Post a Comment