Saturday 14 January 2017

എന്റെ വായന / റാഹേലിന്റെ സ്വർഗ്ഗം / അസ്‌ലം മാവില

എന്റെ വായന

റാഹേലിന്റെ സ്വർഗ്ഗം

അസ്‌ലം മാവില

ശക്തമായ ഒരു നാടകമല്ലെങ്കിലും പ്രേക്ഷകരുടെ കേൾവിസുഖം ഒട്ടും കുറയാതെ അവതരിപ്പിച്ച റേഡിയോ നാടകമാണ് റാഹേലിന്റെ സ്വർഗ്ഗം. അമ്മയുടെ വാർധക്യകാലം പാപി എന്ന വിശ്വസ്തനെ ഏൽപ്പിച്ചു ഡൽഹിയിലും വിദേശത്തും സ്വന്തം ജോലിയും കുടുംബവുമായി കഴിയുന്ന രണ്ടു മക്കൾ നാടകാവസാനം ശ്രോതാക്കളുടെ മനസ്സിൽ ധിക്കാരികളാകുകയോ ധിക്കാരികളാക്കുകയോ ചെയ്യാനുള്ള ശ്രമമാണ് നാടക രചയിതാവും അതിലേറെ രംഗാവിഷ്കാരം നടത്തിയവരും ശ്രദ്ധിച്ചത്.

ഇവിടെ അദ്ധി എന്ന ശ്രോതാവ് ആശങ്കപ്പെട്ടത് പോലെ മാതാപിതാക്കളുടെ ഭാഗത്തു നിന്നും മക്കളുടെ ഭാഗത്തു നിന്നും നോക്കിക്കാണേണ്ട ഏകാംഗമാണ് റാഹേലിന്റെ സ്വർഗ്ഗം. അത് കൊണ്ട്   അത്തരമൊന്ന്  അരുതാത്തത്  നടന്നതിന്റെ  കാരണം കണ്ടെത്തുവാൻ വായനക്കാർ വിഷമിച്ചേക്കും.

  മാതൃ -പിതൃ ബന്ധങ്ങൾ ഒരു സുപ്രഭാതത്തിൽ ഒരുങ്ങേണ്ട ഒന്നല്ല; ഒരുക്കിയെടുക്കേണ്ടതുമല്ല. ''നിങ്ങൾ സുഖമായി അവിടെ കഴിയൂ, ഞങ്ങളുടെ അവസാനകാലം ശുശ്രൂഷിക്കാൻ വന്നാൽ മതി'' എന്നു കണക്കുകൂട്ടുന്നത് തന്നെ രക്ഷിതാക്കളുടെ തെറ്റാണ്. നിരന്തരമായ ബന്ധങ്ങളും വരവും പോക്കും ക്ഷേമാന്വേഷണങ്ങളും ഒപ്പം പ്രത്യക്ഷത്തിലും പരോക്ഷത്തിലുമുള്ള പരിചരണങ്ങളും മക്കൾക്ക് ഉണ്ടാകുമ്പോഴാണ്, അതിനുള്ള സാഹചര്യം തുടക്കം മുതൽ തന്നെ രക്ഷിതാക്കൾ ഉണ്ടാക്കുമ്പോഴാണ് മാതൃ -പിതൃ -സന്താനബന്ധങ്ങൾ സ്വാഭാവികതയുടെ തലം കൈവരികയും സ്വാഭാവിക പരിണിതിയും ഉണ്ടാകുന്നത്.  ഇത്തരം ബന്ധങ്ങൾക്ക് മക്കൾക്ക് നല്ലപാതിയായി വരുന്നവർക്കും ചെറുതല്ലാത്ത പങ്കുണ്ട്.

ഒരു നാടകത്തിലോ അതല്ലെങ്കിൽ സമാനമായ കാവ്യ-കലാവിഷ്കാരങ്ങളിലോ ശരീരം വിട്ട ആത്മാക്കൾ വന്നു ഭൂമിയിലുള്ളവരോട് സംസാരിക്കാണുന്നത് വരച്ചു കാട്ടാൻ സാധിച്ചേക്കാം. പക്ഷെ, ജീവിതത്തിൽ അതൊന്നും സംഭവിക്കുന്നതല്ലല്ലോ. ഇത്തരം ആവിഷ്കാരങ്ങൾ ഒരു പക്ഷെ, ശ്രോതാക്കൾക്ക് സ്വയം പരിശോധനയ്ക്ക് വക നൽകുമെന്നു കരുതിയാകണം അത്തരമൊരു രീതി നാടകകൃത്ത് പരീക്ഷിച്ചതെന്ന് തോന്നുന്നു.

ജീവസന്ധാരണത്തിന്റെ ഭാഗമായി സ്വദേശം വിട്ടു മറുനാടിൽ മണ്ണിനോടും വിണ്ണിനോടും സമരസപ്പെടാൻ തത്രപ്പെടുന്ന പ്രവാസികൾ പലപ്പോഴും എല്ലാം വിട്ടെറിഞ്ഞു നാടാണയാൻ നോക്കുന്നത് ഇത്തരം സ്ഥാനത്തും അസ്ഥാനത്തുമുള്ള സമൂഹത്തിന്റെ രൂക്ഷനോട്ടങ്ങൾ ഒഴിവാക്കാനാണ്. ഏത് വിഭാഗത്തിലുള്ളതാണെങ്കിലും മരണക്കിടക്കയിൽ മാതാപിതാക്കൾ അവസാന ആഗ്രഹമായി ചുണ്ടുകൾ മന്ത്രിക്കുന്നതും മക്കളുടെ സാന്നിധ്യമാണല്ലോ. അതിനെങ്കിലും എത്താൻ പറ്റിയില്ലെങ്കിൽ തങ്ങളുടെ ചുണ്ടിലും മൂർദ്ധാവിലും അവസാന ചുംബനം നൽകാൻ എത്തുമെന്ന് അതിയായി ആഗ്രഹിച്ചു പാതി കണ്ണടക്കുന്നതും ബന്ധങ്ങളുടെ അഗാധ തീഷ്ണത കൊണ്ടാണ്. പ്രവാസികൾ പലപ്പോഴും സ്വകാര്യമായി തന്റെ സ്രഷ്ടാവിന്റെ മുന്നിൽ കണ്ണുകൾ നനയ്ക്കുന്നതും ഇതൊക്കെ ആലോച്ചിട്ടായിരിക്കണം. 

No comments:

Post a Comment