Sunday, 1 January 2017

വാര്‍ദ്ധക്യം പരിഗണിക്കപ്പെടുമ്പോള്‍*/ / സാപ്

*വാര്‍ദ്ധക്യം പരിഗണിക്കപ്പെടുമ്പോള്‍*

സാപ്
---------

“വൃദ്ധനാകുക, മരിക്കുക ..ഹോ... ഓര്‍ക്കാന്‍ കൂടി വയ്യടാ..”

യവ്വനത്തിന്റെ നല്ല നാളുകളിലൊന്നില്‍ അകാലത്തില്‍ പൊലിഞ്ഞുപോയ മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകൃത്ത് ടി വി കൊച്ചുബാവ തന്‍റെ സുഹൃത്തിന് എഴുതിയ കത്തിലെ വരികളാണിത്.

ജീവിതത്തിലെ സ്വാഭാവിക പരിണാമങ്ങളിലോന്നാണ് വാര്ദ്ധക്ക്യം. നാം ആഗ്രഹിച്ചാലും ഇല്ലെങ്കിലും വിധി അവിടം വരെ എത്തിച്ചവരോക്കെ അനുഭവിക്കേണ്ടി വരുന്ന അവസ്ഥ.  ജീവിതത്തിന്റെ നിസ്സഹായാവസ്ഥ ബോധ്യപ്പെടുന്ന അവസാനഘട്ടം.  മരണത്തെ കുറിച്ച് യവ്വനത്തിലും ഒരു വേള ബാല്യത്തിലും ചിന്തിച്ചു എന്നു വരാം. പക്ഷെ വാര്ധക്ക്യത്തെ കുറിചുള്ള ചിന്തകളോ ആകുലതകളോ ത്രസിപ്പിക്കുന്ന യവ്വനകാലത്ത് ഒരാളെയും അലട്ടുന്നില്ല.  പ്രായമേറിയവരെ കാണുമ്പോള്‍ നമ്മളും ഈ അവസ്ഥാന്തരങ്ങളിലൂടെ കടന്നു പോകേണ്ടവരാണെന്ന് ചിന്തിക്കാറില്ല. ഒറ്റപ്പെടലിന്റെ വേദന, മനസ്സ് ആഗ്രഹിക്കുന്നിടങ്ങളിലേക്ക് ശരീരം എത്താന്‍ വിസമ്മതിക്കുന്ന കാലം!

ആളുകളുടെ സംസാരവും പുഞ്ചിരി പോലും അമൂല്യമായ ആദരവാണ് എന്നു മനസ്സിലാക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്ന കാലം!

വൃദ്ധ ജനങ്ങളെ കാണുമ്പോള്‍ അവരൊക്കെയും ശൈശവവും ബാല്യവും യവ്വനവും കടന്നു അനുഭവങ്ങളുടെ തീക്ഷണതയില്‍ നടന്നു തീര്‍ത്ത വഴികളില്‍ നാം പിച്ച വെക്കുകയാണ് എന്നു ബോധ്യമുള്ളവര്‍ അപൂര്‍വങ്ങളില്‍ അപൂര്‍വ്വം!
മുതിര്‍ന്ന പൌരന്മാര്‍ക്ക് അര്‍ഹിക്കുന്ന ആദരവും പരിഗണനയും നല്‍കാത്ത ഒരു സമൂഹമായി നമ്മള്‍ പതിയെ മാറിക്കൊണ്ടിരിക്കുന്നു. “കെളവന്‍” എന്ന ഒരു തെറി പ്രയോഗം പോലും ഭാഷക്ക് സംഭാവന ചെയ്തവര്‍ ആരായിരുന്നാലും അയാളും ഒരു പക്ഷെ ഈ ഒരവസ്ഥയിലൂടെ കടന്നു പോയിക്കാണണം. 
വിദ്യാഭ്യാസമെന്നത് അക്ഷരവും ശാസ്ത്രവും പഠിക്കല്‍ മാത്രമായി ചുരുങ്ങിപ്പോകുന്ന കാലമാണിത്. സഹജീവി സ്നേഹവും മൂല്യബോധവും ഉള്ള സമൂഹത്തില്‍ മാത്രമേ വൃദ്ധജനങ്ങള്‍ ആദരിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുകയുള്ളൂ. 

ഈ അടുത്ത കാലത്താണ് വൃദ്ധനായ വീടിന്റെ ഉമ്മറത്ത്‌ ഉറങ്ങുകയായിരുന്ന ഒരു പാവം മനുഷ്യനെ തെരുവ് പട്ടി കടിച്ചു കീറി കൊന്നത്. വീടിനു പുറത്ത് അന്തിയുറങ്ങാനുണ്ടായ സാഹചര്യം എന്താണ് എന്നറിയില്ല. പക്ഷെ വര്ധക്ക്യം എന്നത് ഒരുവിധത്തില്‍ ശൈശവത്തിന്റെ  ആവര്‍ത്തനം കൂടിയാണ്.  സംരക്ഷിക്കാന്‍ ആളില്ലാത്ത വയോജനങ്ങളെ സംരക്ഷിക്കേണ്ടത് ബാധ്യത സമൂഹത്തിനും സര്‍ക്കാരിനും ഉണ്ട്.  നാളത്തെ വയോധികരാണ് ഇന്നത്തെ യുവതലമുറ.  

വയോധികര്‍ക്ക് തണലോരുക്കുക, സംരക്ഷിക്കുക എന്നതിനര്‍ത്ഥം സ്വയം വീണു പോകാതിരിക്കാനുള്ള വഴി ശുദ്ധീകരിക്കുക എന്നത് തന്നെയാണ്.
വൃദ്ധജനങ്ങളോടുള്ള നമ്മുടെ സമൂഹത്തിന്‍റെ സമീപനങ്ങള്‍  കാരുണ്യത്തോട് കൂടിയുള്ളതാകണം. അനാഥരാകുന്ന വയോജനങ്ങളെ മതഭേദമില്ലാതെ സംരക്ഷിക്കേണ്ട ബാധ്യത നമുക്കുണ്ട്.  വീക്ഷണങ്ങള്‍ വിശാലമാക്കുകയും ജീവിക്കുന്ന കാലത്തോട് ക്രിയാത്മകമായി ഇടപെടാനും നമുക്ക് കഴിയേണ്ടതുണ്ട്. 

▪▪▪▪

No comments:

Post a Comment