Sunday, 22 January 2017

കണക്ടിംഗ് പട്‌ല മെഡിക്കൽ ക്യാമ്പ് മുന്നൊരുക്കങ്ങൾക്ക് ഇന്നിരിക്കുമ്പോൾ / അസ്‌ലം മാവില

കണക്ടിംഗ് പട്‌ല
മെഡിക്കൽ ക്യാമ്പ്
മുന്നൊരുക്കങ്ങൾക്ക്
ഇന്നിരിക്കുമ്പോൾ

അസ്‌ലം മാവില

സാധാരണ ക്യാമ്പ് പോലെയല്ല മെഡിക്കൽ ക്യാമ്പുകൾ. അങ്ങിനെയാകുകയുമരുത്.  പ്രസംഗിച്ചും പ്രബന്ധങ്ങൾ അവതരിപ്പിച്ചും സ്ലൈഡ് ഷോ കാണിച്ചും തീരുന്ന ക്യാംപുകളിൽ നിന്ന് വളരെ വളരെ വ്യത്യാസം മെഡിക്കൽ ക്യാമ്പുകൾക്കുണ്ട്. മുന്നൊരുക്ക മീറ്റിങ്ങുകൾക്കും കൂടിയാലോചനയോഗങ്ങൾക്കും എത്തുന്നവർ അവധാനതയോടും കാര്യഗൗരവത്തിലും  നല്ല ധാരണയോട് കൂടിയായിരിക്കണം യോഗത്തിൽ സംബന്ധിക്കുവാനും ചർച്ചകൾക്ക് നേതൃത്വം നൽകുവാനും.

സ്വാഭാവികമായും വിവിധ രോഗങ്ങളിൽ സ്പെഷ്യലൈസ് ചെയ്ത ഡോക്ടർന്മാർ ക്യാംപിൽ ഉണ്ടാകും. അത്കൊണ്ട് തന്നെ രോഗികൾ കൂടുതൽ വരാനും സാധ്യതയുണ്ട്. അവർക്ക് രണ്ടു വിഭാഗങ്ങൾക്കും സൗകര്യമുണ്ടാക്കുന്നതിൽ കൂടുതൽ ഊന്നൽ നൽകുന്ന സംവിധാനമായിരിക്കണം ഒരുക്കേണ്ടത്. പരിഗണിക്കപ്പെട്ടില്ല എന്ന പരാതി ഒരു രോഗിയിൽ നിന്നും ഉണ്ടാകുകയുമരുത്.  അവരെ സ്വീകരിക്കുവാനും അവർക്കാവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്ന രൂപത്തിലുള്ള ആതിഥേയത്വമൊരുക്കാനും ക്യാംപിലുടനീളം നമുക്കാകണം.

ഡോക്ടർമാർക്ക്  ശാന്തവും വൃത്തിസമ്പന്നവുമായ അന്തരീക്ഷവും സൗകര്യവുമൊരുക്കാൻ സംഘാടകർ പ്രത്യേകം ശ്രദ്ധിക്കുമല്ലോ. രോഗിക്ക് പറയാനും ഡോക്ടർക്കത് കേൾക്കാനുമുള്ള ശബ്ദായനമല്ലാത്ത സാഹചര്യങ്ങൾ ഉണ്ടാകാൻ ആ വിഭാഗത്തിൽ സേവനം ചെയ്യുന്ന വളണ്ടിയർമാർ വിചാരിച്ചാലേ സാധിക്കൂ. അവർ തന്നെ ചെറിയ ചെറിയ കാര്യങ്ങളിൽ  ഒച്ചവെച്ചും ബഹളമുണ്ടാക്കിയും ക്യാമ്പിന്റെ ശാന്തത (safe & sound ) ഇല്ലാതാക്കുന്നത് പരിപൂർണ്ണമായും ഒഴിവാക്കാൻ ഇത്തരം കൂടിയാലോചനയോഗങ്ങളും  തലേ ദിവസത്തെ അവസാന വട്ട കോർ വളണ്ടിയർ മീറ്റുകൾക്കുമാകും.

രജിസ്‌ട്രേഷൻ മുതലുള്ള ഓരോ വിഷയങ്ങളും ഉത്തരവാദിത്തത്തോടെ നേരത്തെ വന്നു ചെയ്യാൻ സംഘാടകർ മുഴുവനും ഒരേമനസ്സോടെ തയ്യാറാകുമ്പോഴാണ് ആതുരശുശ്രൂഷാ രംഗത്തുള്ള ഇത്തരം ക്യാമ്പുകൾ വിജയിക്കുക. മതിയായ ഡാറ്റകൾ തുടർപരിശോധനയ്‌ക്കോ തുടർ സഹായത്തിനോ ഉപകാരപ്പെടുമെങ്കിൽ അവയും ഇനം തിരിച്ചു ശേഖരിക്കുവാനും സൂക്ഷിക്കുവാനും ആവശ്യമായ  ഗൃഹപാഠം ചെയ്യേണ്ടതുണ്ട്. പിന്നീട് രോഗികളുടെ H & P ക്കും  റിക്കോർഡിനും വേണ്ടി  തലങ്ങും വിലങ്ങും ഓടുന്നത് ഒഴിവാക്കാൻ ഇത് നല്ലതാണ്.

ഞാൻ മുമ്പ് ഒരു കുറിപ്പിൽ സൂചിപ്പിച്ചത് പോലെ, നമ്മുടെ നാട്ടിലുള്ള  മെഡിക്കൽ -പാരാമെഡിക്കൽ രംഗത്ത് ബിരുദ-ബിരുദാനന്തര ബിരുദങ്ങൾ പഠിച്ചെടുത്തവരും പഠിക്കുന്നവരും ക്യാമ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമാകുക. അവരെ പങ്കെടുപ്പിക്കാൻ സംഘാടകരും ശ്രദ്ധിക്കുക. പ്രത്യേകം വിളിച്ചില്ല എന്നത് ക്യാമ്പിൽ സജീവമാകുന്നതിനു  അവർക്ക് മുടക്ക് ന്യായങ്ങളുമല്ല.  പ്ലസ്‌ടു പഠിക്കുന്ന കുട്ടികൾക്ക് , ആൺ പെൺ വ്യത്യാസമില്ലാതെ, ഈ ക്യാംപിൽ സജീവമാകാൻ അവസരമുണ്ട്. നമ്മുടെ സ്‌കൂളിൽ പ്ലസ്‌വൺ, പ്ലസ് ടു വിദ്യാർത്ഥികളെ കണ്ടു പത്തു മിനുറ്റ് ഈ വിഷയം ഉത്തരവാദപെട്ടവർ സംസാരിക്കുന്നതും വളരെ നല്ലതാണ്. അവരാരും തന്നെ  ഗൗരവത്തോടെ ഇതറിയാതെ പോകരുത്.  ഇന്നത്തെ യോഗത്തിന് സംബന്ധിക്കാൻ അവർക്ക് ഒരുപക്ഷെ നോട്ടീസ് ലഭിക്കാത്തത് ഒരു ഒഴികഴിവാണെങ്കിലും, ആൺകുട്ടികൾ വാട്ട്സ്അപ്പ് മുഖേന എന്തായാലും മെസ്സേജ് എത്തിയിരിക്കും.

ഒരു അനാവശ്യ തെരക്കോ, അതല്ല കളിയടക്കമുള്ള  ടിവി പ്രോഗ്രാമുകളോ, സംബന്ധിച്ചില്ലെങ്കിലും വലിയ ഇഷ്യൂ അല്ലെന്ന് സ്വന്തം മനസാക്ഷി പറയുന്ന പരിപാടികളോ ഇന്നത്തെ കൂടിയാലോചന യോഗത്തിന് തടസ്സം ആകരുത്. സംഘടാകർക്ക് വേണ്ടിയല്ല മെഡിക്കൽ ക്യാമ്പ് ,  നമ്മുടെ നാട്ടിലുളള സാധാരണക്കാരായ രോഗികൾക്ക് വേണ്ടിയുള്ളതാണ്.  രോഗിയെ സന്ദർശിക്കാൻ നാം ആസ്പത്രി പോകാറില്ലേ ? അവിടെ ആസ്പത്രിയുടെ ബോർഡ് വരെ നാം  നോക്കാറില്ല, ഇവിടെയും നാം രോഗികൾക്ക് വേണ്ടിയാണ് മുന്നൊരുക്കയോഗങ്ങളിൽ പങ്കെടുക്കുന്നത്. ആ രോഗികളുടെ  പ്രാർത്ഥനകൾ ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർക്കും അതിനായി മുന്നോട്ട് വരുന്നവർക്കും ഉണ്ടാകുമെന്ന് വിശ്വസിക്കുന്നവരുടെ കൂട്ടത്തിലാണ് ഞാൻ. നമുക്കെല്ലാവർക്കും ഒത്തൊരുമിച്ചു വിജയിപ്പിക്കാം.  ആശംസകൾ !

No comments:

Post a Comment