Friday 6 January 2017

കഴിഞ്ഞ വാരത്തിലെ നമ്മുടെ സ്വകാര്യ സന്തോഷങ്ങളും മെഡിക്കൽ ക്യാംപിനുള്ള തയ്യാറെടുപ്പുകളും / അസ്‌ലം മാവില

കഴിഞ്ഞ വാരത്തിലെ
നമ്മുടെ സ്വകാര്യ സന്തോഷങ്ങളും
മെഡിക്കൽ ക്യാംപിനുള്ള
 തയ്യാറെടുപ്പുകളും

അസ്‌ലം മാവില


കഴിഞ്ഞ ഒരാഴ്‌ച പട്‌ലയെ സംബന്ധിച്ചിടത്തോളം കുറച്ചു നല്ല വർത്തമാനങ്ങളാണ് കണ്ടതും കേട്ടതും. അതിന്റെ നിറവിലും സന്തോഷത്തിലുമാണല്ലോ നാമെല്ലാവരും.

പട്‌ലയുടെ കാൽപന്ത് കളിക്ക് പുതിയ മാനങ്ങൾ നൽകിയ ഒരു സെമിഅർബാൻ പട്‌ലയെ പുറം നാടുകൾക്ക് ഇങ്ങനെയുമൊരു നാട് ഇവിടെയൊക്കെയുണ്ടെന്ന് പരിചയപ്പെടുത്താൻ കഴിഞ്ഞ പത്ത്‌ വർഷത്തോളമായി കായികരംഗത്ത് ഒരുമയുടെയും ഉത്സാഹത്തിന്റെയും  അടയാളമായി മാറിയ യുണൈറ്റഡ് പട്‌ല സംഘടിപ്പിച്ച ഒമ്പതാമത് സീസൺ ഫുട്‌ബോൾ സൂപ്പർ ലീഗ് മത്സരം നടന്നത് ഇക്കഴിഞ്ഞ വാരം. ഫ്ലഡ് ലൈറ്റിന്റെ വെണ്മയിൽ കുളിച്ച രാവിൽ നടന്ന വാശിയേറിയ മത്സരങ്ങളിൽ ഒന്നാമതെത്തി യുണൈറ്റഡ് പട്‌ല ട്രോഫിയിൽ മുത്തമിട്ടത് എം.പി. ബ്രദർസും. ചിട്ടയുള്ള  നീക്കങ്ങളും ചടുലതയുടെ മുന്നേറ്റങ്ങളും  നടത്തി  ഫുട്‌ബോൾ മൈതാനത്തു വിസ്‌മയകൊടുങ്കാറ്റ് തീർത്ത ആ ജേതാക്കളെ അകമഴിഞ്ഞ് അഭിനന്ദിക്കാം. ഒപ്പം നാട്ടിലെ ഫുട്‌ബോൾ പ്രേമികൾക്ക് മനംകവരുന്ന കളിക്കാഴ്ച ഒരുക്കിയ സംഘാടകരെയും.  പാതി വഴിക്ക് വിജയങ്ങൾ വിട്ടുപോയ മറ്റു ടീമംഗങ്ങളും തീർച്ചയായും ആശ്വാസവാക്കുകൾക്ക് അർഹരുമാണ്. തോൽവികൾ ഒരിക്കലും എന്നെന്നേക്കുമുള്ളതല്ലല്ലോ, അടുത്ത സീസണിൽ കൂടുതൽ കരുത്താർജ്ജിച്ചു പട്‌ല ഫുട്‌ബോൾ ഗ്രൗണ്ടിൽ പോർക്കളം തീർക്കാനും പുതിയ അധ്യായങ്ങൾ രചിക്കുവാനും ഈ  കൊച്ചു കൊച്ചു തോൽവികൾ നിമിത്തമാകട്ടെ.

പട്‌ലയുടെ രണ്ടു ചുണക്കുട്ടികൾ മംഗളൂർ യൂണിവേഴ്സ്റ്റിറ്റി ഫുട്‌ബോൾ ടീമിന്റെ ഭാഗമായതാണ് മറ്റൊരു സന്തോഷം. അതാകട്ടെ, യുണൈറ്റഡ് പട്‌ലയുടെ കളിത്തൊട്ടിലിൽ പരിലാളനയേറ്റു വളർന്നവരും. കർണ്ണാടക പോലെയുള്ള ഒരു സംസ്ഥാനത്തു രണ്ടു മലയാളിക്കുട്ടികൾ, പ്രത്യേകിച്ച് വളരെ റിമോട്ട് ഏരിയയിൽ നിന്നും പഠിച്ചും വളർന്നതും വന്നവർ,  മൈസൂർ യൂണിവേഴ്സിറ്റിയിൽ നിന്ന്  വേർപ്പെട്ടു 1980- മുതൽ  ദക്ഷിണ കർണ്ണാടകയിലെ തലയുയർത്തി നിൽക്കുന്ന യൂണിവേഴ്സിറ്റിയായി മാറിയ മംഗളൂർ യൂണിവേഴ്‌സിറ്റിയുടെ ഫുട്‌ബോൾ ടീമിൽ ഇടം ലഭിക്കുക എന്നത് ഒരിക്കലും  ചെറിയ കാര്യമല്ല. പട്‌ലയുടെ അഭിമാനമായി മാറിയ ആ കുട്ടികളെ , മുനാസ് & സഫ്‌വാൻ, നമുക്ക് മനസ്സ് നിറയെ അഭിനന്ദിക്കാം.

നമ്മുടെ നാടിന്റെ മണ്ണിന്റെ മണമുള്ള ഒരു പതിനാറുകാരൻ ഒരു  സംസ്ഥാന ഗെയിംസ് ഇനത്തിലെ നായകനാകുക. ചില്ലറകാര്യമാണോ ?  ടി.എസ് . ഇസ്മയിൽ. അണ്ടർ സെവന്റീൻ ടെന്നീസ് വോളിബോൾ നാഷണൽ ചാമ്പ്യൻ ഷിപ്പിൽ കേരള ടീമിനെ നയിക്കുന്നത് പട്‌ലയിൽ കൂടി വേരുകളുള്ള ഈ കായിക പ്രതിഭ  ആയിരിക്കും. മധ്യപ്രദേശിലെ ഗ്വാളിയോറില്‍ ജനുവരി 12,13,14 തീയതികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. നാലാം തവണയാണ് കേരളത്തിനു വേണ്ടി ഇസ്മാഈല്‍ കളത്തിലിറങ്ങുന്നത്. ഒരു തവണ ഇന്ത്യന്‍ ജഴ്‌സിയുമണിഞ്ഞിട്ടുമുണ്ട്.  ഉദുമ തെക്കേകരയിലെ ഷറഫുദ്ദീന്‍-ആരിഫ ദമ്പതികളുടെ മകനാണ് ഇസ്മയിൽ . ആരിഫയാകട്ടെ  നമ്മുടെ പട്‌ലക്കാരിയും. സി.എച്ച്. മുഹമ്മദ് - റുഖിയ്യ ദമ്പതികളുടെ മൂത്ത  മകളാണ് ആരിഫ.  ഹാറ്റ്സ് ഓഫ് ഐ ടി എസ്.

രണ്ടു സന്നദ്ധ സേവന പ്രവർത്തനങ്ങളുമായി വാർത്തയിൽ ഇടം നേടിയതും ഇക്കഴിഞ്ഞ വാരം. വർഷങ്ങളായി ആർട്സ് & സ്പോർട്സ് രംഗത്തു സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സംഘം ക്ലബ്ബ് പ്രവർത്തകർ ഇക്കഴിഞ്ഞ ബന്ദ് ദിനം സജീവമാക്കിയത് സേവനപ്രവർത്തനങ്ങളിലേർപ്പെട്ടായിരുന്നു. തെരഞ്ഞെടുത്തതാകട്ടെ സ്‌കൂൾ പരിസരവും. എന്ത്കൊണ്ടും അവർ ചെലവഴിച്ച സമയവും  ഊർജ്ജവും  മാതൃകാപരം. അതത് പ്രദേശങ്ങളിൽ പേരിനു ബോർഡ് തൂക്കികൊണ്ട് നിശ്ചലാവസ്ഥയിലുള്ള മറ്റു  സംഘടനകൾക്ക് ഇവരുടെ സക്രിയപ്രവർത്തനം ഉത്തേജനമാകട്ടെ എന്ന് പരാമർശ  സംഘാടകരെ അഭിനന്ദിക്കുന്നതോടൊപ്പം ആഗ്രഹിക്കുകയും ചെയ്യുന്നു.

ഈ മാസമാവസാനം വിശാലമായ സംഘാടനത്തോട് കൂടി കണക്റ്റിംഗ് പട്‌ല നടത്താൻ ഉദ്ദേശിക്കുന്ന മെഡിക്കൽ ക്യാമ്പിന്റെ പ്രഖ്യാപനവും നാം കേട്ടത് ഇക്കഴിഞ്ഞ വാരം തന്നെ. സേവനം രംഗത്തു ഒരു ചുവട് മുന്നേ നടക്കുന്ന സിപിയുടെ ഈ മഹത്സംരംഭം വിജയിപ്പിക്കേണ്ടത് എല്ലാവരുടെയും കടമ കൂടിയാണ്.  ഇതിന്റെ മുന്നിൽ നിൽക്കാൻ സാമൂഹിക പ്രവർത്തകരോടും സംഘടകരോടുമൊപ്പം ഉത്സാഹം കാണിക്കേണ്ടത് നമ്മുടെ നാട്ടിലെ മെഡിക്കൽ- പാരാമെഡിക്കൽ ബിരുദ ദാരികളും ബിരുദ വിദ്യാർത്ഥികളുമാണെന്ന് കൂട്ടത്തിൽ പറയട്ടെ.

ഫാർമസി, ആയുർവേദം, ഹോമിയോപ്പതി, ഡെന്റൽ,  ലാബ് ടെക്‌നീൻഷ്യൻ തുടങ്ങി വിവിധ കോഴ്‌സുകളിൽ പഠിച്ച, പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾ നമ്മുടെ നാട്ടിലുണ്ട്.  കൂട്ടത്തിൽ സയൻസ് പ്രധാന വിഷയമായി പഠിക്കുന്ന പ്ലസ് ടു , ബിരുദ വിദ്യാർത്ഥികളും. ഇവർ മുഴുവൻ ഈ ക്യാംപിൽ  ഏറ്റവും നല്ല ആതിഥേയരാകണം. രെജിസ്ട്രേഷൻ കൗണ്ടർ മുതൽ ബ്ലഡ്ടെസ്റ്റ് ക്യാബിനിൽ വരെ നിങ്ങളുടെ സജീവ സാന്നിധ്യമുണ്ടാകണം. കാരണം, ഈ വേളയിൽ നിങ്ങളുടെ  സേവനം വളരെ വിലമതിക്കത്തക്കതാണ്. ഇതിനു മുന്നോടിയായി നടക്കുന്ന എല്ലാ കൂടിയാലോചന യോഗങ്ങളിലും മറ്റു സേവന പ്രവർത്തകരെ പോലെത്തന്നെ നിങ്ങളും സംബന്ധിക്കണം. നിങ്ങളുടെ അഭിപ്രായങ്ങൾ വിലമതിക്കത്തക്കതായിരിക്കും.

കുട്ടികളെ, പഠനത്തോടൊപ്പം പ്രാക്ടിക്കൽ വെന്യൂ ലഭിക്കുന്ന അപൂർവ്വ സന്ദർഭം കൂടിയാണിത്, പാഴാക്കരുത്. അതും അവനവൻ പെറ്റു വീണ സ്വന്തം ഗ്രാമത്തിൽ. 

No comments:

Post a Comment