Friday 13 January 2017

അവധിചെലവഴിക്കാനെത്തുന്ന പ്രവാസികളുടെയും അവരെ സ്വീകരിക്കുന്ന തദ്ദേശീയരുടെയും സജീവ പരിഗണനയിൽ ഇതെന്ത്കൊണ്ട് വരുന്നില്ല ? / അസ്‌ലം മാവില


അവധിചെലവഴിക്കാനെത്തുന്ന
പ്രവാസികളുടെയും
അവരെ സ്വീകരിക്കുന്ന  
തദ്ദേശീയരുടെയും
സജീവ പരിഗണനയിൽ
ഇതെന്ത്കൊണ്ട് വരുന്നില്ല ?

അസ്‌ലം മാവില

പ്രവാസികൾ അവരുടെ അവധിക്കാലങ്ങൾ കുടുംബത്തോടൊപ്പമാണ് കൂടുതൽ ചെലവഴിക്കുന്നത്. രണ്ടു വർഷം,  ഒരു വർഷം, ആറ് മാസം, ഇടക്കിടക്ക്, അടിയന്തിരഘട്ടങ്ങൾ ...ഇങ്ങിനെയാണല്ലോ പ്രവാസികൾ പ്രത്യേകിച്ച് ഗൾഫുകൾ നാടണയുന്നത്.

അടിയന്തിര ഘട്ടം (emergency ) എന്നത് തൽക്കാലം ഒഴിവാക്കാം. കാരണം അത് ഒരു തിരക്കിൻറെ  (tight schedule) ഭാഗമായി തീർക്കാനുള്ളതാണ്.   ബാക്കിയുള്ള വരവുകളിൽ ടൈം സ്കെഡ്യൂൾ തയ്യാറാക്കുമ്പോൾ ചിലതൊക്കെ നാം വിട്ടുപോകാറുണ്ടോ ? ഇനി എഴുതുന്ന ഒരു പ്രധാന  വസ്തുതയിലേക്ക് അതിന്റെ  ഗൗരവം വിരൽ ചൂണ്ടട്ടെ.

ഇന്ന് പ്രവാസികൾ അധികവും അല്ല, മുഴുവനും തന്നെ സോഷ്യൽ മീഡിയയിൽ ബന്ധങ്ങൾ പുതുക്കുകയും അത് നിലനിർത്തുകയും ചെയ്യുന്നവരാണ്. കൂടെ  നമ്മുടെ നാടിന്റെ നാഡിമിടിപ്പ് അറിയാൻ ശ്രമിക്കുന്നവരുമാണ്. സിപി, ആർടി, ഓൺലൈൻ, യുണൈറ്റഡ്, ഒരുമ, യൂത്ത് ഫോറം  തുടങ്ങി  എല്ലാവരെയും അക്കമഡേറ്റ് (ഉൾക്കൊളളാൻ ) ചെയ്യാൻ സാധിക്കുന്ന ഒരുപാട് കൂട്ടായ്മകളിൽ അംഗങ്ങൾ ആയവരാണ് പ്രവാസികൾ. അത്കൊണ്ട് തന്നെ ചിന്തകളും ആലോചനകളും നിലപാടുകളും ധാരണകളും പുനരാലോചനയ്ക്ക് വിധേയമാക്കിയവരാണ് പ്രവാസികൾ അധികം പേരും. ധാരണാപിശകിൽ നിന്ന് വിടുതി നേടുവാൻ ശ്രമിക്കുന്നവരും സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിൽ എല്ലാവരുമായും നിറമനസ്സോടെ കൂടിയിരിക്കുവാൻ തയ്യാറുളളവരുമാണ്.  ഇത്തരം സോഷ്യൽ കൂട്ടായ്മകളുടെ ഏറ്റവും വലിയ ഔട്ട്പുട്ട് (ഫലം)  അതാണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.

ആ  പ്രവാസികൾ എപ്പോഴും നാട്ടിലുണ്ട്. പ്രവാസികൾ ഇല്ലാത്ത ഒരു സാഹചര്യം നാട്ടിൽ ഒരിക്കലുമുണ്ടാകില്ല.  അവരുടെ അവധിക്കാലങ്ങൾ  വളരെ സജീവമായി കുടുംബത്തോടൊപ്പം  നാട്ടിൽ  ചെലവഴിക്കുന്നുമുണ്ട്. പക്ഷെ, .......

 നാട്ടിൽ നേരത്തെ തന്നെ വിദ്യാഭ്യാസം, സാമൂഹികം, കായികം, സാംസ്കാരികം, രാഷ്ട്രീയം തുടങ്ങിയ എല്ലാ രംഗങ്ങളിലും സജീവമായവരും നിറസാന്നിധ്യമുണ്ടായിരുന്നവരും അവരിൽ ഉണ്ട്. അതൊക്കെ വീണ്ടും നമുക്ക് പൊടിതട്ടിഎടുക്കേണ്ടേ ? പ്രവാസമാകുന്നതോടെ ആ നന്മകൾ ഇല്ലാതാകുന്നില്ലല്ലോ.  മാത്രവുമല്ല,  ഇതിലൊന്നും നേരത്തെ പരിചമില്ലാത്തവർ ഇപ്പോൾ  കൂട്ടായ്മകളിലെ നന്മ ഉൾക്കൊണ്ടു ചിലതൊക്കെ പരുവപ്പെടുത്തിയിട്ടുണ്ട്. നേരത്തെ അഭിപ്രായങ്ങൾ പറയാൻ സാധിക്കാത്തവർക്ക് സോഷ്യൽ മീഡിയയിലെ ഇടപഴകൽ അവരിൽ നല്ല മാറ്റങ്ങൾ വരുത്തിവെച്ചിട്ടുണ്ട്. ചില ആശയങ്ങളും  അഭിപ്രായങ്ങളും പറയാനും പങ്കിടാനും അവരെ അത് വഴി വെച്ചിട്ടുണ്ട്.

എന്ത്കൊണ്ട് പ്രവാസികൾ   നാട്ടിൽ എത്തിയാൽ  ചെറിയ ചെറിയ ഒത്തുകൂടലിനെ കുറിച്ച് ആലോചിച്ചു കൂടാ ? മാസത്തിൽ കുറഞ്ഞത് രണ്ടു വേദി. വലിയ ആൾക്കൂട്ടമൊന്നും വേണ്ട. എന്നാൽ , ആളുകൾ കൂടുതൽ ഉണ്ടെങ്കിൽ അത് പ്രശ്നമുള്ള വിഷയവുമല്ല. നാട്ടിലെ ഒരുപാട് വിഷയങ്ങൾ വാട്ട്സ്ആപ് കൂട്ടായ്മകളിൽ കൂടി കേട്ടതാണ്, കേട്ടുകൊണ്ടിരിക്കുന്നതാണ്. തങ്ങൾക്ക് ഇഷ്ടമുള്ള ചില  വിഷയങ്ങളെങ്കിലും  അതിൽ തീർച്ചയായും ഉണ്ടാകും. അതൊക്കെ ഒന്ന് കൂടി നേരിട്ട് കൂടിയിരുന്ന് പറയാനും കേൾക്കാനുമുള്ള ചെറിയ യോഗങ്ങൾ.  ആതിഥ്യമൊരുക്കേണ്ടത് നാട്ടിലുള്ളവരായിരിക്കണം .

ചിലപ്പോൾ വിചാരിച്ചതിലപ്പുറം ഇത്തരം കൂടിച്ചേരുകൾ  പിന്നീട് വഴിവെക്കും. വലിയവർക്കും യുവാക്കൾക്കും വിദ്യാർത്ഥികൾക്കും അതൊക്കെ ഉപകാരപ്പെടാനുള്ള സാധ്യത ഞാൻ മുന്നിൽ കാണുന്നു. തുറന്ന മനസ്സിൽ, ഹിഡൻ അജണ്ടകൾ ഒന്നുമേ ഇല്ലാത്ത അത്തരം കൂടിച്ചേരലുകൾ സൗഹൃദമുണ്ടാക്കുന്നതിലപ്പുറം പ്രവാസികളുടെ നല്ല ചിന്തകൾക്ക് നൽകുന്ന അംഗീകാരം കൂടിയാകുമത്.

നാട്ടിൽ നമ്മോടൊപ്പം കളിച്ചും ചിരിച്ചും ഇടപ്പെട്ടും പ്രവർത്തിച്ചും വന്നവർ പ്രവാസിയാകുന്നതോടെ സീറോ ആകുന്നില്ലല്ലോ. അവരിലും അറിവും അനുഭവങ്ങളും ഒരുപാടുണ്ടാകും. അതൊക്കെ സമപ്രായക്കാരോടും യുവ തലമുറയോടും പങ്കിടാനുമുണ്ടാകും. നാട് മാത്രമേ വിട്ടുള്ളൂ, പക്ഷെ, എന്നെ കേൾക്കാനും കെട്ടിപ്പിടിക്കാനും എന്റെ അഭിപ്രായങ്ങൾക്ക് വില കൽപ്പിക്കാനും എന്റെ ചെറിയ പ്രയത്നങ്ങൾക്ക് തോള്ചേരാനും  ഇപ്പോഴും എന്റെ നാട്ടുകാരുണ്ടെന്ന വലിയ ഘടകം ആത്മവിശ്വാസത്തിനു വക വെക്കും. ഒപ്പം, പോയപ്പോകുന്ന ബന്ധങ്ങൾ കണ്ണിചേർത്തുറപ്പിക്കാനും തീർച്ചയായും സാധിക്കും.

രണ്ടു ത്രെറ്റ്സ് (ആശങ്ക)  മുമ്പേ മുന്നിൽ കാണണം. അതിനെ പേടിക്കാനല്ല, ആ ഒരു ഒഴികഴിവ് പറഞ്ഞു തലയൂരാനുമല്ല. മറിച്ചു just to overcome, അത് വളരെ സമർത്ഥമായി  അതിജയിക്കാൻ.  അവയിതാണ് : ഒന്ന്,  അതിഥി-ആതിഥേയരുടെ  കൃത്രിമ തിരക്കഭിനയം . രണ്ട്, ഇരുട്ടത്ത് കുത്തിയിരുന്ന് പ്രവാസി-തദ്ദേശിയരുടെ  'ബ്രാൻഡ്'' കീറിപരിശോധിച്ചു സാഹചര്യം (environment ) കീഴ്മേൽ മറിക്കാൻ ശ്രമിക്കുന്നവന്റെ  സാത്താൻ മെസ്സേജുകളും.  ആദ്യത്തേത് തുടക്കത്തിലെ അപരിചയത്വം മാറുമ്പോൾ താനേ പോയ്ക്കൊള്ളും. രണ്ടാമത്തേത് മാറിക്കിട്ടാൻ ആരും കാത്തുനിൽക്കരുത്. അത് മറികടക്കാൻ നാമാർജ്ജിച്ച അനുഭവങ്ങൾക്കും  സൗഹൃദബന്ധങ്ങൾക്കുമാകണം. ആയേ തീരൂ.  കാരണം,  ''നികൃഷ്‌ട ജീൻ'' എന്നും എപ്പോഴും  ഏത് നാട്ടിലും ഉണ്ടാകും. പരാന്നഭോജികൾക്ക് മരണമില്ലന്നറിയുക. തൂത്താലും തളിച്ചാലും അവ മാറില്ല.

 എല്ലാവരും ഒന്നിച്ചു നാട്ടിൽ വരിക എന്നത് ഒരിക്കലും സംഭവ്യമല്ല.  അവൈലബിൾ (ലഭ്യമായ) പ്രവാസികൾക്ക് അനൗപചാരികമായി  നാട്ടുകാരുമായി ഒത്തുകൂടാം, എവിടെയും.  ഒന്നോ രണ്ടോ മണിക്കൂർ.  കളിതമാശകൾ പറയുന്നതിനൊപ്പം കുറച്ചു കാര്യങ്ങൾ പറയാൻ.  തങ്ങളുടെ ടൈം ഷെഡ്യൂളിൽ അത്തരം ഒത്തുകൂടലുകൾക്ക്  ഇടം കണ്ടെത്താൻ പ്രവാസികളും ശ്രദ്ധിക്കുക. ഒരു സ്ഥിരം വേദിയുണ്ടെങ്കിൽ വളരെ വളരെ നല്ലത്. വല്ലപ്പോഴും ''ബ്രാൻഡുക്കൾ''ക്കതീതമായി പ്രവാസികളും നാട്ടുകാരും ഒത്തുകൂടട്ടെ. 

No comments:

Post a Comment