Sunday 1 January 2017

ഓര്‍ക്കാപ്പുറത്ത്.... / അസീസ്‌ പട് ള

ഓര്‍ക്കാപ്പുറത്ത്....
➖➖➖➖➖➖

ടി.ഐ.എച്ച്.എസ്സില്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു ജൂലൈ മാസം, വൈറ്റ് ശേട്ടും നാവിബ്ലൂ പാന്‍റ്സും അതാ സ്കൂള്‍ യൂണിഫോം, മധൂറില്‍ നിന്നും രാവിലെ 8.55 നുള്ള സുപ്രീം ബസ്സില്‍ (പച്ച ബസ്സില്‍ മഞ്ഞ എഴുത്ത്),
തിമിര്‍ത്തു പെയ്യുന്ന മഴയില്‍ വാഗണ്‍ ട്രെജടിയെ അനുസ്മരിപ്പിക്കും വിധം  യാത്രക്കാരെ നിറച്ചു നീങ്ങുന്നു, കൂടുതലും  വിദ്യാര്‍ത്ഥികള്‍.

രണ്ടുവശവും തര്‍പ്പായി കൊണ്ട് മൂടിയതിനാല്‍ അകത്തുള്ളവര്‍ക്ക് എവിടെ എത്തി എന്നതിന് യാതൊരു തിട്ടവുമില്ല!, ചില വളവുകളും ഇറക്കവും മനസ്സില്‍ കണ്ടൂഹിക്കും., കൂടലില്‍ എത്തിയാല്‍ നാലില്‍ ഒന്നും അവിടെ ഇറങ്ങും, വിദ്യാര്‍ഥികള്‍., അവരുടെ അച്ചടക്കവും അനുസരണവും മാതൃകാപരമായിരുന്നു.

നീണ്ട ഒരു നെടുവീര്‍പ്പോടെ ബസ്സ്‌ പിന്നെയും മുമ്പോട്ട് .. മഴതോര്‍ന്നു,  ആരോ ഒരാള്‍ തര്‍പ്പായി ഉയര്‍ത്തി, മഴയില്‍ കുളിച്ച മന്ദമാരുതന്‍,  ചൂടിയ മുല്ലപ്പൂക്കളെ തഴുകി മനസ്സിനും ശരീരത്തിനും കുളിര്‍ കോരിയിട്ടു,  അനുഭൂതികളാല്‍ നിര്‍വൃതിയടഞ്ഞ നിമിഷങ്ങള്‍........

നയന്മാര്‍മൂല ജമാഅത്ത് പള്ളിയുടെ അടുത്തുള്ള ടി.ഐ.എ.യു.പി  സ്കൂ ളില്‍ നിന്ന് എന്‍.എച്ച്. 17 വഴി ടെസ്ക്കും ബെഞ്ചും തലയിലേറ്റി ഹൈസ്കൂളിലെ പ്രഥമ ബാച്ച് ഉദ്ഘാടനത്തിന് മൈദാനിയിലെക്ക് നടക്കുന്ന കുട്ടികളുടെ കൂട്ടത്തില്‍ എനിക്കും പങ്കാളിയാവാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്.

ഹൈസ്കൂളിലെ രണ്ടാമത്തെ ബാച്ച്, പുതിയ ഹെഡ്മാഷ് വരുന്നതിനു മുമ്പ് തെന്നെ ഞങ്ങള്‍ക്ക് ഒരു സൂചന തന്നിരുന്നു, കണക്കില്‍ ബിരുദമുള്ള ഇംഗ്ലീഷില്‍ വളരെ സമര്‍ത്ഥനായ ഒരു തിരുവിതാംകൂറുകാരന്‍, “വളരെ കണിഷക്കാരനാണ്” ഇത് കേട്ടപ്പോള്‍ കൈമുട്ട് ടെസ്ക്കിലൂന്നി താടിയില്‍ വെച്ചിരുന്ന ഒരു കുട്ടിയുടെ കൈ അറിയാതെ വഴുതിപ്പോയി...

അങ്ങനെ പുതിയ എച്.എം. ക്ലാസ്സില്‍ വന്നു, എല്ലാവരെയും പരിച യപ്പെട്ടു, നല്ല വെളുത്തു, തടിച്ച മുന്‍വശത്ത് അല്പം കഷണ്ടിയുള്ള  സൌമ്യനായ ഒരു മധ്യവയസ്കന്‍, പേര് എം.പി.ചാക്കോ, ചില ചോദ്യങ്ങള്‍ ചോദിച്ചു അദ്ദേഹം പോയി.

പിന്നീട് നാള്‍ക്കു നാള്‍ പുതിയ പുതീയ നിയമങ്ങള്‍! പത്തു മുപ്പതിന് ലോങ്ങ്‌ ബെല്ലടിചിരുന്നത് സ്റ്റടി ബെല്ലെന്ന ഓമനപ്പേരില്‍ പത്തേകലിനാക്കി, ശേഷം ഒറ്റ കുട്ടിയേയും പുറത്തു കണ്ടു പോകരുത്, നിയമം കര്‍ശനം!! ,അതായിരുന്നു എന്നെ കുഴക്കിയത്!, വല്ലപ്പോഴും വൈകി വരുന്ന എനിക്ക് ഓര്‍ക്കാപുറത്ത് കിട്ടിയ അടിയായിപ്പോയി.


അന്നൊരു ദിവസം സുപ്രിം കിട്ടിയില്ല, പിന്നെ പേരിനു ഒമ്പതര ആണെങ്കിലും ഒമ്പതെ നാല്പതോക്കെയാവും പുറപ്പെടാന്‍, അസ്‌ലം ബസ്സ് (ചുവന്ന ബസ്സില്‍ ചുവന്ന എഴുത്ത്), പുതീയ ബസ്ടാണ്ട് ഇല്ലാത്ത കാലം,, മുമ്പില്‍ കട്ട പുക, ഇത് ടൌണില്‍ എത്തുമ്പോള്‍ പത്തേകാല്, പിന്നെ ബി.സി. റോഡ്‌ എത്താന്‍ പത്തു മിനുറ്റ് മതിയാവില്ല, എന്ത് ചെയ്യും?,

ഏതായാലും പിന്നോട്ടെടുതില്ല, മുമ്പോട്ടു തെന്നെ... കഷ്ടിച്ചു പത്തര മണിക്ക് തെന്നെ ക്ലാസ്സില്‍ എത്താന്‍ കഴിഞ്ഞു, അന്നെന്തോ.. ക്ലാസ് ടീച്ചര്‍ നേരത്തെ ഹാജര്‍ വിളി ഒരു കര്‍മ്മം പോലെ ചെയ്തുവച്ചു, (മണി ജി. നായര്‍, കാസറഗോഡ് പ്രശസ്തനായ ഒരു വക്കീലിന്‍റെ ഭാര്യ, കോട്ടയം സ്വദേശം) ഞങളുടെ ഇംഗ്ലീഷ്,ബയോളോജി  ടീച്ചര്‍.. എന്നെ ടീച്ചര്‍ക്ക്‌ നന്നായി അറിയാം, ആ പരിഗണ കാണിക്കുമെന്ന എന്‍റെ മോഹം വൃഥാവിലായി, അകത്തേക്ക് കയറാന്‍ പറഞ്ഞില്ല!, എന്ത് ചെയ്യും, ഒരു സൈകിളിന്നു വീണ ചിരിയോടെ വാതിലിനു മുമ്പില്‍ നിന്നു., പത്തേകാലിനു വെല്ലടിക്കുന്നതില്‍ ടീച്ചറും തൃപ്തയായിരുന്നില്ല, ആ ദേഷ്യം എന്നോട് തീര്‍ത്തു..

“എന്നാ.. അസീസേ, വൈകിയത്?, പത്തരയായല്ലോ?!”

“പത്തരക്കല്ലേ ടീച്ചറെ ക്ലാസ് തുടങ്ങുന്നത്?,”

“പത്തേ കാലിനു ബെല്ലടിക്കുന്നതറിയില്ലേ? പിന്നെന്നാതിനാ പത്തരയാക്കിയത്?”

“അത് സ്ട്ടടി ബെല്ലല്ലേ ടീച്ചറെ..?”, ഇത്രേ ഞാന്‍ പറഞ്ഞുള്ളൂ.. അതിഷ്ടപ്പെട്ടില്ല,

തെറ്റില്‍ വെച്ച് ഏറ്റവും വലീയ തെറ്റ് തെറ്റിദ്ധാരണയാണല്ലോ?, ഞാന്‍ മ:നപൂര്‍വ്വം വൈകിച്ചതെന്ന തെറ്റിദ്ധാരണയ്ക്ക് മുമ്പില്‍ ഒരു ഏറ്റു പറച്ചിലും ചെവിക്കൊണ്ടില്ല.

“എച്. എമ്മിനെ കണ്ടു ക്ലാസ്സില്‍ കയറിയാല്‍ മതി......”,

ഇത് കേട്ടതോടെ എന്‍റെ മുമ്പില്‍ വീണ്ടും കട്ടപുക!! ഒരു കുട്ടീടെ കയ്യില്‍ കുറിപ്പും എഴുതി വിട്ടു എച്.എമ്മിന്, ഓഫീസ് ലഷ്യം വെച്ച് ഗ്രൌണ്ട് ഫ്ലോറിലേക്ക് കൊണിപ്പടിയിറങ്ങി ഞാനും.





ഓഫിസ് മുറി, ശാന്തം..... ഭയവിഹ്വലനായ ഞാന്‍ മന്ദം മന്ദം അകത്തു ക ടന്നു, ശരീരോഷ്മാവ് കുറയുന്നത് പോലെ തോന്നി, പ്രത്യേഗ ഗന്ധവും, കളറും അല്ലാത്തതുമായ ചുവര്‍ ചിത്രങ്ങള്‍, ഷോകൈസിനു മേലെ പ്രതിഷ്ടിച്ച ഗ്ലോബിനു 23 ഡിഗ്രിയില്‍ കൂടുതല്‍ ചരിവ് പ്രകടമാക്കി, ഗാന്ധിജി, ടാഗോര്‍ എന്നിവരുടെ ചുവര്‍ചിത്രം എന്നെ തുറിച്ചു നോക്കുന്നത് പോലെ തോന്നി....

കയ്യിലെ കുറിപ്പ് വായിച്ചു എന്നെ ആപാദചൂഡം ഒന്ന് നോക്കി, മുഖത്തെ ഗൌരവം എന്നെ സ്തബ്ധനാക്കി,

“ക്ലാസ് ടീചെറോടാണോ തര്‍ക്കുത്തരം പറയുന്നുത്?”

“എന്താ പേര്?”

“അസീസ്‌” ഭാവ്യതയോടെ പറഞ്ഞു..

മേലില്‍ ആവര്‍ത്തിക്കരുത് എന്ന് പറഞ്ഞു വലീയ ഒരു ചൂരല്‍ എടുത്തു, കുട്ടികളുടെ മുമ്പില്‍ തെന്നെയാവം ശിക്ഷ, അവര്‍ക്കും ഇതൊരു പാഠമാകട്ടെ !!, എന്‍റെ ഉള്ളൊന്നു കാളി.......സ്കോട്‌ ലീഡര്‍, ആര്‍ട്സ് ക്ലബ്‌, സയന്‍സ് ക്ലബ്‌ സ്ഥാനം, പിന്നെ കുട്ടികളുടെ ഇടയില്‍ ലീഡര്‍ഷിപ്പുള്ള മൂന്നുപേരില്‍ ഒരാള്‍..... എല്ലാം തകരുന്ന മട്ടാണല്ലോ?!! ആകെ നാണക്കേടാവും!!!

നൂറുകൂട്ടം ചിന്തകള്‍ എന്‍റെ മസ്തിഷ്കത്തെ മരവിവ്വിച്ചു, കണ്ണുകളില്‍ ഇരുട്ട് പടര്‍ത്തി...  അനിയന്ത്രിതമായി ഹെട്മാഷേ അനുഗമിച്ചു..





ഞാന്‍ സിനിമാപ്രിയനായിരുന്നു, ജയനും, സുകുമാരനും എന്‍റെ ഇഷ്ടതാരങ്ങള്‍, സുകുമാരന്‍ കാസറഗോഡ് കോളേജില്‍ ലക്ചറര്‍ ആയിരുന്നു എന്നറിഞ്ഞതോടെ മതിപ്പ് കൂടി.. അവരെ അനുകരിച്ചും, നിര്‍ത്താതെയുള്ള ടയലോഗ് അടിച്ചും ഞാന്‍ കുട്ടികളുടെ ഇടയില്‍ ഞെളിഞ്ഞു നടന്നു..

ഇംഗ്ലീഷ് പഠിക്കാനുള്ള പ്രത്യേക അഭിനിവേശവും!, ഡല്‍ഹി പുസ്തക് മഹല്‍ ഇറക്കിയ “റാപിടെക്സ്‌” പരസ്യം കണ്ട ഉടനെ വാങ്ങിയത് ഒരുപക്ഷെ ഞാനായിരിക്കും, ഗള്‍ഫില്‍ വന്നതിനു ശേഷം വെട്ടം മാണിയുടെ “ഇംഗ്ലീഷ് ഗുരുനാഥന്‍” അങ്ങിനെ നീളുന്നു പഠന സമാഗ്രികളുടെ പട്ടിക, സത്യം തിരിച്ചറിയുമ്പോള്‍ വളരെ വൈകിയിരുന്നു.

“theoretical is entirely different than practical”,  ഒന്നും ആവാന്‍ കഴിഞ്ഞില്ല... സങ്കടമില്ല, ഒരു ഉര്‍ദു കവി പാടിയതുപോലെ “മേരാ മാലിക് മെര ദില്‍ ഹേ...”, അതെ എന്‍റെ ഉടമസ്ഥനും രാജാവും എന്‍റെ സാമ്രാജ്യവും ജയവും, പരാജയവും ഒക്കെ ഞാന്‍ തെന്നെ, മറ്റുള്ളവരുമായി താരതമ്യം ചെയ്യാറില്ല.......വീണടം വിഷ്ണുലോകം !



ഹെട്മാഷ് ഓഫിസിന്നു വെളിയില്‍ കടക്കുന്നതിനു തൊട്ടുമുമ്പ് ഞാന്‍ സുകുമാരന്‍റെ സകല വാചകചടുലതയും ശരീരഭാഷയും സ്വാംശീകരിച്ച് ഒരു ടയലോഗ് കാച്ചി.....

“സോറി സര്‍, ഞാന്‍ അറിയാതെ പറഞ്ഞു പോയതാ.......ഇനിയാവര്‍ത്തി ക്കില്ല”

ഇത് കേട്ടതോടെ ഒരു നിശ്ചല ചിത്രം പോലെ അദ്ദേഹം നിന്നു, മെല്ലെ എന്നെ തിരിഞ്ഞു നോക്കി.........

അബദ്ധമായോ എന്നമാത്രയില്‍ ഞാന്‍ ഒരടി പിന്നോട്ടെടുത്തു...

വലതു കയ്യിലെ ചൂരല്‍ ഇടതു കൈപ്പത്തിയില്‍ തട്ടിച്ചു കൊണ്ട് മുമ്പോട്ട് വന്നു, ഇവിടം വച്ച് പൊട്ടിക്കാന്‍ തെന്നെയാവും ഭാവം എന്ന മട്ടില്‍ ഞാന്‍ രണ്ടും കല്പിച്ചു നിന്നു കൊടുത്തു.....

“ഗുഡ്.....അതാണ്‌ വേണ്ടത്, ചെയ്ത തെറ്റിന് ക്ഷമാപണം.., ഇപ്രവശ്യത്തേക്ക് ക്ഷമിചിരിക്കുന്നു”,

ഹോ, ഭാഗ്യം..... ഞാന്‍ വിട്ടില്ല


“താങ്ക്യൂ സര്‍”... അദ്ദേഹം ചൂരല്‍ യഥാസ്ഥാനത് വച്ചു എന്നെയും കൂട്ടി ക്ലാസ് റൂമില്‍ ചെന്നു ടീച്ചറോട്‌ പറഞ്ഞു.

“ക്ഷമ ചോദിച്ചു, ആവര്‍ത്തിക്കില്ലെന്നും പറഞ്ഞു, ആദ്യമല്ലേ.......ക്ഷമിച്ചു കളയാം അല്ലെ ടീച്ചറെ...” ഒരു പുഞ്ചിരി പാസ്സാക്കി അദ്ദേഹം തിരിച്ചു പോയി.

വെള്ളത്തിലിട്ട മത്സ്യത്തെപ്പോലെ ഞാന്‍ ഓടിച്ചെന്നു  എന്‍റെ സീറ്റില്‍ ഇരുന്നു..


അടി കൊള്ളിക്കാന്‍ പറ്റാത്ത നിരാശയില്‍ പല്ലിറുമ്മി ടീച്ചര്‍ എന്നെ നോക്കി....”ഞാനൊന്നുമറിഞ്ഞില്ലേ നാമ:നാരായണാ...” എന്ന മട്ടില്‍ ഞാനും ഇരുന്നു.

ഒരു ഇംഗ്ലീഷ് പീരീഡ്‌, ടീച്ചര്‍ ഇല്ല....... മോണിറ്റര്‍ പതിവ് പോലെ “വിദ്യാരംഭം” എന്നാ മാഗസിന്‍ എല്ലാവര്ക്കും വിതരണം ചെയ്തു, വായനയില്‍ പണ്ടേ താല്പരനല്ലാത്ത  ഞാന്‍ ചില വരചിത്രങ്ങള്‍ തിരയുകയായിരുന്നു, ദേ.. വരുന്നു നമുടെ എച്ച്.എം,

“ഗുഡ് അഫ്ടര്‍നൂണ്‍ സര്‍”

“ഗുഡ് അഫ്ടര്‍നൂണ്‍” എല്ലാവരെയും ഇരിക്കാന്‍ ആംഗ്യം കാണിച്ചു, ക്ലാസ്മുറി ചുറ്റി ഓരോരുത്തരെ വീക്ഷിച്ചു, കൂട്ടത്തില്‍ എന്നെ മറന്നിരുന്നില്ല...ഒന്ന് പുഞ്ചിരിച്ചു ബഹുമാനനുസരണം ഞാന്‍ എണീറ്റു , തോളില്‍ തട്ടി ഇരുത്തി, കസേരയിലിരുന്നു ഇംഗ്ലീഷില്‍ ഒരു ചോദ്യം ചോദിച്ചു., ഒരു പാട് ഗ്രാമറും പഠിപ്പിച്ചു തന്നു, ബോണ്‍ ടു ടീച്, അതായിരുന്നു അദ്ദേഹം, ആ മഹാ മനസ്കന്‍, നിമിഷങ്ങള്‍ ഇഴയരുതെ എന്ന് പ്രാര്‍ഥിച്ച നിമിഷം!

അദ്ദേഹത്തിന്‍റെ ടീച്ചിംഗ് സ്കില്‍ല്സ് കുട്ടികളില്‍ നിന്നും മനസ്സിലാക്കിയ മാതാപിതാക്കള്‍ ടുഷന്‍ എടുക്കാന്‍ നിര്‍ബന്ധിച്ചു, മാസത്തില്‍ നൂറു രൂപ അതും ഒരു മണിക്കൂര്‍, മുബാറക് ഹാജിയുടെയും മദീന ഹാജിയുടെയും മക്കളെപ്പോലുള്ളവര്‍ക്ക് മാത്രം സ്വാസ്ഥ്യം, പുസ്തകവും യുനിഫോര്മും തെന്നെ കഷ്ടിയായിരുന്നു എന്നെപ്പോലുള്ളവര്‍ക്ക്.

ചുറ്റുപാടിലുള്ള സ്കൂളില്‍ നിന്നും ഹൈസ്ക്കൂളിലേക്ക് പുതിയ അഡ്മിഷന്‍, മാഷേക്കളും പ്രായം തോന്നും ചിലര്‍ക്ക്, ബോംബയിലെ പൂച്ച എലിയെ പേടിക്കുന്നതുപോലെ ഓരം ചേര്‍ന്നാണ് മാഷമ്മാര്‍ അവര്‍ക്ക് വഴി മാറി ക്കൊടുതിരുന്നത്, സീനിയര്‍ ആയ ഞങ്ങളെ ഇതത്ര രസിപ്പിച്ചില്ല.

എസ്.ഡി.പി.ഐ. നേതാവ്, എന്‍.യു.സലാം എന്‍റെ അടുത്ത കൂട്ടുകാരനാണ്, ഇന്നും അതെ.,  ബാംഗ്ലൂരില്‍ നിന്നും എം.ബി.എ. യും, അഭിഭാഷകവൃത്തിയില്‍ ബിരുദവും നേടി,... കഴിഞ്ഞ മാസമാണ് അവന്‍റെ വന്ദ്യപിതാവ്, പ്രകല്‍ഭ പണ്ഡിതന്‍ ഉമ്മര്‍ മൌലവി നമ്മളോട് വിട പറഞ്ഞത് (الله يرحمه),പിന്നെ ഫയാസിന്‍റെ മൂത്താന്‍റെ മകന്‍ ലത്തീഫ്ചാന്‍റെ ഹാഷിം,  ഞങ്ങളെ മൂന്നു  പേരെയും ഒന്‍പതാം ക്ലാസ്സില്‍ നിന്ന് എച്.എം. അദ്ദേഹത്തിന്‍റെ വീട്ടില്‍ പോകാന്‍ പറഞ്ഞു.

അതീവ രഹസ്യമായ കാര്യമാണെന്നും, നവാഗതര്‍ നമ്മുടെ സ്കൂളില്‍ രാഷ്ട്രീയ സംഘടനയുടെയും, വിദ്യാര്‍ഥി സമരത്തിന്‍റെയും വിത്ത്‌ പാകാന്‍ ശ്രമം നടത്തുന്നുണ്ട്, ഏതു വിധേനെയും ചെറുക്കണം, നിങ്ങള്‍ മൂന്നു പേര്‍ ഇനി മുതല്‍ സ്കൂളിന്‍റെ സി.ഐ.ഡി(ചാരന്മാര്‍), ഞങ്ങള്‍ മൂവരും മുഖത്തോട് മുഖം നോക്കി..

അത് മാത്രം പോര, പഠിപ്പിലും കൂടുതല്‍ ശ്രട്ദ്ധിക്കണമെന്നു പ്രത്യേകം പറഞ്ഞു, കൂട്ടത്തില്‍ മൂന്നു പേര്‍ക്കും അദ്ദേഹത്തിന്‍റെ വീട്ടില്‍ ടുഷന്‍ സൌജന്യം., ഞങ്ങള്‍ക്ക് മാത്രം കിട്ടിയ ഈ ബഹുമതി ആരോടും പറയാതെ കുറെ കാലം രഹസ്യമായി പലരുടെയും ദുഷ്പ്രവൃത്തികളെ വേരോടെ പിഴുതെടുത്തു, അക്കാലത്ത് ആ നാട്ടുകാരനല്ലാത്ത എനിക്കും  സ്കൂളിന്‍റെ ആത്മാക്കളായ മൂവരില്‍ ഭാഗഭാക്കാവാന്‍ കഴിഞ്ഞതിന്‍റെ ചാരിതാര്‍ത്ഥ്യം പലപ്പോഴും എന്നെ ആത്മാഭിമാനം കൊള്ളിച്ചിട്ടുണ്ട്.




No comments:

Post a Comment