Friday, 13 January 2017

ഇനി ആർടിയിൽ വിന്റർ ഓഡിയോ തിയേറ്റർ ദിനങ്ങൾ / അസ്‌ലം മാവില

ഇനി ആർടിയിൽ
വിന്റർ ഓഡിയോ തിയേറ്റർ ദിനങ്ങൾ

അസ്‌ലം മാവില

നാലഞ്ച് ദിവസങ്ങൾ മുമ്പ് വിന്റർ ഓഡിയോ തിയേറ്ററിനെ കുറിച്ച്  ഇവിടെ ഒരു അറിയിപ്പ് ഉണ്ടായിരുന്നു. ആർടി സാംസ്കാരിക പ്രവർത്തകരെ മാത്രമുണ്ടദ്ദേശിച്ചല്ല, പൊതുവെ നമ്മുടെ നാട്ടിലെ മുഴുവൻ ശ്രോതാക്കളെയും ലക്‌ഷ്യം വെച്ചുകൊണ്ടാണ് ഓഡിയോ തീയേറ്റർ ഒരുങ്ങുന്നത്.

അതിപുരാതന ഗ്രീസിലെ  ബിസി  നാന്നൂറ്റി എൺപതുകളിൽ ജീവിച്ച യൂറിപാഡീസ് എഴുതിയ സൈക്ളോപ്സ് എന്ന ഏകാംഗതോടെയാണ് നാടകലോകം ആരംഭിക്കുന്നത്. ഡ്രാമയുടെ (drama)യുടെ ആദ്യരൂപമാണിത്. പത്ത്-പതിനഞ്ചു മിനുറ്റിൽ ഒന്നോ രണ്ടോ രംഗങ്ങളിൽ ഒതുക്കിയുള്ള നടനമാണ് ഏകാംഗം. ഒരു സന്ദേശം ഏറ്റവും സുതാര്യമായി പ്രേക്ഷരെ ഫലിപ്പിക്കാൻ നാടകത്തോളം പോന്ന മറ്റൊരു കലയുമില്ല.

ഇന്ന്, പ്രബുദ്ധകേരളത്തിൽ ഒരു പക്ഷെ ഏറ്റവും കൂടുതൽ നാടക വേദികളുള്ളത് ഉത്തര കേരളമെന്നത് അത്ഭുതമാണ്. നവംബർ -ഡിസംബർ - ജനുവരി മാസങ്ങൾ ഉത്തര കേരളത്തിലെ രംഗപീഠങ്ങൾ നാടകങ്ങൾ കൊണ്ട് സജീവമാകും. ദേശീയ നാടക മത്സരങ്ങൾ ആഴ്ചകളോളം നടന്നത് ഇക്കഴിഞ്ഞ ആഴ്ചകൾ ഉത്തരകേരളത്തിലായിരുന്നല്ലോ.

എണ്ണൂറുകളുടെ ആദ്യം രൂപം കൊണ്ട  വയർലെസ്സ് ടെലിഗ്രാഫിയിൽ നിന്നും നിരന്തര ഗവേഷണ പരീക്ഷണങ്ങൾക്ക് ശേഷം എണ്ണൂറുകളുടെ അവസാനം മാർക്കോണി ലോകത്തിനു പരിചയപ്പെടുത്തിയ റേഡിയോ തൊള്ളായിരത്തിന്റെ തുടക്കത്തിൽ തന്നെ സുപരിചിതമാകാൻ തുടങ്ങി. വാർത്തകളോടൊപ്പം വിനോദവും വിജ്ഞാനപ്രദവുമായ പരിപാടികളും തുടർന്ന് ലോകം കേട്ടത് ചരിത്രം.  തൊള്ളായിരത്തി ഇരുപതുകളിൽ റേഡിയോ നാടകങ്ങളും സാംസ്കാരിക ലോകം കേൾക്കാൻ തുടങ്ങി.

1930 -1960 കാലങ്ങൾ റേഡിയോ നാടകങ്ങളുടെ സുവർണ്ണ കാലഘട്ടമായിരുന്നു, പിന്നീട് ടെലിവിഷൻ പ്രചാരത്തിലായതോടെ അതിന്റെ പ്രഭക്കൽപ്പം മങ്ങലേറ്റെങ്കിലും ഇന്ത്യപോലുള്ള മൂന്നാം ലോക രാഷ്ട്രങ്ങളിൽ റേഡിയോ നാടകങ്ങൾ ക്ക്  പിന്നെയും കുറേക്കാലം രാജകീയ സ്വീകരണമാണ് ലഭിച്ചത്. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും  ഇടക്കിടക്ക് നടക്കാറുള്ള റേഡിയോ നാടകോത്സവങ്ങൾ നമ്മുടെ കാതുകളിൽ ഇപ്പോഴും കാലൊച്ചകൾ വെക്കുന്നുണ്ടാകണം.

പ്രേക്ഷകർക്ക് പറഞ്ഞും അഭിനയിച്ചും ഫലിപ്പിക്കാൻ സ്റ്റേജ് നാടകങ്ങൾക്കാകും. പക്ഷെ റേഡിയോ നാടകങ്ങൾക്കിവയെ അതിജയിക്കാൻ ശക്തമായ മുന്നൊരുക്കങ്ങൾ നാടകഘടനയിൽ തന്നെ മാറ്റം വരുത്തേണ്ടതുണ്ട്. ശ്രോതാക്കൾക്ക് അനുഭവവേദ്യമായി അത്തരം കേൾവിരംഗങ്ങൾ ഒരുക്കുന്നിടത്താണ് റേഡിയോ നാടക ശില്പികളുടെയും അണിയറ പ്രവർത്തകരുടെയും കഴിവ്. ശ്രോതാക്കൾ കാത് കൂർപ്പിച്ചു കേട്ടാസ്വദിക്കുന്നിടത്താണ് റോഡിയോ തിയേറ്ററുകൾ വിജയിക്കുക. വൈകുന്നേരങ്ങളിൽ നാടകങ്ങളും രൂപകങ്ങളും കേൾക്കാനും ആസ്വദിക്കാനും നമ്മുടെ കുട്ടിക്കാലം മത്സരിച്ചത് ഇന്നും ഓർക്കുന്നുണ്ടാകുമല്ലോ.

ആർടി ആ പഴയകാലങ്ങൾ ഒരിക്കൽ കൂടി  വീണ്ടെടുക്കാനുള്ള ശ്രമം നടത്തുകയാണ് വിന്റർ റേഡിയോ തിയേറ്ററിലൂടെ.  ഇനിയുള്ള ഒരു മാസക്കാലം അതിനുള്ളതാണ്. അന്തർദേശീയനാടകോത്സവത്തിൽ അവതരിപ്പിച്ച  തെരെഞ്ഞെടുക്കപ്പെട്ട റേഡിയോ നാടകങ്ങളാണ് ഞങ്ങൾ ശ്രോതാക്കൾക്കായി ഒരുക്കുന്നത്. എല്ലാവരും ഈ കലാവിരുന്ന് ആസ്വദിക്കുമെന്ന് കരുതട്ടെ.  റേഡിയോ  നാടക സ്ലോട്ടുകൾ പ്രക്ഷേപണം ചെയ്യുമ്പോൾ മറ്റു ടെക്സ്റ്റ്/ വോയിസ്/ ഛായാചിത്രങ്ങൾ പോസ്റ്റ് ചെയ്യാതെ എല്ലാവരും സഹകരിക്കുമല്ലോ. ആശംസകളും അഭിവാദ്യങ്ങളും അർപ്പിക്കുന്നു. 

No comments:

Post a Comment