Saturday 21 January 2017

എന്റെ വായന / മഞ്ഞുതുള്ളികൾ / അസ്‌ലം മാവില


എന്റെ വായന

മഞ്ഞുതുള്ളികൾ


അസ്‌ലം മാവില

RT റേഡിയോ തിയേറ്ററിന്റെ മൂന്നാം ദിവസത്തെ നാടകം കേട്ട് കണ്ണ് നനയാത്തവരുണ്ടാകില്ലെന്നു ഞാൻ കരുതുന്നു. പച്ചക്കരളുള്ള മനുഷ്യൻ  അങ്ങിനെ ഒരു വൈകാരിക തലത്തിലേക്ക് പോയില്ലെങ്കിലേ അത്ഭുതമുള്ളൂ.

 ''അതിഥിയോടൊപ്പം'' എന്ന  തത്സമയ റേഡിയോ പരിപാടിയുടെ അമ്പതാം ലക്കത്തിൽ അവതാരകൻ,  ബഷീർ എന്ന തലശ്ശേരിക്കാരനായ പ്രവാസിയെ ശ്രോതാക്കൾക്ക് പരിചയപ്പെടുത്തുന്നതോടെയാണ് ''മഞ്ഞുതുള്ളികൾ'' തുടങ്ങുന്നത്.  ഗൾഫിൽ കാൽകുത്തിയത് മുതൽ കഴിഞ്ഞ മൂന്ന് വർഷക്കാലമായി ബഷീർ ഒഴിച്ചുകൂടാൻ പാടില്ലാത്ത ബാധ്യത എന്ന കണക്കിൽ പെടുത്തി ചെയ്യുന്ന ഒന്നുണ്ട്, ഒരു പക്ഷെ തിരക്ക് പിടിച്ച പ്രവാസികളിലെ  ഭൂരിപക്ഷത്തിനും സങ്കൽപ്പിക്കാൻ പോലും സാധിക്കാത്ത ഒരു  മഹത്തായ കർമ്മം തന്റെ അന്നം കണ്ടെത്തുന്നതിനിടയിൽ സമയം കണ്ടെത്തി  ചെയ്യുന്ന ഒന്ന്.  ആ സദ്കർമ്മമാണ് ഈ നാടകത്തെ ശ്രദ്ധേയമാക്കുന്നത്.

നാടകത്തിൽ മുഴുനീളം ഇങ്ങിനെയൊരു ബഷീറിനെ നാം പ്രതീക്ഷിക്കുന്നുണ്ട്, പ്രവാസികൾ പ്രത്യേകിച്ചും. ഒരിക്കൽ പോലും പ്രസിദ്ധിയും പ്രശസ്തിയും ആഗ്രഹിക്കാത്ത ഇങ്ങിനെയും മനുഷ്യർ നമ്മുടെ ഇടയിൽ ജീവിക്കുന്നുണ്ട് എന്നും അവർ വിരിച്ച തണലിലാണ് സാധാരണക്കാരായ പ്രവാസികൾ കണ്ണിമ പൂട്ടുന്നതെന്നുമുള്ള സന്ദേശം ഈ നാടകം നൽകുന്നു.  സാധാരണ  സേവനപ്രവർത്തനങ്ങളുടെ ലിസ്റ്റിൽ ആ കർമ്മത്തെ പെടുത്തേണ്ടതല്ലെന്ന് നമ്മെ ഉണർത്തുന്നത് പോലെ എല്ലാവര്ക്കും തോന്നും നാടകം മുഴുവൻ കേട്ട് കഴിയുമ്പോൾ .

ബഷീർ ആ സദുദ്യമം തെരഞ്ഞെടുക്കാൻ കാരണം പറയുന്നുണ്ട്. വളരെ പോസിറ്റിവായ സാമൂഹിക ചിന്തയാണ് ആ കാരണം വഴി വെക്കുന്നത്. തനിക്കും ഉമ്മയ്ക്കും സഹോദരങ്ങൾക്കും പിതാവിന്റെ ചേതനയറ്റ ശരീരം ഒരു നോക്ക് കാണാൻ പറ്റാതെ , മാസങ്ങളോളം കണ്ണീർ കുടിച്ചു ജീവിച്ച ഒരു പശ്ചാത്തല രംഗാവിഷ്കാരം നാടകകൃത്ത് ഒരുക്കുന്നുണ്ട്. പ്രവാസകാലം ജീവിച്ചു തീർക്കുന്ന അബൂബക്കർക്ക. അയാളുടെയും നാട്ടിലുള്ള ഭാര്യ (ഖദീജ)യുടെയും ഫോണിൽ കൂടിയുള്ള ഗദ്ഗദങ്ങൾ ! യാദൃശ്ചികതയുടെ സന്ദർഭങ്ങൾ ഒരുക്കി ആ ദമ്പതികൾ പങ്കിടുന്ന കണ്ണീരിൽ ചാലിച്ച ആത്മഗദങ്ങൾ ! ബഷീറിന്റെ ശ്രദ്ധയിൽ പെടുന്ന തന്റെ  പ്രിയപ്പെട്ട ഉപ്പയും ഉമ്മയും ഷയർ ചെയ്യുന്ന നൊമ്പരങ്ങൾ ! എല്ലാം നമ്മുടെ ജീവിതത്തിൽ ഇന്നലെയും മിനിഞ്ഞാന്നുമായി നടന്നത് പോലെ തോന്നിപ്പോകുന്നു.

പ്രവാസികൾക്കിടയിൽ പറയുന്ന തമാശ, ''കൊറേ കാലം പെട്ടിയും തൂക്കി പിടിച്ചുള്ള വരവ്, പിന്നെ പെട്ടിയിൽ കെടന്നുള്ള ഒരു വരവ്''. അബൂബക്കർക്കയുടെ തലശ്ശേരി ചുവയുള്ള ആ വാക്കുകൾ  കേൾക്കുമ്പോൾ ഹൃത്തിൽ മിന്നൊളി പായാത്ത  ഒരു പ്രവാസിയും ഉണ്ടാകില്ല. അറം പറ്റിയത് പോലെ, ആ വാക്കുകൾ തീർക്കുന്ന അയാളുടെ പര്യവസാനം.  (അതിനു പോലും അദ്ദേഹത്തിന്  ഭാഗ്യമുണ്ടാകുന്നില്ലല്ലോ  ) പെട്ടിയിൽ കിടന്നു ഉറ്റവരും ഉടയവരുമുള്ള പെറ്റനാട്ടിലേക്ക്   വരാൻ പോലും സാഹചര്യങ്ങൾ ഉണ്ടാകാതെ, അതിനാരു പോലും ശ്രമിക്കാതെ  മാസങ്ങളുടെ അവധിയും കഴിഞ്ഞു മോർച്ചറിയിൽ നിന്ന് കൂടുമാറി ഗൾഫിലെ ഒരു ഖബർസ്ഥാനിൽ തന്റെ ഉപ്പച്ചി  ഖബറക്കപ്പെടുന്ന വിവരം ബഷീർ കണ്ണീരിൽ ഒപ്പിയ ശബ്ദത്തിൽ അവതാരകനോട് പങ്കിടുമ്പോൾ ഓരോ  ശ്രോതാവിന്റെയും  കവിളിലുമാണ് അശ്രുകണങ്ങൾ പ്രത്യക്ഷപ്പെടുന്നത്.

കടം കൊണ്ട് കാലിടറിയ ഉപ്പയുടെ ബാധ്യതകൾ തീർക്കാനും ഉപ്പ ഇട്ടേച്ചു പോയ കച്ചവടം പച്ച പിടിപ്പിക്കാനും മാത്രമായിരുന്നില്ല ബഷീർ ഗൾഫിൽ പോകുന്നത്.  തന്റെയും ഉമ്മയുടെയും സഹോദരങ്ങളുടെയും കരഞ്ഞു കലങ്ങിയ കണ്ണുകൾ ബഷീറിന്റെ മനസ്സിൽ പലതും തീരുമാനിച്ചുറപ്പിച്ചിരുന്നു. അതാണയാളെ എന്നും അതിരാവിലെ ആസ്പത്രിമോർച്ചറികളിൽ എത്തിക്കുന്നത്. ജീവിക്കുന്നവരെക്കാളും മരിച്ചവരെ ആദരിക്കുവാനുള്ള ശ്രമങ്ങൾ അങ്ങിനെയാണ് ബഷീർ നിർവ്വക്കുന്നത്. അനാഥ മയ്യിത്തുകൾ സനാഥങ്ങളാകുന്നത് അങ്ങിനെയാണ്, ബഷീറുമാരുടെ ഇടപെടലുകൾ കർമ്മ മണ്ഡലത്തിൽ സാർത്ഥകമാകുന്നത് അപ്പോഴാണ്.

പശ്ചാത്തല സംഗീതം ഒരൽപം കുറക്കാമായിരുന്നു, ഫോൺ സംഭാഷണങ്ങൾ ഒരുക്കുന്നിടത്തും ചെറിയ പാളിച്ചകൾ വന്നത് പോലെ തോന്നി. കഥാപാത്രങ്ങൾ തലശേരി ചുവകൊണ്ട് നാടകം ധന്യമാക്കി. ബാബുരാജ് പീലിക്കോടിന്റെ മികച്ച റേഡിയോ നാടകം. കേൾക്കാത്തവർ ഒന്ന് കേൾക്കണം. വെറുതെ ഒരു സമയം കളയലാകില്ല. 

No comments:

Post a Comment