Sunday, 15 January 2017

എന്റെ വായന / വഴിയമ്പലത്തിലെ വാർത്തകൾ / അസ്‌ലം മാവില

എന്റെ വായന

വഴിയമ്പലത്തിലെ വാർത്തകൾ

അസ്‌ലം മാവില

അസീസ് അറയ്ക്കൽ എഴുതി അദ്ദേഹം തന്നെ സംവിധാനം ചെയ്ത റേഡിയോ നാടകം. അദ്ദേഹം അതിൽ ശബ്ദവും നൽകുന്നുണ്ട്. പക്ഷെ രണ്ടു മൂന്ന് കാര്യങ്ങൾ കൊണ്ട് പ്രസ്തുത നാടകം ബിലോ ആവറേജ് തലത്തിലേക്ക് പരിഗണിക്കുന്ന ശ്രോതാക്കളുടെ കൂടെ നിൽക്കാനാണ് എനിക്ക് താല്പര്യം.

നാടകത്തിന്റെ പ്രമേയം തന്നെ അത്ര സുഖകരമല്ല. പഴയനാടകങ്ങളിലെ സൂത്രധാരനെ അനുസ്മരിക്കുന്ന രീതിയിൽ ഒരു അനന്തൻ വന്നു നാടകപശ്ചാത്തലം പറയുന്നത് തന്നെ അവനവനെ കുറിച്ചാണ്.  അനാഥനായി വളർന്നു , പിന്നെ പഠിച്ചു, എന്തോ ഭാഗ്യത്തിന് ആ സീറ്റ് കിട്ടി, അങ്ങിനെ സ്വന്തം കഴിവ് കൊണ്ട് അങ്ങിനെ ഗൾഫിൽ എത്തി, ഉന്നതങ്ങളിൽ എത്തി തുടങ്ങിയ സ്ഥിരം ഡയലോഗുകളാണ് ആദ്യ സ്ലോട്ടിലെ കുറച്ചു മിനുട്ടുകൾ.  ജീവിച്ച സാഹചര്യങ്ങളിൽ ശ്രദ്ധിക്കപ്പെടാതെ പോകുമ്പോൾ, തന്നെ കരകയറ്റാൻ ബന്ധുക്കൾ ശ്രമിച്ചില്ലെന്ന് ഫീൽ ചെയ്ത ചിലർ ജീവിതവസാനകാലം വരെ മനസ്സിൽ പേറി നടക്കുന്ന വയ്യാഭാണ്ഡമാണ് ഈ ഡയലോഗുകൾ,  അത് കേൾക്കാൻ പാവം നാട്ടുകാരും. പണ്ടെങ്ങോ എഴുതിയ തന്റെ രചനയ്ക്ക് അന്ന്  മതിയായ പരിഗണന നൽകിയില്ലെന്ന് പറഞ്ഞു സ്ഥാനത്തും അസ്ഥാനത്തും മെക്കിട്ടു കേറി ജീവിതം കളയുന്ന അപൂർവ്വം ചില കഥാപാത്രങ്ങളും നമ്മുടെ ജീവിത വീഥികളിൽ കണ്ടെന്നും വരും.

മതിയായ ഹോം വർക്കില്ല. റിക്കോർഡ് ചെയ്‍തത് ആവശ്യമായ സജ്ജീകരണങ്ങളുള്ളിടത്തല്ല. പിന്നണിശബ്ദമാണെങ്കിൽ എല്ലാം നശിപ്പിച്ചു കളയുകയും ചെയ്തു. പറയുന്നതൊന്നും വ്യക്തവുമല്ല. വ്യക്തമായതാകട്ടെ അക്ഷര പിശാച് വല്ലാതെ ''ക്ഷ'' പിടിപ്പിച്ചത് പോലെയുണ്ട്.

നാടകത്തിന്റെ അവസാനവും നല്ല സന്ദേശമാണ് നൽകിയതെന്ന് തോന്നിയില്ല.  എയ്ഡ്‌സ് രോഗി ഷാജൻ (ഷാജഹാൻ ആണോ, വ്യക്തമല്ല). ഒരുപാട് സംസാരിച്ചു കുളമാക്കുന്ന അനന്തൻ.  അനന്തന്റെ പെരടിയിൽ എപ്പോഴും തൂങ്ങുന്ന സയനൈഡ് മാല. ഇതൊക്കെ ശ്രോതാക്കളും കേട്ടിരിക്കുമല്ലോ.  പെങ്ങളെ കെട്ടിച്ചയക്കാൻ ഏൽപ്പിക്കുന്നത് ഇതേ അനന്തനെയും, ഏതായാലും അനന്തന്റെ കഴുത്തിൽ കിടന്ന സയനൈഡ് ഷാജന് ഉപകരിക്കുകയും ചെയ്തു. അച്ചാ  അളിയൻസ് രണ്ടെണ്ണവും.

റേഡിയോ നാടകം എങ്ങിനെ ആകരുത് എന്നതിന് ഏറ്റവും നല്ല സാംപിൾ ചോദിച്ചാൽ, വഴിയേ പോകുന്ന ആരെങ്കിലും ''വഴിയമ്പലത്തിലെ വാർത്തകൾ'' ചൂണ്ടിക്കാണിച്ചാൽ, ഞാൻ അവരെ അഭിനന്ദിക്കും.

ഒരു കാര്യത്തിൽ മാത്രം അഭിനന്ദിക്കുന്നു, നന്മ എന്ന വാട്ട്സ്ആപ്പ് കൂട്ടായ്മ കൊണ്ട് ഏതാനും സുഹൃത്തുക്കൾ ഇങ്ങിനെ ഒരു ശ്രമം നടത്തിയതിന്.  അസീസ് അറയ്ക്കൽ നല്ല സിനിമാ പ്രേക്ഷകൻ ആണെന്ന് തോന്നുന്നു. കഥ തന്തു അങ്ങിനെ ഉരുത്തിരിഞ്ഞതായിരിക്കണം. ഏതായാലും  ഈ നാടകം കേട്ടപ്പോൾ നമ്മുടെ നാട്ടിലെ ജി. അബൂബക്കറിനെ ഓർത്തു പോയി, അദ്ദേഹവും ഇത് പോലുള്ള നാടകം  ഒരുപാട് എഴുതുകയും ചില വേദികളിൽ അവതരിപ്പിക്കുകയും ചെയ്ത വ്യക്തിയാണ്.

പിന്കുറി : ഫയാസ് , നമ്മുടെ  ഗോപി കുറ്റിക്കോലിന്റെ പോസ്റ്റിന് ഉടനെ ഞാൻ മറുപടിയും എഴുതുന്നുണ്ട്. 

No comments:

Post a Comment