Friday 28 December 2018

നനവുള്ള നന്മകളും നല്ല ശിഷ്യസമ്പത്തും ബാക്കിയാക്കി ടി സി മാധവപ്പണിക്കർ യാത്രയായി / അസ്ലം മാവിലെ

, നന്മകളും നല്ല ശിഷ്യസമ്ബത്തും ബാക്കിയാക്കി ടി സി മാധവപ്പണിക്കര്‍ യാത്രയായി
http://dhunt.in/5eYoa?s=a&ss=wsp
via Dailyhunt

ആപ്പ് ഡൗൺലോഡ് ചെയ്യുക
http://dhunt.in/DWND

നനവുള്ള നന്മകളും  നല്ല ശിഷ്യസമ്പത്തും ബാക്കിയാക്കി
ടി സി മാധവപ്പണിക്കർ യാത്രയായി

അസ്ലം മാവിലെ

ഞാൻ കാസർകോട് ഗവ. കോളേജിൽ  പ്രിഡിഗ്രിക്ക് ചേരുന്നത് 1985 ലാണ്. ഇന്ന് വിവിധ മേഖലകളിൽ അറിയപ്പെടുന്ന Dr. തമ്പാൻ മേലോത്ത് (NCAOR ലെ മുതിർന്ന ശാസ്ത്രജ്ഞൻ), Dr. അബ്ദുൽ മജീദ് (രജിസ്ട്രാർ, കോഴിക്കോട് സർവ്വകലാശാല),  മധു (സെയിൽസ് ടാക്സ് അസി. കമ്മീഷണർ ), അഹമ്മദ് കൗസർ (ആരാംകോ , സഊദി അറേബ്യ ), Dr. ഹസീന (ഡയരക്ടർ, ഫാതിമ ഹോസ്പിറ്റൽ) തുടങ്ങി  നിരവധി പേർ രക്ഷിതാക്കളൊന്നിച്ച് കോളേജിന്റെ ഒന്നാം നിലയിൽ പ്രിൻസിപ്പളിന്റെ ചേമ്പറിന് പുറത്ത് പ്രിഡിഗ്രി പ്രവേശനത്തിനായി
പകുതി അടച്ച വാതിലിന് മുന്നിൽ അകത്തേക്കുള്ള ഊഴവും കാത്ത്   നിൽപ്പുണ്ട്. എന്റെ ഊഴമെത്തിയപ്പോൾ ഉപ്പയുടെ കൂടെ ഞാൻ അകത്ത് കയറി.

ഒത്ത നടുവിൽ ചെറിയ ഒരു മനുഷ്യൻ ഇരിക്കുന്നു. പേര്ഫലകം തൊട്ടു മുന്നിൽ. ചുറ്റുഭാഗത്തും സഹ അധ്യാപകർ. അദ്ദേഹം ഗൗരവം കുറക്കാതെ ഞങ്ങളോട് ഇരിക്കാൻ പറഞ്ഞു. ഒന്നോ രണ്ടോ വാചകങ്ങളിൽ സംസാരമൊതുക്കി, പതുക്കെ, പയ്യെ, Husky ശബ്ദത്തിൽ. ആ വാചകങ്ങളിൽ പ്രൊഫ. ടി. സി. മാധവപ്പണിക്കർ സാർ എല്ലാമുണ്ടായിരുന്നു.

ഇന്റർവ്യൂ കഴിഞ്ഞു,  ഞങ്ങൾ പുറത്തിറങ്ങിയപ്പോൾ, എതിരെ വന്ന പരിചയക്കാരനായ ഒരു സീനിയർ വിദ്യാർഥി പറഞ്ഞു - ഈ കോളേജിൽ ആരെ പേടിച്ചില്ലെങ്കിലും ആ കുറുതായ മനുഷ്യനെ കണ്ടില്ലേ, അദ്ദേഹത്തെ പേടിച്ചേ മതിയാകൂ. അച്ചടക്കത്തിൽ അച്ചട്ട്, ഉത്തരവാദിത്വത്തിൽ കൃത്യനിഷ്ഠത, ചെയ്യുന്ന ജോലിയിൽ ആത്മാർഥത. TCM അതായിരുന്നു.

ഒരറ്റം മുതൽ മറ്റേ അറ്റം വരെ നീണ്ടു കിടക്കുന്ന കാസർകോട് ഗവ. കോളേജ് സമുച്ചയം ടി.സി. എമ്മിന്റെ "റൗണ്ട്സി"ന് പാകത്തിൽ രൂപകൽപ്പന ചെയ്തതാണോ എന്ന് ഞങ്ങൾ വിദ്യാർഥികൾക്ക് പലപ്പോഴും തോന്നിപ്പോയിട്ടുണ്ട്.  ഭാഷാ ഡിപാർട്മെൻറുകൾ ഒരറ്റത്ത്, മറ്റെ അറ്റം സയൻസ് ഡിപാർട്മെൻറുകൾ. ഒരു തലക്കുനിന്നു അദ്ദേഹം നോക്കിയാൽ മറ്റേ തല വരെ കാണാം. ഒരുറപ്പുമില്ല,  എവിടെയും എപ്പഴുമദ്ദേഹം പ്രത്യക്ഷപ്പെടാം. ഒരു മതിലു മറയായി ഏത് നിമിഷവും ആ പ്രിൻസിപ്പളുണ്ട്.  അസമയത്ത് (ക്ലാസ് ടൈം) അദ്ദേഹത്തിന്റെ മുമ്പിൽ ആരെങ്കിലും പെട്ടാൽ  അതോടെ തീർന്നു !

പണിക്കർ സാർ എടുക്കുന്ന തീരുമാനങ്ങൾ ബോൾഡായിരിക്കും. നൂറുവട്ടം ആലോചിച്ച്.  തന്റെ മനസാക്ഷിയോട് പൊരുത്തപ്പെടുന്നത്. തനിക്ക് ശരിയെന്ന് തോന്നുന്നത്. നേരിനോട് ഒത്തുപോകുന്നത്.  ഒരു സംഭവം ഓർക്കുന്നു - ഞാനന്ന് ബിരുദ വിദ്യാർഥി. അച്ചടക്ക ലംഘനത്തിന്റെ പേരിൽ  പ്രിൻസിപ്പൾ  ഏതാനും വിദ്യാർഥികളെ കോളേജിൽ നിന്നും പുറത്താക്കുന്നു. അത്രമാത്രം ഗുരുതമമായ കുറ്റം. ഒരു അനുകമ്പയുമില്ല, പുകഞ്ഞ കൊള്ളിയദ്ദേഹം പുറത്തേക്കിടുക തന്നെ ചെയ്തു.

പിന്നെ നടന്നത് അനിശ്ചിത കാല വിദ്യാർഥി സമരം. ഒരു മാസത്തോളമത് നീണ്ടു പോയി. യൂനിവേഴ്സിറ്റിയിൽ നിന്നിടപെടലുണ്ടായി. അവസാനം ഒത്തുതീർപ്പിനിരുന്നു. പ്രിൻസിപ്പാൾ അണുകിട പിന്നോട്ടില്ല. കാരണങ്ങളും അത്രതോളം സിവിയർ തന്നെ. പുതിയ തീരുമാനമില്ലാതെ പിരിയേണ്ടി വന്നു.
ആയിരക്കണക്കിന് വിദ്യാർഥികൾ എന്നും രാവിലെ വരുന്നു, ആദ്യ മണിക്കൂറിൽ തന്നെ  നീണ്ട ബെല്ലടി കേട്ടു പുറത്തേക്കിറങ്ങുന്നു. അവസാനം ഉന്നത തലത്തിൽ ഇടപെടൽ നടന്നതായി കേട്ടു, പുറത്താക്കപ്പെട്ട കുട്ടികളതോടെ ക്ലാസ്സിൽ തിരിച്ചെത്തി. പക്ഷെ, പണിക്കർ സാർ തന്റെ ശരിയുടെ നിലപാടിനോട് ഒരു തരത്തിലുമുള്ള കോംപ്രമയിസിനും തലയാട്ടാതെ ആ കസേര വിട്ടിറങ്ങി, തിരിഞ്ഞുനോക്കാതെ കോളേജിന്റെ പടികടന്നു പൊയ്ക്കളഞ്ഞു ! കാസർകോട് കോളേജിന്റെ എക്കാലത്തെയും മികച്ച അമരക്കാരനെയാണ് അതോടെ ഞങ്ങൾക്ക് നഷ്ടമായത്. കുറെ കഴിഞ്ഞ് ഞങ്ങൾ പത്രത്തിൽ വായിച്ചത് പ്രൊഫ. മാധവപ്പണിക്കർ സാർ കൊളിജിയേറ്റ് എഡ്യുക്കേഷൻ ഡെപ്യൂട്ടി ഡയരക്ടറായി അവരോധിതനായിട്ടാണ്.

കാസർകോട് ഗവ. കോളേജിൽ ജിയോളജി ഡിപാർട്മെന്റിന്റെ പേരും പ്രശസ്തിയും ഉണ്ടാക്കി എടുക്കുന്നതിൽ പണിക്കർ സാറിന്റെ കോൺട്രിബ്യൂഷൻ വളരെ വലുതാണ്. എനിക്ക് തെറ്റുപറ്റിയിട്ടില്ലെങ്കിൽ 1957 മുതൽ അദ്ദേഹം അധ്യാപനരംഗത്തുണ്ട് - തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളേജിൽ. 1962-63 ലാണല്ലോ മലബാറിൽ തന്നെ ആദ്യമായി ജിയോളജി വിഭാഗം കാസർകോടിന് ലഭിക്കുന്നത്. പിന്നീടീ മാഹിക്കാരൻ കാസർകോടിന്റെ സ്വന്തം പ്രൊഫസറായി.

പട്ല GHSS പൂർവ്വ വിദ്യാർഥി വാർഷികാഘോഷത്തിന്റെ ഭാഗമായി അദ്ദേഹം ഞാൻ പഠിച്ച സ്കൂൾ മുറ്റത്തെത്തിയതുമോർക്കുന്നു.

ഒൗദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച ശേഷം അദ്ദേഹം കാസർകോടിന്റെ സാമൂഹിക- സാംസ്കാരിക മേഖലകളിൽ സജീവമായി നിലകൊണ്ടു.  മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ നീതിയുടെ ആൾരൂപമായി.

ജീവിതത്തിൽ താങ്ങായിരുന്ന പ്രിയ പത്നി(കാസർകോടിന്റെ പ്രിയപെട്ട മാലതി ഡോക്ടർ ) യുടെ വിയോഗം അദ്ദേഹത്തെ വല്ലാതെ തളർത്തിയത് പോലെ തോന്നിയിട്ടുണ്ട് . എങ്കിലും ശിഷ്ട ജിവിതം സേവന പ്രവർത്തനങ്ങളിൽ മുഴുകി. കാസർകോട് പീപ്പിൾസ് ഫോറം, ബയോസ്ഫിയർ കാസർകോട്,  എനർജി കൺസർവേഷൻ സൊസൈറ്റി തുടങ്ങിയ കൂട്ടായ്മകളിൽ നേതൃപരമായ പങ്ക് വഹിച്ചു.   കാസർകോട് ഗവ. കോളേജിൽ ഭൗമ ശാസ്ത്ര വിഭാഗത്തിന്റെ കീഴിൽ പ്രൊഫ. T C മാധവപ്പണിക്കർ എൻഡോവ്മെൻറ് പ്രഭാഷണവും അവാർഡും ഇപ്പഴും നടക്കുന്നുവെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

നിരവധി ശിഷ്യസമ്പത്തിന്റെ ഉടമ. ചീഫ് സെക്രട്ടറിയായി വിരമിച്ച ഡോ. വിജയനുണ്ണി IAS മുതൽ ഉത്തര മലയാള കവി ദിവാകരൻ വിഷ്ണുമംഗലമടക്കം ആ ശിഷ്യഗണത്തിലുണ്ട്. ഒരു പക്ഷെ കാസർക്കോട് ഗവ. കോളേജിൽ നിന്നും ഉന്നത ഉദ്യോഗത്തിലും സ്ഥാനത്തുമെത്തിയവരിൽ ബഹു ഭൂരിപക്ഷവും മാധവപ്പണിക്കരുടെ വിദ്യാർഥികളായിരിക്കണം. ജി. എസ്. ഐ , ഒ. എൻ.ജി.സി, ഐ. എസ്. ആർ. ഓ, സി. ഇ. എസ്. എസ്, സി. ജി. ഡബ്ല്യു. ബി., എൻ. ഐ. ഓ , എൻ.സി.എ.ഓ. ആർ, സി.ഡബ്ല്യു.ആർ. ഡി. ഡബ്ല്യു, കെ.സി. എസ്. ടി. ഇ , എൻ. ഐ. എച്ച് അടക്കം നിരവധി കേന്ദ്ര- സംസ്ഥാന വകുപ്പുകളിൽ ഉന്നത സ്ഥാനങ്ങളിൽ അവരിന്നുമുണ്ട്.

മികച്ച അക്കഡമിഷ്യൻ എന്നതിലുപരി നല്ലൊരു സോഷ്യൽ ആക്റ്റീവിസ്റ്റിനെയാണ് TC മാധവപ്പണിക്കർ സാറിന്റെ വിയോഗത്തോടെ ഉത്തര കേരളത്തിന്  നഷ്ടപ്പെട്ടത്.

മക്കൾ:  അസ്ഥിരോഗ വിദഗ്ദ്ധൻ ഡോ. പ്രസാദ്, അമേരിക്കയിൽ എഞ്ചിനിയറായി സേവനം ചെയ്യുന്ന രാധിക. അവരുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു. ആദരാഞ്ജലികൾ ! അശ്രുപൂക്കൾ !

No comments:

Post a Comment