Monday 10 December 2018

നഗരക്കാഴ്ച: കടിച്ചതുമില്ല പിടിച്ചതുമില്ല / എ എം. പി.

*നഗരക്കാഴ്ച* :

*കടിച്ചതുമില്ല*,
*പിടിച്ചതുമില്ല*

...................
എ എം. പി.
...................

ഇന്നലെ രാത്രി മൂന്ന് സ്ത്രീകളുടെ  ശണ്ഠ. നഗരമധ്യത്തിൽ. വിഷയം ഇത്രമാത്രം - ഒരാളുടെ സ്കൂട്ടിക്ക് തൊട്ടു പിന്നാലെ വന്നവളുടെ സ്കൂട്ടി അൽപമങ്ങ് ഉരസി. പണ്ടാരം, വന്ന് നിന്ന് ഒച്ച വെക്കാൻ തുടങ്ങിയത് ബസ്സ്റ്റാണ്ടിന്റെ ഒത്ത നടുവിലും. ഉരസപ്പെട്ടവൾ തടിച്ചി പെണ്ണ്. ഉരസിയത് മെലിഞ്ഞുണങ്ങിയ ഒരു നാടൻ പെണ്ണും.

കന്നഡയും ഇംഗ്ലീഷും മാറിമാറി പറഞ്ഞാണ് തടിച്ചി കത്തികസറുന്നത്. എമ്മാതിരി ഫയറിംഗ് !. ഇതൊക്കെ ഭവ്യതയോടെ ഒരു വലിയ അബദ്ധം ചെയ്തു പെട്ടുപോയകണക്ക് സ്ലിം ഗേൾ കേട്ടുകൊണ്ടിരിക്കുന്നു. മറ്റവൾ ശ്വാസം വിടാൻ വേണ്ടി ഫയറിംഗ് നിർത്തുന്ന വേളകളിൽ ഈ പാവം നമ്പർ പ്ലേറ്റ് തടവി ഒന്നും പറ്റിയില്ലല്ലോ ക്ഷമിച്ചു കള എന്ന് പതിയെ പറയുകയും ചെയ്യുന്നുണ്ട്. പക്ഷെ, അതൊന്നും കേൾക്കാനുള്ള മനസ്സില്ലാതെ,  തടിച്ചി മാഡം അർണബിനെ പോലെ തോക്കിൽ കയറിയാണ് വെടി. 300 രൂപ കയ്യിൽ പിടിച്ച് പ്രശ്നം ഒതുക്കാനും ആ മെലിച്ചിപ്പെണ്ണ് വൃഥാ ഒരു ശ്രമവും നടത്തി നോക്കി. നോട്ട് നോക്കി തടിച്ചി അട്ടഹസിച്ചു - 300 റുപ്പീസ്, വു വിൽ കോംപ്രമൈസ് വിത് ദിസ് സില്ലി മണി ?  അപ്പോൾ അവളുടെ ലക്ഷ്യം  വലിയ സംഖ്യ എന്ന് തന്നെ.

തൊട്ടപ്പുറത്തെ കടക്കാരൻ ഫ്രീയായപ്പോൾ അയാളെയും കൂട്ടി ഞാൻ  സ്പോട്ടിൽ എത്തി. വേറൊന്നിനുമല്ല ആ എമണ്ടൻ ഇംഗ്ലിഷ് കേട്ട് എന്തെങ്കിലും പഠിക്കാൻ പറ്റിയത് കിട്ടുമോന്നറിയാൻ. ഞങ്ങളെത്തിയപ്പോൾ അവൾ കന്നഡയിലാണ് കോളാമ്പി ട്യൂൺ ചെയ്തിട്ടുള്ളത്.  ആ പറച്ചിൽ കേട്ട് എന്നോട് സഹകടക്കാരൻ പറഞ്ഞു : സ്ഥലം വിട്ടോ ഭയ്യാ, ഇതൊരു മാതിരി ക്ലാസ്സിക് മൈസൂറൻ തെറിയാണ്.

ഇരുപത് മിനിറ്റ് കഴിഞ്ഞു കാണും കുറച്ച് പ്രായമായ ഒരു സ്ത്രി മറ്റൊരു സ്കൂട്ടിയിൽ വന്നിറങ്ങി. ത്സടുതിയിൽ  തടിച്ചിയോട് നേർക്കടുത്ത് ഒരു കാറൽ : നിന്റെ പറച്ചിൽ മൊത്തം ഞാൻ മൊബൈലിൽ കേട്ടു കൊണ്ടാണ് ഇങ്ങോട്ട് വന്നത്. അത് കേട്ടപ്പോൾ ഞാൻ വിചാരിച്ചു നിന്റെ കയ്യോ കാലോ ഒടിഞ്ഞു വണ്ടിയിൽ തൂങ്ങിക്കിടക്കുകയാണെന്ന്.  ജാസ്തി മാത നാഡ ബേഡ. എന്നിട്ട് മകളോട് : വണ്ടി എടുക്കടീ സ്പോട്ടീന്ന്.
അപ്പോൾ തടിച്ചി: ഇതിന്റെ കാശ് ആര് തരും ?
തള്ള : അല്ല, തനിക്ക് എത്ര വേണം ? 300 പോരല്ലോ !
തടിച്ചി: അതെങ്ങനെ ഒക്കും, കുറഞ്ഞത്  1350 വേണം.
തള്ള : നീ അങ്ങനെയിപ്പോൾ ഒക്കണ്ട. ഇനി 300 ഉം ഇല്ല തനിക്ക്. അമ്പതോ അറുപതോ വേണേൽ ചോദിക്ക്, തന്നേക്കാം, ബട്ട്, 100 ന്റെ ചില്ലറയും കയിൽ വേണം. 
തടിച്ചി : ആന്റി , ഡോണ്ട് ബി സ്മാർട്ട്, ഹോക്കേ ?
തള്ള: ഐ ആം ഹാഫ് എ ബിറ്റ് സ്മാർട്ട് ബേബി,  താൻ പോയി, കേസ് കൊടുക്കെടീ. ദെൻ ക്ലയിം ഫോർ യുവർ വെഹിക്കിൾ ഡാമേജ് ടു ഗെറ്റ് റികവർഡ് ഫ്രം മി. ഗെറ്റ് ലോസ്റ്റ്.   ഒരുമ്പെട്ടവൾ !

അമ്മയും മോളും സ്ഥലം വിട്ടു. തടിച്ചി പെണ്ണ് ഉള്ള ഊർജവും പോയി ആ അമ്മേടേം മോളെടേം ഒന്നൊന്നര പോക്കും നോക്കി അന്ധാളിച്ചു നിന്നു.

ഒരാൾ മയത്തിൽ ചോദിച്ചു : പെങ്ങളേ, പോയി കേസ് കൊടുത്തുടേ ?
തടിച്ചി : സേട്ടാ , അതിന് എനിക്ക് ലൈസൻസ് വേണ്ടേ ?
അയാൾ :എന്നാൽ ആ 300 വാങ്ങാമായിരുന്നില്ലേ ?
തടിച്ചി : അമ്മ വരുന്നുണ്ട്, ഇതിലും കൂടുതൽ വാങ്ങിത്തരാമെന്നാ ആ കൊണിച്ചിപ്പെണ്ണ്  പറഞ്ഞത്.  അതും കാത്തിരിക്കുകയായിരുന്നു ഞാൻ.

പഠിപ്പും എടുപ്പുമുള്ള പെണ്ണുങ്ങൾ ഒരു മറയുമില്ലാതെ ഇങ്ങനെ നഗരമധ്യത്തിൽ അതും രാത്രിസമയം ഒച്ചവെക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്. എന്നിട്ടും വല്ലതും നടന്നോ ? അതുമില്ല. ഏറ്റവും രസം ഈ സീൻ കണ്ടിട്ടു പോലും ഒരു നിയമപാലകനും ആ സ്പോട്ടിൽ എത്തിയില്ല എന്നതാണ്. അവരായി അവരെ പാടായി. ▪

No comments:

Post a Comment