Friday 23 November 2018

കൂട്ടിനിരിക്കുന്നവർ / അസ്ലം മാവിലെ


*കൂട്ടിനിരിക്കുന്നവർ*

...........................

അസ്ലം മാവിലെ
...........................

യാമ്പുവിലുണ്ടായിരുന്നപ്പോൾ തുടങ്ങിയ സൗഹൃദമാണ് അബ്ദുൽ അസീസ്  സാഹിബിനോട്.  നല്ല വായനക്കാരൻ, നല്ല മലയാളം, മിതഭാഷി, നർമ്മമാവോളമുണ്ട്. കവിത എഴുതും, ആസ്വാദനം പറയും, സ്പുടം ചെയ്ത പ്രഭാഷണവും നടത്തും. സുല്ലമിയുമാണ്.

ഇന്ന് അദ്ദേഹം FB യിൽ കുറിച്ചിട്ട കുറച്ചു വരികൾ ഇങ്ങനെ :

രണ്ടു കൂട്ടരെ ഒഴിവാക്കിയാൽ തന്നെ ബേജാറൊഴിവാക്കാം.

ഒന്ന് :  രോഗിയെ പരിചരിക്കാൻ ഒപ്പമുള്ള വ്യക്തി ക്ഷമയുള്ളവരും ബേജാറും വെപ്രാളവും
കാണിക്കാത്തവരുമായിരിക്കണം. ഇത്തരക്കാർ (ക്ഷമയില്ലാത്തവർ) കൂട്ടിനു നിന്നാൽ രോഗം കൂടുമെന്നെല്ലാതെ ഒരു
തരി പോലും കുറയാൻ സാധ്യതയില്ല.

രണ്ട് : ഹോസ്പിറ്റലിൽ വൈകുന്നേരം വിൽക്കാൻ കൊണ്ടുവരുന്ന കൊലയും ,കൊള്ളി വെയ്‌പും ,പിടിച്ചു പറിയും ആത്മഹത്യകളും കൊണ്ട് നിറഞ്ഞു നിൽക്കുന്ന  "സായാഹ്‌ന പത്രം" വാങ്ങി വായിക്കാതിരിക്കുക.

പലപ്പോഴും തോന്നിയ കാര്യം. പല വേളകളിലും പറയണമെന്ന് നിരീച്ചത്. രണ്ടാമത് പറഞ്ഞത് (പത്രം) വാങ്ങാതിരിക്കാം. അത് വലിയ വിഷയമുള്ള കാര്യമല്ല. ഒന്നാമത്തേതും അതിനോടനുബന്ധിച്ചതുമാണ് പ്രധാനം.

കൂട്ടിന് പോകുന്നവരുടെ സേവനം അതിമഹത്തരമാണ്. തന്റെ എല്ലാ ജോലിയും കാർബാറും ഒഴിവാക്കിയാണ് അയാൾ / അവൾ കൂട്ടിനിരിക്കുന്നത്. മനഷ്യസ്നേഹത്തിന്റെ അങ്ങേയറ്റം. കൂടെപ്പിറപ്പെന്നത് അന്വർഥമാക്കുന്നത്. ബന്ധുവാകാം, അയൽക്കാരാകാം, സുഹൃത്താകാം, സന്നിഗ്ദ ഘട്ടത്തിൽ ഒരു കൈ സഹായം ലഭിച്ച ഒരു സാധുവാകാം - അവർ കൂട്ടിനിരുന്നത് രോഗിയെ ബേജാറാക്കാനല്ല. രോഗിക്ക് ഒരു താങ്ങ് , ഒരു കൈ സഹായം. തടികൊണ്ടൽപം പരിചരണം. തനിക്ക് പറ്റുന്നത്. പറ്റാവുന്നത്.

അവരാണ് എല്ലാം. അവരുടെ ആശ്വാസവചനമാണാ രോഗിയെ ശുഭാപ്തി വിശ്വാസക്കാരനാക്കുന്നത്. മുഖത്ത് നോക്കി ചിരിച്ച് ഇന്നൽപം ഭേദപ്പെട്ടെന്ന ഒരു പറച്ചിൽ. അത് മതി. അത് മാത്രം മതി, രോഗിയെ ദീനത്തിൽ നിന്നൽപം അകലം പാലിക്കാൻ.

ശരിയാണ്,  കിടക്കപ്പായയിൽ സ്ഥിതി അൽപം മോശമാണ്. ശരീരം തണുത്ത് തണുത്ത് പോകുന്നുണ്ട്. കാണക്കാണെ ശ്വാസതടസ്സം കൂടുന്നുണ്ട്. കയ്യിൽ നിന്നും വിട്ടുപോകുമോ എന്നവസ്ഥ.

കുറച്ചു പേർ ആ മുറിയിലുണ്ട്. അറിഞ്ഞെത്തിയതാണ്.  രോഗിക്ക് വല്ലായ്ക. എത്ര തന്നെ അടുപ്പമുള്ളവരവിടെയുണ്ടെങ്കിലും അസ്വസ്ഥ നിമിഷങ്ങളിൽ രോഗി ഇടം കണ്ണിട്ട് നോക്കുന്നത് ഒരാളെ മാത്രം. ആരെയെന്നോ ? കൂട്ടിന് വന്നവനെ / വന്നവളെ. തന്നെ എല്ലാം മറന്ന് അത് വരെ പരിചരിക്കുന്നവരെ.  അവരുടെ മുഖഭാവം നോക്കി രോഗി മനസ്സിൽ കണക്ക് കൂട്ടും - ഇല്ല എനിക്ക് അസ്വസ്ഥത വെറുതെ തോന്നുകയാണ്. കൂട്ടിന് വന്നയാൾ as usual എന്നെ പരിചരിക്കുന്നു. കളി തമാശയുണ്ട്. അവരെ മുഖത്ത് ഒരു ഭാവവ്യത്യാസവുമില്ല.

അതോടെ രോഗിക്ക് ചങ്കിടിപ്പ് കുറഞ്ഞു കുറഞ്ഞു വരും. സന്ദേഹം മാഞ്ഞു പോകും. ആശ്വാസം ഇളം കാറ്റുപോലെ ജനൽ പാളിയിൽ കൂടി വീശും. അതെ,  കൂട്ടിനിരുന്നവരുടെ ഇച്ഛാശക്തിയുടെ ഫലം തന്നെ.

പതറിയാൽ ? എല്ലാം പോയി. നിയന്ത്രണം പോയി. വെപ്രാളപ്പെട്ട് ഒന്നും കാണില്ല. നിലവിളി. നിലവിട്ട പെരുമാറ്റം. മുന്നിൽ കിടക്കുന്ന രോഗിക്കും നിസ്സംശയം  ദീനം കൂടിക്കൂടി വരും. ഒരുപക്ഷെ, അതവസാനത്തെ ശ്വാസോച്ഛാസമാകാം.

കൂട്ടിനിരിക്കുന്നവർ ഒരൽപം ശ്രദ്ധിച്ചാൽ മാത്രം മതി. സ്വയം ത്യജിച്ചുള്ള ആ സേവനത്തെ വലിയ വാക്കുകൾ കൊണ്ട് പുകഴ്ത്താം. ഒപ്പം, അവരിൽ നടേ പറഞ്ഞ ശ്രദ്ധയുമുണ്ടാകട്ടെ,

..........................▪

No comments:

Post a Comment