Friday 23 November 2018

നഗരങ്ങളിലെ ചില നേരനുഭവങ്ങൾ / അസ്ലം മാവില

നഗരങ്ങളിലെ
ചില നേരനുഭവങ്ങൾ

അസ്ലം മാവില

പണ്ട് കാലത്ത് ജീവിച്ചിരുന്ന ആളുകൾക്ക് ആയുസ്സ് വളരെ കൂടുതലായിരുന്നുവെന്നും,  അതു കൊണ്ട് വീട്ടുകാർ അവരെ ഒരവധി കഴിഞ്ഞാൽ ജീവനോടെ കുഴിച്ചുമൂടുമായായിരുന്നുവെന്നും പറയപ്പെടാറുണ്ട്. ഇതിൽ വാസ്തവമെത്രമാത്രമുണ്ടെന്നറിയില്ല. കണ്ണിൽ ചോരയില്ലാത്ത മക്കളും പേരമക്കളും അതുമതിലപ്പുറവും ചെയ്തേക്കും. ഇത് നേരിൽ കണ്ടു  ബോധ്യപ്പെടണമെങ്കിൽ നിങ്ങൾ ഒരു ടൗൺഷിപ്പിൽ സ്ഥിരം സന്ദർശകനോ  ജോലി / മറ്റെന്തെങ്കിലും ഏർപ്പാട് ഉള്ളവനോ  ആകണം.

5 - 8 മാസം മുമ്പ്. കർണ്ണാടകയിലെ ഭേദപ്പെട്ട ഒരു ടൗൺ. രാത്രി ഭക്ഷണവും കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ, ഒരു വണ്ടി റോഡരികിൽ വന്നു നിന്നു. തിടുക്കത്തിൽ രണ്ട് പേർ  പ്രായമുള്ള ഒരു സ്ത്രീയെ ബലമുപയോഗിച്ച് ഇറക്കി. ഒരു യുവതി അകത്ത് നിന്നും  ഒരു വലിയ ബാഗു ഡോറൽപം തുറന്ന് എടുത്തെറിഞ്ഞു.  വണ്ടി ഉടനെത്തന്നെ മിന്നായം പോലെ കടന്നു കളഞ്ഞു. ആ അമ്മ ഒച്ച വെക്കാൻ തുടങ്ങി.

 ഞങ്ങൾ അടുത്ത് പോയി നോക്കിയപ്പോൾ 75 വയസ്സുള്ള ഒരു വൃദ്ധ. വൃത്തിയുള്ള വസ്ത്രം. എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട് - എന്റെ കൂടെയുള്ള കൂട്ടുകാരൻ പറഞ്ഞു :  ഇനി ഈ വൃദ്ധയെ നോക്കേണ്ട പണി പട്ടണത്തിലുള്ളവരുടെ തലയിലായി. വളർത്തി പോറ്റി വലുതാക്കിയ മക്കളുടെ ഉത്തരവാദിത്വം ഇതോടെ കഴിയുകയും ചെയ്തു.  പറ്റുമെങ്കിൽ ടൗണിൽ വരുന്നവരും മുൻസിപ്പാലിറ്റിക്കാരും നോക്കിക്കോളാൻ എന്നർഥം.

അന്വേഷിച്ചപ്പോൾ ഇത് അവിടെ സ്ഥിരം ഏർപ്പാടാണ് പോൽ. ശല്യമെന്ന് തോന്നുമ്പോൾ മക്കളോ മരുമക്കളോ ബന്ധുക്കളോ ആരെങ്കിലും കള്ളത്തരം പറഞ്ഞ് കൂടെക്കൂട്ടി അമ്മയെ നഗരത്തിൽ കൊണ്ടു വിടുമത്രെ. എത്ര ക്രൂരം ! തൊണ്ട വറ്റുമ്പോൾ ആരായാലും കൈ കാണിക്കുമല്ലോ, പിന്നെ അതൊരു ശീലമായി മാറും. പിന്നെ ഒരു തകര പാട്ടയുമായി തെരുവിലേക്ക്.  നടന്ന് നടന്നു തളരുമ്പോൾ നഗരത്തിൽ ഏതെങ്കിലും മൂലയിൽ തല ചായ്ക്കും.  ചുമച്ചും കഫം തുപ്പിയും മറ്റുള്ളവരുടെ ഉറക്കത്തിന് ശല്യമാകുമ്പോൾ, അപ്പുറത്ത് ഇതേ പോലെ കിടന്നുറങ്ങുന്നവർ പിരാകിയും പുലമ്പിയും കല്ലോ കണ്ണിൽ കാണുന്നതോ എടുത്തെറിയും. കുറെ മാസങ്ങൾ കഴിഞ്ഞാൽ ഏതെങ്കിലും ഒരു ഓടയിൽ വീണു ആ സാധു മരണത്തിനു കീഴടങ്ങും. നഗരം വൃത്തിയാക്കുന്നവരുടെ ശ്രദ്ധയിൽ പെടുമ്പോൾ ഈ ഗതികിട്ടാപ്രേതങ്ങളെ  പൊതുശ്മശാനത്തിൽ കൊണ്ട് പോയി ദഹിപ്പിക്കും. പെറ്റ, പോറ്റിയ മക്കൾ ഇവയൊന്നും വലിയ വിഷയമാക്കാതെ അവരുടെ ലോകത്തിൽ  കഴിഞ്ഞു കൂടും.

മൂന്ന് - നാല് വർഷം മുമ്പ് കാസർകോട് ആയുർവ്വേദ ഹോസ്പിറ്റലിൽ പോയപ്പോൾ സമാനമായ ഒരു ദൃശ്യം കണ്ടു. ആസ്പത്രിക്ക് പിന്നിലായി ഒരു തട്ടുകടയുണ്ട്. അതിനൽപം അകലെയായി ഒരാൾക്കൂട്ട ശബ്ദം. ഞാനാധിയിൽ എഴുന്നേൽക്കാൻ തുനിഞ്ഞപ്പോൾ എന്നെ പരിശോധിക്കാനിരുന്ന  ഡോക്ടർ പറഞ്ഞു :  ഒന്ന് രണ്ട് മണിക്കൂറായെന്ന് തോന്നുന്നു ഒരു വൃദ്ധയെ മക്കളോ മറ്റോ വണ്ടിയിൽ കൊണ്ട് വന്നിറക്കി കടന്നു കളഞ്ഞതാണ് !

മയക്കത്തിൽ നിന്നുണരുമ്പോൾ, മരത്തിന്റെ ചുവട്ടിൽ  എഴുന്നേറ്റിരുന്ന് ആ അമ്മ ഉച്ചത്തിൽ കരയുമത്രെ. പിന്നെ ആളുകൾ തടിച്ചു കൂടും. വഴിപോക്കർ കുറച്ചു നേരം ഓരോന്നാരാഞ്ഞ് അവിടെ നിന്നു നോക്കും. പിന്നെ, സ്ഥലം വിടും.

ബംഗ്ലൂരിൽ ഞാനിപ്പോൾ താമസിക്കുന്ന ഫ്ലാറ്റിന് അൽപ്പം മുന്നിലായി ഒരു ഗല്ലിയുണ്ട്. അവിടെ നിന്ന് വലത്തേക്ക് പിന്നൊരു ഗല്ലി. അത് കഴിഞ്ഞാൽ ബസ്റ്റാന്റ്. രണ്ടാമത്തെ ഗല്ലിയിൽ കൂടി നടന്നാൽ കടയിലേക്ക് എളുപ്പമെത്താം.

എന്നും ആ വഴി വരുമ്പോൾ,  വായു അകത്ത് പോകാൻ മാത്രം ഷട്ടർ പൊക്കിയിട്ടുള്ള ഒരു കുടുസ്സായ ഒറ്റമുറി കാണാം. അതിൽ കൂടി ഒരു പാത്രം, ഗ്ലാസ്സ് ഇവ തള്ളി നീക്കാൻ മാത്രം ചെറിയ വിടവുണ്ട്.  അകത്തു നിന്നും വളരെ പ്രായമായ ഒരു സ്ത്രീയുടെ ഒച്ചയും വിളിയും എപ്പഴും ഞാൻ കേൾക്കും. ഒരു ദിവസം  കുനിഞ്ഞു ഷെട്ടറിന്റെ വിടവിലൂടെ ഞാൻ അകത്തേക്ക് നോക്കി. എല്ലും തോലുമായ ഒരമ്മ കൂനിക്കൂടി മുട്ടിലിഴയുന്നു. അത് കണ്ടിട്ടാകാം  എന്നോട് ഒരു വഴിപോക്കൻ പറഞ്ഞു. അങ്ങിനെ നോക്കരുത്. മുകളിലെ ഫ്ലാറ്റിൽ ആ അമ്മയുടെ മക്കളും മരുമക്കളും പേരക്കുട്ടികളുമാണ് താമസം. അവർ നിന്നെ ചീത്ത വിളിക്കും.  ഇത് കുറെ മാസങ്ങളായി ഇങ്ങനെ. എന്നിട്ട് ആ മനുഷ്യന്റെ ഗദ്ഗദം :  ഇവരിങ്ങനെയെങ്കിലും മൃഗതുല്യമായി കൂട്ടിലിട്ട്, ഒരു പ്ലേറ്റിൽ അൽപം ചോറും കൂട്ടാനും കൊടുത്ത്  സ്വന്തം  അമ്മയെ നോക്കുന്നുണ്ടല്ലോ, ആ ബസ്റ്റാന്റിൽ തേരാപാര നടന്നും മുട്ടിലിഴഞ്ഞും കഴിയുന്ന  കുറെ മുത്തശ്ശിമാരെ കണ്ടില്ലേ ? പഠിപ്പും പത്രാസുമുള്ളവരെ പെറ്റവരാണ് അവരൊക്കെ. ( ഒരു മാസത്തിനകം  ആ അമ്മ  മരിച്ചു)

നഗരക്കാഴ്ചകൾ പലപ്പോഴും നമ്മുടെ മുന്നിൽ കൊണ്ട് വന്നിടുന്നത് മനസ്സാക്ഷി മരവിപ്പിക്കുന്നതാണ്.    ജീവിതാസ്വാദനത്തിരക്കിൽ പ്രായമേറിയവർ മക്കൾക്കും അടുത്ത ബന്ധുക്കൾക്കും ഭാരവും ഭാണ്ഡവുമായി മാറുന്ന കാഴ്ച കരളലയിപ്പിക്കുന്നു.  ജീവിതത്തിന്റെ സായം സന്ധ്യയിൽ മിണ്ടിയും പറഞ്ഞുമിരിക്കുന്നത് പോകട്ടെ അവരെ അലിവും കനിവും അനുകമ്പയോടും കൂടി  കാണാനും  ശുശ്രൂഷിക്കാനും മക്കൾക്കാവണ്ടേ ?

No comments:

Post a Comment