Tuesday 18 December 2018

ഓർമ്മകൾ ഇപ്പോഴെങ്കിലും* *മരം പെയ്യട്ടെ* *മഴ തോർന്നിട്ടൊരുപാട്* *കാലമായെങ്കിലും* ( 5-ാം ഭാഗം) /അസ്ലം മാവിലെ .


*ഓർമ്മകൾ ഇപ്പോഴെങ്കിലും*
*മരം പെയ്യട്ടെ*
*മഴ തോർന്നിട്ടൊരുപാട്*
*കാലമായെങ്കിലും*

( 5-ാം ഭാഗം)
........................
അസ്ലം മാവിലെ
........................

സ്ഥാപക പട്ല സ്കൂൾ ഒ. എസ്. എ. നേതൃത്വത്തെ കുറിച്ചും അറിയുന്നത് നല്ലതാണ്.  അന്ന് പി. അഹമ്മദ് (സാക്കിറിന്റെ പിതാവ്) ഗൾഫ് ജീവിതം കഴിഞ്ഞു നാട്ടിൽ തിരിച്ചെത്തിയതേയുള്ളൂ. ഒ. എസ്. എ സ്ഥാപക പ്രസിഡന്റായത് അദ്ദേഹമാണ്. HK അബ്ദുൽ റഹിമാൻ ജ: സെക്രട്ടറിയും. പ്രായ വ്യത്യാസം അവരുടെ പ്രവർത്തന ഏകോപനത്തിന് ഒരു തടസ്സവും സൃഷ്ടിച്ചില്ല. എസ്. എ. അബ്ദുല്ല, സി.എച്ച്. അബൂബബക്കർ , HK മൊയ്തു, പി. മുഹമ്മദ് ബിൻ അഹ്മദ്, ബീരാൻ മൊയ്തീൻ തുടങ്ങിയവർ മറ്റു ഭാരവാഹി നേതൃത്വങ്ങളിലും. എന്ത് പദവികളാണവരോരുത്തരും വഹിച്ചതെന്ന് എന്റെ ഓർമ്മയിലില്ല. എട്ടാം ക്ലാസ്സോർമ്മയിൽ നിന്നാണിതെഴുതുന്നത്.  ബോംബെ പ്രതിനിധിയായി  നമ്മുടെ ബി.എം. അബ്ദുല്ല ഉണ്ടായിരുന്നു. ഒരു കാര്യം സൂചിപ്പിക്കാം : നമ്മുടെ നാട്ടിലെ നന്മ കൂട്ടായ്മകളിലൊക്കെ ഇദ്ദേഹത്തിന്റെ പതമുള്ള സാനിധ്യം ഞാൻ എപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. അതങ്ങിനെ ആകണമല്ലോ - പട്ലയിൽ 1970 കളിൽ സംഘടിതമായി ഒരു വായനശാല കൺസെപ്റ്റിന് നേതൃത്വം നൽകിയതും ബി.എം. അബ്ദുല്ലയായിരുന്നല്ലോ.

അന്നത്തെ ഐക്കണായ MHM പ്രധാനധ്യാപകൻ  എ.പി.അബൂബക്കർ മൗലവിയാണ് OSA ഒന്നാം ഫോറം ഉത്ഘാടനം ചെയ്തത്. അന്ന് സ്കൂൾ HM മൊയ്തീൻ ഖാൻ സാറോ അതല്ല ഒ. മുഹമ്മദ് ഹനീഫ് സാറോ ആണ്. രസകരമെന്ന് പറയട്ടെ അന്നത്തെ HK, CH പ്രസംഗങ്ങൾ എങ്ങനെയായിരുന്നോ അതിലൊരു ശൈലീമാറ്റവുമില്ല അവരുടെ ഇന്നത്തെ അഭിസംബോധന രീതിയ്ക്കും. ഇത്രയൊക്കെ മതി എന്നും ഇപ്പഴും തോന്നുന്നത് കൊണ്ടോ എന്തോ.  P. അഹമ്മദ് സാഹിബ്   അധ്യക്ഷ പ്രസംഗം രണ്ട് വാചകങ്ങളിൽ ഒതുക്കിക്കളയും തുടക്കങ്ങളിൽ. പിന്നെപ്പിന്നെ പ്രസംഗിച്ചു ശരിയായി.

ഇവരുടെ നേതൃത്വവും പുതിയ ഇടപെടലുകളും PTA ക്കാർക്കും ഭീഷണിയായി ഒരിക്കലും feel ചെയ്തില്ല എന്നത് എടുത്ത് പറയട്ടെ. മറിച്ചു ഒരു രണ്ടാം തലമുറയുടെ രംഗപ്രവേശനമായിട്ടത് അവർക്ക് തോന്നിയിരുന്നത്.  അന്ന് PTA നേതൃത്വത്തിൽ അബ്ബാസ് മാസ്റ്ററാണ്. അദ്ദേഹത്തെ സഹായിക്കാൻ വായനാശീലം കൈമുതലുള്ള ഒരു കൂട്ടം മുതിർന്ന വിദ്യാഭ്യാസ പ്രവർത്തകരും.

ഒ. എസ്. എ അന്ന് തങ്ങൾക്ക് പറ്റാവുന്ന എല്ലാ മേഖലകളിലും പ്രവർത്തിച്ചു. വിവിധ സേവനപ്രവർത്തനങ്ങളിൽ വ്യാപൃതരായി. 1988ൽ ഒ എസ് എ യ്ക്ക് ഒരു ഓഫീസും വായനാശാലയും നിലവിൽ വന്നു.  ഭരണഘടന നിലവിൽ വരുന്നതും സൊസൈറ്റി ആക്ട് രപ്രകാരം രജിസ്ട്രേഷൻ ചെയ്യുന്നതും ആ വർഷം തന്നെയായിരുന്നു. ഭരണഘടനാ കരട് രൂപം നൽകാനുളള ചുമതല അന്നെനിക്കായിരുന്നു. HK, CH, SAP, PAR, BRL  തുടങ്ങിയവർ OSA ജ: സിക്രട്ടറി സ്ഥാനങ്ങൾ മാറിമാറി അലങ്കരിച്ചു. SAP ഗൾഫിൽ പോയ ഒഴിവിൽ 1988 ൽ മൂന്നോ നാലോ മാസം മാത്രം എന്റെ പിരടിയിലും ആക്ടിംഗ് സിക്രട്ടറിയുടെ ഉത്തരവാദിത്വം ഉണ്ടായിരുന്നു.

OSA ഒന്നാം വാർഷികമെന്നത് എന്തുകൊണ്ടും പുതുമയുള്ളതായിരുന്നു. കുൽസു ആർട്സിന്റെ ചെമപ്പ് ഞൊറിയുള്ള കർട്ടൺ, മൂന്ന് വശവും നില നിറത്തിലുള്ള ബോർഡറും. ഒത്ത നടുവിൽ ഒറ്റവരയിൽ തീർത്ത നാരീ കൂപ്പുകൈകളും.

വൈകുന്നേരം സ്കൂൾ വിടുന്നതിന് മുമ്പ് സ്കൂൾ മുറ്റത്ത് കിഴക്കേ ഭാഗത്ത് വലിയ സ്റ്റേജ് തലയുയർത്തി നിന്നിട്ടുണ്ടാകും. തൊട്ട് തലേ ദിവസം പൂർവ്വ വിദ്യാർഥികൾ ഒറ്റ രാത്രികൊണ്ട് ഉണ്ടാക്കിയതാണിത്. അതിന്റെ തൂക്കും ആയവും പറയാൻ  നട്പ്പള്ളം അബൂബക്കർ സാഹിബsക്കമുള്ള കാരണവന്മാർ നേരത്തെ എത്തിയിട്ടാണ് ഇതൊക്കെ പണി തുടങ്ങുന്നത്. ആവശ്യമായ ഓലയും കമുകും രണ്ട് ദിവസങ്ങളിലായി അവിടെ ചെറുപ്പക്കാർ എത്തിച്ചിരിക്കും.

ഇതിനൊക്കെ ഇടയിലാണ് റിഹേഴ്സൽ. ചില കഥാപാത്രങ്ങൾ ഇന്നും പച്ചയായി പലരുടെയും മനസ്സുകളിലുണ്ടാകും. ആരും മാറി നിന്നില്ല. എല്ലവരും ആഘോഷത്തിന്റെ ഭാഗമായി. നാടകാഭിനയം തികച്ചും കുറ്റമറ്റതാക്കാൻ അതിനാവശ്യമായ പരിശീലനം നൽകാൻ തക്ക കഴിവുറ്റ അധ്യാപകരെ നമ്മുടെ സ്കൂളിലെ ഉറക്കം തൂങ്ങികളിൽ നിന്ന് തന്നെ തെരഞ്ഞെടുത്തിടത്തിടത്താണ് അന്നത്തെ OSA നേതൃത്വത്തിന്റെ കൗശലമിരിക്കുന്നത്.

എസ്. എ. അബ്ദുല്ല, ബി.എം. അബ്ദുല്ല, HK മൊയ്തു, MP അബ്ദുല്ല തുടങ്ങി HK അബ്ദുറഹിമാൻ, CH അബൂബക്കർ , എഞ്ചി. ബഷീർ അടക്കം നിരവധി പേർ നാടകത്തിൽ ജീവിച്ചു. MP അബ്ദുല്ലയിലും HK മൊയ്തുവിലും ഇത്രമാത്രം നർമ്മഭാവന ഉള്ളത് ഞങ്ങൾ അത്ഭുതത്തോടെയാണ് കണ്ടാസ്വദിച്ചത്. ആ അജ്ഞാതനായ നാടക സംവിധായകന്റെ പ്രയത്നത്തിന്റെ വലിയ ഔട്ട്പുട്ട്.

നമ്മുടെ നാടുകളിൽ നാം ദൃശ്യാസ്വാദനത്തോട് സമീപിക്കുന്ന രീതിയിൽ സൃഷ്ടിച്ചെടുത്ത ഒരു നയമുണ്ടല്ലോ - സിനിമ കാണരുത്, നാടകമാകാം. സിനിമയിൽ അഭിനയിക്കരുത്, നാടകത്തിലാകാം. നൃത്തം ചെയ്യരുത്, കാണുന്നതിൽ കുഴപ്പമില്ല. മാജിക് പഠിക്കരുത്, കണ്ടാൽ സമാധാനം. ഉത്സവങ്ങൾക്ക് പിരിവ് കൊടുക്കരുത്, അവിടെ പോയി സോജി മുതലങ്ങോട്ടുളള കച്ചോടമാകാം. അങ്ങിനെയൊക്കെയുള്ള ഒരു കിഴിവും ഇളവുമുണ്ടായിരുന്നത് കൊണ്ട് OSA വാർഷികാഘോഷങ്ങൾക്ക് വലിയ ജനാവലിയും നല്ല സഹകരണവുമുണ്ടായിരുന്നു. ചില അസഹിഷ്ണുക്കൾ ഇത്തരം വേളകളിൽ മാത്രം പുറത്തിറക്കിയിരുന്ന പരലോകഭീതിയെ ആരും മൈണ്ടും ചെയ്യാറുമില്ലായിരുന്നു.  അതിലും വലിയ ഫിത്ന കൺമുമ്പിൽ കണ്ടിട്ട് കമാന്ന് മിണ്ടാത്തവരായിരിക്കും തിളങ്ങാൻ വകുപ്പില്ലെന്ന ഒറ്റ കാരണം കൊണ്ട് പ്ലെയിറ്റ് മാറ്റി ഇവർ വിശ്വാസ ഞരമ്പിൽ പിടിക്കുക. ഇവരുടെ വാലു പൊക്കൽ  മുൻ കൂട്ടി കണ്ട് കൊണ്ട് തന്നെ,  OSA നേതൃത്വത്തിലെ വിളഞ്ഞ വിത്തുകൾ  അഞ്ചാറു വട്ടം പോയാലും നഷ്ടമാകില്ലെന്ന കണക്കുകൂട്ടലിൽ  ചെറുതല്ലാത്ത പിരിവ് ആ സഹോകളിൽ നിന്ന് പിഴിഞ്ഞ് വാങ്ങിയിരിക്കും.

വൈകുന്നേരത്തോടെ സ്കൂൾ കുട്ടികളുടെ ചെറിയ പ്രോഗ്രാമുകൾ ഉണ്ടാകും. അത് അധ്യാപകർക്കുള്ള ചുമതലയായി OSA നിശ്ചയിക്കും. മുങ്ങാൻ ചാൻസുള്ള സാറിനും ടീച്ചർക്കും രാത്രി ഭകഷണത്തിന്റെ ചാർജ് നൽകി അവരെ കുറ്റിയില്ലാതെ തളച്ചിടും. ആദ്യത്തെ സംരംഭമാണല്ലോ. അതങ്ങനെ പഠിപ്പുണ്ട് എന്ന കാരണത്താൽ ആരും വടക്കരെ തേച്ചു പോകരുതല്ലോ.

മഗ്രിബ് കഴിഞ്ഞാൽ സാംസ്കാരിക പരിപാടി തുടങ്ങുകയായി. ഞങ്ങളൊക്കെ സ്കൂൾ വിട്ട ഉടനെ ചായ കുടിച്ചപോലെ തോന്നിച്ച് വീട്ടിൽ നിന്ന് പറപറാന്ന് ഓടിയെത്തും. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, ഗവ. കോളേജിൽ നിന്ന് പ്രൊഫ. ഇബ്രാഹിം ബേവിഞ്ച, നാട്ടിലെ PTA പ്രസിഡന്റsക്കമുള്ള കാരണവന്മാർ, കൊല്യ മാഷ് .. ഒരു നല്ല സദസ്സ്. പെരിയ നാരായണൻ മാസ്റ്റർ ആദ്യ വാർഷികത്തിലാണോ സംബന്ധിച്ചതെന്ന് ഓർമ്മയില്ല.

സ്കൂൾ അധ്യാപികമാരുടെ മക്കളുടെ ഒന്ന് രണ്ട് നൃത്തങ്ങൾ. കൊല്യ- മധൂർ - മായിപ്പാടിയിൽ നിന്നും ഒപ്പിച്ചു കൂട്ടിയ ബാല നൃത്യങ്ങൾ,  ലൈവ് സംഗീത പശ്ചാത്തലത്തിൽ നമ്മുടെ നാട്ടിലെ കുട്ടികളുടെ ഗാനങ്ങൾ, ഒന്ന് രണ്ട് ഒപ്പന, ഇടവേളകളിൽ കർട്ടൻ ഉയർത്താതെ തന്നെ പിന്നണിയിൽ ചെണ്ട, മദ്ദള, പെപ്പരപ്പെ സംഘത്തിൽ നിന്നും കുറച്ച് തൊണ്ട നനവുള്ളവർ ആലപിക്കുന്ന സെമി ക്ലാസിക്കൽ സംഗീതം. (കഴുത രാഗമെന്നാണ് ഞങ്ങൾ അന്നത്തെ വിവരത്തിന്റെ ബലത്തിൽ പറഞ്ഞിരുന്നത് ). 

ഇതൊക്കെ കഴിഞ്ഞാണ് ആവേശകരമായി കാത്തിരിക്കുന്ന നാടകത്തിന് തിരശ്ശീല ഉയരുക. അടുത്ത് നിന്നും നീങ്ങി അകലെയകലെ മാറുന്തോറും കൂടുതൽ ക്ലാരിറ്റിയോടെ ആസ്വാദനം  നൽകുന്ന ദൃശ്യാവിഷ്ക്കാരമായിരുന്നു തുടക്കത്തിലെ നാടകം തന്നെ.

തൊട്ടടുത്ത വർഷങ്ങളിലാണ് സാപ് , അരമന മുഹമ്മദ് കുഞ്ഞി, കെ. എ. മജീദ്, കെ. എം. സൈദ്, എ. മജിദ്, കൊല്യ കരീം, മധൂർ ഷാഫി, ബക്കർ മാഷ്,  കുമ്പള അഷ്റഫ് , കരീം വെസ്റ്റ് റോഡ്, സഖാ. അബ്ദുല്ല, ബി.എം. ഹാരിസ്, ഖാദർ അരമന, എം.എ. മജിദ്, കപ്പൽ അബൂബക്കർ തുടങ്ങി ഒട്ടേറെ പേർ വിവിധ നാടകങ്ങളിൽ കഥാപാത്രങ്ങളായത്.

അന്നത്തെ കാലമെന്നത് ഇത്തരം വാർഷികാഘോഷങ്ങൾ ഒരു വലിയ നാടകത്തിൽ തീർക്കണമെന്നതായിരുന്നു. ഇന്ന് അതൊക്കെ മാറി. മിക്ക വിടുകളിലും വാർത്ത കാണാനെന്ന വ്യാജേന ഹോം തിയേറ്ററുകളായിക്കഴിഞ്ഞു. നാട്ടിൻ പുറങ്ങളിൽ പോലും ഇനി ഇത്തരം രാവേറെ നീളുന്ന മണിക്കൂറുകൾ ദൈർഘ്യമുള്ള നാടകങ്ങളൊന്നും അത്ര ക്ലച്ചു പിടിക്കില്ല.

നിലവിലുള്ള ചാനൽ പ്രോഗ്രാമുകൾ തന്നെ നോക്കു, ഓരോ വർഷവും പുതിയ പരീക്ഷണങ്ങളോടെയാണ് പ്രേക്ഷകരെ പിടിച്ചിരുത്താൻ ശ്രമിക്കുന്നത്. എന്നാൽ അടിസ്ഥാനപരമായി എല്ലാ കലാവിഭാഗങ്ങൾക്കും ഇപ്പോഴും ഒരുപാട് സാധ്യതകളുണ്ട് താനും. ആ ഒരു സാധ്യതകൾ തന്നെയാണ് കലോത്സവ ഇനങ്ങളുടെ പ്രസക്തിയും അവ നിലനിൽക്കുന്നതിന്റെ യുക്തിയും.

ത്രുടരും )

No comments:

Post a Comment