Tuesday 18 December 2018

ഈ തെരഞ്ഞുപ്പ് ഫലങ്ങൾ മതേതര നേതൃത്വത്തോട് വീണ്ടും വീണ്ടും പറയുന്നത് /അസ്ലം മാവിലെ

ഈ തെരഞ്ഞുപ്പ് ഫലങ്ങൾ
മതേതര നേതൃത്വത്തോട്
വീണ്ടും വീണ്ടും പറയുന്നത്

അസ്ലം മാവിലെ

ദേശീയാടിസ്ഥാനത്തിൽ ഒരു "മിനി പൊതുതെരഞ്ഞെടുപ്പ്" നടന്നു, അതിന്റെ ഫലവും വന്നു. ജനങ്ങൾ എന്ത് ചിന്തിക്കുന്നു, ഭരണാധികാരികളെ അവർ എങ്ങനെ വിലയിരുത്തുന്നുവെന്നതിന്റെ പരിഛേദമാണ് ഈ അഞ്ചു നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നാം കണ്ടത്.

കാവി ഭരണം തത്കാലമെന്നും  മതേതര ഇന്ത്യയാണ് കരണീയമെന്നും പൊതു മനസ്സിൽ ഇപ്പോഴും നല്ല നിശ്ചയമുണ്ട്. വല്ലാതെ അവഗണിക്കുന്നുവെന്ന് തോന്നിയപ്പോൾ മാത്രമാണ് ഒരു ഭരണമാറ്റമെന്ന നിലയിൽ അതി തീവ്രദേശീയത പറഞ്ഞവരെ പരീക്ഷിച്ചതെന്നും  ഇനിയതുണ്ടാകില്ലെന്നും ഇന്ത്യൻ വോട്ടർമാർ സൂചന നൽകിക്കഴിഞ്ഞു എന്ന് തോന്നുന്നു. അത് തിരിച്ചറിയുവാനും അവസരത്തിനൊത്തുയരുവാനും ജനാധിപത്യ കക്ഷികൾക്ക് സാധിച്ചാൽ അതിനെ രാഷ്ട്രീയ നേതൃ വിവേകമെന്ന് ലോകം പറയും. വരും ദിവസങ്ങൾ ഇന്ത്യൻ ജനത മാത്രമല്ല ഇന്ത്യയെ സ്നേഹിക്കുന്ന ലോകർ മുഴുവൻ ഉറ്റുനോക്കുന്നത് അതാണ്.

നോക്കു. മിസോറം, തെലുങ്കാന ഫലങ്ങൾ. പൊതു മനസ്സിന് അവിടെ കോൺഗ്രസ്സ് ഒരു വിഷയമേ ആയില്ല. വർഗ്ഗീയതയും അതിതീവ്ര ദേശീയതയും പറയാത്തവരെ അവർ അധികാരത്തിലേറ്റി, ആരായിരിക്കണമെന്ന വിഷയത്തിൽ  ഭരണം മാത്രം വിലയിരുത്തി.
ഒരിടത്ത് TRS നെ നിലനിർത്തി, മറ്റൊരിടത്ത് കോൺഗ്രസിനെ ഇറക്കി വിട്ടു. പകരം  MNF നെ  പരീക്ഷിക്കാൻ തീരുമാനിച്ചു. രണ്ടിടത്തും BJP ക്ക് ഗവർണർ അധികാരമല്ലാതെ മറ്റൊരു റോളുമില്ല. അവിടങ്ങളിൽ ഒന്നോ രണ്ടോ കാവി രാഷ്ട്രിയക്കാർ നിയസഭാ വരാന്തയിലെത്തിയിട്ടുണ്ടെങ്കിൽ കേരളത്തിൽ ഒ. രാജഗോപലിനെ ജയിപ്പിച്ച കൗതുകമേ വോട്ടർമാരും കണ്ടിട്ടുണ്ടാവുകയുള്ളൂ - പാഷാണം ഷാജിയെ കടമെടുത്താൽ "ഒരു സുഖം".

കർണ്ണാടക ഒരു തുടക്കമായിരുന്നു, പിന്നീട് അവിടെ തന്നെ നടന്ന ഉപതിരഞ്ഞെടുപ്പുകളും.  സംസ്ഥാന തെരഞ്ഞെടുപ്പുകൾ വരുമ്പോൾ ഒരു റോഡ് ഷോ കാട്ടി ആളെ കുപ്പിയിലാക്കാമെന്ന അമിത് ഷായുടെ മുൻ വിധിക്ക് ഇനി പ്രസക്തിയില്ല. സീറ്റ് ട്രെൻഡിംഗ് നോക്കി അവിടെ വല്ല കുതിരക്കച്ചവടത്തിനും സ്കോപ്പുണ്ടാക്കി കൈ നനയാതെ മീൻ പിടിക്കുന്ന  രാഷ്ട്രിയഎതിക്സ് രഹിത നീക്കങ്ങൾക്കും ഇനി  മൈലേജുണ്ടാകില്ല. യദിയുരപ്പയോടെ ആ ഫയൽ ക്ലോസ് ചെയ്യാൻ BJP നേതൃത്വം നിർബന്ധിതരായിരിക്കുകയാണ്. അമ്മാതിരി പണിക്കെതിരെ പപ്പണിയുമായിട്ടാണ് എതിര് രാഷ്ട്രിയ നേതൃത്വങ്ങൾ ഇറങ്ങിയിട്ടുണ്ടെന്നത് കർണ്ണടകയിൽ അവർ കണ്ടതുമാണല്ലോ.

രാജസ്ഥാനിൽ 1993 ന് ശേഷം ആർക്കും ഭരണത്തുടർച്ച ഉണ്ടാകാറില്ല. പക്ഷെ,  ചത്തിസ്ഗഡിലെ ഭരണത്തകർച്ച 15 വർഷങ്ങളുടെയാണ്. മധ്യപ്രദേശിലെ ഭരണസ്ഥിരതയില്ലായ്മ  ബി.ജെ.പി നേരിടുന്നതും 15 വർഷത്തെ തുടർഭരണത്തിന് നേരിട്ട അസ്വീകാര്യതയാണ്. ( ഇതെഴുതുമ്പോഴും BJP കേവല ഭൂരിപക്ഷത്തിലെത്തിയിട്ടില്ല, കോൺഗ്രസ്  മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത് ). ഇവയൊന്നും തന്നെ സംഘ്പരിവാർ പാർട്ടികൾക്ക്  ഉൾക്കൊള്ളാനാകില്ല. 41 ലോകസഭാ മണ്ഡലങ്ങളാണീ രണ്ടു സംസ്ഥാനങ്ങളിലുമുള്ളത്. രാജസ്ഥാനിലെ 25 കൂടിയാകുമ്പോൾ 66 ലോക സഭാ സീറ്റുകൾ. ഈ കണക്കുകൾ മുന്നിൽ വച്ച്, വരുന്ന 2019 ലെ ദേശീയ തെരഞ്ഞെടുപ്പ് കാവി രാഷ്ട്രീയ പ്രസ്ഥാനത്തിന് മുട്ടിടിയായിരിക്കും അനുഭവപ്പെടുകയെന്നത് നിസ്സംശയം പറയാം.  ഈ മൂന്നു സംസ്ഥാനങ്ങളും ബീഹാറും യു പിയുമാണ് ദേശീയ രാഷ്ട്രിയത്തിലെ നിർണ്ണായക പ്രദേശങ്ങൾ, പ്രത്യേകിച്ച് ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം.  ദക്ഷിണേന്ത്യ അവരുടെ ഇംഗിതത്തിനൊത്ത് ഒരിക്കൽ പോലും ഓരം ചേർന്ന് നടന്നിട്ടില്ലെന്നത് ചെറിയ വിഷയമല്ല.

ഇനിയുള്ളത് കോൺഗ്രസ്സടങ്ങിയ ജനാധിപത്യ കക്ഷികളുടെ നിർണ്ണായക  ദിവസങ്ങളാണ്. അവരുടെ പെർഫോമൻസ് അതി പ്രധാനമാണ്.  ഒന്നും രണ്ടും സീറ്റിന്റെ പേരിൽ പ്രാദേശിക നേതാക്കളുടെ സ്വാർഥതാൽപര്യങ്ങൾ മുൻനിർത്തി എവിടെയുമെത്താത്ത മുടന്തൻനിലപാടുമായി ഭൂലോക വിഡ്ഢിത്തം മതേതര പാർട്ടി നേതൃത്വങ്ങൾ നടത്തിയാൽ പിന്നൊരു അവസരം പൊതുജനം തന്നെന്ന് വരില്ല. ആവശ്യമില്ലാത്തിടത്ത് ഇടപെടാതെയും അർഹതപ്പെടാത്തത് ചോദിക്കാനോ വാശിപിടിക്കാനോ നിൽക്കാതെയും പരസ്പരം ഇണങ്ങിയും  മെരുങ്ങിയുമുള്ള വിശാലടിസ്ഥാനത്തിലുള്ള രാഷ്ട്രിക സഖ്യമോ നീക്കുപോക്കോ നടത്തിയാൽ അവർക്ക് നന്ന്.  രാഹുലിനിതറിയാം, വളരെ നന്നായി.  പക്ഷെ,അദ്ദേഹത്തിന്റെ ഒപ്പം കൂടികളായി ഉപദേശിക്കുന്നവർക്കുമതറിയണമെന്ന് മാത്രം. കാവി ഭരണകൂടത്തെ ചെറുത്ത് തോൽപ്പിക്കാനിറങ്ങിയ രാഷ്ട്രീയ നേതൃത്വങ്ങളും ഈ ഒരു തിരിച്ചറിവിലേക്ക് എത്രയനായാസം വരുന്നുണ്ട് എന്നത് മാത്രമായിരിക്കും ജനാധിപത്യ ലോകം ഇനി ഉറ്റുനോക്കുക. 

5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളും അതിലെ വിധി നിർണ്ണയ സാഹചര്യങ്ങളും മതേതര നേതൃത്വങ്ങൾക്കും അണികൾക്കും കണ്ടും നോക്കിയും പഠിച്ചും  മറക്കാനുള്ളതല്ല, കഴുത്തിൽ കെട്ടിത്തൂക്കി നിരന്തരം പുനർവായന നടത്താനുള്ളതാണ്.

No comments:

Post a Comment